Image

സുരക്ഷാ വീഴ്‌ചയുടെ `സുതാര്യ' പാഠങ്ങള്‍

ജി.കെ Published on 08 August, 2011
സുരക്ഷാ വീഴ്‌ചയുടെ `സുതാര്യ' പാഠങ്ങള്‍
ഇടുന്ന വസ്‌ത്രം മുതല്‍ ചെയ്യുന്ന ഏതു കാര്യവും സുതാര്യമായിരിക്കണമെന്നത്‌ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്‌ടിക്ക്‌ നിര്‍ബന്ധമാണ്‌. അതുകൊണ്‌ടാണ്‌ തന്റെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കണ്‌ട്‌ ആസ്വദിക്കട്ടെ എന്നു കരുതി എല്ലാം ലൈവാക്കിയത്‌. 24 മണിക്കൂറും തുറന്നിരിക്കുന്ന വിനോദ ചാനലുകള്‍ ഉള്ളപ്പോള്‍ തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം ആരെങ്കിലും നോക്കിയിരിക്കുമോ എന്നൊന്നും ചോദിക്കരുത്‌. അങ്ങനെ ആരോ നോക്കിയിരുന്നതുകൊണ്‌ടാണല്ലോ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന്‌ സര്‍ക്കാരിന്റെ ശമ്പളത്തില്‍ ഉറങ്ങുന്ന ഉദ്യോഗസ്ഥനെ ജനങ്ങള്‍ക്ക്‌ കണ്ണുനിറയെ കാണാനായത്‌. എന്തായാലും ആ ഉറക്കം സൈബര്‍ ലോകത്ത്‌ സൂപ്പര്‍ ഹിറ്റാവുകയും ചെയ്‌തു.

തന്റെ കണ്ണൊന്നു തെറ്റിയാല്‍ മുഖ്യമന്ത്രി കസേരയില്‍ കയറിയിരിക്കാനായി ഹരിപ്പാടു നിന്നും പാലായില്‍ നിന്നും ജയിച്ചുവന്ന രണ്‌ടു മെംബര്‍മാര്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നുണ്‌ടെന്ന്‌ കുഞ്ഞൂഞ്ഞിന്‌ അറിയാം. അതുകൊണ്‌ടാണ്‌ എവിടെ പോകുമ്പോഴും അവരെയും ഒപ്പം കൂട്ടുന്നത്‌. ഇനി താനില്ലാത്ത തക്കം നോക്കി ആരെങ്കിലും തന്റെ കസേരയിലിരിക്കാനുള്ള ശ്രമിച്ചാല്‍ അക്കാര്യം അന്നേരം തന്നെ അറിയാനാണ്‌ എല്ലാം തത്സമയമാക്കിയതെന്നൊക്കെ ചില ദോഷൈകദൃക്കുകള്‍ പറയുന്നുമുണ്‌ട്‌. എന്നാല്‍ അവരുടെ പോലും കണ്ണുവെട്ടിച്ച്‌ ഒരു പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രി കസേരയില്‍ കയറിയിരിക്കുകയും മന്ത്രിമാരെ ഫോണ്‍ ചെയ്യുകയും ചെയ്‌തുവെന്ന്‌ കേട്ടപ്പോള്‍ കുഞ്ഞൂഞ്ഞും ഒന്നു ഞെട്ടി.

ഞെട്ടല്‍ പരസ്യമായി പ്രകടിപ്പിക്കാനാവാത്തതുകൊണ്‌ട്‌ കാര്യങ്ങളൊക്കെ തമാശായായി മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിച്ചുവെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഇത്രയ്‌ക്ക്‌ സുതാര്യമാവണോ എന്ന ചോദ്യം പ്രസക്തമാണ്‌. കാരണം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഇസഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷയുള്ളയാളാണ്‌ മുഖ്യമന്ത്രി. അത്തരമൊരാളുടെ ഓഫീസില്‍ കയറി അദ്ദേഹത്തിന്റെ കസേരയിലിരുന്ന്‌ ഒരാള്‍ക്ക്‌ ഫോണ്‍ ചെയ്യാന്‍ കഴിഞ്ഞുവെങ്കില്‍ ഇസഡ്‌ പോയിട്ട്‌ എ പോലും സുരക്ഷയില്ലാത്ത സാധാരണ ജനങ്ങള്‍ക്ക്‌ പൊതുസ്ഥലങ്ങളില്‍ എന്താണ്‌ സുരക്ഷ എന്നചോദ്യവും പ്രസക്തമാണ്‌.

ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ആള്‍ എന്ന നിലയില്‍ തന്റെ ഓഫീസിന്റെ പ്രവര്‍ത്തനം സുതാര്യമാക്കിയ മുഖ്യമന്ത്രിയുടെ ഉദ്ദേശശുദ്ധിയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. എന്നും ജനക്കൂട്ടത്തിന്‌ മധ്യത്തില്‍ നില്‍ക്കുന്ന നേതാവെന്ന നിലയില്‍ ഇപ്പോഴുണ്‌ടായ സംഭവവും അതില്‍ കുറ്റക്കാരനായ വ്യക്തിയോട്‌ ക്ഷമിക്കാനുള്ള വിശാലമനസ്‌കതയും മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്‌ടിയുടെ പ്രതിച്ഛായ ഉയര്‍ത്തുകയും ചെയ്യും. എന്നാല്‍ അദ്ദേഹം പോലും മറന്നുപോകാന്‍ പാടാത്ത സുരക്ഷാ വീഴ്‌ചയുടെ സുതാര്യ പാഠമുണ്‌ട്‌. ഉമ്മന്‍ ചാണ്‌ടി ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതാവോ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞോ മാത്രമല്ല. അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടിയാണ്‌. സ്വാഭാവികമായും അദ്ദേഹത്തിനു ചില പ്രോട്ടൊകോളുകളുണ്‌ട്‌. അതുകൊണ്‌ടു തന്നെ ഇത്തരമൊരു സംഭവമുണ്‌ടായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ ഒഴിഞ്ഞു മാറാനാവില്ല.

അതുപോലെ തന്നെ ഗൗരവമുള്ള മറ്റൊരു ചോദ്യമാണ്‌ 24 മണിക്കൂറും വെബ്‌ ക്യാമറയിലൂടെ ലോകമെങ്ങും തത്സമയം കാണുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പോലീസ്‌ തലത്തില്‍ സംവിധാനമൊന്നുമില്ലാ എന്നത്‌. കാരണം ഉമ്മന്‍ ചാണ്‌ടി തന്നെ പറഞ്ഞത്‌ തന്റെ കസേരയില്‍ വേറെ ആരോ കയറിയിരിക്കുന്നു എന്ന്‌ ആദ്യം അറിയിച്ചത്‌ ചില പ്രവാസികളാണ്‌ എന്നായിരുന്നു. വെബ്‌ക്യാമറയിലൂടെയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു സാധാരാണ കോണ്‍സ്റ്റബിളിനെ ഡ്യൂട്ടിക്കിട്ടിരുന്നെങ്കില്‍പോലും ഇത്തരമൊരു നാണക്കേട്‌ ഉണ്‌ടാവുന്നത്‌ ഒഴിവാക്കാമായിരുന്നു. മുഖ്യമന്ത്രിക്കസേരയില്‍ മറ്റൊരാള്‍ കയറിയിരിക്കുന്നുവെന്ന്‌ വിളിച്ചുപറയാന്‍ പ്രവാസികള്‍ വേണ്‌ടി വരികയുമില്ലായിരുന്നു.

മാനസികാസ്വാസ്ഥ്യമുള്ളയാളാണ്‌ മുഖ്യമന്ത്രിക്കസേരയിലിരുന്നയാള്‍ എന്ന്‌ മുഖ്യമന്ത്രി തന്നെ പറയുകയുണ്‌ടായി. മുഖ്യമന്ത്രി തനിച്ച്‌ അദ്ദേഹത്തിന്റെ മുറിയിലെത്തുമ്പോള്‍ അവിടെയിരുന്നിരുന്ന ഇയാള്‍ അദ്ദേഹത്തെ അക്രമിച്ചിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്നുകൂടി ചിന്തിച്ചു നോക്കുക. ഒരു പക്ഷെ അപ്പോഴും മുഖ്യമന്ത്രി അയാളോട്‌ ക്ഷമിച്ചേക്കാം. പക്ഷെ ചുമതലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇതുപോലെ ക്ഷമിക്കാനും വിഷയത്തെ ചിരിച്ചു തള്ളാനുമാവുമോ?.

കഴിഞ്ഞദിവസം സംഭവിച്ചത്‌ മാനസിക വിഭ്രാന്തിയുള്ള ഒരാളുടെ കൈപ്പിഴയെന്ന്‌ കരുതി മലയാളി സമൂഹവും മുഖ്യമന്ത്രിയും തള്ളിക്കളയുകയും മറന്നുപോകുകയും ചെയ്‌തേക്കാം. അയാളെ ഉപദ്രവിക്കരുതെന്നും വെറുതെ വിടണമെന്നുമുള്ള അദ്ദേഹത്തിന്റെ മഹാമനസ്‌കതയെ മലയാളി വാനോളം പുകഴ്‌ത്തുകയും ചെയ്യും. അപ്പോഴും ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്നുണ്‌ട്‌. എന്തിനും ഏതിനും പാസും അനുമതിയും ആവശ്യമുള്ള സെക്രട്ടറിയേറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മനസ്സിന്‌ സ്ഥിരതയില്ലാത്ത ഒരാള്‍ക്ക്‌ ഇത്ര അനായാസം കടന്നുചെല്ലാനും മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന്‌ ഫോണ്‍ ചെയ്യാനും കഴിയുമെങ്കില്‍ അത്‌ ഇന്നാട്ടിലെ ക്രിമിനലുകള്‍ക്കും നല്‍കുന്ന സന്ദേശമെന്തായിരിക്കും. പ്രത്യേകിച്ചും തീവ്രവാദ അക്രമണ ഭീഷണി നിലിനില്‍ക്കുന്ന ഇടമാണ്‌ സെക്രട്ടറിയേറ്റ്‌ എന്ന്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ പലതവണ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ള പശ്ചാത്തലത്തില്‍.

ചെല്ല ചന്ദ്ര ജോസ്‌ എന്ന മനോരോഗിക്കു മുഖ്യമന്ത്രിയുടെ ഓഫിസിനുള്ളില്‍ കയറി അദ്ദേഹത്തിന്റെ കസേരയിലിരിക്കുകയും ഫോണ്‍ ചെയ്യുകയുമാവാമെങ്കില്‍ അത്യാധുനിക പരിശീലനംലഭിച്ച ഏതെങ്കിലും അക്രമിക്ക്‌ എത്ര നിസാരമായി അവിടെ എത്തിച്ചേരാനാവുമെന്നതും എന്തൊക്കെ ചെയ്യാനാവുമെന്നതും സുരക്ഷാച്ചുമതലയുള്ളവര്‍ തീര്‍ച്ചയായും പരിശോധിക്കേണ്‌ടതാണ്‌. സെക്രട്ടേറിയറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സജ്ജീകരണങ്ങളെല്ലാം നിഷ്‌പ്രഭമാണന്നതു തന്നെയാണ്‌ ചെല്ല ചന്ദ്ര ജോസ്‌ നല്‍കുന്ന സുരക്ഷാ വീഴ്‌ചയുടെ സുതാര്യ പാഠം. മാനുഷികതയുടെ പേരിലുള്ള വിട്ടുവീഴ്‌ചകള്‍ അംഗീകരിക്കുമ്പോഴും സുരക്ഷാവീഴ്‌ചകളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്‌ പ്രതിച്ഛായ നഷ്‌ടത്തിന്‌ മാത്രമെ വഴിവെക്കൂ എന്ന്‌ മുഖ്യമന്ത്രിയും തിരിച്ചറിയുമെന്ന്‌ പ്രതീക്ഷിക്കാം.
സുരക്ഷാ വീഴ്‌ചയുടെ `സുതാര്യ' പാഠങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക