Image

ബെന്യാമിന്റെ ഇ.എം.എസും പെണ്‍കുട്ടിയും സിനിമയാവുന്നു

Published on 04 July, 2012
ബെന്യാമിന്റെ ഇ.എം.എസും പെണ്‍കുട്ടിയും സിനിമയാവുന്നു
കൊച്ചി: പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്റെ ഇ.എം.എസും പെണ്‍കുട്ടിയും എന്ന ചെറുകഥ അതേപേരില്‍ റഫീഖ് റാവുത്തര്‍ സിനിമയാവുന്നു. മമ്മൂട്ടിയും സംഗീതജ്ഞന്‍ ഇളയരാജയും പങ്കെടുത്ത ചടങ്ങില്‍ സിനിമയുടെ പൂജ നടന്നു. ക്രിസ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ഒറ്റപ്പള്ളിയാണ് നിര്‍മാണം.

നരേന്‍, ശ്രീനിവാസന്‍, കനിഹ, തമിഴ് നടന്‍ ശരവണന്‍ എന്നിവരാണു മുഖ്യവേഷത്തില്‍. കഥാകൃത്ത് കൂടിയായ എ.ജെ. മുഹമ്മദ് ഷഫീറാണ് തിരക്കഥ ഒരുക്കുന്നത്. സംഗീതം: ഇളയരാജ. തമ്പി ആന്റണി, ഇന്നസെന്റ്, ഗീത തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. 
നഴ്‌സായ ഭാര്യയോടൊപ്പം അമേരിക്കയില്‍ താമസിക്കുന്ന മലയാളി പത്രപ്രവര്‍ത്തകന്‍ നാട്ടില്‍ വന്ന സമയത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപാനസദസ്സില്‍ പറയുന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 

ഭാര്യ ഒപ്പമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിച്ച നായകന്‍ തന്റെ പേര് ഇ.എം.എസ്. ആണെന്നാണ് പെണ്‍കുട്ടിയോടു പറയുന്നത്. ഈ പെണ്‍കുട്ടിയെ പറ്റിയുള്ള ദുരൂഹത ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ യുവാവ് രംഗപ്രവേശം ചെയ്യുന്നതോടെ നാടകീയമാവുന്നു.

നേരത്തെ, ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ സിനിമയാക്കാന്‍ ബ്‌ളെസിക്കു പദ്ധതിയുണ്ടായിരുന്നെങ്കിലും അതു നടപ്പായില്ല. അതിനിടയിലാണ്, കൈരളി ടിവിയില്‍ പ്രൊഡ്യൂസര്‍ ആയിരുന്ന റഫീഖ് റാവുത്തറുടെ സംവിധാനത്തില്‍ ഇ.എം.എസും പെണ്‍കുട്ടിയും സിനിമയാകുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പാണ് ഈ കഥ പ്രസിദ്ധീകരിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക