Image

സ്വാതന്ത്ര്യത്തിന്റെ സ്വതന്ത്ര ചിന്തകള്‍ (ഏബ്രഹാം തെക്കേമുറി)

Published on 13 August, 2012
സ്വാതന്ത്ര്യത്തിന്റെ സ്വതന്ത്ര ചിന്തകള്‍ (ഏബ്രഹാം തെക്കേമുറി)
ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയത് 1947 ആഗസ്റ്റ് 15ന്. അന്നുവരെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്വത്തില്‍ ആയിരുന്നു ഇന്ത്യാമഹാരാജ്യം. ഒരു അടിമയെ സംബന്ധിക്കുന്നിടത്തോളം അവന്‍ യജമാനന്റെ കരുണയില്‍ മാത്രമാണ് ജീവിക്കുന്നത്. ആരാണ് ഇന്ത്യയെ സാമ്രാജ്യ ശക്തികളുടെ അധീനതയില്‍ കൊണ്ടെത്തിച്ചത്? അതിനു കാരണക്കാരയവരൊക്കെ ഇന്നത്തെ ഇന്ത്യന്‍ചരിത്രത്തില്‍ സ്വാതന്ത്ര്യസമരനായകന്മാരാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് അഭിമാനിക്കുന്ന ഇന്ത്യയില്‍ ഇപ്പോഴും ജനത്തിന്റെ 80 ശതമാനം അധികാരത്തിന് പുറത്താണ്. കാരണമെന്ത്? 20 ശതമാനം വരുന്ന സവര്‍ണ്ണരുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കങ്ങളേ ഇന്ത്യയില്‍ ഉള്ളു. ഇന്നും ഇന്ത്യയുടെ സാമ്പത്തികരാഷ്ടീയസാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളെല്ലാം കുത്തകയാക്കി വച്ചുകൊണ്ടിരിക്കുന്നത് ആര്യബ്രാഹ്മണ സംസ്കാരത്തിന്റെ കൈവഴികളാണ്.

ദ്രാവിഡരെ ആട്ടിയോടിച്ചുകൊണ്ട് യഹൂദവംശജരായ ആര്യന്മാര്‍ ഇന്ത്യയില്‍ കുടിയേറി. അവര്‍ എഴുതിച്ചമച്ച വേദങ്ങളും പണിതുകൂട്ടിയ ഇഷ്ടികസൗധങ്ങളും വരച്ചുവച്ച കാമകേളികളുടെ ശില്‍പ്പങ്ങളുമൊക്കെ ഒരു വലിയ സംസ്കാരത്തിന്റെ ഭാഗമായി നാം വിശേഷിപ്പിക്കയാണ്. കാലക്രമത്തില്‍ മുഗളവംശജര്‍ കുടിയേറി. അവര്‍ പണിത താജ്മഹള്‍ തുടങ്ങിയ ശില്‍പ്പങ്ങളാണ് ഇന്നത്തെ ഇന്ത്യയിലെ അത്ഭുതങ്ങള്‍. നീണ്ട ചരിത്രങ്ങള്‍ക്കുശേഷം അവസാനമായി ബ്രിട്ടീഷുകാര്‍ വന്ന് രാജത്വം പ്രാപിച്ചു. അവര്‍ നല്‍കിയ ഇംഗ്‌ളിഷ്് വിദ്യാഭ്യാസത്താല്‍ ഇന്ന് പട്ടിണി ഇല്ലാതെ ജനം കഴിഞ്ഞുകൂടുന്നു. ഇതിനിടയില്‍ ഇന്ത്യക്കാരന് എന്തു പാരമ്പര്യമാണ് പറയാനുള്ളത്?. ഇന്ന് നാം അവകാശപ്പെടുന്നതുപോലെയൊരു പാരമ്പര്യം നമുക്കുണ്ടായിരുന്നെങ്കില്‍ അത് ഇത്രമാത്രം പ്രാചീനമായിരുന്നെങ്കില്‍ തിര്‍ത്തും ബ്രീട്ടീഷുകാരന്‍ എന്നല്ല ഈ ലോകം മുഴുവന്‍ നമുക്ക് അടിമയായിരുന്നേനേം. അത് ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തിടത്തോളം ഇതെല്ലാം വെറും പൊളിയാണ്. അഥവാ നമ്മുടെ സംസ്കാരികതയും ഭരണവ്യവസ്ഥിതിയുമൊക്കെ ശുദ്ധവിഡ്ഡിത്വം. 101കോടി ജനങ്ങളുള്ള ഇന്ത്യ ഇന്നും ഉപജീവനം കഴിയുന്നത് ഇന്ത്യയ്ക്ക് വെളിയില്‍ ഒരുവിധ അടിമയായിക്കിക്കിടക്കുന്ന 13കോടി ഇന്ത്യാക്കാര്‍ എത്തിക്കുന്ന വിദേശപ്പണത്താലാണ്. ഇന്ത്യയുടെ ജീര്‍ണ്ണ ജാതിമതവ്യവസ്ഥിതി വിദേശിയുടെ അടിമനുകം ചുമക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളു. എന്നിട്ടും ഇന്നും അമ്മാവന്‍ ആനകയറിയതിന്റെ തഴമ്പിനെ തൊട്ടുണര്‍ത്തി സ്തുതി പാടുകയാണെല്ലാവരും.

ഇന്ത്യ സ്വാതന്ത്രം പ്രാപിച്ചിട്ട് 65 വര്‍ഷമായപ്പോള്‍ ഇന്നിതാ ഭരണഅനിശ്ചിതത്വത്തിലേക്ക് രാഷ്ട്രം മാറുന്നു. നേതാക്കന്മാരുടെ സമ്പാദ്യങ്ങളായി രാജ്യത്തിന്റെ മൂലധനം സ്വിസ് ബാങ്കില്‍ കുമിഞ്ഞുകൂടുന്നു. അപ്പോഴും 36 കോടി ഹരിജനങ്ങള്‍ പെരുവഴിയില്‍. ജാതിമതവര്‍ഗ്ഗീയവൈര്യം പെരുകുന്നു.അനിശ്ചിത്വം അരങ്ങ് തകര്‍ക്കുന്നു. സ്വയം ഭരിക്കാനറിയാത്ത, മറ്റാരെയും ഭരിക്കാനനുവദിക്കാത്ത കുറെ നേതാക്കന്മാര്‍.

അണ്ണാ ഹസാരെ കണ്ണുരുട്ടിക്കാട്ടി അവസാനം പുതിയൊ്‌രു രാഷ്ട്രീയപ്പാര്‍ട്ടിയുമായി വരുന്നു. കാവിയണിഞ്ഞ് ബാബ രാംദേവ് കൊലവിളി നടത്തുന്നു. അയോദ്ധയില്‍ അമ്പലം പണിയാന്‍ ജനതാപ്പാര്‍ട്ടിയും കാത്തിരിക്കുന്നു. ഒപ്പം തിരിച്ചറിയാന്‍ കഴിയാത്തവണ്ണം തീവ്രവാദത്തിന്റെ വേഷങ്ങളും വിഭിന്നമായിരിക്കുന്നു.
പ്രാദേശിക പാര്‍ട്ടികള്‍ കേരളത്തിലൊഴികെ എല്ലായിടത്തും ശക്തിപ്പെടുന്നു. മമതാ ബാനര്‍ജി, മായാവതി, ജയലളിത. പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ച സംസ്ഥാനങ്ങളെ വിഘടനവാദത്തിലേക്ക് നയിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളി അതു രുചിച്ചറിഞ്ഞിരിക്കുന്നു.

പൊതുമേഖലവികസനത്തിന്റെ കാര്യത്തിലോ എല്ലാം തട്ടിപ്പും വെട്ടിപ്പും മാത്രം. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റവും നല്ല എയര്‍വേയ്‌സ് എന്നതില്‍ രണ്ടാം സ്ഥാനമുണ്ടായിരുന്ന "എയര്‍ഇന്ത്യ' ഇന്നെവിടെ നില്‍ക്കുന്നു?പ്രവാസ വകുപ്പ് മന്ത്രി എന്ന പേരില്‍ ചില രൂപങ്ങള്‍ അലഞ്ഞുതിരിയുന്ന വാര്‍ത്തകളല്ലാതെ ഇവരാല്‍ എന്തു ഫലം?

13ാം ലോകസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടികളുടെ ധ്രുവീകരണം നടക്കുമെന്നും രണ്ട് ചേരികളില്‍ ജനം നിരക്കുമെന്നുമൊക്കെ പ്രവചിച്ചവര്‍ ഇന്നെവിടെ? ഇതൊന്നും ഇന്ത്യയില്‍ നടക്കാന്‍ പോകുന്നില്ല. കാരണം ചരിത്രാതീതകാലത്തെ കുറെ ദേവതാമതങ്ങള്‍. നേതാക്കന്മാരായി കുറെ കുലപതികളും. ആദര്‍ശങ്ങളില്‍ പൊരുത്തമില്ല, ആശയങ്ങളില്‍ ചേര്‍ച്ചയില്ല.

ഭരണഘടന അനുശാസിക്കുംവിധം ആര്‍ക്കുവേണമെങ്കിലും ഇന്ന് പ്രധാനമന്ത്രിയാകാം. കാരണം പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ളവരായി ഇന്നിപ്പോള്‍ ആരും ഇല്ലാതായിരിക്കുന്നു. 100 കോടിയിലധികം ജനങ്ങളെ ഇട്ടാണ് ഈ ചൂതാട്ടം കളിക്കുന്നതെന്നോര്‍ക്കണം. ഇവിടെ മതത്തെ പൊക്കിക്കാട്ടി വ്യാജ്യവും നീചവുമായവിധം മനുഷ്യനെ സ്വാധീനിക്കുന്ന വികലസംസ്കാരത്തെയാണ് ലോകം ഇന്ന് വിലയിരുത്തുന്നത്. എന്തെന്നാല്‍ പുരാതീനസംസ്കാരമെന്ന പേരില്‍ പ്രാചീനതയെയാണ് ഇന്ത്യന്‍ ജനത ഇന്നും വച്ച് പുലര്‍ത്തുന്നത്. മാത്രമല്ല അന്യനാട്ടില്‍ തെണ്ടിയായി ചെല്ലുന്നിടത്തും കുലദൈവത്തെയുമായിട്ടാണ് ഇന്ത്യാക്കാരന്‍ ഇന്നും എത്തുന്നത്. എന്തെന്നാല്‍ മതത്തിന്റെ മസ്തിഷ്കപ്രക്ഷാളനം അത്രമാത്രം അവനെ സ്വാധീനിച്ചിരിക്കുന്നു. എന്നാല്‍ വിദേശങ്ങളില്‍ ജനിച്ച് വളരുന്ന ഒരു ഇന്ത്യന്‍ വംശജനും ഇത്തരം പ്രഹസനങ്ങളുടെ പിന്നാലെ കാലക്രമത്തില്‍ ഉണ്ടാകില്ലയെന്നത് സത്യം. എന്നിരിക്കലും ഇപ്പോഴത്തെ ഈ ജാതീയ വര്‍ഗ്ഗീയവിഘടനഭാവം ഭീകരതയാര്‍ന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് ഇന്ത്യന്‍ ജനതയേയും വിദേശഇന്ത്യാക്കാരനേയും കൊണ്ടെത്തിച്ചിരിക്കയാണ്.

ഏകദൈവമതവിശ്വാസത്തിന്റെ ആവശ്യകത സാധാരണക്കാരനുപോലും മനസിലാകുംവിധം ഇന്ന് ചരിത്രത്തെളിവുകളും അതോടൊപ്പം പഠനഗ്രന്ഥങ്ങളുമെല്ലാം ഉണ്ടായിട്ടും ദൈവത്തിന്റെ പുത്രനായ ഞാനെന്നോ, മനുഷ്യരുടെ സഹോദരനായ ഞാനെന്നോ, മനസിലാക്കാതെ പാരമ്പര്യം സമ്മാനിച്ച ഞാനെന്ന ഭാവത്തിന്റെ പിന്നാലെയോടുന്ന ദയനീയാവസ്ഥ. ഏകദൈവവിശ്വാസം മാത്രമാണ് മാനവജാതിയുടെ നിലനില്പിനാധാരം. മതത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും പൊതുനിരത്തില്‍ നിന്ന് വിലക്കി ആരാധനാലയത്തിന്റെ വളപ്പില്‍ മാത്രമായി ഒതുക്കാന്‍ നിയനിര്‍മ്മാണം ഉണ്ടാകണം. ഈ സ്വാതന്ത്രദിനത്തില്‍ ഓരോ പ്രവാസി ഇന്ത്യക്കാരനും സ്വയം ചോദിക്കേണ്ടുന്ന ഒരു ചോദ്യം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടേയോ പേരില്‍ നിങ്ങള്‍ വസിക്കുന്ന നാട്ടില്‍ നിങ്ങളുടെ ഒരു ദിവസത്തെ ഇല്ലായ്മപ്പെടുത്തുന്നതോ, ന്യൂനപക്ഷമെന്നോ, ഭൂരിപക്ഷമെന്നോ മുദ്രയടിച്ച് ദണ്ഡിപ്പിക്കുന്ന അനുഭവങ്ങളോ ഉണ്ടായിട്ടുണ്ടോ?. എന്നാല്‍ ഇന്ത്യയിലെ അവസ്ഥയോ?

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന രാഷ്ട്രപിതാവിനെ മറന്നു. സ്ഥാനത്തും അസ്ഥാനത്തും സമരവും സത്യാഗ്രഹവും മാത്രം ജന്മാവകാശമായി നാം സ്വീകരിച്ചു. "ഈ നരകത്തീനെന്നെ കരകയറ്റേണമേ': എന്ന് പൂന്താനം ജ്ഞാനപ്പാനയില്‍ പാടി. ഇതുവരെ കയറിയില്ല. "കേരളം ഒരു ഭ്രാന്താലയ'മെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. ഇന്നിപ്പോള്‍ ഇന്ത്യയ്ക്ക് ആകമാനം ഭ്രാന്ത്. "ആരാന്റമ്മയ്ക്ക് ഭ്രാന്തു വന്നാല്‍ കണ്ടു നില്‍ക്കാന്‍ നല്ലരസം!' അതേ! വഴിതെറ്റിയ ജീവിതങ്ങള്‍ ലഹരിയുടെ സുലഭതയില്‍ എല്ലാം രസമായി കാണുന്നു. ജയ് ഹിന്ദ്.
സ്വാതന്ത്ര്യത്തിന്റെ സ്വതന്ത്ര ചിന്തകള്‍ (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക