Image

സി.പി.എം ഭാര്യാവിലാസം പാര്‍ട്ടിയായി: കെ.സുരേന്ദ്രന്‍

Published on 07 March, 2021
സി.പി.എം ഭാര്യാവിലാസം പാര്‍ട്ടിയായി: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: നേതാക്കളുടെ മക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയ സി.പി.എം ഇപ്പോള്‍ പാര്‍ട്ടി പ്രമുഖരുടെ ഭാര്യമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റുകള്‍ കൂടി നല്‍കിയതോടെ ഭാര്യാവിലാസം പാര്‍ട്ടിയായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. കേസരി ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ശ്രീധരന്‍ ബി.ജെ.പിയുടെ പ്രചാരണം നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്.

പാര്‍ട്ടിക്കാരെ തെരുവിലിറക്കി അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടിടപെട്ട് മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി ഏറ്റുമുട്ടുകയാണ്. കേന്ദ്ര ഏജന്‍സികളെ എതിര്‍ക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. അല്ലാതെ അവരുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. ഇതില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അന്വേഷണം മുഖ്യമന്ത്രിയിലേക്കും മറ്റ് മന്ത്രിമാരിലേക്കും തിരിഞ്ഞപ്പോഴാണ് ഭീഷണിയുടെ സ്വരം ഉയര്‍ത്തുന്നത്. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് 164ാം വകുപ്പു പ്രകാരം രഹസ്യമൊഴി നല്‍കിയത് ആരും ഭീഷണിപ്പെടുത്തിയിട്ടല്ല. അന്വേഷണ ഏജന്‍സികള്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടാണ് മുന്നോട്ടു പോകുന്നത്.
ലൈഫ് മിഷന്‍ കരാര്‍ ലഭിച്ച സന്തോഷ് ഈപ്പനില്‍ നിന്ന് വിലകൂടിയ ഐ ഫോണ്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയുടെ കൈയിലെത്തിയതു സംബന്ധിച്ച മുല്യച്യുതിയെക്കുറിച്ചാണ് സി.പി.എം വിശദീകരിക്കേണ്ടത്.

ഡോളര്‍ കടത്തിലെ പങ്കാളിത്തം സംബന്ധിച്ച വാര്‍ത്തകളോടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കേണ്ടത്. അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നതിനു പകരം മുഖ്യമന്ത്രിയും കൂട്ടരും കുറ്റവാളികളെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക