Image

മുപ്പതു വെള്ളിക്കാശ്

Published on 25 June, 2012
മുപ്പതു വെള്ളിക്കാശ്
ബൈബിളിനെ അടിസ്ഥാനമാക്കി ജോണി സാഗരിക നിര്‍മിക്കുന്ന ത്രിഡി ചിത്രമാണ് മുപ്പതു വെള്ളിക്കാശ്. ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കൊച്ചിയിലെ കത്തോലിക്കാസഭാ കേന്ദ്രമായ പാലാരിവട്ടം പി.ഒ.സിയില്‍ നടന്നു. മുപ്പത്തിയഞ്ചോളം ബിഷപ്പുമാരുടെ സാന്നിധ്യത്തില്‍ വൈദിക, കന്യാസ്ത്രീ, അല്‍മായ അംഗങ്ങളും ചലച്ചിത്രപ്രവര്‍ത്തകരും നിറഞ്ഞ സദസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്യ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

ഈ പ്രോജക്ടിന്റെ മുഖ്യ ശില്‍പികളില്‍ ഒരാള്‍കൂടിയായ ഫാ. ജോണ്‍ പുതുവ സ്വാഗതം ആശംസിച്ചു. തിരക്കഥാ ആശീര്‍വാദം നടത്തിയത് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലാണ്.

കെ.സി.ബി.സി പ്രസിഡന്റും തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു. മാര്‍ത്തോ മ്മാ വലിയ മെത്രാപ്പോലീത്താ, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, തിരുവനന്തപുരം അതിരൂപതാ ബിഷപ് ഡോ. സൂസൈപാക്യം, ഡോ. തോമസ് മാര്‍ കൂറിലോസ്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, നടന്‍ മധു, ചലച്ചിത്ര സംവിധായകരായ ഫാസില്‍, സിബി മലയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്രിസ്തുവിന്റെ ജനനംകൊണ്ട് അനുഗ്രഹീതമായ ജറുസലേം അടക്കം പല സ്ഥലങ്ങളിലുമായി ആറുമാസത്തോളം നീണ്ടുനിന്ന് ചിത്രീകരിക്കുന്ന ഈ ചിത്രത്തിന് എല്ലാ ഭാവുകങ്ങളും കര്‍ദിനാള്‍ ഉദ്ഘാടനവേളയില്‍ ആശംസിച്ചു.

ഈ സംരംഭത്തിന് അനുവാദം നല്‍കി ഒരു പരിധിവരെ നിര്‍മാണകാര്യങ്ങളില്‍കൂടി ശ്രദ്ധ പതിപ്പിക്കുന്നത് തൃശൂര്‍ ബിഷപ് ആന്‍ഡ്രൂസ് താഴത്താണ്. പുതിയ തലമുറയെ തിന്മയില്‍നിന്നും നന്മയിലേക്ക് നയിക്കാന്‍ ഈ ചിത്രത്തിന് കഴിയുമാറാകട്ടെയെന്ന് മധുവും ഫാസിലും പറഞ്ഞു.

തന്റെ സഹപാഠികൂടിയായിരുന്ന അനശ്വരയായ നടി ആറന്മുള പൊന്നമ്മയുടെ വാക്കുകള്‍കൂടി ഉദ്ധരിച്ചുകൊണ്ടാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി ആശംസകള്‍ നേര്‍ന്നത്. തൊണ്ണൂറ്റിയഞ്ചിന്റെ നിറവിലും നര്‍മ്മത്തിന്റെ പാതകളില്‍ സഞ്ചരിക്കുന്ന ഈ വൈദികശ്രേഷ്ഠന്റെ വാക്കുകള്‍ ചടങ്ങിനെ ഏറെ രസിപ്പിച്ചു.

മാറുന്ന ശാസ്ത്രീയ പുരോഗതിയുടെ അടിസ്ഥാനത്തില്‍ ഹോളിവുഡിനെപ്പോലും ആകര്‍ ഷിക്കത്തക്ക ഒരു സിനിമയാകട്ടെയെന്ന് സിബി മലയിലും അഭിപ്രായപ്പെട്ടു.

അഞ്ഞൂറോളം ചിത്രങ്ങളുടെ പരസ്യകലാകാരനും കലാസംവിധായകനുമായിരുന്ന കുര്യന്‍ വര്‍ണ്ണശാലയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്നത്. പത്തുവര്‍ഷത്തെ കഠിനമായ പ്രയത്‌നത്തിലൂടെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ കുര്യന്‍ വര്‍ണ്ണശാലയ്ക്ക് രചിക്കാന്‍ കഴിഞ്ഞത്.

ഇന്ത്യയിലെ ഒന്‍പതു ഭാഷകളിലായി ഒരേസമയം നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ എല്ലാ ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഒപ്പം അയ്യായിരത്തില്‍പരം ജൂനിയര്‍ കലാകാരന്മാരും കലാകാരികളും ഈ ചിത്രത്തില്‍ പങ്കെടുക്കുന്നു. ഒപ്പം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയുംചെയ്യുന്നു.

യേശുക്രിസ്തുവായി അഭിനയിക്കുന്ന യു.എ.എയില്‍ ജനിച്ചുവളര്‍ന്ന ഇസ്രയേല്‍ ബന്ധമുള്ള, ജറമി ജയ്‌റസിനെ സംവിധായകന്‍ കുര്യന്‍ വര്‍ണ്ണശാല സദസില്‍ പരിചയപ്പെടുത്തി. നീണ്ട കരഘോഷത്തോടെയാണ് സദസ് ഇദ്ദേഹത്തെ വരവേറ്റത്. ജൂലൈ ആദ്യവാരത്തില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ഇസ്രയേലില്‍ ആരംഭിക്കുന്നു.

മുപ്പതു വെള്ളിക്കാശ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക