Image

പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)

Published on 27 February, 2021
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
നെടുമ്പാശ്ശേരിയില്‍ വിനോദും ഭാര്യയും വിമാനമിറങ്ങുമ്പോള്‍ കനത്ത മഴയായിരുന്നു. ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യുന്നതിനിടെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി സുലോചന തന്റെ ആകുലത തെല്ലുറക്കെത്തന്നെ വെളിപ്പെടുത്തി:

""ഈശ്വരാ, എന്തൊരു പെയ്ത്താണിത്? ഇനിയിപ്പോള്‍ പുറത്തേയ്ക്കിറങ്ങി കാറില്‍ കയറുന്നതിനിടെ മൊത്തം നനഞ്ഞ് നമ്മള്‍ ഒരു പരുവമാകും. ഒരു കുട കരുതേണ്ടതായിരുന്നു, അല്ലേ വിനുവേട്ടാ?''

""നീയൊന്ന് അടങ്ങെന്റെ സുലൂ. നമ്മളെ പിക്ക് ചെയ്യാന്‍ വരുന്നവര്‍ ഒന്നിനു പകരം ഒമ്പത് കുടയെങ്കിലും കൊണ്ടുവരും. അല്ലെങ്കില്‍ത്തന്നെ ഇത്തിരി മഴത്തുള്ളി തലയില്‍ വീണെന്നു കരുതി നമ്മള്‍ ചാകാനൊന്നും പോകുന്നില്ല... വേണ്ടതും വേണ്ടാത്തതുമൊക്കെ കുത്തിനിറച്ച് പെട്ടികളെല്ലാം വീര്‍ത്തുന്തിയ നിലയിലാണ്. അതിന്റെയിടയില്‍ കുട പോയിട്ട് ഒരു കൈത്തൂവാല പോലും വയ്ക്കാനിടമില്ലായിരുന്നു. അപ്പോഴാണ് അവളുടെ ഒരു...'' ദേഷ്യം നിയന്ത്രിക്കാന്‍ വിനോദ് ഇത്തിരി പണിപ്പെട്ടു.

""പിണങ്ങല്ലേ വിനുവേട്ടാ. ഇത്തിരി കഷ്ടപ്പെട്ടാലും എല്ലാവര്‍ക്കുമുള്ള ഗുഡീസുമായിട്ടല്ലേ നമ്മള്‍ വരുന്നത്? രണ്ട് വര്‍ഷം കൂടി അമേരിക്കയില്‍ നിന്നും വരുമ്പോള്‍ വെറുതെ കൈയും വീശി വീട്ടിലേക്ക് കയറിച്ചെല്ലാന്‍ പറ്റുമോ? ഏട്ടന്റെയും എന്റെയും വീട്ടില്‍ ആരും പട്ടിണി കിടക്കുന്നില്ല. എന്നാലും ഏഴാം കടലിനക്കരെ നിന്നും വരുമ്പോള്‍ എന്തെങ്കിലുമൊക്കെ എല്ലാവര്‍ക്കും കൊടുക്കണ്ടേ? ഇത്തവണ അച്ഛന്റെ ശതാഭിഷേകം കൂടിയാകുമ്പോള്‍... എന്റീശ്വരാ, ഇനിയും എന്തൊക്കെയോ വാങ്ങിക്കേണ്ടതുണ്ടെന്ന് മനസ്സ് പറയുന്നു.''

ഡ്യൂട്ടിഫ്രീ ഷോപ്പിലെ മായക്കാഴ്ചകള്‍ കണ്ട് സുലോചന കയറൂരിവിട്ട പശുവിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുമ്പോള്‍ വിനോദ് ഒരു സൈഡില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു. യൂണിഫോമണിഞ്ഞ ജീവനക്കാര്‍ അയാളുടെ ചുറ്റും കൂടി ഓഫറുകളുടെ കെട്ടഴിച്ചു:

""സര്‍, ലിക്കറിനൊക്കെ നല്ല വിലക്കുറവുണ്ട്. പോരെങ്കില്‍ ഓരോ അയ്യായിരം രൂപയുടെ പര്‍ച്ചേസിനുമൊപ്പം ഓരോ ഭാഗ്യക്കുറി ടിക്കറ്റും ലഭിക്കും. അടിച്ചാല്‍ ഒരു കിലോ സ്വര്‍ണ്ണമാണ് കിട്ടുന്നത്.''

""അടിച്ചാലല്ലേ ഉള്ളൂ? ഒന്നാമതേ ഞാന്‍ ലിക്കര്‍ അടിക്കില്ല. ഇനി ഒരു കിലോ സ്വര്‍ണ്ണമെങ്ങാനും അടിച്ചാല്‍ സൂക്ഷിക്കാന്‍ ഒരു ലോക്കര്‍ പോലും നാട്ടിലെനിക്കില്ല. പ്ലീസ്, എന്നെ വിട്ടേക്കൂ.''

""എന്നാല്‍പ്പിന്നെ ആ പെര്‍ഫ്യൂംസിന്റെ സെക്ഷനിലൊന്ന് കയറിയാലോ സര്‍? പോയിസണ്‍, ബ്രൂട്ട്, കാല്‍വിന്‍ ക്ലൈന്‍ തുടങ്ങി ചാര്‍ളിയുടെ പല വെറൈറ്റികളുമുണ്ട് സാര്‍. വിദേശത്തുനിന്നും വാങ്ങുന്നതിനേക്കാള്‍ ഒരുപാട് വിലക്കുറവില്‍ ഇവിടെ നിന്നും വാങ്ങാം സാര്‍. നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കില്‍ത്തന്നെ ഷെവര്‍ലെ കാര്‍ ഉള്‍പ്പെടെ വേറെയും സമ്മാനങ്ങളുണ്ട് സാര്‍.'' ചുണ്ടില്‍ അമിതമായി ലിപ്സ്റ്റിക്ക് പുരട്ടിയ ഒരു ജീവനക്കാരി ഇളകിക്കുഴഞ്ഞുകൊണ്ട് അത് പറയുമ്പോള്‍ തന്റെ മുമ്പില്‍ ഒരു വിഷപ്പാമ്പ് ചാടിവന്ന് നൃത്തം ചെയ്യുന്നതുപോലെയാണ് വിനോദിന് തോന്നിയത്. ഷെവര്‍ലെ കാറിന്റെ കാര്യം പറഞ്ഞതു കേട്ടപ്പോള്‍ അയാളുടെ മനസ്സ് കടല്‍ കടന്ന് കാലിഫോര്‍ണിയായിലേക്ക് ഓടിപ്പോയി. മോനിപ്പോള്‍ അവന്റെ ഷെവര്‍ലെ കൂപ്പെയില്‍ കൂട്ടുകാരുമൊത്ത് വീക്കെന്‍ഡ് ആഘോഷിക്കുവാന്‍ എങ്ങോട്ടെങ്കിലും പായുകയാവും. ഒറ്റമോനായതുകൊണ്ട് ഒരുപാട് ലാളിച്ചും സ്വാതന്ത്ര്യം കൊടുത്തുമാണ് വളര്‍ത്തിയത്. പക്ഷെ വളര്‍ന്നുകഴിഞ്ഞപ്പോള്‍ കാറോട്ട മത്സരങ്ങളും കമ്പനി കൂടിയുള്ള കള്ളുകുടിയും മാത്രമായി അവന്റെ ലോകം ചുരുക്കപ്പെട്ടു. ഇനി പറഞ്ഞിട്ടെന്തു കാര്യം... അനുഭവിക്കുക തന്നെ.

    ലിപ്സ്റ്റിക്ക്കാരിയെ ഒരുവിധത്തില്‍ ഒഴിവാക്കി കമ്പോളത്തിന്റെ മറ്റൊരു മൂലയിലേക്ക് മാറി നിന്നപ്പോഴേയ്ക്കും വലിയൊരു ബാസ്ക്കറ്റ് നിറയെ ചോക്ക്‌ലേറ്റുകളുമായി ഒരു ജേതാവിനെപ്പോലെ സുലോചന ഓടിയെത്തി:

""ഏട്ടാ, ഇപ്പോഴാണെനിക്ക് സമാധാനമായത്. ശതാഭിഷേകം പ്രമാണിച്ച് ഈ മോള്‍ അച്ഛന് എന്താണ് സ്‌പെഷ്യലായി കൊടുക്കേണ്ടതെന്ന് ഞാന്‍ ഒരുപാടാലോചിച്ചിരുന്നു. ദേ നോക്കൂ, നല്ല ബെസ്റ്റ് ഫെറേറോ റോഷേ കാന്‍ഡീസ്! അവിടെ കിട്ടുന്നതിലും വിലക്കുറവുണ്ടിവിടെ.

""കൊള്ളാം. ഡയബറ്റിസിന് മരുന്നെടുക്കുന്ന നിന്റെ അച്ഛന് പറ്റിയ സമ്മാനം തന്നെ! എന്റെ സുലൂ, നിനക്കത്ര നിര്‍ബന്ധമാണെങ്കില്‍ ഒന്നോ രണ്ടോ പായ്ക്കറ്റ് വാങ്ങിയാല്‍ പോരേ? ഇത് കുറേയുണ്ടല്ലോ?''

""അതല്ലേ വിനുവേട്ടാ അതിന്റെ ഒരിത്. ശതാഭിഷേകമെന്നാല്‍ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടു എന്നാണല്ലോ. അതാണ് പത്തെണ്ണം വീതമുള്ള നൂറ് പായ്ക്കറ്റ് ഞാനെടുത്തത്. പട്ടും വളയും കൊടുക്കുന്നതിനേക്കാള്‍ ഗുമ്മുണ്ടാവും നമ്മള്‍ ആയിരം ചോക്ക്‌ലേറ്റുകള്‍ അച്ഛന് സമ്മാനിക്കുന്നതിന്... ശരിയല്ലേ?''

മുഖം നിറയെ ചിരിയുമായി അത് പറയുമ്പോള്‍ വലിയൊരു കണ്ടുപിടിത്തം നടത്തിയതിന്റെ അഭിമാനത്തോടെ സുലോചനയുടെ ശിരസ്സ് ഉയര്‍ന്നുനിന്നു. തല താഴ്ത്തി നിശബ്ദനായി ബില്ലടയ്ക്കുമ്പോള്‍ പക്ഷെ, വിനോദിന്റെ മനസ്സില്‍ ആയിരം തെറിവാക്കുകള്‍ ഉരുണ്ടുകൂടി.

ഗ്രീന്‍ ചാനലിലൂടെ പുറത്തേയ്ക്കിറങ്ങാനൊരുങ്ങുമ്പോള്‍ യൂണിഫോംധാരികള്‍ അവരെ തടഞ്ഞു. കാരി ഓണ്‍ ബാഗേജുകളുള്‍പ്പെടെ ആറ് പെട്ടികളും അനവധി ഷോപ്പിംഗ്ബാഗുകളുമായി കടന്നുവന്ന അവരെ കള്ളന്മാരെ കൈകാര്യം ചെയ്യുന്നതുപോലെയാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഒടുവില്‍, തന്റെ പകുതി പ്രായം മാത്രമുള്ള പ്രധാന ഓഫീസറെ പത്തിലധികം പ്രാവശ്യം "സാറേ' "സാറേ' എന്ന് വിളിച്ചും, അയാള്‍ ചുമതലപ്പെടുത്തിയ കീഴുദ്യോഗസ്ഥന് അമ്പത് ഡോളര്‍ കൈക്കൂലി നല്‍കിയും ബാഗേജുകളൊന്നും തുറപ്പിക്കാതെ ഒരുവിധത്തില്‍ രക്ഷപ്പെടുകയായിരുന്നു.

അവധിദിവസങ്ങളുടെ ആവേശവും ശതാഭിഷേകാഘോഷങ്ങളുടെ ആരവവും കഴിയുവാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ഏതൊരു പ്രവാസിയുടെയും വെക്കേഷന്റെ ഭാഗമായ ഷോപ്പിംഗിന്റെ പല ഘട്ടങ്ങള്‍ കഴിഞ്ഞതോടെ കാലിയായിത്തുടങ്ങിയ കീശയും മകനെക്കുറിച്ചുള്ള വേവലാതി നിറഞ്ഞ മനസ്സുമായി വിനോദങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് സുലോചന പുതിയൊരു മോഹവുമായി ഭര്‍ത്താവിനെ സമീപിക്കുന്നത്:

""ഏട്ടാ, എല്ലാം മേടിച്ചെങ്കിലും ഒരു കുഞ്ഞുകാര്യം ഞാന്‍ വിട്ടുപോയി. എനിക്കൊരു ഡയമണ്ട് മൂക്കുത്തി വാങ്ങിയാല്‍ കൊള്ളാമായിരുന്നു...''

""അതിനെന്താ സുലൂ, നമുക്ക് വാങ്ങാമല്ലോ. നാളെത്തന്നെ പോയേക്കാം.'' പവനായാലും പവിഴമായാലും ഒരു മൂക്കുത്തിക്ക് ഇത്രയല്ലേ വില വരൂ എന്ന ധൈര്യത്തില്‍ സഹധര്‍മ്മിണിയുടെ ആവശ്യം വിനോദ് സന്തോഷപൂര്‍വ്വം അംഗീകരിച്ചു.

ആലുക്കാസിന്റെ ആഡംബരം നിറഞ്ഞ ഷോറൂമില്‍ ചെന്നതോടെ അമേരിക്കന്‍ ദമ്പതികളെ പരിശീലനം സിദ്ധിച്ച സെയില്‍സ് സ്റ്റാഫ് വിനയബഹുമാനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ചു.

""വരൂ സാര്‍... ഇരിക്കൂ സാര്‍... കോഫിയെടുക്കട്ടെ സാര്‍... മാഡത്തിന് ഓറഞ്ച് ജൂസായാലോ?''

വെറുമൊരു മൂക്കുത്തിക്ക് വേണ്ടിയാണ് വന്നതെന്നറിഞ്ഞപ്പോള്‍ അവരുടെ മുഖത്തെ തെളിച്ചം കുറഞ്ഞെങ്കിലും വിട്ടുകൊടുക്കാനവര്‍ക്ക് ഭാവമില്ലായിരുന്നു. ഏഴായിരം രൂപയ്ക്ക് മൂക്കുത്തിയുടെ കച്ചവടമുറപ്പിച്ച് ബില്ലും വാങ്ങി സമാധാനത്തോടെ സ്ഥലംവിടാനൊരുങ്ങുമ്പോഴാണ് സുലോചനയുടെ ചുറ്റും നിന്ന് രണ്ട് ജീവനക്കാര്‍ എന്തോ കാണിച്ച് പ്രലോഭിപ്പിക്കുന്നത് വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

""ഇത് മേഡത്തിന് നന്നായി ചേരും മേഡം. മേഡത്തിന്റേത് നല്ല ഷേപ്പുള്ള ബോഡിയല്ലേ. ഇതണിഞ്ഞാല്‍ മേഡത്തിന് ഒരു പ്രത്യേക ലുക്കുണ്ടാവും. ഹസ്‌ബെന്റിന്റെ കണ്‍ട്രോള്‍ പിന്നെ എപ്പം പോയെന്ന് ചോദിച്ചാല്‍ മതി.'' കൂട്ടത്തില്‍ സുന്ദരനായ, ക്ലീന്‍ ഷേവ് ചെയ്‌തൊരു സെയില്‍സ്മാന്‍ വശ്യമായൊരു ചിരിയോടെ അത് പറഞ്ഞത് കേട്ട് വിനോദ് അങ്ങോട്ട് ചെല്ലുമ്പോള്‍ സുലോചന ആവേശത്തോടെ ഭര്‍ത്താവിനോട് പറഞ്ഞു:

""നോക്കൂ വിനുവേട്ടാ, ഈ പൊന്നരഞ്ഞാണം നന്നായിട്ടില്ലേ? ഷോക്കേസില്‍ ഡെമോ കണ്ട് ഞാന്‍ വെറുതെ ചോദിച്ചപ്പോഴാണറിയുന്നത്, ഇത് നമ്മുടെ നയന്‍താര ഏതോ സിനിമയ്ക്കു വേണ്ടി അണിഞ്ഞതാണെന്നത്. പത്തു പവനേയുള്ളൂ, പക്ഷെ കണ്ടാലൊരു പതിനഞ്ച് പവന്റെ പൊലിമയില്ലേ?

റിട്ടയര്‍മെന്റിന്റെ വക്കിലെത്തിനില്‍ക്കുമ്പോള്‍ പത്തു പവന്റെ പൊന്നരഞ്ഞാണം വാങ്ങി അണിയാനുള്ള തന്റെ ഭാര്യയുടെ അതിമോഹത്തെപ്പറ്റിയോര്‍ത്തപ്പോള്‍ ദേഷ്യം കൊണ്ട് വിനോദിന്റെ മേലാസകലം വിറച്ചു. ശീതീകരിച്ച ഷോറൂമിന്റെ തണുപ്പിലും അയാളുടെ ശരീരമാകെ വിയര്‍പ്പില്‍ കുളിക്കുകയായിരുന്നു. ചില്ലുകൂടാരത്തില്‍ നങ്കൂരമിട്ടിരുന്ന മാനേജരുള്‍പ്പെടെ സകല ജീവനക്കാരും ആശ്ചര്യത്തോടെ നോക്കിനില്‍ക്കേ ഒരുവിധത്തില്‍ കോപമടക്കിനിര്‍ത്തി അയാള്‍ ഭാര്യയുടെ കൈ വലിച്ചുന്തി വെളിയിലെ തിളയ്ക്കുന്ന ചൂടിലേക്കിറങ്ങി. ഇഷ്ടപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ട വേദനയില്‍ കരയുന്നൊരു കൊച്ചുകുട്ടിയുടെ മുഖഭാവമായിരുന്നു അപ്പോള്‍ സുലോചനയ്ക്ക്.

കുടുംബവീതമായി കിട്ടിയ വസ്തുവിന്റെ കരമടയ്ക്കുവാന്‍ പിറ്റേന്ന് വില്ലേജാഫീസില്‍ ചെന്നപ്പോഴാണ് പഴയ സതീര്‍ത്ഥ്യനെ വിനോദ് കാണുന്നത്. കോളജ് ഹോസ്റ്റലില്‍ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന രാമചന്ദ്രനാണ് നാട്ടിലെ പുതിയ വില്ലേജാഫീസറായി ചാര്‍ജ്ജെടുത്തിരിക്കുന്നതെന്നറിഞ്ഞ വിനോദ് ആവേശം കൊണ്ടയാളെ അഭിനന്ദിച്ചു:

""കൊള്ളാമല്ലോ രാമചന്ദ്രാ, നീയിപ്പോള്‍ എന്റെ നാട്ടിലെ പ്രധാന ദിവ്യനായി അല്ലേ? എത്ര വലിയ ഉദ്യോഗസ്ഥനായാലും നിന്റെ പഴയ കൈയിലിരിപ്പൊന്നും മാറിക്കാണില്ലല്ലോ അല്ലേ? എന്താടാ, നിന്റെ പഴയ കുറ്റികളെയൊക്കെ കാണാറുണ്ടോ?''

ഓര്‍മ്മകളുടെ തിരത്തള്ളലില്‍ പരിസരം മറന്ന് ആഹ്ലാദം പ്രകടിപ്പിച്ച പഴയ കൂട്ടുകാരനോടുള്ള രാമചന്ദ്രന്റെ പ്രതികരണം പക്ഷേ, അത്ര ആവേശകരമായിരുന്നില്ല. ചുറ്റും ഓഛാനിച്ചുനില്‍ക്കുന്ന കീഴ്ജീവനക്കാരുടെയും ഓഫീസ് സന്ദര്‍ശകരുടെയും മുമ്പില്‍ താന്‍ ചെറുതാവുന്നതുപോലെ അയാള്‍ക്ക് തോന്നി. "സാര്‍, സാര്‍' എന്ന് വിളിച്ച് വിനയത്തോടെ നില്‍ക്കുന്ന അവരുടെ മുമ്പില്‍ "എടാ പോടാ' എന്നൊക്കെ അഭിസംബോധന ചെയ്യുന്ന പഴയ കൂട്ടുകാരന്‍ ഒരു ബാധ്യതയാണെന്ന് തിരിച്ചറിയാനുള്ള ലോകാനുഭവം അയാള്‍ക്കുണ്ടായിരുന്നു. ഒരുവിധത്തില്‍ കൂട്ടുകാരനെ മടക്കിയയ്ക്കുന്നതിനിടയിലും റവന്യൂ സ്റ്റാഫ് സംസ്ഥാന സമ്മേളനത്തിനുള്ള സംഭാവനയായി തന്റെ പ്രവാസി സ്‌നേഹിതനില്‍ നിന്നും അയ്യായിരം രൂപാ ഈടാക്കി രസീത് നല്‍കുവാന്‍ പക്ഷേ, അയാള്‍ മറന്നില്ല.

പള്ളിവക സ്കൂള്‍ കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സംഭാവന പിരിക്കുവാന്‍ സ്ഥലത്തെ മാന്യന്മാര്‍ അടുത്ത ദിവസം വീട്ടിലെത്തിയപ്പോഴാണ് വിനോദിന് വിഷമമുണ്ടാക്കിയ പുതിയ സംഭാഷണങ്ങള്‍ നടക്കുന്നത്. പത്താം ക്ലാസ് കഷ്ടിച്ച് കടന്നുകൂടി മാനേജ്‌മെന്റ് ക്വോട്ടായില്‍ ടി.ടി.സി അഡ്മിഷന്‍ തരപ്പെടുത്തി നിലവില്‍ സ്ഥലത്തെ പള്ളിവക പ്രൈമറി സ്കൂളില്‍ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന പഴയ ക്ലാസ്‌മേറ്റ് കുര്യാച്ചന്റെ നേതൃത്വത്തിലായിരുന്നു പിരിവുകാരുടെ വരവ്. ഒപ്പമുണ്ടായിരുന്ന വികാരിയച്ചനും കൈക്കാരന്മാരും അധികാരഭാവത്തോടെ കസേരകള്‍ വലിച്ചിട്ടിരുന്നു.

""നീ നല്ലൊരു തുക തരണം'' — കുര്യാച്ചന്‍.

""നല്ലൊരു തുക എന്ന് വച്ചാല്‍?'' — വിനോദ്.

""രണ്ട് ലക്ഷമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കൂടുതലായാലും കുഴപ്പമില്ല. ഡോളര്‍ കണക്കില്‍ നോക്കിയാല്‍ നിനക്കത് മൂക്കിപ്പൊടിക്കുള്ള തുകയല്ലേയുള്ളൂ'' — കുര്യാച്ചന്‍.

""ശരിയാ സാറേ, ഇവനോട് തുക പറയണ്ട. അവനിഷ്ടമുള്ളത് പറയട്ടെ. സ്വീകാര്യമാണോയെന്ന് നമുക്ക് നോക്കാമല്ലോ'' — ഒന്നാം കൈക്കാരന്‍.

""ഇവനേത് അമേരിക്കക്കാരനായാലെന്താ, നമ്മുടെ നാട്ടുകാരനല്ലേ സാറേ? പോരെങ്കില്‍ സാറിന്റെയൊപ്പം പഠിച്ച ആളും. നാട് നന്നായാല്‍ നായ്ക്കും കൊള്ളാമെന്നാണല്ലോ... ജാഡ കാട്ടാതെ നീയൊരു അഞ്ച് ലക്ഷം എഴുതടാ വിനോദേ'' — രണ്ടാം കൈക്കാരന്‍.

"കുസാറ്റി'ല്‍ നിന്നും എം.ടെക്ക്. ഒന്നാം റാങ്കോടെ പാസ്സായിക്കഴിഞ്ഞ് ഇപ്പോള്‍ സിലിക്കോണ്‍ വാലിയില്‍ അമ്പത് സീനിയര്‍ എഞ്ചിനിയര്‍മാരുടെ മേലധികാരിയായിരിക്കുന്ന തന്നെയാണ്, തന്നേക്കാള്‍ പ്രായം കുറഞ്ഞ ഈ പള്ളിപ്രമാണിമാര്‍ എടാ, പോടാ എന്ന് വിളിക്കുകയും ലക്ഷങ്ങള്‍ വെറുതെ കൊടുക്കാനാവശ്യപ്പെടുകയും ചെയ്യുന്നത്. കൈക്കാരന്മാര്‍ രണ്ടുപേരുടെയും കവിളത്ത് തന്റെ കൈത്തരിപ്പ് തീര്‍ക്കണമെന്ന് ഒരു നിമിഷം വിനോദിന് തോന്നി. പക്ഷെ അപ്പോഴേയ്ക്കും വികാരിയച്ചന്‍ മുരടനക്കി:

""താനെന്തായാലും ഇവിടുത്തെ പള്ളിക്കൂടത്തില്‍ പഠിച്ചിട്ടല്ലേ ഫോറിന്‍കാരനായത്? പള്ളിക്കെട്ടിടത്തിന് ഇപ്പോഴൊരു അഞ്ചോ ആറോ ലക്ഷം കൊടുക്കുന്നത് ഒട്ടും കൂടുതലല്ല. ഇല്ലെങ്കില്‍ അതൊരു നന്ദികേടാവും. കുര്യാച്ചന്‍സാറിന്റെ കൂട്ടുകാരനെന്ന നിലയില്‍ ഇയാള്‍ക്കൊരു ധാര്‍മ്മിക ഉത്തരവാദിത്വവുമുണ്ടല്ലോ, അല്ലേ കുര്യാച്ചന്‍സാറേ?''

കുര്യാച്ചന്‍ ശരിയെന്നമട്ടില്‍ തലകുലുക്കി.

അമര്‍ഷമമര്‍ത്തിവച്ച് വിനോദ് നല്ല വാക്കുകള്‍ പറഞ്ഞ് അവരെ ഒരുവിധത്തില്‍ യാത്രയാക്കി. ഭാര്യയുമായി ആലോചിച്ചിട്ട് കുര്യാച്ചന്‍സാറിനെ വിവരമറിയിക്കാമെന്ന ഉറപ്പ് മനസ്സില്ലാമനസ്സോടെയാണ് ആഗതര്‍ സ്വീകരിച്ചത്.

അന്ന് രാത്രി പ്രിയതമയെ പരിരംഭണം ചെയ്ത് കിടക്കുമ്പോള്‍ വിനോദിന്റെ ചിന്തകള്‍ കാട് കയറി. സുലോചനയുടെ അഴകൊത്ത അരക്കെട്ടിനെ തഴുകുമ്പോഴും വിനോദിന്റെ മനസ്സ് ആലുക്കാസിന്റെ അകത്തളങ്ങളിലൂടെ അലഞ്ഞുനടക്കുകയായിരുന്നു. കാര്യം കാണാന്‍ വേണ്ടിയാണെങ്കിലുമുള്ള അവരുടെ ആ "സാര്‍' വിളിക്കായി അയാളുടെ കാതുകള്‍ അറിയാതെ കൊതിച്ചു

""നമുക്ക് നാളെ ആലുക്കാസില്‍ ഒരിക്കല്‍കൂടി പോയാലോ സുലൂ? നിന്റെ ഈ നഗ്നമേനിക്ക് ആ പൊന്നരഞ്ഞാണം നന്നായി ചേരുമെന്ന് തോന്നുന്നു.''

വിനോദിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സുലോചന ശരിക്കും അമ്പരന്നുപോയി. ആഹ്ലാദവും ആവേശവും മൂത്ത് അവള്‍ ഭര്‍ത്താവിനെ ഇറുകെ പുണര്‍ന്നു. ഒരു കൗമാരക്കാരിയുടെ പാരവശ്യത്തോടെ അവള്‍ കുറുകി:

""അല്ലെങ്കിലും എനിക്കറിയാമായിരുന്നു, വിനുവേട്ടനതിഷ്ടപ്പെടുമെന്ന്. ആ സെയില്‍സ്മാന്‍ പറഞ്ഞതെത്ര ശരിയാണ്... ഇപ്പോള്‍ത്തന്നെ വിനുവേട്ടനൊരു കണ്‍ട്രോളുമില്ല. ഇനി അതും കൂടി ഞാനണിഞ്ഞുകഴിയുമ്പോള്‍, എന്റെ ഭഗവതീ... ഇനി എന്നെ കിടത്തിപ്പൊറുപ്പിക്കില്ലായിരിക്കും...''

സുലോചനയുടെ പ്രണയം തുളുമ്പുന്ന, വിടര്‍ന്ന് വിരിഞ്ഞ സുന്ദരമുഖത്ത് വിനോദ് ഒരു പുഞ്ചിരിയോടെ ഉമ്മവച്ചു. പിറ്റേന്ന് സ്വന്തമാകുവാന്‍ പോകുന്ന പൊന്നരഞ്ഞാണത്തിന്റെ  പ്രഭ അപ്പോള്‍ അവളുടെ മുഖത്താകെ പ്രകാശം പരത്തിക്കൊണ്ടിരുന്നു.   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക