Image

പത്രപ്രവര്‍ത്തകരെ വിമര്‍ശിക്കുമ്പോള്‍ ...

ബിജോ ജോസ് ചെമ്മാന്ത്ര Published on 14 August, 2012
പത്രപ്രവര്‍ത്തകരെ വിമര്‍ശിക്കുമ്പോള്‍ ...
ഞാനൊരു പത്രപ്രവര്‍ത്തകനല്ല, ഐച്ഛികമായി ജേര്‍ണിലിസം പഠിച്ചിട്ടുമില്ല.അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ പത്രപ്രവര്‍ത്തകരുമല്ല.ചെറുപ്പത്തിലെന്നോ കടന്നുകൂടിയ പത്രവായന ഒഴുവാക്കാനാവാത്ത ഒരു പ്രഭാതശീലമായി ഇന്നും തുടരുന്നു എന്ന് മാത്രം. ഈ വായനയിലൂടെ ബോധപൂര്‍വമല്ലാതെ തന്നെ മാധ്യമങ്ങളും ഉപഭോക്താക്കളും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം ഉടലെടുക്കുന്നുണ്ട്.

യഥാര്‍ത്ഥ പത്രമാധ്യമപ്രവര്‍ത്തവകരോട് ഒരര്‍ത്ഥത്തില്‍ നാം കടപ്പെട്ടിരിക്കുന്നു; ഓരോ ദിനവും നിതാന്ത ജാഗ്രതയോടെ അവര്‍ മുന്നിലെത്തിക്കുന്ന വാര്‍ത്തകള്‍ അജ്ഞതയുടെ ഇരുള്‍ മൂടിയ മനസ്സുകളില്‍ തിരിച്ചറിവിന്റെ നേരിയ വെട്ടം പകരുന്നതിന്......ലോകത്തെവിടെയൊക്കയോ മൂടിവെയ്ക്കപ്പെടുന്ന സത്യത്തിന്റെ മവികൃത മുഖം അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നതിന്.... അശരണരുടേയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടേയും രോദനങ്ങള്‍ പൊതുസമക്ഷത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്...നിതാന്ത ജാഗ്രതയോടെ പുറം ലോകത്തിലേക്ക് അവര്‍ തുറന്നിടുന്ന ജാലകങ്ങളിലൂടെ കോടിക്കണക്കിനു വായനക്കാര്‍ ബാഹ്യലോകത്തെ അറിയുന്നു.എത്രയോ അഴിമതിയുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും ഞെട്ടിക്കുന്ന സത്യങ്ങളാണ് അവര്‍ പൊതുസമൂഹത്തിന്റെ മുന്നിലെത്തിച്ചിരിക്കുന്നത്. ഇന്നത്തെ സാംസ്കാരിക കേരളത്തിന്റെ സമൂഹമനസ്സ് രൂപപ്പെടുന്നതില്‍ പത്രമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

തങ്ങള്‍ നിഷ്പക്ഷരും മുന്‍വിധികള്‍ ഇല്ലാത്തവരാണെന്നും ഒരുപത്രമോ ചാനലോ അവകാശപ്പെട്ടാല്‍ അത് പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കാനാവില്ല. കച്ചവടക്കണ്ണുള്ള മുതലാളി വ്യവസ്ഥയുടെ നിയന്ത്രണ വിധേയമായാണ് പല പത്ര-ചാനല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. കൃത്യമായ രാഷ്ട്രീയ, സാമുദായിക പക്ഷം പിടിക്കലുകള്‍ ഇവരില്‍ പലര്‍ക്കുമുണ്ട്. പരസ്യദാതാക്കള്‍ പലപ്പോഴും സംരക്ഷിക്കപ്പെടാറുമുണ്ട്. അതിനൊരു സാധാരണ പത്രപ്രവര്‍ത്തയകരെ എങ്ങനെയാണ് കുറ്റപ്പെടുത്താനാവുക. പത്രങ്ങള്‍ എന്തെഴുതണമെന്നു സാധാരണ പത്രറിപ്പോര്‍ട്ടറല്ല നിശ്ചയിക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്.

അച്ചടിച്ചു വരുന്ന വാര്‍ത്തകളിലെ നെല്ലും പതിരും തിരിക്കാന്‍ പ്രബുദ്ധരായ വായനക്കാര്‍ക്ക് കഴിയണം. വാര്‍ത്തകളില്‍ നിറയുന്ന ഓരോ പദത്തിനും ഒളിപ്പിച്ചു വെയ്ക്കുന്ന രാഷ്ട്രീയത്തെ തിരിച്ചറിയാനാവണം. പലപ്പോഴും വസ്തുനിഷ്ഠാപരമായി വാര്‍ത്തകളെ അപഗ്രഥിക്കുവാന്‍ ദിവസവും കുറഞ്ഞത് മൂന്നോ നാലോ വര്‍ത്തമാന പത്രങ്ങള്‍ വായിക്കേണ്ടി വരുന്ന സ്ഥിതിയാണിന്നുള്ളത്.

സമീപകാലങ്ങളിലെ മാധ്യമപ്രവര്‍ത്തവകരുള്‍പ്പെ ട്ട ഫ്‌ളാറ്റ്, സ്‌പെക്ട്രം വിവാദങ്ങള്‍ തീര്‍ച്ചയും മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിന് ഒരു കളങ്കം തന്നെയാണ്. ഇതുപോലെയുള്ള ഒറ്റപ്പെട്ട വിവാദങ്ങള്‍ തീര്‍ച്ചയായും ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണ്ണമായ പരിശ്രമങ്ങളുടെ നിറം കെടുത്തുന്നു.

എല്ലാ മേഖലകളിലുമുള്ള അപചയത്തിന്റെ നേരിയ പ്രതിഫലനം മാധ്യമരംഗത്തും കാണാം എന്നതു വസ്തുതയാണ്. പലപ്പോഴും രാഷ്ട്രീയത്തിലെ സുഹൃദ് വലയങ്ങളിലൂടെ കൗശലപൂര്‍വ്വം അടിച്ചു മാറ്റുന്ന രാഷ്ട്രീയ ഉപജാപങ്ങളും ഗ്രൂപ്പ് പോരുകളും വാര്‍ത്തകളായി മാറ്റപ്പെടുകയാണ്. രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ ചോര്‍ത്തു ന്നതാണ് വാര്‍ത്തണയെന്ന പുതിയ വ്യാഖാനം രൂപപ്പെട്ടിട്ടുണ്ട്. ചില വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അവ മാനസിക ഉല്ലാസത്തിനു വേണ്ടിയാണെന്ന് തോന്നാറുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ സന്ദേശവാഹകരായി പത്രപ്രവര്‍ത്തകര്‍ മാറുന്നതായും പണത്തിനു വേണ്ടിയുള്ള വാര്‍ത്തകള്‍ (Paid News) സൃഷ്ടിക്കപ്പെടുന്നതായും വിരളമായെങ്കിലും ആരോപണം ഉയരാറുണ്ട്. പത്രസ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നു ആത്മപരിശോധന ചെയ്യാന്‍ ഈ സാഹചര്യങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ തയ്യാറാകേണ്ടതുണ്ട്.

പക്ഷേ പത്രപ്രവര്‍ത്തകരെ കാടച്ചു വിമര്‍ശി്ക്കുന്നവര്‍ സമൂഹത്തിന്റെ ജീര്‍ണ്ണതയ്ക്കും അപചയങ്ങള്‍ക്കും എതിരെ നിസ്വാര്‍ത്ഥമായി പടപൊരുതിയ പ്രതിഭാശാലികളായ പത്രപ്രവര്ത്തകരെ വിസ്മരിക്കരുത്. മാധ്യമ പ്രവര്‍ത്തനം ഇന്ത്യയിലെ മാറിയ സാമുഹ്യ സാഹചര്യങ്ങളില്‍ ഏറ്റവും അപകടവും വെല്ലുവിളിയും നിറഞ്ഞ ജോലിയാണ്. ലോകത്താകമാനം എത്രയോ മാധ്യമ പ്രവര്‍ത്തകരാണ് അവരുടെ കൃത്യനിര്‍വഹണത്തിനിടയില്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത്. സ്‌ഫോടനാത്മകമായ അപകടസ്ഥലത്തുനിന്നും ആളുകള്‍ ചിതറിയോടുമ്പോള്‍ അതിന്റെ കാരണം തേടി അങ്ങോട്ടോടിയടുക്കുന്ന മാധ്യമ സുഹൃത്തുക്കളെ എത്ര ശ്ലാഖിച്ചാലാണ് മതിയാവുക.

അമേരിക്കയിലെ കരിയര്‍കാസ്റ്റ് എന്ന സ്ഥാപനം നടത്തിയ പഠനറിപ്പോര്‍ട്ടനുസരിച്ച് വളരെ മോശപ്പെട്ട തൊഴിലായാണ് പത്രപ്രവര്‍ത്തനം കണക്കാക്കപ്പെടുന്നത്. മാനസിക പിരിമുറുക്കം, ജോലിസാഹചര്യം, വേതനം തുടങ്ങിയ പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയാറാക്കപ്പെട്ടിരിക്കുന്നത്. 2012 ല്‍ ഇവര്‍ പുറത്തുവിട്ട എറ്റവും മോശപ്പെട്ട പത്ത് തോഴിലുകളുടെ പട്ടികയില്‍ അഞ്ചാമത്തേതാണിത്.

ഓരോ വര്‍ഷവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന പത്ര ദ്രിശ്യ മാധ്യമങ്ങള്‍ക്കിടയില്‍ ഒട്ടും ആരോഗ്യകരമല്ലാത്ത മത്സരം മുറുകിയപ്പോള്‍ ഓരോ മണിക്കൂറിലും വില്പ്പന മൂല്യമുള്ള വാര്‍ത്തകള്‍ തേടിപ്പിടിക്കാന്‍ നെട്ടോട്ടമോടുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. ഇങ്ങനെ കണ്ടെത്തുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ ഉറപ്പാക്കുവാന്‍ അവര്‍ക്കു തന്നെ പലപ്പോഴും ആവുന്നില്ല.

സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും ഊര്‍ജം പകരാന്‍ ആരംഭിച്ച വാര്‍ത്താധിഷ്ഠിത പത്രപ്രവര്‍ത്തനം ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. ഇന്ന് സാമ്പ്രദായിക പത്രപ്രര്‍്ത്തനത്തിന് പുതിയ രൂപവും ഭാവവും വന്നിരിക്കുന്നു. സിറ്റിസണ്‍ ജേര്‍ണലിസം എന്നറിയപ്പെടുന്ന പങ്കാളിത്ത പത്രപ്രവര്‍ത്തനം പുതിയ വാര്‍ത്താ ശൈലിക്ക് വഴിതുറന്നു. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന പല വാര്‍ത്തപകളും സോഷ്യല്‍ മീഡിയകളിലൂടെ ഇന്ന് പൊതുസമൂഹത്തിന്റെന മുമ്പിലെത്തുന്നു. നീതിനിഷേധിക്കപ്പെടുന്ന വഴിയോരങ്ങളില്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എവിടേയോ ക്യാമറക്കണ്ണുകള്‍ ഒളിഞ്ഞിരിക്കുന്നുവെന്നത് ആശ്വാസകരമാണ്.

മാറിയ സാമൂഹ്യരാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലും നിയമപാലനത്തിലും നീതിന്യായവ്യവസ്ഥയിലും ബാധിച്ച അപചയവും മൂല്യച്യുതിയും ചൂണ്ടിക്കാട്ടുവാനും അത് തിരുത്തപ്പെടുവാനും മാധ്യമങ്ങളുടെ ജാഗ്രത ഏതോരു സമൂഹത്തിലും അത്യന്താപേക്ഷിതമാണ്. പത്രമാധ്യമങ്ങള്‍ കണ്ണടച്ചാല്‍ നിശബ്ദമാകുന്നത് സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണ്. മാധ്യമങ്ങളില്ലാത്ത ലോകം അരാജകത്വത്തിന്റേയും സ്വേഛാധിപത്യത്തിന്റേതുമായിരിക്കും.
പത്രപ്രവര്‍ത്തകരെ വിമര്‍ശിക്കുമ്പോള്‍ ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക