Image

ജോസഫ്‌ കുരിയപ്പുറം ജനസമ്മതനായ സ്ഥാനാര്‍ത്ഥി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 17 June, 2012
ജോസഫ്‌ കുരിയപ്പുറം ജനസമ്മതനായ സ്ഥാനാര്‍ത്ഥി
ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ 2012-14ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന്‌ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോസഫ്‌ കുരിയപ്പുറം ജനറല്‍ സെക്രട്ടറിയാകാനുള്ള സാദ്ധ്യതകളേറി.

ഫൊക്കാനയുടെ ഏറ്റവും വലിയ അംഗസംഘടനകളിലൊന്നായ
ന്യൂയോര്‍ക്ക്‌ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി യോഗം ജോസഫ്‌ കുരിയപ്പുറത്തിനെ വീണ്ടും ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ നാമനിര്‍ദ്ദേശം ചെയ്‌തതായി പ്രസിഡന്റ്‌ അഗസ്റ്റിന്‍ പോള്‍ അറിയിച്ചു.

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച്‌ കഴിവു തെളിയിച്ചിട്ടുള്ള കുരിയപ്പുറത്തിന്റെ പ്രവര്‍ത്തന ശൈലിയും ഇച്ഛാശക്തിയും ഫൊക്കാനക്ക്‌ എക്കാലത്തും ഗുണം ചെയ്യുമെന്ന്‌ അഗസ്റ്റിന്‍ പോള്‍ പറഞ്ഞു. കുരിയപ്പുറത്തിന്റെ മൂന്നു പതിറ്റാണ്ടിലേറെയുള്ള രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക മേഖലകളിലുള്ള പ്രവൃത്തി പരിചയവും സംഘടനാപാടവവും ഫൊക്കാന പോലുള്ള ദേശീയ സംഘടനകള്‍ക്ക്‌ അനിവാര്യമാണെന്ന്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ തോമസ്‌ നൈനാന്‍, ഫിലിപ്പോസ്‌ ഫിലിപ്പ്‌ എന്നിവര്‍ പ്രസ്‌താവിക്കുകയും ആശംസകള്‍ നേരുകയും ചെയ്‌തു.

അംഗബലം കൊണ്ട്‌ ഫൊക്കാനയുടെ ശക്തികേന്ദ്രമായ ന്യൂയോര്‍ക്ക്‌ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്‌ തന്റെ പിന്തുണയും ആശംസകളും കുരിയപ്പുറത്തിനു നേര്‍ന്നു. ന്യൂയോര്‍ക്ക്‌ റീജിയണ്‍ ഫൊക്കാനക്ക്‌ നല്‍കുന്ന ഏറ്റവും കരുത്തനായ സാരഥിയാണ്‌ ജോസഫ്‌ കുരിയപ്പുറം എന്നും, അദ്ദേഹത്തിന്റെ വിജയം ഫൊക്കാനക്കും, പ്രത്യേകിച്ച്‌ ന്യൂയോര്‍ക്ക്‌ റീജിയണും, വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നും വിന്‍സന്റ്‌ കൂട്ടിച്ചേര്‍ത്തു.

അടുത്ത കണ്‍വന്‍ഷന്‍ വേദിക്കുവേണ്ടി വാഷിംഗ്‌ടണും ചിക്കാഗോയും മത്സരിക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യനും ജനസമ്മതനുമായ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോസഫ്‌ കുരിയപ്പുറം ആണെന്നും, ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ഫൊക്കാനയെ പുതിയ മേഖലകളിലേക്കും ഉയരങ്ങളിലേക്കും നയിക്കുവാന്‍ പ്രാപ്‌തനായ കുരിയപ്പുറത്തിന്റെ വിജയമാണ്‌ ഇരുകൂട്ടരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തോട്‌ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ജോസഫ്‌ കുരിയപ്പുറം ജനസമ്മതനായ സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക