Image

ഓണസദ്യ അന്നദാനമോ? നേര്‍ച്ചച്ചോറോ? -ഏബ്രഹാം തെക്കേമുറി

ഏബ്രഹാം തെക്കേമുറി Published on 23 August, 2012
ഓണസദ്യ അന്നദാനമോ? നേര്‍ച്ചച്ചോറോ? -ഏബ്രഹാം തെക്കേമുറി
വിഭവസമൃദ്ധമായ ഭക്ഷണം ഒരു ഉന്നത സംസ്‌കാരത്തിന്റെ ഭാഗമാണ്. പാചകവിധി കൈമോശം വരാതെ പ്രവാസികളായാല്‍പ്പോലും തലമുറകളിലൂടെ നിലനിര്‍ത്തേണ്ടതാണ്. മലയാളിയെ സംബന്ധിക്കുന്നിടത്തോളം 'ഇലപ്പുറത്തുള്ള സദ്യ' അതാണ് പാരമ്പര്യം.

എന്താണ് സദ്യ? എന്താണു ചേരുവകള്‍? അമേരിക്കയിലെത്തിയ മലയാളി ഇവിടെ കണ്ട മാര്‍ഗ്ഗങ്ങളിലൂടെ മലയാള ഭക്ഷ
ത്തെയും വഴിതെറ്റി വിളമ്പി. ഒരു കാര്യം തിരിച്ചറിയാതെ, എന്തിനിതു ചെയ്യുന്നവെന്ന് തിരിച്ചറിവില്ലാതെ.

ഓണമെന്നത് വിളവെടുപ്പിന്റെ ആഘോഷമാണ്. ഓണസദ്യ തന്നെയാണ് ഓണത്തിന്റെ മുഖ്യസന്ദേശം. സംസ്‌കാരിക പൈതൃകവും സദ്യതന്നെ. വേഷം കെട്ടലോ, മാവേലിയോ പുലികളിയോ, ചെണ്ടമേളമോ മാത്രമല്ല.

പരിമിതികളിലൂടെ ആചാരമായി അമേരിക്കയില്‍ ആഘോഷങ്ങള്‍ മാറുകയും ഇന്നിപ്പോള്‍ പലതും നേര്‍ച്ചകളായി ഭവിക്കയും ചെയ്യുന്നു. കുട്ടികളെ ചിലതൊക്കെ പറഞ്ഞു പഠിപ്പിച്ചിട്ട് മാധ്യമങ്ങളുടെ മുന്നില്‍ അവരും എന്തൊക്കെയോ പുലമ്പുന്നു.

ദേശക്കാരെയെല്ലാം നോട്ടീസടിച്ച് വിളിച്ചു വരുത്തി ആരെങ്കിലും സൗജന്യമായി നല്‍കുന്ന ചോറും കറികളും ആ പ്ലേറ്റില്‍ കോരിവിളമ്പി നടത്തുന്ന സദ്യ ഓണത്തിനൊരു കളങ്കമാണ്.

ചോറും കറികളും നേര്‍ച്ചപോലെ കൊടുക്കാന്‍ ഇന്ന് സ്‌പോണ്‍സര്‍മാരുണ്ട്. ചിലയിടത്തൊക്കെ അവരെ പ്ലാക്ക് നല്‍കി ആദരിക്കുന്നതായും വാര്‍ത്ത കാണുന്നു. അരിവയ്പ്പ്കാരനെയും പൊന്നാട അണിയിക്കുന്ന കാലമാണല്ലോ ഇത്.

ഒരു പൈസ പോലും മുടക്കില്ല. നല്ലൊരു പ്രോഗ്രാം കാണാം. അവസാനം ഫ്രീയായിട്ട് ഒരു ഊണും കിട്ടുമെന്നതിനാല്‍ മാത്രം സദ്യയ്ക്കു വരുന്ന മലയാളികളേറെ.

സംഘാടകര്‍ ഒന്നുതിരിച്ചറിയുക (സന്ദര്‍ഭോചിതമായി, പത്രപ്പരസ്യത്തിനായി സംഘടനകള്‍ നടത്തുന്ന വ്യക്തി വ്യവസായികള്‍ക്കിതു ബാധകമല്ല) മെംമ്പേഴ്‌സ് ഒണ്‍ലി, ക്ഷണിക്കപ്പെട്ടവര്‍ എന്ന ബാനറില്‍ ആകട്ടെ ഓണാഘോഷം. എന്താണ് ഓണമെന്ന് അനന്തര തലമുറ മനസ്സിലാക്കട്ടെ. ഒരു പാത്രത്തില്‍ വിളമ്പുന്ന ഭക്ഷണക്രമം കൊണ്ട് എന്തറിയാന്‍? സാമ്പാറിന്റെ മുകളില്‍ അവിയല്‍ അതിന്റെ പുറത്ത് പുളിശ്ശേരി. പിന്നെ പരിപ്പുകറി. ഇതോ ഓണസദ്യ?

ഓണസദ്യ യെന്നാന്‍ പല അര്‍ത്ഥങ്ങളുള്ള മഹോത്സവമാണ്. സംഘടനകളുടെ എക്‌സിക്യൂട്ടീവ്‌സ് അരയും തലയും മുറക്കി വിളമ്പുപാത്രവുമായി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന മഹദ് ദര്‍ശനമാണ് ഓണസദ്യയുടെ കാതല്‍.

ആള്‍ബഹുത്വത്തില്‍ അല്ല, ആഘോഷങ്ങളില്‍ പങ്കാളിയാക്കാനും, അതിനുവേണ്ടി അദ്ധ്വാനിക്കുവാനും, പണം മുടുക്കുവാനും തയ്യാറില്ലാത്ത ഒരു മലയാളിയേയും ചുമലിലേറ്റി നടക്കേണ്ടതില്ല.

ഒരു സദ്യയുടെ മാന്യത നിലനിര്‍ത്തി ഓരോ കറിയുടെയും രുചിയറിഞ്ഞ് ഭക്ഷിക്കാന്‍, ഒപ്പം ചേരുവകള്‍ ചേര്‍ത്ത് വിളമ്പാന്‍, അതിലുപരി ഒരു പാചകകലയുടെ പൈതൃകം മനസിലാക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന അവസരമാകണം ഓണം. (അങ്ങനെ ചെയ്യുന്നവരുടെ മുന്നില്‍ സാഷ്ടാംഗ നമസ്‌കാരം).

ആരും ആരുടെ മേലും കുറ്റം ചുമത്താതെ 'തിരുവോണം' കൊച്ചുകൊച്ചു കൂട്ടങ്ങളായി ഒരേ ദിവസം ആഘോഷിക്കുന്നത് ഈ നല്ല സ്മരണകളെ നിലനിര്‍ത്താന്‍ ഉതകും. അല്ലാതെ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷങ്ങളിലൂടെ സംഘടനകള്‍ ഇതിനെ വികൃതമാക്കുന്നത് ശരിയല്ല. ഒരുവര്‍ഷം ഒരു മലയാളി ഒരു ഓണം ഉണ്ടാല്‍ മതി. അതു ഓണം പോലെ ഉണ്ണാന്‍, ഊട്ടാന്‍ സംഘടനകള്‍ക്ക് കഴിയണം. അങ്ങയെങ്കില്‍ നാം ധന്യരായി. ഒരു വലിയ സംസ്‌കാരത്തിന്റെ തിരി അണയാതെ തലമുറകള്‍ക്കു നാം കൈമാറിയെന്ന് ആശ്വസിക്കാം, ആഹ്ലാദിക്കാം.

എല്ലാവര്‍ക്കും ഓണാശംസകള്‍
ഓണസദ്യ അന്നദാനമോ? നേര്‍ച്ചച്ചോറോ? -ഏബ്രഹാം തെക്കേമുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക