Image

തെലുങ്ക് നടി തഷു കൗശിക് മലയാളത്തിലേക്ക്

Published on 05 July, 2012
തെലുങ്ക് നടി തഷു കൗശിക് മലയാളത്തിലേക്ക്
മലയാളസിനിമയില്‍ ഭാഗ്യം തേടി തെലുങ്കില്‍ നിന്ന് ഒരു സുന്ദരിയെത്തി. തെലുങ്ക് സുന്ദരി തഷു കൗശിക് ആണ് ഭാഗ്യം തേടി മലയാളത്തിലെത്തുന്നത്. 
ഹിന്ദി സിനിമയിലൂടെ അരങ്ങേറി തുടര്‍ന്ന് തെലുങ്കില്‍ സാന്നിധ്യമുറപ്പിച്ച തഷുവിന് ഇപ്പോള്‍ തമിഴില്‍ നിന്നു നിരവധി അവസരങ്ങളാണ് വരുന്നത്. ഇതിനിടയിലാണു മലയാളത്തില്‍ നിന്ന് ഓഫര്‍ ലഭിച്ചത്. വയ ഫിലിംസിന്റെ ബാനറില്‍ ഉഷ രാജേഷ് നിര്‍മിച്ച് രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന അന്നും ഇന്നും എന്നും എന്ന സിനിമയിലൂടെയാണു തഷു മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 

ഈ ചിത്രത്തില്‍ റിയ എന്ന മോഡേണ്‍ കഥാപാത്രത്തെയാണു തഷു അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം. ചിത്രത്തില്‍ തഷുവിന്റെ ഭാഗങ്ങളെല്ലാം ഇതിനോടകം ഷൂട്ട് ചെയ്തുകഴിഞ്ഞു. വരുന്ന ആഗസ്റ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. 

ആദ്യവരവില്‍ത്തന്നെ തഷുവിന് കേരളം ഇഷ്ടപ്പെട്ടു. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ തുടര്‍ന്നും അഭിനയിക്കുമെന്നു തഷു പറഞ്ഞു. 

തെലുങ്കില്‍ ഗ്ലാമര്‍വേഷങ്ങളില്‍ തന്നെ തളച്ചിടുന്നതില്‍ തഷുവിനു പ്രതിഷേധമുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു തഷുവിന്റെ ജനനം. ഡാന്‍സിനോടായിരുന്നു താത്പര്യം. കോളജ് പഠനത്തിനിടയ്ക്കു മോഡലിംഗില്‍ സജീവമായി. ദര്‍വാസ ബന്ധ് രഖോ എന്ന ഹിന്ദി സിനിമയിലൂടെയാണു വെളളിത്തിരയിലെത്തിയത്. രാജു മാഹാരാജയാണ് തെലുങ്കിലെ ആദ്യ ചിത്രം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക