Image

വിരോധാഭാസങ്ങൾ (രാജൻ കിണറ്റിങ്കര)

Published on 05 March, 2021
വിരോധാഭാസങ്ങൾ (രാജൻ കിണറ്റിങ്കര)
മൂന്നു നിലയുള്ള
തറവാട് വിറ്റിട്ട്
രണ്ടു റൂമുള്ളൊരു
ഫ്ലാറ്റ് വാങ്ങി

പത്തുകോൽ ആഴത്തിൽ
കിണറൊന്ന് തൂർത്തിട്ട്
ഒരു ലിറ്റർ വെള്ളത്തിൻ
കുപ്പി വാങ്ങി

കാടുകൾ മേടുകൾ
വെട്ടി തെളിച്ചിട്ട്
യൂ ട്യൂബിൽ
മഴയുടെ ഭംഗി കണ്ടു

വയലുകൾ നിരത്തി
പറമ്പുകളാക്കീട്ട്
അരിയുടെ വിലയിൽ
പരിതപിച്ചു

മണൽകോരി മൃതമായ
പുഴയുടെ ദുഖങ്ങൾ
കണ്ണീർ കവിതയായ്
നാടു ചുറ്റി

അമ്മയെ
വൃദ്ധസദനത്തിലയച്ചിട്ട്
വാട്സ് ആപ്പിൽ
മാതൃദിനമാചരിച്ചു

ചിന്തകൾ
ആകാശംമുട്ടെ പറന്നിട്ടും
മനസ്സുകൾ ചെളിയിൽ
ആണ്ടു പോയി

പ്രതിമകൾ കെട്ടി
ഗുരുവന്ദനം ചൊല്ലുമ്പോൾ
അവരുടെ തത്വങ്ങൾ
കടലാസിൽ ചിതലരിച്ചു

കനലടുപ്പെല്ലാം
മണ്ണിട്ടു മൂടീട്ട്
ഓൺലൈനിൽ
തന്തൂരി ഓർഡർ ചെയ്തു

പാതിരാവ് ആവോളം
മോബൈലിൽ കൺപൂഴ്ത്തി
ഉറക്കമില്ലായ്മക്ക്
ചികിത്സ തേടി

വീട്ടിൽ പരസ്പരം
മിണ്ടാട്ടമില്ലാതെ
ലോൺലിനസ്സെന്ന്
സങ്കടം ചൊല്ലുന്നു
Join WhatsApp News
രാജു തോമസ് 2021-03-07 12:49:40
ഹാവൂ! ഇഷ്ടപ്പെട്ടു, വളരെവളരെ . ഇതാണു കവിത, ഇവിടെ വിലസുന്നൂ കവിത്വം --വൃത്തം പോയിട്ട് ഏതെങ്കിലും താളംപോലും ഇല്ലാതെയെങ്കിലും. [though I shouldn't presume to speak to that, as I am not learned in music.] അതു പോകട്ടെ. പക്ഷേ, രണ്ടോമുന്നോ,വട്ടം തോന്നി രണ്ടുമൂന്നിടത്ത് സന്ധിദോഷമുണ്ടെന്ന്-- ക്ഷമിക്കുമല്ലൊ. ആദരവോടെ
Well-written 2021-03-07 16:27:54
This poem? or satire is well written and meaningful; worth reading.
വിദ്യാധരൻ 2021-03-07 17:48:06
'വിരോധാഭാസം ' എന്ന കവിതയ്ക്കും കവിക്കും അഭിനന്ദനം. ഇന്ന് മനുഷ്യന്റെ കയ്യിലിരിപ്പ് എന്ന് പറയുന്നത് വിരോധം ഉണ്ടാക്കുന്ന ആഭാസത്തരങ്ങളാണ്. 'കാടുകൾ മേടുകൾ വെട്ടി തെളിച്ചിട്ട് യു ട്യൂബിൽ മഴയുടെ ഭംഗി കാണുന്നത് പോലെ യും, നല്ല ശുദ്ധവായു ലഭിച്ചു സുഖമായി നാട്ടിൻപ്പുറത്ത് ജീവിച്ചിരുന്നവർ ആ വീടുകൾ പൊളിച്ചു വിറ്റിട്ട്, നഗരങ്ങളിൽ ചേക്കേറുകയും , അവിടുത്തെ ചീഞ്ഞു നാറുന്ന ഓടയുടെ ദുർഗന്ധമേറ്റും കൊതുക് കടി കൊണ്ടും സർവ്വരേയും ചീത്തവിളിക്കുന്നത്പോലെയുമാണ്. മനുഷ്യന് സത്യമായ അവസ്ഥ മനസിലാക്കി അതിന് പരിഹാരം കാണാൻ ഒരു താത്‌പര്യവുമില്ല . ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ജൂഗുപ്‌സാവഹമായ അവസ്ഥക്ക് കാരണക്കാരായ മനുഷ്യർ അതിന്റ ഉത്തരവാദിത്വം എറ്റെടുക്കാൻ തയ്യാറല്ല . മാലിന്യം വലിച്ചെറിയുന്നവരോട് അത് ശരിയല്ല എന്ന് പറഞ്ഞാൽ, ചോദിക്കുന്നവനെ പൗരസ്വാതന്ത്ര്യത്തിന്റ പേരിൽ കോടതി കയറ്റുകയും ചെയ്യും. പച്ചക്കള്ളങ്ങൾ പറയാൻ കഴിവുള്ള രാഷ്ട്രീയ നേതാക്കൾക്കും അവരുടെ കാലുനക്കികളായവർക്കുമാണ് ഇന്ന് സാദ്ധ്യത എന്ന് തോന്നിപോകും . ഇത്തരം സന്ദർഭങ്ങളിൽ സത്യം വിളിച്ചു പറയുന്നവരായിരിക്കണം കവികളും സാഹിത്യ സപര്യയിൽ ഏർപ്പെട്ടിരിക്കുന്നവരും . അല്ലാതെ 'ക്യു അനോൺ' പോലെയുള്ള നുണകഥകൾ പരത്തുന്ന സംഘടനകളുടെ മറവിൽ രാജ്യത്ത് അരാജകത്വം പരത്തുന്നവരായിരിക്കുരത് . അത്തരക്കാരുടെ അഭിപ്രായങ്ങൾ ഈമലയാളിയുടെ പ്രതികരണ കോളത്തിൽ കാണുമ്പൊൾ ഞാൻ ശർദ്ദിക്കാറുണ്ട് . കവി മഞ്ചരി വൃത്തത്തിന്റെ ചുവടു പിടച്ചാണ്‌ കവിത എഴുതിയിരിക്കുന്നത് . ആദ്യത്തെ വരിയിൽ പന്ത്രണ്ടും രണ്ടാമത്തെ വരിയിൽ പത്തും അക്ഷരങ്ങളുള്ള മഞ്ചരി വൃത്തത്തോട് ഇതിന് സമാനതയുണ്ട് . ചെറുശ്ശേരിയുടെ കൃഷ്‌ണഗാഥയിലെ വരികൾ ആലപിക്കുന്നതുപോലെ ഇതിനെ ആലപിക്കാം . പതിനെട്ട് വ്യത്യസ്തമായ രീതിയിൽ മഞ്ജരി വൃത്തത്തിലുള്ള കവിത ആലപിക്കാം എന്ന് അഭിജ്ഞർ പറയുന്നു . മാറിവരുന്ന മനുഷ്യ സ്വഭാവങ്ങളുടെയും കാപട്യത്തിന്റെയും ആരോടും യാതൊരു കടപ്പാടുമില്ലാതെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റ 'ദുരവസ്ഥയെ കവി വളരെ ലളിതവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു . കൂപ്പു കയ്യോടെ, -വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക