Image

പ്രണാബ്‌ മുഖര്‍ജി ടി.എന്‍ ശേഷനൊപ്പം ഉയരുമോ?

കൈരളി ന്യൂയോര്‍ക്ക്‌ Published on 09 August, 2012
പ്രണാബ്‌ മുഖര്‍ജി ടി.എന്‍ ശേഷനൊപ്പം ഉയരുമോ?
ഉരുണ്ടുകൂടിയ കാര്‍മേഖ പടലങ്ങള്‍ സാവധാനം മാറി, പ്രശാന്ത സുന്ദരമായ ഭാവി ഇന്‍ഡ്യക്ക്‌ മുന്നില്‍ തെളിഞ്ഞിരിക്കുന്നു.

തിരിഞ്ഞു നോക്കുമ്പോള്‍ ഇന്‍ഡ്യയുടെ പ്രഥമ പുരുഷ സ്ഥാനം അലങ്കരിച്ചവര്‍ എല്ലാം ഒന്നൊന്നിനേക്കാള്‍ സമര്‍ത്ഥരായിരുന്നു. അവസാനമായി പുതിയ പ്രസിഡന്റായി ഇന്‍ഡ്യയുടെ ഫൈനാന്‍സ്‌ മിനിസ്റ്ററായിരുന്ന പ്രണാബ്‌ മുഖര്‍ജിയെ ആ പ്രഥമ പുരുഷസ്ഥാനത്തേയ്‌ക്ക്‌ അവരോധിച്ചിരിക്കുകയാണ്‌. ഇതൊരു മഹനീയമായ നേട്ടം എന്നു വേണം വിശേഷിപ്പിക്കാന്‍.

ഇന്‍ഡ്യ ഒട്ടാകെ, അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ധാരാളം നേതാക്കള്‍ ഉണ്ടെങ്കിലും കേന്ദ്ര ഗവണ്മേന്റ്‌ ഒരു പറ്റം ക്ലീന്‍ നേതാക്കളെക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്‌, കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധി, ഡിഫന്‍സ്‌ മിനിസ്റ്റര്‍ എ.കെ.ആന്റണി, പ്രവാസികളുടെ മന്ത്രിയായ ശ്രീ വയലാര്‍ രവി, അവസാനം ഒരു ശക്തനായ പ്രസിഡന്റിനെയും ഇന്‍ഡ്യക്ക്‌ ലഭിച്ചരിരിക്കുന്നു.

പക്ഷേ പ്രസിഡന്റ്‌ പദവിക്ക്‌ കാര്യമായ അധികാരം ഉണ്ടോ എന്നതാണ്‌ പലരുടെയും ഉള്ളില്‍ ഉദിക്കുന്ന ചോദ്യം? തീര്‍ച്ചയായും അധികാരമുണ്ട്‌.

വേള്‍ഡ്‌ മലയാളി കോണ്‍ഗ്രസ്‌ ന്യൂജേഴ്‌സിയില്‍ കൂടിയപ്പോള്‍ അന്നത്തെ ഇലക്ഷന്‍ കമ്മീഷണറായിരുന്ന ശ്രീ ടി.എന്‍. ശേഷനായിരുന്നു മുഖ്യാതിഥി. അദ്ദേഹം അന്ന്‌ ഇന്‍ഡ്യന്‍ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ ശ്രീ കെ.ആര്‍ നാരായണനെതിരെ മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. അമേരിക്കയിലെത്തിയ ടി.എന്‍. ശേഷനോട്‌ ഈ ലേഖകന്‍ ചോദിച്ചു:-
ഇലക്ഷന്‍ കമ്മീഷണാറായിരുന്ന ശ്രീ ടി.എന്‍.ശേഷന്‍, എന്തുകൊണ്ടാണ്‌ റബര്‍സ്റ്റാമ്പ്‌ പൊസിഷന്‍ എന്ന്‌്‌ അറിയപ്പെടുന്ന ഇന്‍ഡ്യന്‍ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ മത്സരിക്കുന്നത്‌ ?

അദ്ദേഹം എന്റെ മുഖത്തെയ്‌ക്ക്‌ ഒരു മിനിറ്റ്‌ തുറിച്ചു നോക്കിയ ശേഷം പറഞ്ഞു: -
റബര്‍ സ്റ്റാമ്പ്‌ എന്ന ഉദ്ധരണി, അതു വെറും പത്രഭാഷയാണ്‌. അതല്ലെങ്കില്‍ അറിവില്ലാത്തവരുടെയും കഴിവില്ലാത്തവരുടെയും ഭാഷയാണ്‌. അതുമായി പ്രസിഡന്റ്‌ പദവിക്ക്‌ യാതൊരു ബന്ധവുമില്ല. കാരണം, പ്രസിഡന്റിനെ ഓവര്‍ പവര്‍ ചെയ്യാന്‍ പാര്‍ലമന്റിന്‌ അധികാരമുണ്ടെങ്കിലും നിയമം കൈകാര്യം ചെയ്യുന്ന രീതിയിലാണ്‌ റബര്‍സ്റ്റാമ്പ്‌ പദവി മാറുന്നത്‌.

ഉദാഹരണത്തിന്‌ പാര്‍ലമന്റ്‌ പാസ്സാക്കിയ ഒരു ബില്ല്‌ പ്രസിഡന്റിന്റെ ഒപ്പിനായി പ്രസിഡന്‍ഷ്യല്‍ ഹൗസിലേക്ക്‌ അയക്കുമ്പോള്‍ -ആ ബില്ലിനൊട്‌ പ്രസിഡന്റിന്‌ യോജിക്കാന്‍ പറ്റാത്ത, അല്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ ഗുണകരമല്ലാത്ത ഏതെങ്കിലും നിയമങ്ങള്‍ കൂട്ടിചേര്‍ത്തിട്ടുണ്ടെങ്കില്‍, ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി ഈ ബില്ല്‌ പ്രത്യേക പഠനം അര്‍ഹിക്കുന്നു എന്നു കുറിച്ച്‌ പ്രസിഡന്റിന്‌ തിരിച്ചുവിടാം. ആ ബില്ല്‌ പാര്‍ലമന്റില്‍ രണ്ടോ മൂന്നോ ആവര്‍ത്തി വായിച്ച്‌ ഒരു അമിക്കബിള്‍ രീതിയിലെത്തിക്കഴിയുമ്പോഴാണ്‌ പ്രസിഡന്റ്‌ ഒപ്പു വെയ്‌ക്കുന്നതും, നിയമമാകുന്നതും.

മറ്റൊരു പ്രത്യേകത, പ്രസ്‌തുത ബില്ല്‌ ഒരിക്കല്‍ തിരിച്ചു വിട്ടുകഴിയുമ്പോള്‍ പത്രമാധ്യമങ്ങളിലും ജനങ്ങളുടെയിലും ചായക്കടകളിലുമെല്ലാം ഇതൊരു ചര്‍ച്ചാവിഷയമാകുന്നു. അതോടെ പ്രസ്‌തുത ബില്ലില്‍ അവശ്യം വേണ്ട മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പാര്‍ലമന്റും നിര്‍ബന്ധിതമാകുകയാണ്‌. എന്നാല്‍ പ്രസിഡന്റ്‌ തന്നില്‍ നക്ഷിപ്‌തമായിരിക്കുന്ന അധികാരം ഉപയോഗിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഈ പദവി ഒരു റബര്‍സ്റ്റാമ്പ്‌ പദവി എന്നതിനു തര്‍ക്കമില്ല.

ഇന്‍ഡ്യയിലെ ഇലക്ഷന്‍ രീതിയില്‍ സമൂല പരിവര്‍ത്തനം നടത്തിയ ശ്രീ ടി.എന്‍. ശേഷന്‍ ഇതു പറയുമ്പോള്‍ എന്തിന്‌ അവിശ്വസിക്കുന്നു ?

ഇന്‍ഡ്യന്‍ കോണ്‍സ്റ്റിട്യൂഷന്‍ അനുസരിച്ച്‌ എല്ലാ ഉന്നത പദവികളെയും കൂട്ടി കെട്ടിയിരിക്കുകയാണ്‌ . പ്രധാനമന്ത്രിയും, പ്രസിഡന്റും മിലിട്ടറി ആര്‍മി, നേവി ഓഫീസേഴ്‌സുമെല്ലാം തത്വത്തില്‍ എല്ലാ ഓഫീസുകളുടെയും പരമാധികാരികളാണെങ്കിലും എല്ലാവരും കൂടി യോജിപ്പിലെത്തുന്ന തീരുമാനങ്ങള്‍ക്കെ പ്രസക്തിയുള്ളു.
അതു പോലെ അഴിമതി വിരുതന്മാര്‍ക്കെതിരെ കരുനീക്കാന്‍ പ്രസിഡന്റിന്‌ അധികാരമുണ്ട്‌. പക്ഷേ അല്‍പം തന്റേടം വേണം -ജനങ്ങളുടെ താല്‍പര്യം മുന്‍ നിര്‍ത്തി ഏതു വിപരീത കാലാവസ്ഥയെയും നേരിടാന്‍ പ്രസിഡന്റ്‌ തയ്യാറാകാണം. അത്രമാത്രം.

ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം നാലു പതിറ്റാണ്ട്‌ ഇന്‍ഡ്യന്‍ രാഷ്‌ട്രീയത്തില്‍ അടിച്ചു കളിച്ചു വളര്‍ന്ന ഒരു രാഷ്‌ട്രീയക്കാരനെയാണ്‌ ഇന്‍ഡ്യക്കു ലഭിച്ചിരിക്കുന്നത്‌. ഇത്തരുണത്തില്‍ ശ്രീ ടി.എന്‍. ശേഷന്‍ ഇലക്ഷന്‍ കമ്മീഷണേഴ്‌സ്‌ ഓഫീസ്‌ വൃത്തിയാക്കിയതുപോലെ, അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന മായാവതിമാരെയും, പ്രതികളെ ശിക്ഷിക്കാന്‍ മടിക്കുന്ന ജുഡീഷ്യറിയെയും ജനതാത്‌പര്യം മുന്‍ നിര്‍ത്തി നേര്‍വരയില്‍ കൊണ്ടുവരാന്‍ പ്രസിഡന്റ്‌ പ്രണാബ്‌ മുഖര്‍ജി പ്രാപ്‌തനാകും എന്ന്‌ ആശിക്കുന്നു. പ്രസിഡന്റ്‌ പ്രണാബ്‌ മുഖര്‍ജിക്ക്‌ എല്ലാ മംഗളങ്ങളും-

ജയ്‌ ഹിന്ദ്‌
പ്രണാബ്‌ മുഖര്‍ജി ടി.എന്‍ ശേഷനൊപ്പം ഉയരുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക