Image

പത്തനംതിട്ടയിലെ ഓട്ടോഡ്രൈവറുടെ കൊലപാതകം ക്വട്ടേഷന്‍: മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

Published on 28 February, 2021
പത്തനംതിട്ടയിലെ ഓട്ടോഡ്രൈവറുടെ കൊലപാതകം ക്വട്ടേഷന്‍:  മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍


പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. ഇലന്തൂര്‍ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളില്‍ കിഴക്കേഭാഗത്ത് ഏബ്രഹാം കെ. ഇട്ടി (കൊച്ചുമോന്‍-52) കൊല്ലപ്പെട്ട കേസില്‍ മകന്‍ റെബിന്‍(20), പ്രകാശ് കുമാര്‍ (47), അമ്പു (38), ഷാജി ചാക്കോ(52), സുജിത്ത് (39), വര്‍ഗീസ് ചെറിയാന്‍ (രാജന്‍-55), അച്ചു വര്‍ഗീസ് (20) എന്നിവരാണ് അറസ്റ്റിലായത്. മകനും ഷാജി ചാക്കോയും ചേര്‍ന്ന് നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് കൊച്ചുമോന്‍ അടിച്ചിറക്കി വിട്ട ഭാര്യ ആശയും മക്കളായ റെബിനും രേഷ്മയും നാലാം പ്രതി ഷാജി ചാക്കോയുടെ വീട്ടിലാണ് കഴിഞ്ഞ ഏഴു മാസമായി താമസിച്ചിരുന്നത്. ഷാജി ചാക്കോയുടെ മകനും റെബിനും സുഹൃത്തുക്കളാണ്. ഷാജി ചാക്കോയുടെ സുഹൃത്തുക്കളാണ് പ്രകാശ്കുമാര്‍, സുജിത്ത്, വര്‍ഗീസ് ചെറിയാന്‍ എന്നിവര്‍. ഇതില്‍ പ്രകാശ് കുമാറിന്റെ സുഹൃത്താണ് നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മെഴുവേലി സ്വദേശി അമ്പു. ഏഴാം പ്രതി അച്ചു വര്‍ഗീസ് റെബിന്റെ സുഹൃത്താണ് ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല.

രണ്ടു വര്‍ഷം മുന്‍പ് കൊച്ചുമോന്‍ ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്ന് അടിച്ചിറക്കി വിട്ടതാണ്. വീടിനുള്ളില്‍ തിരിച്ചു കയറാനുള്ള അവകാശം കോടതിയില്‍ നിന്ന് ഭാര്യയും മക്കളും സമ്പാദിച്ചിരുന്നു. എന്നിട്ടും ഇവരെ വീട്ടില്‍ കയറ്റാന്‍ കൊച്ചുമോന്‍ തയാറായിരുന്നില്ല. കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് കൊച്ചുമോന്‍ മകനെ വിളിച്ച് ആശയെ കുറിച്ച് മോശമായി സംസാരിച്ചിരുന്നു. ഈ വിവരം റെബിന്‍ ഷാജി ചാക്കോയെ അറിയിച്ചു. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലെന്നും കൊച്ചുമോന്റെ കൈയും കാലും അടിച്ചൊടിക്കണമെന്നും ഇരുവരും തീരുമാനിച്ചു. വ്യാഴാഴ്ച വൈകിട്ട് മദ്യലഹരിയിലായിരുന്ന ഷാജി ചാക്കോ കൊച്ചുമോന് അടി കൊടുക്കാന്‍ തീരുമാനിച്ചു. സുഹൃത്തുക്കളായ പ്രകാശ്, സുജിത്ത്, വര്‍ഗീസ് ചെറിയാന്‍ എന്നിവരെ വിളിച്ചു വരുത്തി. പ്രകാശ് സഹായത്തിന് അമ്പുവിനെയും വിളിച്ചു. അങ്ങനെ റെബിനെയും കൂട്ടി സംഘം കാറില്‍ കൊച്ചുമോന്റെ വീട്ടിലെത്തി. കൊച്ചുമോന്റെ കൈ തല്ലി ഒടിക്കുക എന്നതായിരുന്നു ലക്ഷ്യം. ചെന്ന പാടേ ഇരുമ്പു വടി കൊച്ചുമോന്റെ കൈ അടിച്ചൊടിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. പ്രതിരോധിക്കുന്നതിനായി കൊടുവാളുമായി വന്ന കൊച്ചുമോനെ പ്രതികള്‍ മര്‍ദിച്ചു. അമ്പു കൊച്ചുമോന്റെ മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കി. ഇതു തടഞ്ഞ കൊച്ചുമോനെ നിലത്തിട്ട് ചവിട്ടി, വലിച്ചിഴച്ചു. 

ഇതിനിടെ മൂര്‍ച്ചയേറിയ എന്തോ സാധനം കൊണ്ട് പ്രതികള്‍ കൊച്ചുമോന്റെ കഴുത്തില്‍ അടിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ഭാഗം കഴുത്തില്‍ തുളഞ്ഞു കയറിയതോടെ കൊച്ചുമോന്‍ ചോരയൊലിപ്പിച്ച് വീണു. പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. കൊച്ചുമോന്‍ മരിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പിച്ച റെബിന്‍ പിറ്റേന്ന് രാവിലെ സമീപ വാസിയായ അച്ചു വര്‍ഗീസിനെ വിളിച്ച് കൊച്ചുമോന്‍ അവിടെ ഉണ്ടോ എന്ന് നോക്കി വരാന്‍ പറഞ്ഞ് അയയ്ക്കുകയായിരുന്നു. തലേന്ന് രാത്രി നടന്ന സംഭവങ്ങള്‍ റെബിന്‍ അച്ചുവിനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ സംഭവം അറിഞ്ഞ് സ്ഥലത്ത് വന്ന പോലീസ് നായ ഓടിക്കയറിയത് അച്ചുവിന്റെ പണി നടക്കുന്ന വീട്ടിലേക്കും അവര്‍ താമസിക്കുന്ന വീട്ടിലേക്കുമായിരുന്നു. അച്ചുവിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക