Image

ജോയന്‍കുമരകം-ഒരു കുടുംബസുഹൃത്ത്് - (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 01 March, 2021
ജോയന്‍കുമരകം-ഒരു കുടുംബസുഹൃത്ത്് - (രാജു മൈലപ്രാ)
ഒരു നല്ല സുഹൃത്ത്, ജേഷ്ഠസഹോദരന്‍, ഒരു മുജ്ജന്മ സ്‌നേഹബന്ധം- അതായിരുന്നു ഞങ്ങള്‍ക്ക് അന്തരിച്ച ജോയന്‍ കുമരകവുമായി ഉണ്ടായിരുന്ന ബന്ധം.
 'പുതുവത്സരയപ്പൂപ്പന്റെ പൂക്കുട' എന്ന കഥാസമാഹാരത്തില്‍കൂടിയാണ്, ജോയന്‍ കുമരകം എന്ന ബാലസാഹിത്യകാരനെ ആദ്യമായി വായനയിലൂടെ പരിചയപ്പെടുന്നത്.(പുതുവത്സരയപ്പൂപ്പന്റെ പൂക്കൂട' എന്ന കഥാസമാഹാരത്തില്‍ കൂടിയാണ് ജോയന്‍ കുമരകം എന്ന ബാലസാഹിത്യകാരനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. ബ്രൂക്ക്‌ലിന്‍ സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഒരു പ്രാസംഗികനായി എത്തിയ അവസരത്തിലാണ് അദ്ദേഹത്തെ നേരില്‍ക്കാണുന്നത്. അന്നു തുടങ്ങിയ ആ സ്‌നേഹബന്ധം ഇരുവരേയും ഒരു പോറലുപോലുമേല്‍ക്കാതെ തുടര്‍ന്നു പോന്നു.
അഗാധമായ വായനാശീലമുണ്ടായിരുന്ന ജോയന്റെ അറിവ് ആഴത്തിലുള്ളതും വിശാലവുമായിരുന്നു. എല്ലാ വിഷയങ്ങളെപ്പററിയും ആധികാരികമായി സംസാരിക്കുവാനുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു. സാഹിത്യ ചര്‍ച്ച സദസുകളില്‍ മുഖം നോക്കാതെ, രചയെപ്പറ്റിയുള്ള അഭിപ്രായം വെട്ടിത്തുറന്നു പറയുന്നതില്‍ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഈ സ്വഭാവം പലര്‍ക്കും അത്ര കണ്ടു രസിച്ചിരുന്നില്ല എന്നുള്ളത് ഒരു സത്യമാണ്.
സദസിനനുസരിച്ച് പ്രസംഗിക്കുന്നതിനുള്ള ജോയന്റെ കഴിവ് പ്രശംസനീയമാണ്. പതിഞ്ഞ സ്വരത്തില്‍ തുടങ്ങി, പതിയെ കത്തിപ്പടര്‍ന്ന്, ഒരു അഗ്നിജ്വാലയായി ഉയരുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 'ജോയനു തൊട്ടു പിന്നാലെ പ്രസംഗിക്കുവാന്‍ വരുന്നവന്റെ കഷ്ടകാലം'-എന്നു ഞങ്ങള്‍ തമാശരൂപേണ പറയുമായിരുന്നു.
 
എന്റെ ആദ്യത്തെ പുസ്തകം, 'എന്റെ ഹണി' പ്രസിദ്ധീകരിച്ചത് ജോയന്റെ ചുമതലയിലുണ്ടായിരുന്ന ജോബോട്ട് ഇന്റര്‍നാഷ്ണലാണ്- അതുപോലെ തന്നെ 'സ്‌നേഹത്തോടെ' എന്ന പുസ്തകത്തിന് അവതാരിക എഴുതി അനുഗ്രഹിച്ചതും അദ്ദേഹമായിരുന്നു.
 
ജീവിതസാഹചര്യങ്ങളില്‍ പലപ്പോഴും ഒറ്റപ്പെട്ടുപോയ ജോയന്‍, പല തവണ ഞങ്ങളുടെ വീട്ടില്‍ അതിഥിയായി താമസിച്ചിട്ടുണ്ട്. എന്റെ ഭാര്യ പുഷ്പയെ ഒരു കുഞ്ഞനുജത്തിയെപ്പോലെയാണ് അദ്ദേഹം കരുതിയിരുന്നത്. വീട്ടില്‍ താമസിച്ച അവസരങ്ങളിലൊക്കെ ഒരു കാരണവര്‍ക്കുള്ള എല്ലാ സ്‌നേഹബഹുമാനങ്ങളും കരുതലും ഞങ്ങള്‍ അദ്ദേഹത്തിനു നല്‍കിയിരുന്നു.
 
സമയം ഇത്രയും ആയല്ലോ! ഇതുവരെ ഫൂഡൊന്നും റെഡിയായില്ലേ? എനിക്ക് ഫുഡു കഴിച്ചിട്ട് മരുന്ന് എടുക്കുവാനുള്ളതാ....
ആ ഫോണൊന്നു നിര്‍ത്താമോ? എനിക്കു നാട്ടില്‍ കുറച്ചു പേരെ വിളിക്കാനുണ്ട്.
അ്ത്തരത്തിലുള്ള ഒരു സുരക്ഷിത സ്വതന്ത്ര്യം ഞങ്ങള്‍ അദ്ദേഹത്തിനു നല്‍കിയിരുന്നു.
രാത്രിയിലെ വായന നേരം വെളുക്കുവോളം തുടരും. ജോയനങ്കിള്‍ വീട്ടില്‍ വന്നു താമസിക്കുന്നതിനു ഞങ്ങളുടെ മക്കളും ഒരു പരാതിയും പറഞ്ഞിട്ടില്ല.
ഓര്‍മ്മകള്‍ ഒരുപാടുണ്ട്.
 
ഏതാനും ദിവസം മുമ്പ് നടത്തിയ ജന്മദിന ആഘോഷത്തില്‍ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. അതിനുശേഷം വലിയ ആഹ്ലാദത്തോടെ, ആരോഗ്യമുള്ള സ്വരത്തില്‍, രാജുവിന്റേയും പുഷ്പയുടേയും ശബ്ദം കേള്‍ക്കുവാനാണ് ഞാന്‍ ഇടയ്ക്കിടെ വിൡക്കുന്നത്' എന്ന മുഖവുരയോടു കൂടി അദ്ദേഹം ദീര്‍ഘനേരം സംസാരിച്ചു ആ ശബ്ദവീചികളുടെ ഗാംഭീര്യം കാതില്‍ നിന്നും മറയുന്നതിനു മുമ്പുതന്നെ, അദ്ദേഹം നമ്മളെ വിട്ടുപിരിയുമെന്നു ഒരിക്കലും കരുതിയില്ല.
 
ജോയന്റെ സായാഹ്ന ജീവിതം ഒരിക്കലും ഒരു ഒറ്റപ്പെട്ടവന്റെ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കുവാന്‍, കാവല്‍ മാലാഖമാരേപ്പോലെ തമ്പിആന്റണിയും, അദ്ദേഹത്തിന്റെ ഭാര്യ പ്രേമയും ശ്രദ്ധിച്ചിരുന്നു.
അവരുടെ നേഴ്‌സിംഗ് ഹോമില്‍ അദ്ദേഹത്തിനു വി.ഐ.പി. ട്രീറ്റുമെന്റാണ് ലഭിച്ചിരുന്നത്.
 
വ്യക്തിപരമായി വളരെ അടുപ്പമുള്ള ഒരു സുഹൃത്തിന്റെ വേര്‍പാടില്‍ ഞങ്ങള്‍ക്ക് ദുഃഖിക്കുന്നു. ശ്രീമാന്‍ ജോയന്‍ കുമരകത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രണാമം!
 
ജോയന്‍കുമരകം-ഒരു കുടുംബസുഹൃത്ത്് - (രാജു മൈലപ്രാ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക