Image

മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 04 March, 2021
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
ഇന്‍ഡ്യയുടെ മെട്രോ മാന്‍ എലത്തുവളപ്പില്‍ ശ്രീധരന്റെ സഹായത്തോടെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നേറ്റം സൃഷ്ടിക്കുവാനാണ് ഭാരതീയ ജനത പാര്‍ട്ടി ശ്രമിക്കുന്നത്. സിനിമാതാരം സുരേഷ്‌ഗോപിക്കോ ക്രിക്കറ്റ്താരം ശ്രീശാന്തിനോ അത് സാധിച്ചില്ല. ഒളിമ്പിയന്‍ പി.റ്റി.ഉഷയെ കൊണ്ടുവരുവാന്‍് ശ്രമിച്ചെങ്കിലും അത് ഇതുവരെ വിജയിച്ചിട്ടില്ല. സംഘപരിവാറിലെ കറകളഞ്ഞ ഹിന്ദുത്വവാദികളായ രാഷ്ട്രീയകാര്‍ക്ക് സാധിക്കാത്തത് ശ്രീധരന് കഴിയുമോ? ഇതുവരെ നിയമസഭയില്‍ ആണ് ബി.ജെ.പി.ക്ക് ഒരു സീറ്റ് വിജയിക്കുവാന്‍ സാധിച്ചത്- ഓ.രാജഗോപാല്‍. അദ്ദേഹം ബഹുമാന്യനായ ഒരു വ്യക്തിയും ആദരണീയനായ ഒരു രാഷ്ട്രീയ നേതാവും ആണ്. നേമം നിയോജക മണ്ഡലത്തിലെ അദ്ദേഹത്തിന്റെ വിജയം വ്യക്തിപരമായ ഒരു വിജയം ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പക്ഷേ, ബി.ജെ.പി.യുടെ  വോട്ട് ശതമാനം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേതില്‍ നിന്നും ലോകസഭ തെരഞ്ഞെടുപ്പില്‍(2019) ഉയര്‍ന്നിട്ടുണ്ടെന്നുള്ളതില്‍ സംശയം ഇല്ല(15 ശതമാനത്തില്‍ നിന്നും 17 ശതമാനം). പക്ഷേ വോട്ട് ശതമാനം അല്ല സീറ്റുകള്‍ ആണല്ലോ ജനാധിപത്യത്തില്‍ ഭരണം നടത്തുന്നത്.
ഏതായാലും ബി.ജെ.പി.യുടെ ഈ ശ്രീധരന്‍ പരീക്ഷണം രസകരം ആണ് നിരീക്ഷിക്കുവാന്‍. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ സ്വയം പ്രഖ്യാപിച്ചനിലക്ക് ഗൗരവമായി വീക്ഷിക്കേണ്ട ഒരു കാര്യം ആണ് ഇത്. 2014 ല്‍ അദ്ദേഹത്തിന് ആദ്യ മോദി സര്‍ക്കില്‍ റെയില്‍വെ മന്ത്രിസ്ഥാനത്തേക്ക് ഒരു ഓഫര്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. അതിന് അദ്ദേഹം ഏറ്റവും അനുയോജ്യനും ആയിരുന്നു. പക്ഷേ, അന്നേ അദ്ദേഹം മോദിയുടെ പ്രായം എന്ന ലക്ഷ്മണരേഖ(75) കടന്നിരുന്നു. ഇന്നിപ്പോള്‍ ശ്രീധരന് 88 വയസ് ആണ്. അതും പ്രശ്‌നമായിരിക്കുകയില്ല ബി.ജെ.പി.ക്ക്.

എന്താണ് ശ്രീധരന്റെ രാഷ്ട്രീയം? അദ്ദേഹത്തിന് ഇതുവരെ ഒരു രാഷ്്ട്രീയം ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം ഒരു രാഷ്ട്രീയ സ്വയംസേവക് സംഘ അനുയായി ആയിരുന്നുവെന്നാണ് വാര്‍ത്തയുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതം സത്യസന്ധനും കര്‍മ്മനിര്‍തനും പ്രതിഭാശാലിയും ആയ ഒരു റെയില്‍വെ എഞ്ചിനീയര്‍ എന്ന നിലയിലാണ് തിളങ്ങി നില്‍ക്കുന്നത്. കാരണം രാഷ്്ട്രീയത്തില്‍ വരുമ്പോള്‍ രാഷ്ട്രീയവീക്ഷണത്തിന് പ്രാധാന്യം ഉണ്ട്. ഒരു റെയില്‍വെ എഞ്ചിനീയര്‍ എന്ന നിലയില്‍ അദ്ദേഹം ഭരണ നൈപുണ്യം തെളിയിച്ചതാണ്. പക്ഷേ, രാഷ്ട്രീയ രാജ്യ മീമാസയാണ്. അതില്‍ ഇറങ്ങുന്നവര്‍ ചരിത്രവും, രാഷ്ട്രീയതത്വസംഹിതകളും, സാമ്പത്തീകനയങ്ങളും മനസിലാക്കണം. കാരണം അവരാണ് ഒരു ജനതയുടെ ഭാവിഭാഗധേയം രൂപകല്‍പന ചെയ്യുന്നത്. ഒരു പാലം പണിയുന്നതുപോലെയോ ഒരു മെട്രോ സൃഷ്ടിക്കുന്നതുപോലെ മാത്രം അല്ല രാഷ്ട്രീയത്തില്‍. അതില്‍ ജനങ്ങളുടെ ഭാവിയുണ്ട്, ജീവിതം ഉണ്ട്. മനുഷ്യാവകാശം ഉണ്ട്. മതവും മതനിരപേക്ഷതയും ഉണ്ട്. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, സാമ്പത്തീക വിഷയങ്ങള്‍ ഉണ്ട് ഇതില്‍. അധികാര രാഷ്ട്രീയം എങ്ങനെ മതത്തെയും ജാതിയെയും കക്ഷിഭേദമില്ലാതെ ചൂഷണം ചെയ്യുന്നുവെന്ന് മനസിലാക്കണം. ജൂതന്മാരെ വാദ്യവൃന്ദത്തിന്റെ അകംമ്പടിയോടെ ഗ്യാസ് ചോമ്പറുകളിലേക്കും ഫയറിങ്ങ് സ്‌ക്വാഡിന്റെ മുമ്പിലേക്കും ആഘോഷമായിട്ട് അയച്ച ഭരണാധികാരികളെ ഓര്‍മ്മിക്കണം. പുരോഗമനവും അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും മാത്രമല്ല ഭരണമീമാംസ. മനുഷ്യാവകാശവും അന്തസ്സും അതിലുണ്ട്.
രാഷ്ട്രീയത്തില്‍ ഇതുപോലെ വേറെയും സാങ്കേതിക വിദഗ്ധര്‍ വന്നിട്ടുണ്ട്. മന്‍മോഹന്‍സിംങ്ങ് ഒരു ഉദാഹരണം ആണ്. സാമ്പത്തീക വിദഗ്ധനായ അദ്ദേഹം ആണ് പി.വി.നരസിംഹറാവു ഗവണ്‍മെന്റ് കാലത്ത് സാമ്പത്തീക പരിഷ്‌ക്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് അദ്ദേഹം ഒരു ആക്‌സ്മിക പ്രധാനമന്ത്രിയും ആയി. എന്തായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്ന് ആര്‍ക്കും കാര്യമായിട്ട് അറിയില്ല. സോണിയഗാന്ധിയുടെ രാഷ്ട്രീയം ആയിരുന്നിരിക്കാം ഒരു പക്ഷേ അത്. അദ്ദേഹത്തിന് ഘടകകക്ഷികളിലോ അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ തന്നെയോ സ്വാധീനം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് 2-ജി സ്പ്ക്ടരം അഴിമതി വെളിയില്‍ വന്നപ്പോള്‍ അത് സഖ്യകക്ഷി ഭരണത്തിന്റെ സൃഷ്ടിയാണെന്ന് പറഞ്ഞ് വിലപിച്ചത്. സഖ്യകക്ഷിയായ ഡി.എം.കെ.യില്‍ അദ്ദേഹത്തിന് നിയന്ത്രണം ഉണ്ടായിരുന്നില്ല.

ഇന്‍ഡ്യപോലുള്ള സങ്കീര്‍ണ്ണമായ ഒരു ജനാധിപത്യരാജ്യത്ത് രാഷ്ട്രീയത്തിന്റെ അടിതടവുകള്‍ അറിയാവുന്ന ഒരു വ്യക്തിയായിരിക്കാം ഭരിക്കുവാന്‍ ഉചിതം. ജനാധിപത്യത്തില്‍ ഭരണം രാഷ്ട്രീയപരമാണ്. സാങ്കേതിക വൈദഗ്ദ്ധ്യം മാത്രം അല്ല. കേരളം ഭരണപരമായി വളരെ സങ്കീര്‍ണഅണമായ ഒരു സംസ്ഥാനം ആണ്. റെയില്‍വെ എഞ്ചിനീയര്‍ ആയ ശ്രീധരന്റെ തൊപ്പിയില്‍ വളരെയധികം പൊന്‍തൂവലുകള്‍ ഉണ്ട്. കൊങ്കണ്‍ റെയില്‍വെ, ദല്‍ഹിമെട്രോ തുടങ്ങിയവ ഇവയില്‍ ചിലതാണ്. 2003-ല്‍ അദ്ദേഹം ടൈം മാഗസിന്റെ ഏഷ്യാഹീറോസ് ലിസ്റ്റില്‍ വന്നിട്ടുണ്ട്. 2008-ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു. എന്തുകൊണ്ടും യോഗ്യന്‍. പക്ഷേ, ഒരു ഭരണാധികാരി ആകുവാന്‍ ഇത് മാത്രം മതിയോ? 

കേരളത്തിന്റെ മുഖ്യമന്ത്രി ആകുവാന്‍ തയ്യാറാണെന്ന് ശ്രീധരന്‍ തുറന്ന് സമ്മതിക്കുന്നു. എന്താണ് അദ്ദേഹത്തിന്റെ രാഷ്ട്രീയവിവരം? ബി.ജെ.പി.ക്ക് ഇപ്പോള്‍ ഉള്ളത് ഒരു സീറ്റ് മാത്രം ആണ്. ഇത് 70-75 വരെ ഉയരാം എന്നാണ് ഒരു അഭിമുഖത്തില്‍ ശ്രീധരന്‍ പറഞ്ഞത? ഇപ്പോഴത്തെ രാഷ്ട്രീയ സാഹര്യത്തില്‍ ഒരു വലിയ ഫലിതം അല്ലേ? മുഖ്യമന്ത്രി ആയാല്‍ കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമെന്നും സംസ്ഥാനത്തെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുത്തുമെന്നും ശ്രീധരന്‍ വാഗ്ദാനം ചെയ്യുന്നു. ഇത് തീര്‍ച്ചയായും നല്ല ഒരു കാര്യം ആണ്.

ശ്രീധരന്‍ രാഷ്ട്രീയത്തിലേക്ക് വരുവാന്‍ തീരുമാനിച്ചത് കേരളത്തിനുവേണ്ടി ചില നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ ആണെന്ന് പറയുന്നു. അദ്ദേഹത്തിന് ഭരണഘടനയിലെ ആലങ്കാരിക പദവിയായ ഗവര്‍ണ്ണര്‍ സ്ഥാനത്തില്‍ ഇതിനാല്‍ താല്‍പര്യം ഇല്ല. ഇതും നല്ല ഒരു സമീപനം. അദ്ദേഹത്തിന്റെ പ്രധാന ഉദ്ദേശം ബി.ജെ.പി.യെ കേരളത്തില്‍ അധികാരത്തില്‍ കൊണ്ടുവരുകയെന്നതാണ്, ശ്രീധരന്‍ വ്യക്തമാക്കുന്നു. എല്‍.ഡി.എഫും, യു.ഡി.എഫും മാറി മാറി ഭരിച്ച് കേരളത്തിന്റെ വികസനത്തെ മുരടിപ്പിച്ചിരിക്കുകയാണ്; 'മെട്രോമാന്‍'  വിലയിരുത്തുന്നു. ബി.ജെ.പി. ആണ് കേരളം ഭരിക്കുവാന്‍ ഏറ്റവും നല്ല പാര്‍ട്ടിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ശ്രീധരന്റെ അഭിപ്രായത്തില്‍ ബി.ജെ.പി.യെ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയായി വെറുതെ ചിത്രീകരിച്ചിരിക്കുകയാണ്. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു പാര്‍ട്ടിയാണ് ബി.ജെ.പി. എന്ന് ശ്രീധരന്‍ വിശ്വസിക്കുന്നു. ബി.ജെ.പി.യുടെ പ്രതിച്ഛായ മാറ്റുകയാണ് ശ്രീധരന്റെ മിഷന്‍. ലൗജിഹാദിനെതിരെയും അദ്ദേഹം യുദ്ധം പ്രഖ്യാപിക്കുന്നു. മുട്ടപോലും ഭക്ഷിക്കാത്ത ഒരു സസ്യഭുക്കാണ് താനെന്ന് അദ്ദേഹം പറയുന്നു. ആരെങ്കിലും മാംസം കഴിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടവും അല്ല.

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി ആകുവാന്‍ തയ്യാറാകുന്ന ഒരു വ്യക്തിയുടെ കാഴ്ചപ്പാട് ആണ് ഇത്. നല്ലത്. ഉത്തര്‍പ്രദേശും മദ്ധ്യപ്രദേശും കേരളത്തിലും ആവര്‍ത്തിക്കുവാന്‍ ആയിരിക്കാം അദ്ദേഹത്തിന്റെ പദ്ധതി. ലൗജിഹാദ് നിയമങ്ങള്‍ കോടതികള്‍ തള്ളിയതാണ്. ലൗജിഹാദ് എന്നൊന്ന് ഇന്‍ഡ്യയില്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര ഉപമന്ത്രി ജി.കിഷന്‍ റെഡ്ഡി പാര്‍ലിമെന്റില്‍ ഒരു ചോദ്യത്തിന് ഉത്തരമായി വെളിപ്പെടുത്തിയിട്ടുള്ളതാണ്.

ഏതായാലും മെട്രോ ശ്രീധരന്റെ ഈ പുതിയ യാത്രയില്‍ ഭാവുകങ്ങള്‍ ആശംസിക്കുക എന്നു മാത്രമെ പറയുവാനാകൂ. മെയ് രണ്ടിന് വോട്ട് എണ്ണുന്നതുവരെയേ ശ്രീധരന്റെ സംസ്ഥാനഭരണസ്വപ്‌നങ്ങള്‍ക്ക് ആയുസുള്ളൂ എന്നത് മറ്റൊരു കാര്യം. പാലം പണിയുമ്പോഴും മെത്രോ നിര്‍മ്മിക്കുമ്പോഴും റെയില്‍വെ ലൈനുകള്‍ ദുര്‍ഘടമായ കൊങ്കണ്‍ മലനിരകളിലൂടെ രൂപപ്പെടുത്തിയപ്പോഴും കണ്ണുകളില്‍ കാണിച്ച തീക്ഷ്ണമായ കൃത്യത 'മെട്രോമാന്' രാഷ്ട്രത്തില്‍ പിഴക്കുകയാണോ?

മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക