Image

മത്സരിക്കാന്‍ താത്പര്യമില്ലെന്ന് രഞ്ജിത്ത്; പ്രദീപ് കുമാര്‍ തന്നെ മത്സരിച്ചേക്കും

Published on 03 March, 2021
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് രഞ്ജിത്ത്; പ്രദീപ് കുമാര്‍ തന്നെ മത്സരിച്ചേക്കും
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന സംവിധായകന്‍ രഞ്ജിത്ത് പിന്‍മാറി. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് രഞ്ജിത്ത് സിപിഎം നേതാക്കളെ അറിയിച്ചു. പ്രദീപ് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും പ്രദീപ് കുമാറിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും രഞ്ജിത്ത് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ നോര്‍ത്തില്‍ പ്രദീപ് കുമാര്‍ തന്നെ വീണ്ടും മത്സരിച്ചേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. മൂന്ന് തവണ മത്സരിച്ച പ്രദീപ് കുമാറിന് ഇളവ് നല്‍കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതി തേടുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. രഞ്ജിത്തിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടിയുടെ ജില്ലാ ഘടകത്തില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നതായാണ് സൂചന. മൂന്ന് ടേം പൂര്‍ത്തിയാക്കിയ പ്രദീപ് കുമാറിന് ഇളവ് നല്‍കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു കഴിഞ്ഞ ദിവസം രഞ്ജിത് പറഞ്ഞിരുന്നത്. "അങ്ങനെയൊരു തീരുമാനം വരുമോയെന്ന് നോക്കാം. എന്നിട്ടല്ലേ അക്കാര്യമുള്ളൂ. എന്തായാലും അവിടുന്നൊരു തീരുമാനമോ പ്രഖ്യാപനമോ ഉണ്ടാകട്ടെ. മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്നൊരു ചോദ്യം വന്നിരുന്നു. നിരന്തരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാളല്ലല്ലോ ഞാന്‍. അല്ലാതെയുള്ളവര്‍ക്കും വേണമെങ്കില്‍ ഒരു ഭരണസംവിധാനത്തിന്റെ ഭാഗമായി മാറാം. 

സിനിമയാണ് കര്‍മ്മമേഖല. 33 വര്‍ഷമായി സിനിമയില്‍. ഇപ്പോള്‍ സിനിമ അധികം സംവിധാനം ചെയ്യുന്നില്ല. കോഴിക്കോട് നോര്‍ത്തില്‍ 15 വര്‍ഷമായി പ്രദീപ് നടത്തിയിട്ടുള്ള മികച്ച പ്രവര്‍ത്തനം കൊണ്ടാണ് സുരക്ഷിതമായി നിലനിര്‍ത്തിയത്. പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ് മൂന്നു ടേം. അല്ലെങ്കില്‍ പ്രദീപിനെ പോലെ ഒരാള്‍ക്ക് കോഴിക്കോട് കിട്ടാന്‍ പ്രയാസമാണ്," എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക