Image

മുല്ലമൊട്ടും മുന്തിരിച്ചാറും

Published on 27 June, 2012
മുല്ലമൊട്ടും മുന്തിരിച്ചാറും
ഗ്രാമങ്ങള്‍ ഇല്ലാതാവുകയും കേരളമാകമാനം ഒരു വലിയ നഗരത്തിന്റെ സ്വഭാവം കൈവരിക്കുകയും ചെയ്തപ്പോള്‍ ഗ്രാമത്തിന്റെ നന്മകളിലേക്ക് ആധുനികതയുടെ സ്വാര്‍ത്ഥതയും കാപട്യവും കടന്നുകയറി. അത്തരമൊരു ഗ്രാമത്തിന്റെ കഥ പറയുകയാണ് മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തിലൂടെ നവാഗതനായ സംവിധായകന്‍ അനീഷ് അന്‍വര്‍.

ചുരട്ട ജോസ് ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. ജോസിന്റെ അപ്പന്‍ ചാണ്ടി പാമ്പുകടിയേറ്റാണ് മരിച്ചത്. അന്നുമുതല്‍ പാമ്പെന്നു കേട്ടാല്‍ ജോസ് കൊന്നേ അടങ്ങൂ. അങ്ങനെയാണ് ജോസിന് ചുരട്ട ജോസ് എന്ന പേര് വീണത്. ജീവിതത്തെക്കുറിച്ച് കാഴ്ചപ്പാടൊന്നുമില്ലാതെ ഒരു പൊങ്ങുതടിപോലെ ജീവിതസാഹചര്യങ്ങളില്‍ ഒഴുകിനടക്കുന്ന ജോസിന് തേനീച്ചക്കൂട് പൊളിച്ച് തേനെടുക്കുക, പോത്തിന്റെ മൂക്കു കുത്തുക, കള്ളസാക്ഷി പറയുക, പിന്നെ അത്യാവശ്യം കൂലിത്തല്ലും. ഇതൊക്കെയാണ് പരിപാടി. നാട്ടുകാര്‍ക്ക് ഉപദ്രവകാരി അല്ലാതെ ആ ഗ്രാമത്തിന്റെ ഊടുവഴികളില്‍ ഒരു കാവല്‍ക്കാരനെപ്പോലെ ജോസിനെ ഏതു പാത്രിരാത്രിക്കും കാണാം.

മുന്‍പിന്‍ നോക്കാതെയുള്ള ജോസിന്റെ ജീവിതത്തിലേക്ക് രണ്ട് കുടുംബങ്ങള്‍ ഒരേസമയം കടന്നുവരുകയാണ്. അനന്യ അവതരിപ്പിക്കുന്ന റാണിമോളുടെ കുടുംബവുമേഘ്‌ന രാജ് അവതരിപ്പിക്കുന്ന സുചിത്രയുടെ കുടുംബവും. തന്റെതന്നെ കൈയ്യബദ്ധംകൊണ്ടാണ് ഈ രണ്ട് കുടുംബങ്ങളുടെയും ഉത്തരവാദിത്വം ജോസിന്റെ തലയിലേക്ക് വീണത്. അതില്‍നിന്നും രക്ഷപ്പെടാന്‍ ജോസ് കാണിക്കുന്ന അബദ്ധങ്ങളും പൊട്ടത്തരങ്ങളും കുടുംബസദസുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്തും.

വാഴക്കൊലയച്ചന്‍ എന്ന രസികനായ പള്ളിവികാരിയുടെ വേഷത്തില്‍ സാക്ഷാല്‍ തിലകന്‍ എത്തുമ്പോള്‍ കഥാമുഹൂര്‍ത്തങ്ങളും കഥാപാത്രങ്ങളും സംഘട്ടനങ്ങളും സിനിമയെ പുതിയ വഴിത്തിരിവുകളിലേക്ക് എത്തിക്കുന്നു.

നാട്ടിന്‍പുറത്തെ ജന്മിയും ജോസിന്റെ ഉറ്റ സുഹൃത്തുമായ ടോമിച്ചന്റെ വേഷത്തില്‍ അശോകന്‍ എത്തുന്നു. ടോമിയുടെ അനുജന്‍ സണ്ണിച്ചന്‍ എന്ന കഥാപാത്രത്തെ ടിനി ടോം അവതരിപ്പിക്കുന്നു.

കൂടാതെ കലാശാല ബാബു, കൊച്ചുപ്രേമന്‍, പ്രവീണ, നാരായണന്‍നായര്‍, കലാഭവന്‍ ഷാജോണ്‍, അനില്‍ മുരളി, ആലിക്കോയ, സിബി കുരുവിള, ചാലി പാലാ, ശശി കലിംഗ തുടങ്ങിയവരും അഭിനയിക്കുന്നു.

നഗരകേന്ദ്രീകൃതമായ പ്രേക്ഷകരെയും അതുപോലെ ഉള്‍നാടന്‍ പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കാന്‍ കഴിയുന്ന ഒരു സിനിമയ്ക്കുവേണ്ടിയുള്ള ശ്രമമാണ് മുല്ലമൊട്ടും മുന്തിരിച്ചാറും- ചിത്രത്തിന്റെ സംവിധായകന്‍ അനീഷ് അന്‍വര്‍ പറയുന്നു. 

മുല്ലമൊട്ടും മുന്തിരിച്ചാറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക