Image

സ്വാശ്രയം-പരാശ്രയം, എന്തു കുണ്ടാമണ്ടി? കേരളാ ഗവണ്‍മേന്റും നോക്കുകൂലിക്കാരും

കൈരളി ന്യൂയോര്‍ക്ക് Published on 03 August, 2011
സ്വാശ്രയം-പരാശ്രയം, എന്തു കുണ്ടാമണ്ടി? കേരളാ ഗവണ്‍മേന്റും നോക്കുകൂലിക്കാരും
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളം വിട്ട മലയാളികള്‍ക്ക് ഈ വിഷയത്തില്‍ വലിയ താല്‍പര്യം ഉണ്ടാകാന്‍ സാധ്യത ഇല്ലെങ്കിലും കേരളത്തിനെ സഹായിക്കണം സാഹായിക്കണം, കേരളത്തില്‍ വ്യവസായ സംരഭങ്ങള്‍ തുടങ്ങണം എന്നു നിര്‍ബന്ധം പിടിക്കുന്ന അമേരിക്കയിലെ ധനാഠ്യര്‍ മനസ്സിലാക്കേണ്ട ഒരു വിഷയമാണത്.

കോടികള്‍ അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊടുത്ത് വിദ്യ സമ്പാദിക്കുന്ന ഒരു കീഴ്വഴക്കമാണ് പണ്ടു മുതലെ കേരളീയര്‍ക്കുള്ളത്.

അതിനുദാഹരണമായി, ചില പ്രായം ചെന്നവര്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഇങ്ങനെ മേനി പറയാറുണ്ട്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പഠിച്ചതാണ്. അല്ലെങ്കില്‍ ഐ.ഐ.റ്റി പ്രോഡക്ടാണ്, 47 ബാച്ചാണ്, എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ . അതൊരഭിമാനമായി കരുതിയും പോന്നു. അതേസമയം തങ്ങളുടെ കാശുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടികള്‍ വാരിക്കൂട്ടുന്നതെന്ന് മനസ്സിലാക്കാന്‍ കേരളീയര്‍ക്കോ കേരളത്തിലെ മന്ത്രിമാര്‍ക്കോ സാധിച്ചില്ല. ഒടുവില്‍ കേരളത്തിലെ ജനങ്ങളുടെ മുറവിളി കൂടിയപ്പോള്‍ 2002 ല്‍ ആന്റണി ഗവണ്‍മേന്റ് ഉന്നത വിദ്യാഭ്യാസ കോളേജുകള്‍ എങ്ങനെയും സ്ഥാപിച്ചേ തീരൂ എന്ന് തീരുമാനിച്ചു.. പക്ഷേ കോളജ് പണിയാന്‍ ഗവണ്‍മെന്റിന്റെ കൈവശം എവിടേയാണ് മുടക്കുമുതല്‍ ? അവസാനം മനസ്സില്ലാ മനസ്സോടെ സ്വാശ്രയകോളജുകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തില്‍ എക്കാലവും മുമ്പന്തിയില്‍ നിന്നിരുന്ന ക്രിസ്റ്റ്യന്‍ ഇന്‍സ്റ്റിട്യൂഷന്‍സ് സ്വാശ്രയ കോളജ് തുടങ്ങാന്‍ വേണ്ടി ചര്‍ച്ചകളും മറ്റു നീക്കങ്ങളും ആരംഭിച്ചു.
കൈനനക്കാതെ മീന്‍ പിടിക്കുക എന്നതാണ് സോഷ്യലിസവും കമ്മ്യൂണിസവും പറഞ്ഞു കേരളം മുടിപ്പിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ നയം എന്നതും ഓര്‍മ്മയിലിരിക്കട്ടെ!

പ്രൈവറ്റ് എന്റര്‍പ്രൈസിംഗിലൂടെ നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് അന്നു വര്‍ഷം കൊണ്ട് മുളച്ചുപൊന്തിയപോലെ, പുഷ്പ ഗിരിയും, അമലയും, കോലഞ്ഞേരിയും അതുപോലെ മറ്റു മുസ്ലീം ഗ്രൂപ്പിലും കോടികള്‍ ചിലവഴിച്ച് പ്രൈവറ്റ് മാനേജ്മന്റ് കോളജുകള്‍ പടുത്തുയര്‍ത്തി.

കോളജ് പ്രവര്‍ത്തനം ഏതാണ്ട് സുഗമമായിട്ട് മുന്നോട്ട് പോകും എന്നുകണ്ടപ്പോള്‍ രാഷ്ട്രീയക്കാര്‍ പ്രസ്താവനകളുമായി രംഗത്തെത്തി.

അതുവരെ ഒറ്റപൈസപോലും ചെലവഴിക്കാന്‍ കൂട്ടാക്കാതിരുന്ന ആന്റണി ഗവണ്‍മേന്റ് ഓരോ സ്വാശ്രയ കോളജിന്റെയും അമ്പതു ശതമാനവും കുട്ടികളുടെ സെലക്ക്ഷനും, മാനേജ്‌മെന്റും തങ്ങള്‍ക്കു വേണം അല്ലെങ്കില്‍ കോളജിന്റെ പെര്‍മിറ്റ് പിന്‍വലിക്കുമെന്നായി. ലോകത്തില്‍ എവിടെയെങ്കിലും കേട്ടു കേള്‍വിയുള്ള് കാര്യമാണോ സ്വന്തം കീശയില്‍ നിന്നും പണമിറക്കി ഒരു സ്ഥാപനം തുടങ്ങിക്കഴിഞ്ഞപ്പോള്‍ അതിന്റെ അമ്പതുശതമാനം നോക്കി നില്‍ക്കുന്നവനു കൊടുക്കണമെന്ന ശാഠ്യം!

വേറൊരു ഇക്വേഷനും അവര്‍ സൃഷ്ടിച്ചു-രണ്ട് സ്വാശ്രയ കോളജ് = ഒരു ഗവണ്‍മേന്റ് കോളേജ്! എന്തൊരു ഇക്വേഷനാണിത്? എങ്ങനെ എവിടെ നിന്ന് അവര്‍ ഈ ഇക്വേഷന്‍ സമ്പാദിച്ചു? വിചിത്രംതന്നെ!

ഈ വിഷയമാണ് ഇന്നത്തെ സ്വാശ്രയ കോളജുകളും ഗവണ്‍മേന്റും തമ്മിലുള്ള തര്‍ക്കത്തിനു കാരണം തര്‍ക്കം സുപ്രീംകോടതി വരെയെത്തി. കോടതി മൈനോറിറ്റീസ് റൈറ്റ് വെച്ച് മാനേജ്മന്റിനു തങ്ങളുടെ കോളജുകള്‍ നടത്തുന്നതിന് പൂര്‍ണ്ണ സ്വാതന്ത്രയമുണ്ടെന്നും കോളേജ് പ്രവര്‍ത്ത
നം ആരംഭിച്ചു കഴിഞ്ഞപ്പോള്‍ അതിന്റെ പകുതി ഷയര്‍ ചോദിക്കുന്നത് അന്യായമാണെന്നും വിധിയെഴുതി.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ സംഗതികള്‍ നേരെ ചൊവ്വേ എത്തിച്ചേരും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ ഗവണ്‍മേന്റില്‍ നിന്നും മാറ്റമില്ലാതെ പുതിയ സര്‍ക്കാരും അമ്പതു ശതമാനത്തില്‍ കടിച്ചു തൂങ്ങുന്നു. ഇക്കൂട്ടരാണോ കേരളത്തില്‍ വന്ന് ഇന്‍വസ്റ്റ് ചെയ്യാന്‍ വിദേശ രാജ്യങ്ങളില്‍ വന്ന് എന്‍ .ആര്‍ .ഐ കളോട് ആവശ്യപ്പെടുന്നത്?
ഇനി, പുഷ്പഗിരി ഹോസ്പിറ്റലിന്റെ ചെയര്‍മാനായ റവ.ഡോ. ഏബ്രഹാം മുളമൂട്ടിലുമായുള്ള അഭിമുഖം നമുക്കൊന്നു ശ്രദ്ധിക്കാം. (കഴിഞ്ഞ ആഴ്ചയില്‍ അമേരിക്കയിലെ ചില യൂണിവേഴ്‌സിറ്റികള്‍ സന്ദര്‍ശിക്കുന്നതിന് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നു.)

സ്വാശ്രയ കോളേജുകളില്‍ ചിലത് അമ്പത് ശതമാനം ഗവണ്‍മെന്റിനു കൊടുക്കാമെന്നു സമ്മതിച്ചു. എന്നാല്‍ പുഷ്പഗിരി പോലുള്ള ചില കോളേജുകള്‍ കൊടുക്കില്ല എന്നും വാദിക്കുന്നു; എന്താണ് കാരണം?

ഉ.വ്യത്യാസം-കുട്ടികളില്‍ നിന്നും വാങ്ങിക്കുന്ന ഫീസിന്റെ ഏറ്റകുറച്ചിലാണ്. ഉദാഹരണത്തിന് പുഷ്പഗിരി കോളജില്‍ ഒരു കുട്ടിയുടെ ഒരു വര്‍ഷത്തെ ചിലവ് 3.5 ലക്ഷം രൂപയാണ്. അതേസമയം അമ്പതുശതമാനം ഗവണ്‍മേന്റിന് കൊടുക്കാമെന്ന വാഗ്ദാനം ചെയ്ത കോളേജുകള്‍ , ഒരു വര്‍ഷം എട്ടു ലക്ഷം രൂപയാണ് വാങ്ങിക്കുന്നത്. കൂടാതെ തലവരിയും!

എങ്കില്‍ പുഷ്പഗിരിയും എട്ടുലക്ഷം വാങ്ങിയിട്ട് പകുതി കൈനനയാതെ മീന്‍ പിടിക്കാന്‍ ആഗ്രഹിക്കുന്ന ഗവണ്‍മേന്റിനു നല്‍കിക്കൂടെ?

അടിസ്ഥാനപരമായി ചില വ്യത്യാസങ്ങള്‍ പറഞ്ഞുതരാം.

ക്രിസ്റ്റ്യന്‍ ഇന്‍സ്റ്റിട്യൂഷന്‍സ് ഇതൊരു ബിസ്‌നസായിട്ടല്ല കണക്കാക്കുന്നത്- ഇതൊരു സാമൂഹ്യസേവനം കൂടിയായിട്ടാണ് കണക്കാക്കുന്നത്. അതുക്കൊണ്ട് ഓരോ കുട്ടിയില്‍ നിന്നും നാലു ലക്ഷം കൂടുതല്‍ വാങ്ങി ഗവണ്‍മേന്റിനെ സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ തല്‍പരലല്ല. അങ്ങനെ കുട്ടികളില്‍ നിന്നും കൂടുതല്‍ തുക വാങ്ങി അതു ഗവണ്‍മേന്റിന് കൊടുക്കേണ്ടി വരുമ്പോഴാണ് മറ്റു കോളേജുകള്‍ തലവരി വാങ്ങിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയക്കാരെ സന്തോഷിപ്പിക്കാന്‍ വേണ്ടി കുട്ടികളില്‍ നിന്നും ആവശ്യത്തില്‍ കൂടുതല്‍ പണം വാങ്ങുന്ന പ്രശ്‌നമില്ല. ഞങ്ങള്‍ക്ക് തലവരിപ്പണവും വേണ്ട. ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള കോളേജുകളുടെ ഫീസ്, ഓരോ കോളജിന്റെയും വെബ്‌സൈറ്റില്‍ പോയാല്‍ ലഭിക്കും. അതില്‍ കൂടുതല്‍ ഒന്നും ഞങ്ങള്‍ വാങ്ങിക്കാറില്ല.

അതേസമയം - നാലു ലക്ഷം ഗവണ്‍മേന്റിന് നല്‍കുക കോളജുകള്‍ തലവരിയായി ഒരു 10 ലക്ഷം കൂടി കുട്ടികളില്‍ നിന്നും വാങ്ങിയിരിക്കും. ഈ അന്യായത്തിനെതിരെ ഗവണ്‍മെന്റിന് ചെറുവിരല്‍ അനക്കാന്‍ പോലും സാധിക്കില്ല. ഇതു ഗവണ്‍മേന്റ് ചെയ്യുന്ന അഴിമതിയാണ്. നേരായ രീതിയില്‍ കോളേജ് നടത്താം എന്നു പറയുന്നവരെ തെറ്റിധാരണയില്‍ മുക്കിക്കൊല്ലുകയല്ലേ ഇവര്‍ ചെയ്യുന്നത്? ഗവണ്‍മെന്റിന് ടാക്‌സ് ഇനത്തില്‍ കിട്ടേണ്ട പണം വാങ്ങിക്കൊണ്ട് - 3.5 ലക്ഷത്തിന് ഒരു കുട്ടിയെ പഠിപ്പിക്കാം എന്നു പറയുന്ന പുഷ്പഗിരി പോലെയുള്ള കോളേജുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഗവണ്‍മെന്റിന്റെ കടമ?
മറ്റൊന്ന്- ഗവണ്‍മെന്റ് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ക്കൂടിയാണ് കുട്ടികള്‍ക്ക് അഡ്മിഷന്‍ .

90 ശതമാനം മാര്‍ക്കിനു മുകളിലുള്ള കുട്ടികള്‍ക്കു മാത്രമെ പുഷ്പഗിരി പോലുള്ള മെഡിക്കല്‍ കോളജുകളില്‍ അഡ്മിഷന്‍ നല്‍കുകയുള്ളൂ.

മറിച്ച് അമ്പതു ശതമാനം ഗവണ്‍മേന്റിനു കൊടുക്കുന്ന കോളേജുകളില്‍ എന്‍ട്രന്‍സ് പരീക്ഷ അവര്‍ തന്നെയാണ് നടത്തുക-ഫലം-മരിറ്റ് നോക്കാതെ പത്തല്ല അമ്പത് ലക്ഷം വേണമെങ്കിലും തലവരി കൊടുക്കാന്‍ പണമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് അവിടെ പ്രവേശനം ലഭിക്കും വിദ്യാഭ്യാസത്തിന്റെ നിലവാരം? അതു ഗവണ്‍മെന്റിനു പ്രശ്‌നമേയല്ല. ആരേ പിഴിഞ്ഞാണെങ്കിലും ഞങ്ങള്‍ക്കും കിട്ടണം പണം; അതുമാത്രമാണ് ഗവണ്‍മേന്റ് നയം. എങ്ങനെ വിദ്യാഭ്യാസ നിലവാരം താഴാതിരിക്കും?

പുഷ്പഗിരി പോലുള്ള സ്ഥാപനങ്ങള്‍ ക്വാളിറ്റി എഡ്യൂക്കേഷനാണ് പ്രാധാന്യം നല്‍കുന്നത്. വെറുതെ ഉഴുതു മിറക്കുന്ന സേവനമല്ല പുഷ്പഗിരി നടത്തുന്നത്. കൂടാതെ-മരിറ്റ് അടിസ്ഥാനത്തില്‍ തീരെ സാധുക്കളായ കുട്ടികള്‍ക്കും, റിസര്‍വേഷനുള്ള പതിനഞ്ച് ശതമാനം കുട്ടികളെയും ഞങ്ങള്‍ ഫ്രീയായി പഠിപ്പിക്കുന്നു. അതിനുള്ള പണം കണ്ടെത്തുന്നത് എന്‍. ആര്‍ .ഐ കുട്ടികളില്‍ നിന്നുമാണ്. അവര്‍ക്ക്-ഒരു കുട്ടിക്ക് 8 ലക്ഷം രൂപയാണ് ഒരു വര്‍ഷത്തെ ഫീസ്. ഇതും ഒരു തെറ്റായ നയമാണ് ഫ്രീ ആയി പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഗവണ്‍മേന്റല്ലേ ആ ഭാരം ചുമക്കേണ്ടത്?

തലവരിപ്പണത്തെപ്പറ്റി പറയുകയാണെങ്കില്‍ - ചില കോളേജുകള്‍ വാങ്ങിക്കുന്നുണ്ടാകാം. എന്നാല്‍ പുഷ്പഗിരിപോലുള്ള ക്രിസ്റ്റ്യന്‍ കോളേജുകളുടെ വെബ്‌സൈറ്റില്‍ കുട്ടികളുടെ ഫീസിനെപ്പറ്റിയുള്ള മുഴുവന്‍ വിവരവും നല്‍കിയിട്ടുണ്ട്. അതില്‍ കൂടുതല്‍ ഒരു നയാ പൈസ വാങ്ങിക്കാന്‍ കോളജിന് അധികാരമില്ല.
 
അതുകൊണ്ട് എന്‍ .ആര്‍.ഐകള്‍ സത്യാവസ്ഥ മനസ്സിലാക്കണം. കേരളത്തില്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുന്നത് മാറി മാറി വരുന്ന ഗവണ്‍മേന്റാണ്. അല്ലാതെ മാനേജ്‌മെന്റല്ല.

നിങ്ങള്‍ തന്നെ ചിന്തിക്കുക, 50 ലക്ഷം കോടി മുടക്കി(കടം വാങ്ങിച്ചും വിദേശ രാജ്യങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകിരിച്ചും പടുത്തുയര്‍ത്തിക്കൊണ്ടുവന്ന കോളേജ് പ്രവര്‍ത്തനം ആരംഭിക്കാറായപ്പോള്‍ അതിന്റെ പകുതി ഗവണ്‍മെന്റിന് വേണം എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്? ഇതെന്താ സാല്‍വേഷന്‍ ആര്‍മിയാ? എന്തായാലും സുപ്രീംകോടതി മാനേജ്‌മെന്റിന്റെ ഭാഗത്താണ്, അതുപോലെ വയലാര്‍ രവിയെ പോലെയുള്ള ചില സീനിയര്‍ കോണ്‍ഗ്രസുകാരും ഞങ്ങളുടെ പക്ഷത്തുണ്ട് അതുകൊണ്ട് എല്ലാം നേരെ ആകുമെന്ന കരുതാം; അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ഈ വിഷയത്തില്‍ കേരളാ ഗവണ്‍മേന്റും നോക്കുകൂലിക്കാരും തമ്മില്‍ എന്തേങ്കിലും വ്യത്യാസമുണ്ടോ? അച്ചുതാനന്ദന്‍ സ്മാര്‍ട്ട് സിറ്റി പണിതതുപോലെ - കുട്ടികളുടെ ഭാവി അമ്മാനമാടുന്നതാണോ പുതിയ ഗവണ്‍മേന്റിന്റെയും നയം?
വന്‍ തുകമുടക്കാന്‍ തയ്യാറായി വരുന്നവര്‍ കൊള്ളലാഭം ഉണ്ടാക്കുന്നുണ്ടെങ്കില്‍ മനസ്സിലാക്കാം. ഇവിടെ കുറഞ്ഞ തുകയ്ക്ക് ക്വാളിറ്റി എഡ്യൂക്കേഷന്‍ നല്‍കുമെന്നു പറയുന്നവരെ എന്തിനു നിരുത്സാഹപ്പെടുത്തണം? കേരളീയര്‍ക്ക് പുരോഗതി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗവണ്‍മേന്റ് പിടിച്ചുപറി നയം അവസാനിപ്പിക്കുക. അതാണ് നീതി, അന്തസ്സ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അല്‍പംകൂടി നട്ടെല്ലുള്ള വ്യക്തിയായി കാണാന്‍ ആഗ്രഹിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക