Image

യുഡിഎഫില്‍ വീണ്ടും കലാപകാലം

ജി.കെ. Published on 05 August, 2012
യുഡിഎഫില്‍ വീണ്ടും കലാപകാലം
ഒരു ഇടവേളയ്‌ക്കുശേഷം ഭൂമി, വനം കൈയേറ്റ പ്രശ്‌നങ്ങളില്‍ തട്ടി യുഡിഎഫ്‌ വീണ്‌ടും കലാപകലുഷിതമാകുകയാണ്‌. യുഡിഎഫിന്റെ കുളം കലക്കി പി.സി.ജോര്‍ജ്‌ നിറഞ്ഞാടുമ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായി ചിലര്‍ രംഗത്തെത്തിയതോടെ മുന്നണി മര്യാദകള്‍ പോലും കാറ്റില്‍ പറന്നു. നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി തീര്‍ന്ന തോട്ടങ്ങള്‍ ഒഴിപ്പിക്കാനുള്ള പ്രശ്‌നത്തില്‍ പ്രതാപനും-പി.സി.ജോര്‍ജുമായുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം യുവഎംഎല്‍എമാര്‍ പങ്കുചേര്‍ന്നതാണ്‌ വിവാദങ്ങള്‍ക്ക്‌ പുതിയ മാനം നല്‍കിയത്‌.

നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി തീര്‍ന്ന തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ യുഡിഎഫ്‌ നിയോഗിച്ച ഉപസമിതിക്ക്‌ ബദലായി ആറ്‌ യുവ യുഡിഎഫ്‌ എംഎല്‍എ മാരുടെ സംഘം വേറിട്ട്‌ ചെറുനെല്ലി എസ്‌റ്റേറ്റ്‌ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്‌ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്‌ടിക്കും രമേശ്‌ ചെന്നിത്തിലക്കുമെതിരെ എ.കെ.ആന്റണിയുടെ അനുഗ്രാശിസുകളോടും ആശിര്‍വാദത്തോടുംകൂടി പുതിയൊരു കൂറുമുന്നണി രൂപപ്പെടാനുള്ള സാധ്യതകളിലേക്കാണ്‌ വിരല്‍ ചൂണ്‌ടുന്നതെന്ന്‌ വിലയിരുത്തപ്പെടുന്നു.

വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, കെ.എം. ഷാജി, എം.വി. ശ്രേയാംസ്‌കുമാര്‍ തുടങ്ങിയവരാണ്‌ യുഡിഎഫ്‌ നിയോഗിച്ച സമിതിക്ക്‌ ബദലായി തിങ്കളാഴ്‌ച നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്‌. എന്നാല്‍ നേരത്തെ നെല്ലിയാമ്പതി സന്ദര്‍ശിച്ച ഔദ്യോഗിക സമിതിയുടെ വിശ്വാസ്യത ജോര്‍ജിന്റെ മനസിലിരുപ്പ്‌ പുറത്തുവന്നതോടെ നഷ്ടമായതിനാലാണ്‌ തങ്ങള്‍ പോകുന്നതെന്നാണ്‌ യുവ എംഎല്‍എ മാരുടെ വിശദീകരണം. ഔദ്യോഗിക സമിതിക്ക്‌ മുമ്പാകെ എത്തിയത്‌ ജോര്‍ജ്‌ കൊണ്‌ടുവന്ന നിവേദനക്കാരാണെന്നും അവര്‍ ആരോപിക്കുന്നു.

നെല്ലിയാമ്പതി പ്രശ്‌നത്തില്‍ യുഡിഎഫില്‍ ഇപ്പോള്‍ തോട്ടം ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും രണ്‌ടുപക്ഷത്തായി നിലയുറപ്പിച്ചിരിക്കുകയാണ്‌. പ്രതാപന്റെ ജാതിപ്പേര്‌ പറഞ്ഞ്‌ ജോര്‍ജ്‌ നടത്തിയ വിവാദ പ്രസ്‌താവനയോടെ യുഡിഎഫിലും കോണ്‍ഗ്രസിലും സാമുദായിക ചേരിതിരിവുമുണ്‌ടാക്കിയിട്ടുണ്‌ട്‌. പി.സി.ജോര്‍ജ്‌ ഭൂമാഫിയക്കുവേണ്‌ടി രംഗത്തെത്തിയെന്നാണ്‌ കോണ്‍ഗ്രസിലെ വിമത വിഭാഗം ആക്ഷേപിക്കുന്നത്‌. ജോര്‍ജിനെ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ നേതാക്കള്‍ ഒറ്റക്കെട്ടാണ്‌. പക്ഷെ അതിന്‌ ആര്‍ക്കും അത്രക്കങ്ങ്‌ ധൈര്യം പോരാ എന്നതാണ്‌ യാഥാര്‍ഥ്യം. കാരണം കൂടെ നില്‍ക്കുമ്പോള്‍ ചെയ്‌തുകൊടുത്ത കാര്യങ്ങളും ചെയ്യിപ്പിച്ച കാര്യങ്ങളും ജോര്‍ജ്‌ വിളിച്ചു പറയുമെന്നതു തന്നെ.

ഇതാദ്യമായല്ല മതേതരവാദിയെന്ന്‌ അവകാശപ്പെടുന്ന ജോര്‍ജ്‌ ഒരു ജനപ്രതിനിധിയെ ജാതിപറഞ്ഞ്‌ ചെറുതാക്കുന്നത്‌. മുമ്പ്‌ എ.കെ.ബാലനെതിരെയും ജോര്‍ജിന്റെ നാക്ക്‌ നീണ്‌ടിട്ടുണ്‌ട്‌. എത്‌ സര്‍ക്കാരിനുണ്‌ടാക്കിയ നാണക്കേട്‌ ചെറുതല്ലതാനും. പാമോയില്‍ കേസിലടക്കം ജോര്‍ജിന്റെ ഇടപെടലിനുള്ള ഉപകാരസ്‌മരണയായാണ്‌ മുഖ്യമന്ത്രി ജോര്‍ജിനെ കയറൂരി വിട്ടിരിക്കുന്നതെന്നും അദ്ദേഹത്തോട്‌ മൃദുസമീപനം സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം യുവ എംഎല്‍എമാര്‍ അടക്കം പറയുന്നുണ്‌ട്‌. എന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ ചൊരുക്ക്‌ തീര്‍ക്കുകയാണ്‌ പ്രതാപനും സതീശനുമെല്ലാം എന്നാണ്‌ മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍ പറയുന്നത്‌. ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം ജോര്‍ജിനെ നിയന്ത്രിക്കേണ്‌ട കെ.എം. മാണിയാകട്ടെ പ്രശ്‌നത്തില്‍ വെറും കാഴ്‌ചക്കാരന്റെ റോളില്‍ മിണ്‌ടാതിരിക്കുന്നു എന്നതാണ്‌.

ഞായറാഴ്‌ച പാര്‍ട്ടി പുനഃസംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉമ്മന്‍ ചാണ്‌ടിയും രമേശ്‌ ചെന്നിത്തലയും ഡല്‍ഹിക്ക്‌ പോകുകയാണ്‌. രണ്‌ടു ദിവസത്തിനുള്ളില്‍ പുനഃസംഘടനാകാര്യത്തില്‍ ഏകദേശ ധാരണയാകുമെന്നാണ്‌ കരുതുന്നത്‌. പുനഃസംഘടനകൂടി നടപ്പാക്കുമ്പോള്‍ സ്ഥാനം കിട്ടാത്തവര്‍ക്കിടയില്‍ ഉയരാനിടയുള്ള അസംതൃപ്‌തിയും സര്‍ക്കാരിന്‌ മുന്നില്‍ വെല്ലുവിളി ഉയര്‍ത്താനിടയുണ്‌ട്‌.

എല്‍ഡിഎഫില്‍ നിന്ന്‌ എത്രപേരെ വേണമെങ്കിലും കൂടെകൊണ്‌ടുവരാമെന്ന്‌ ജോര്‍ജ്‌ ഉറപ്പു നല്‍കിയാലും പാര്‍ട്ടിക്കുള്ളിലെ കലാപം അതിജീവിക്കാനുള്ള കരുത്തൊന്നും യുഡിഎഫ്‌ സര്‍ക്കാരിനില്ല എന്നത്‌ പകല്‍ പോലെ സത്യമാണ്‌. അതുകൊണ്‌ടു തന്നെ പ്രശ്‌നത്തിന്‌ ഉടന്‍ പരിഹാരം കണ്‌ടില്ലെങ്കില്‍ അത്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ചേക്കാം. നാടിന്റെ വികസന കുതിപ്പിന്‌ ഗതിവേഗം പകരേണ്‌ട സമയത്ത്‌ അനാവശ്യ പ്രസ്‌താവനകളിറക്കിയും വിവാദങ്ങളുണ്‌ടാക്കിയും അതിന്‌ തടയിടുന്നത്‌ ഏത്‌ നേതാവായലും അവരോടെ ജനങ്ങള്‍ പൊറുക്കില്ലെന്ന്‌ പി.സി.ജോര്‍ജിനെ പോലെയുള്ളവരും തിരിച്ചറിയണം. തല്‍ക്കാലത്തേങ്കിലും അങ്ങനെ സംഭവിക്കുമെന്ന്‌ ആശിക്കാന്‍ മാത്രമെ ഇപ്പോള്‍ കഴിയൂ. എന്തായാലും ഈ വിവാദങ്ങളില്‍ ആരെങ്കിലും സന്തോഷിക്കുന്നുണ്‌ടെങ്കില്‍ അത്‌ സിപിഎമ്മാണ്‌. പി.ജയരാജന്റെ അറസ്റ്റോടെ പ്രതിരോധച്ചുവടിലായ പാര്‍ട്ടിയ്‌ക്ക്‌ ഒന്നു നേരെ നിന്ന്‌ ശ്വാസം വിടാന്‍ അവസരം നല്‍കുന്നുണ്‌ട്‌ കോഗ്രസ്‌ കോപ്പയിലെ കൊടുങ്കാറ്റ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക