Image

കലാലയങ്ങളില്‍ തിരിച്ചെത്താതെ കുട്ടികള്‍; യുഎസിലെ ക്യാംപസുകളില്‍ സംഭവിക്കുന്നത്

ഏബ്രഹാം തോമസ് Published on 23 February, 2021
  കലാലയങ്ങളില്‍ തിരിച്ചെത്താതെ കുട്ടികള്‍; യുഎസിലെ ക്യാംപസുകളില്‍ സംഭവിക്കുന്നത്


ന്യൂയോര്‍ക്ക്: പെനിയേല ഇറക്കോസ് തന്റെ സഹപാഠികളായ 1001 കുട്ടികളുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. കാരണം പുതിയ സെമസ്റ്ററില്‍ ഫീനിക്‌സ് കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. മഹാമാരിയില്‍ സഹപാഠികള്‍ എങ്ങനെ ജീവിക്കുന്നു എന്നറിയുക കൂടി ആയിരുന്നു ലക്ഷ്യം. കമ്മ്യൂണിറ്റി (ജൂനിയര്‍) കോളേജിലെ ഇറക്കോസിന്റെ ജോലിയുടെ ഭാഗമാണ് ഫോണ്‍ വിളികള്‍. യുഎസിലെ മറ്റ് കോളേജുകളെ പോലെ പുതിയ സെമസ്റ്ററില്‍ പ്രവേശനം നേടിയ കുട്ടികള്‍ കുറവായിരുന്നു ഫീനിക്‌സ് കോളേജില്‍. കുറെയധികം കുട്ടികള്‍ കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുന്നു. അവരില്‍ ഒരു നല്ല ശതമാനം വിദ്യാഭ്യാസം തുടരുന്നില്ല എന്ന് താന്‍ മനസിലാക്കിയതായി 20 കാരിയായ ഇറക്കോസ് പറഞ്ഞു.

രണ്ടു വര്‍ഷ ബിരുദങ്ങളും വൊക്കേഷനല്‍ ട്രെയിനിംഗുകളും നല്‍കുന്ന കമ്മ്യൂണിറ്റി കോളേജുകളില്‍ പുതിയ വൈദഗ്ധ്യം നേടാന്‍ കുറച്ചധികം പ്രായമുള്ളവര്‍ ചേരാറുണ്ട്. എന്നാല്‍ ഫാള്‍ 2019 മുതല്‍ ഫാള്‍ 2020 വരെ എന്റോള്‍മെന്റില്‍ 10% കുറവുണ്ടായി. നാഷണ്‍ സ്റ്റുഡന്റ് ക്ലിയറിംഗ് ഹൗസ് നല്‍കിയ വിവരമാണിത്. എല്ലാ കോളേജുകളിലും കനത്ത നഷ്ടം ഉണ്ടായത് ജൂനിയര്‍ കോളേജുകള്‍ക്കാണ്. നാലു വര്‍ഷ യൂണിവേഴ്‌സിറ്റികള്‍ക്കുണ്ടായ നഷ്ടം താരതമ്യേന കുറവാണ്.
എന്നാല്‍ ജൂനിയര്‍ കോളേജുകളിലും നാല് വര്‍ഷ കോളേജുകളിലും പുതിയതായി എത്തിയ വിദ്യാര്‍ഥികള്‍ കുറവാണ്. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടയ്ക്കുന്ന കാലാവധി ദീര്‍ഘിപ്പിക്കാത്തതിനാല്‍ സാമ്പത്തിക ഭാരം വലുതാണ്. വീണ്ടും വിദ്യാഭ്യാസ വായ്പ എടുക്കുവാന്‍ പലരും മടിക്കുന്നു. തുടര്‍ പഠനമേ വേണ്ടെന്ന് വയ്ക്കുന്നു. തങ്ങളുടെ കുട്ടികളുടെ സംരക്ഷണം ഏറെ സമയം അപഹരിക്കുന്നത് സ്വയം സ്‌കൂളില്‍ പോകുന്നതിന് തടസമാവുന്നു. ഒരുപാട് പേര്‍ ജോലി ചെയ്തിരുന്ന വ്യവസായങ്ങള്‍ മഹാമാരി ഇല്ലാതാക്കി. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കമ്മ്യൂണിറ്റി കോളേജസ് സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍ത്ത പര്‍ഹം പറഞ്ഞു. വിഷാദരോഗവും ആശങ്കയും പടര്‍ന്നു പിടിച്ചു. 
സാധാരണ ഗതിയില്‍ അമേരിക്കക്കാര്‍ കമ്മ്യൂണിറ്റി കോളേജുകള്‍ ഇഷ്ടപ്പെടുന്നത് സാമ്പത്തിക മാന്ദ്യത്തില്‍ ചുരുങ്ങിയ ചെലവില്‍ പുതിയ കഴിവുകളില്‍ പ്രാവീണ്യം നേടാനാണ്. എന്നാല്‍ കോവിഡ്-19 മഹാമാരി പടര്‍ന്നു പിടിക്കുകയും ദീര്‍ഘനാള്‍ നിലനില്‍ക്കുകയും ചെയ്തതിനാല്‍ സാധാരണ കണ്ടുവന്നിരുന്ന പ്രതിഭാസം കാണാന്‍ കഴിഞ്ഞില്ല. ഇത് വ്യക്തമായി മനസിലാക്കുവാന്‍ അഭിഭാഷകരും നയരൂപീകരണ വിദഗ്ദ്ധരും ശ്രമിക്കുന്നു.  
കമ്മ്യൂണിറ്റി കോളേജുകളാണ് വിദ്യാഭ്യാസത്തിന് താണവരുമാനക്കാര്‍ക്ക് ഏക ആശ്രയം എന്നിവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്പത്തിക നില മെച്ചമായിരുന്നപ്പോഴും കമ്മ്യൂണിറ്റി കോളേജുകളിലെ ധാരാളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനം തുടരാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. ഫീസ് അടയ്ക്കുക, പുസ്തകങ്ങള്‍ വാങ്ങുക, കുടുംബത്തെ പോറ്റുക എന്നിവയ്ക്കു പുറമെ വലിയ വാടകയും നല്‍കിയാണ് വിദ്യാര്‍ഥികള്‍ പഠനം തുടരുന്നത്. ഇവയ്ക്കു പുറമെ മഹാമാരി ഉയര്‍ത്തിയ ഭീഷണി വളരെ വലുതായിരുന്നു.
മരികോപ കമ്മ്യൂണിറ്റി കോളേജ് ഡിസ്ട്രിക്ടില്‍ 2019 ഫാളില്‍ 10,978 വിദ്യാര്‍ഥികള്‍ എന്റോള്‍ ചെയ്തപ്പോള്‍ 2020 ല്‍ 9,446 വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്തുള്ളു- 14% കുറവ്. അമേരിക്ക ഒട്ടാകെയുള്ള കമ്മ്യൂണിറ്റി കോളേജ് വിദ്യാര്‍ഥികള്‍ കൂടുതലായി ഭക്ഷണം ആവശ്യപ്പെട്ടു. അധികൃതര്‍ കൂടുതല്‍ ഫുഡ്പാന്‍ട്രികള്‍ തുറന്ന് പ്രശ്‌നം നേരിട്ടു. ചില ഗ്രോസറി പദ്ധതികളും ആരംഭിച്ചു.
ബോസ്റ്റണ്‍ അടുത്തുള്ള മാസ്‌ബേ കമ്മ്യൂണിറ്റി കോളേജില്‍ ഭക്ഷണ സഹായത്തിനുള്ള അപേക്ഷകള്‍ 80% വര്‍ധിച്ചു. ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നത് കൊണ്ടാണ് താന്‍ പഠനം തുടരുന്നതെന്ന് നാല് പെണ്‍കുട്ടികളുടെ മാതാവായ ഡിനോറ ടോറസ് പറഞ്ഞു. ഇവര്‍ ഒറ്റയ്ക്കാണ് തന്റെ നാല് പെണ്‍കുട്ടികളെയും വളര്‍ത്തുന്നത്.
എന്റോള്‍മെന്റിലെ കുറവ് താല്കാലികമാണെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ പഠനം ഉപേക്ഷിക്കുന്നവര്‍ക്ക് അത് ജീവിതം മുഴുവന്‍ നീളുന്ന വെല്ലുവിളി ആയിരിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പഠനം മാറ്റി വയ്ക്കുന്ന ഓരോ വര്‍ഷവും ജീവിതകാലത്തെ നേട്ടം കുറയ്ക്കും. ജീവിതത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും, ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 ഏബ്രഹാം തോമസ് 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക