Image

'കിഫ്ബി എന്താണെന്നറിയാത്ത കോമാളികളാണ് ഇഡിയിലുള്ളതെന്ന് തോമസ് ഐസക്

Published on 03 March, 2021
'കിഫ്ബി എന്താണെന്നറിയാത്ത കോമാളികളാണ് ഇഡിയിലുള്ളതെന്ന് തോമസ് ഐസക്
അന്വേഷണ ഏജന്‍സികളെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്രം ഉപയോഗിക്കുകയാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കിഫ്ബി എന്താണെന്നറിയാത്ത കോമാളികളാണ് ഇഡിയിലുള്ളതെന്ന് തോമസ് ഐസക് ആരോപിച്ചു. നിയമവും ചട്ടവും അറിയാത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കേന്ദ്ര ധനമന്ത്രി. അവരുടെ നിര്‍ദ്ദേശമനുസരിച്ച്‌ കേരളത്തിനെതിരെ നടപടിയെടുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരെന്നും ഐസക് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കേരളത്തിലെ വികസനത്തെ തകര്‍ക്കുകയാണ് കിഫ്ബിക്കെതിരായ നീക്കത്തിന് പിറകില്‍. കിഫ്ബിയെ എതിര്‍ക്കുന്നവര്‍ ബദല്‍ സംവിധാനം എന്താണെന്ന് പറയാത്തതെന്തെന്നും തോമസ് ഐസക് ചോദിച്ചു. മസാല ബോണ്ട് സംബന്ധിച്ച്‌ കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തിന്റെ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മനോവീര്യം തകര്‍ക്കാനാണ് ഇഡിയുടെ ശ്രമം. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. ചോദ്യംചെയ്യലില്‍ ഇഡിക്ക് ലഭിക്കണമെന്ന് ആഗ്രഹമുള്ള റിപ്പോര്‍ട്ടാണ് അവര്‍ തേടുന്നത്. സംസ്ഥാനവുമായി ഏറ്റുമുട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ കോപ്പു കൂട്ടുന്നതെങ്കില്‍ പേടിച്ച്‌ പിന്‍മാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. മസാല ബോണ്ട് വിദേശ നാണയ വിനിമയചട്ടത്തിന്റെ ലംഘനമാണെന്നാണ് ഇഡി ആരോപിക്കുന്നത്. വിദേശ വായ്പ സംബന്ധിച്ച്‌ നിയമം ഉണ്ടാക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിനാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു മാത്രമേ വിദേശ വായ്പ എടുക്കാനാവൂ എന്ന കണ്ടെത്തല്‍ വിഢിത്തമാണെന്നും തോമസ് ഐസക് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക