Image

സംഗീതോപാസനയുമായി ഒരു സന്യാസിനി

അനില്‍ പെണ്ണുക്കര Published on 06 August, 2012
സംഗീതോപാസനയുമായി ഒരു സന്യാസിനി
മലയാള സിനിമാ ഗാനങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ ഓടി എത്തുന്ന രണ്ടു ചിരപരിതമായ നാദമാധുരിയുണ്ട്‌. ഗാനഗന്ധര്‍വ്വന്‍ ശ്രീ യേശുദാസിന്റേയും ഗാനമാധുരിയായ എസ്‌. ജാനകിയുടെയും.

മലയാള ചലച്ചിത്ര ഗാനശാഖയില്‍ ആര്‍ക്കും ഭേദിക്കാനാവാത്ത നോട്ടവും ശ്രദ്ധയും പിടിച്ചുപറ്റിയ ഗാനമാധുര്യമാണ്‌ ജാനകിക്ക്‌. ഏതൊരു ഗാനത്തേയും തന്റെ സ്വരമാധുരി തൊട്ട്‌ സ്വര്‍ഗ്ഗീയ സംഗീതമാക്കുവാനുള്ള ജാനകിയമ്മയുടെ കഴിവിനെ അസൂയയോടെ നോക്കി നില്‍ക്കാനാവില്ല.

എത്രയെത്ര ഗാനങ്ങളാണ്‌ ആ നാദസൗന്ദര്യം മലയാളത്തിന്‌ അനശ്വരമാക്കി തന്നിട്ടുള്ളത്‌. സംഗീതത്തിന്റെ ആഴങ്ങളിലേക്ത ആസ്വാദകനെ കൂട്ടിക്കൊണ്ടുപോകാനും സ്വയം അവരെ അതില്‍ ഇഴുകിചേരാനും ജാനകിയമ്മയുടെ നാദമുക്തത്തിനു സാധിച്ചു.

ഒരു പാട്ടോ ഒരുന്നൂറു പാട്ടോ ഉദാഹരണമായി പറഞ്ഞാല്‍ പോരാ. ജാനകിയമ്മയുടെ അനുഗ്രഹീത നാവിലൂടെ പുറത്തുവന്ന എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചമാണ്‌.

കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷങ്ങളുംആനന്ദമായ വികാരങ്ങളും പ്രണയവിരഹവേദനയും എല്ലാം ജാനകിയുടെ സ്വരമാധുരിയുടെ ലയത്തില്‍ നമുക്ക്‌ അനുഭവിക്കാം. ശബ്‌ദത്തിന്റെ സമര്‍ത്ഥമായ വിനായോഗം നാദത്തിലെ വ്യതിയാനങ്ങള്‍ എല്ലാം ഒരു നടിയേക്കാള്‍ മനോഹരമായി പാട്ടില്‍ സന്നിവേശിപ്പിച്ചു എന്നതാണ്‌ ജാനകിയമ്മ എന്ന ഗായികയുടെ വിജയരഹസ്യം. മലയാളത്തിന്റെ സ്വന്തം നാദമായി മാറിയതിന്റെ രഹസ്യം!

നീലജലാശയത്തിലെ ഹംസങ്ങളെപ്പറ്റി പാടുന്ന ജാനകിയമ്മയെ അല്ല സന്ധ്യേ എന്ന ഗാനത്തില്‍ കാണുന്നത്‌. മഴവില്‍ കാവടിയെടുത്താടുന്ന ഗായികയെ ആണ്‌ നമുക്ക്‌ ആ പാട്ടില്‍ ജീവന്‍ കൊടുക്കുന്ന കഥാപാത്രത്തെക്കാള്‍ പരിചയം!

ഉണരൂ ഉണരൂ ഉണ്ണിപ്പൂവേ... എന്നു തുയിലുണര്‍ത്തുന്ന വിവശയായ നായികയല്ല ഇളംമഞ്ഞില്‍ കുളിരുമായി എന്ന ഗാനത്തില്‍ ഈ ഗാനശാരിക അവതരിപ്പിക്കുന്നത്‌.

ജാനകിയമ്മയെ ഏത്‌ പാട്ട്‌ എടുത്താണ്‌ ഇതാണ്‌ മനോഹരം എന്നു പറയുക. എല്ലാം ഒന്നിനൊന്നു മെച്ചം. ജാനകിയമ്മയുടെ പാട്ടുകളിലെ പ്രത്യേകത ഭാവസാന്ദ്രതയും വികാരങ്ങളും അനുഭവപ്പെടുകയുമാണ്‌.

മലയാള ഗാനശാഖ സ്വന്തമായി ഒരു വ്യക്തിത്വം നേടിയതിനുശേഷം മലയാളഗാനങ്ങള്‍ക്ക്‌ ഇത്രമാത്രംആസ്വാദകരെ സൃഷ്‌ടിച്ചത്‌ ഈ മലയാളിയല്ലാത്ത മലയാളമറിയാതിരുന്ന ഗാനസൗഭഗമാണ്‌.

ഇന്നത്തെ റിയാലിറ്റി ഷോകള്‍ കാണുമ്പോള്‍ ഗായകനും ഗായികയും ആകാന്‍ ബദ്ധപ്പെടുന്ന യുവജനങ്ങളെകാണുമ്പോള്‍ വ്യക്തിത്വപ്രതിഭാ പ്രകാശത്തിനു ഒരു വേദിയുമില്ലാതിരുന്ന ഒരു കാലത്ത്‌ വഴി തെളിഞ്ഞുവന്ന മലയാളഗാനശാഖയായ ഈ പഴയകാല ഗായികാ ഗായകന്മാരെ ഓര്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളുകയാണ്‌. സംഗീത മത്സരത്തില്‍ വേഷമണിഞ്ഞും നൃത്തംവെച്ചും ആടിയും തുള്ളിയും ബദ്ധപ്പെട്ട്‌ ഫ്‌ളാറ്റു നേടാന്‍ വെമ്പുന്നവര്‍. എസ്‌.എം.എസ്‌. കുറഞ്ഞ്‌ പുറത്തേക്ക്‌ കണ്ണീര്‍ക്കണമായി എലിമിനേഷനാകുമ്പോള്‍ സഹതാപവും പിന്നെ ചിരിയുമാണ്‌ ഉണ്ടാവുക.

ഏതോ ഒരു സംഗീതമത്സരത്തില്‍ പങ്കെടുത്തും സമ്മാനം കിട്ടാതെ ഇരുട്ടില്‍ മറഞ്ഞു നിന്നു കരഞ്ഞ ഒരു കൊച്ചുപെണ്‍കുട്ടി അവള്‍ പിന്നെ ഇന്ന്‌ അറിയപ്പെടുന്ന ഒരു മഹാഗായികയായി മാറി. എസ്‌. ജാനകിയായി. ജാനകിയമ്മയായി... സംഗീതത്തിനായി ജീവിക്കുന്നു. സംഗീതസപര്യയായി ശീലിച്ച്‌ ഒരു സന്യാസിനിയായി ജീവിക്കുന്നു. പാട്ടിനെ ഉപാസിക്കുന്ന സന്യാസിനി.

വാര്‍ത്തകള്‍ സൃഷ്‌ടിച്ച വനിതകളില്‍ ഈ ഗാനതപസ്സിനെ കാണാതെ പോകാന്‍ ആര്‍ക്കാവും!
സംഗീതോപാസനയുമായി ഒരു സന്യാസിനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക