Image

ലണ്ടന്‍ ഒളിമ്പിക്‌സും, മന്ത്രി മാക്കാന്റെ രണ്ടായിരത്തി ഇരുപതും.

ഷോളി കുമ്പിളുവേലി Published on 16 August, 2012
ലണ്ടന്‍ ഒളിമ്പിക്‌സും, മന്ത്രി മാക്കാന്റെ രണ്ടായിരത്തി ഇരുപതും.
ലണ്ടന്‍ : ഒളിമ്പിക്‌സിന് തിരശീല വീണു.ഇനി 2016ല്‍ ബ്രസീല്‍ ഈ ലോക കായിക മാമാങ്കത്തിനു ആതിഥേയത്വം വഹിക്കും. 120 കോടി ജനങ്ങളെ പ്രതിനിധീകരിച്ച് ഇന്‍ഡ്യാ മഹാരാജ്യത്തില്‍ നിന്നും 83 പേര്, 13 ഇനങ്ങളില്‍ മത്സരിച്ച്, 2 വെള്ളിയും, 4 വെങ്കലവും ഉള്‍പ്പെടെ 6 മെഡലുകള്‍ കരസ്ഥമാക്കി. ഇന്‍ഡ്യാ ചരിത്രത്തിലെ ഏറ്റവും വലിയ 'മെഡല്‍ വേട്ട'. എന്തൊരു അഭിമാനം!. ഒരൊറ്റ സ്വര്‍ണ്ണം പോലും കിട്ടിയില്ല, എന്നിട്ടും അഭിമാനം കൊണ്ട് എല്ലാവരുടെയും ഉള്ളു നിറയുകയാണ്.

കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ പറയുന്നത്, 2020 ആകുമ്പോള്‍ 25 സ്വര്‍ണ്ണ മെഡലുകള്‍ നേടുമെന്നാണ്. 2020ന് എന്തോ പ്രത്യേകതയുണ്ടെന്നും തോന്നുന്നു. എങ്കിലും, 'വെളിപ്പാടകള്‍' പറയുന്നത് 2020ല്‍ ഇന്ത്യയില്‍ എന്തൊക്കൊയോ വലിയ കാര്യങ്ങള്‍ സംഭവിക്കുമെന്നാണഅ. ഇന്‍ഡ്യ, അമേരിക്കയുടെ മുന്നിലെത്തും, ചൈനയെ പിന്തള്ളും, ചന്ദ്രനില്‍ ആളെ ഇറക്കും, ചൊവ്വയെ തൊടും. തീര്‍ന്നില്ല, എല്ലാവര്‍ക്കും വീട് കിട്ടും, വിദ്യാഭ്യാസം ലഭിക്കും, തൊഴില്‍ ലഭിക്കും അങ്ങനെ 2020 ന്റെ പട്ടിക നീളുകയാണ്. ഇപ്പോഴിതാ, ഒളിമ്പിക്‌സില്‍ 25 മെഡലും 2020 ല്‍ കിട്ടാന്‍ പോകുന്നു. 2020 നെ പറ്റി ഓര്‍ക്കുമ്പോഴേ രോമാഞ്ചം!.

ഓരോ ഒളിമ്പിക്‌സ് കഴിയുമ്പോഴും നമ്മള്‍ പറയും, അടുത്തതില്‍ കാണിച്ചു താരാമെന്ന്. സത്യത്തില്‍ 'കാണല്‍ ' മാത്രമേ നടക്കുന്നുള്ളൂ. 120 കോടി ജനങ്ങള്‍ വീട്ടിലിരുന്ന് മറ്റുള്ളവര്‍ ഓടുന്നതു, ചാടുന്നതും മെഡലുകള്‍ വാരിക്കൂട്ടുന്നതും വീട്ടിലിരുന്ന് ടി.വി.യില്‍ കണ്ട്, കൈയടിച്ചു. ഈ 120 കോടി ജനത്തേയും ഭരിക്കുന്നവര്‍ക്ക് ലജ്ജ തോന്നുന്നില്ലേ?

എന്തുകൊണ്ട് സ്‌ക്കൂള്‍-കോളേജ് തലത്തില്‍, ഒരു പക്ഷേ അതിലും ചെറുപ്പത്തില്‍ തന്നെ, കായിരംഗത്ത് കഴിവുള്ള, പ്രതിഭകളെ കണ്ടെത്തി, സര്‍ക്കാര്‍ അവരെ ദത്തെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം നല്‍കുന്നില്ല? കളി തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് എവിടെ നിന്നെങ്കിലും 'തല്ലിക്കൂട്ടി' ആള്‍ക്കാരെ വിട്ടാല്‍ മെഡലു വരുമോ?

പൈസാ മുടക്കാന്‍ ഇല്ലാത്തതു കൊണ്ടാണോ? അല്ല ഇച്ഛാശക്തി ഇല്ലാത്തതാണ് പ്രശ്‌നം. ആത്മാഭിമാനം കൂടി വേണം. ചൈനയൊക്കെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. ബന്ധുക്കള്‍ മരിച്ചാല്‍ പോലും വീട്ടില്‍ വിടില്ലത്രേ! അത്രക്കൊന്നും നമുക്ക് വേണ്ട. നല്ല പരിശീലകര്‍, നല്ല ഭക്ഷണം, അന്താരാഷ്ട്ര നിലവാരമുള്ള കഠിന പരിശീലനം ഇത്രയൊക്കെ നല്‍കിയാല്‍ ധാരാളം.

സ്‌പോര്‍ട്‌സ് എന്നാല്‍ ഇന്‍ഡ്യയില്‍ ക്രിക്കറ്റ് മാത്രമായി ചുരുങ്ങിയിരിക്കുന്നു. ക്രിക്കറ്റ് കളിയുണ്ടെങ്കില്‍ വീട്ടിലിരുന്ന് ഫയല്‍ നോക്കുന്ന മന്ത്രിമാരും, ഉദ്യോഗ്സ്ഥരുമുള്ള നാടാണ് നമ്മുടേത്. ക്രിക്കറ്റിന് വിദേശ പരിശീലകരെ കൊണ്ടുവരുന്ന നമ്മള്‍, എന്തുകൊണ്ട് മറ്റ് കായിക ഇനങ്ങള്‍ക്കും വിദേശ പരിശീലകരെ കണ്ടെത്തുന്നില്ല.

2020ല്‍ 25 സ്വര്‍ണ്ണമെഡലുകള്‍ നേടുമെന്ന് മന്ത്രി മാക്കാന്‍ പറഞ്ഞതുകൊണ്ട് മെഡലു കിട്ടില്ല. മിറച്ച് അതിനുള്ള ആര്‍ജ്ജവം കാണിക്കണം. അതിനുവേണ്ട. കാര്യങ്ങള്‍ ഇപ്പൊഴെ തുടങ്ങണം. ഇനിയെങ്കിലും കായിക രംഗത്തെ രാഷ്ട്രീയം ഉപേക്ഷിക്കണം. എന്നിട്ട് പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് നല്ല പരിശീലനം നല്‍കാന്‍ ദയവായി തയ്യാറാവണം.

അടിക്കുറുപ്പ്.
1900 മുതല്‍ ഇന്‍ഡ്യ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതാണെങ്കിലും, ആദ്യമായാണ് 120 കോടി ജനങ്ങള്‍ക്കും ഒരല്പം അഭിമാനമായി 6 മെഡലുകള്‍ നേടുന്നത്. അതിനിടയാക്കിയ വിജയ്കുമാര്‍(വെള്ളി-ഷൂട്ടിങ്ങ്), സുശീല്‍ കുമാര്‍(വെള്ളി-റസലിംങ്ങ്), ഗഗന്‍ തരംഗ്(വെങ്കലം-ഷൂട്ടിംഗ്), സാനിയ നെഹ് വാള്‍(വെങ്കലം-ബാഡ്മിന്റണ്‍), മേരികോം(വെങ്കലം-ബോക്‌സിംഗ്), യോഗേശ്വര്‍ ദത്ത്(വെങ്കലം-റസലിംങ്ങ്) എന്നീ പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍ ! അഭിവാദനങ്ങള്‍ !

ലണ്ടന്‍ ഒളിമ്പിക്‌സും, മന്ത്രി മാക്കാന്റെ രണ്ടായിരത്തി ഇരുപതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക