Image

നിഴല്‍ പക്ഷിയെപ്പോലെ...(കവിത)- ഡോണ മയൂര

ഡോണ മയൂര Published on 11 September, 2012
നിഴല്‍ പക്ഷിയെപ്പോലെ...(കവിത)- ഡോണ മയൂര
നിഴല്‍ നിന്നില്‍
ഏതു പക്ഷിയുടെതാണ്?

വെടിയേറ്റു തുളഞ്ഞെന്നതുപോലെ
നിഴലില്‍ കണ്ണിന്റെ സ്ഥാനത്ത്
വെയിലിന്റെ വട്ടം.

രാത്രിയുടെതോ പകലിന്റെയോ
എന്നറിയാത്ത
പന്ത്രണ്ട് മണി കഴിയാന്‍ മറന്ന
ക്ലോക്ക് പോലെ
നീ അതില്‍ക്കൂടി നോക്കുന്നു.

വയലിന്‍, വീണ, ഗിറ്റാര്‍ തുടങ്ങിയ
തന്ത്രിവാദ്യങ്ങളില്‍ നിന്നെല്ലാം
മൗത്തോര്‍ഗനുമായി
ഒരു പക്ഷിയെപ്പോലെ
നിഴലുള്ളൊരുവളുടെ അടുത്തേക്ക്
പോകുന്ന പെണ്ണുങ്ങള്‍.

നിനക്കൊഴികെ ഏതൊരാള്‍ക്കും
മനസ്സിലാവുന്ന ഭാഷയില്‍
അവിടെ അവള്‍ പാടുന്നു,
അവളുടെ കൈകള്‍ക്ക്
മാന്ത്രികവടിയുടെ വഴക്കം,
അവയുടെ ഇന്ദ്രജാലത്തില്‍ മയങ്ങി
കൂടെ പാടിപ്പോകുന്ന പെണ്ണുങ്ങളും
അവളുടെ വാദ്യോപകരണവും!

പെട്ടെന്ന്
നിന്റെ നിഴല്‍
ചിറകു കുടയുന്നു,
കൊഴിയുന്ന
തൂവലുകള്‍ക്കിടയിലേക്ക്
ചേക്കേറുന്ന ഭയം.
നീ ആവര്‍ത്താവര്‍ത്തിച്ച്
ചിറകു കുടയുന്നു,
ഇരട്ടിക്കുന്ന ഭയം
പതിന്മടങ്ങായി ഇരട്ടിക്കുന്ന ഭയം.

ആഭിചാരം നടത്തുന്നവളെന്ന്
ദുര്‍മന്ത്രവാദത്താല്‍
ക്ഷുദ്രപ്രയോഗത്താല്‍ പെണ്ണുങ്ങളെ
മയക്കിയെടുക്കുന്നവളെന്ന്
കൊക്ക് പോലെ ചുണ്ടുകള്‍ പിളര്‍ത്തി
അപശ്രുതി പാടി നീ
സൈലന്‍സര്‍ ഘടിപ്പിച്ച
തോക്കില്‍ നിന്നുതിര്‍ത്ത തിരപോലെ
ലെസ്ബിയന്‍ എന്ന് വിളിക്കുന്നു.

നിഴല്‍ നിന്നില്‍
ഏതു പക്ഷിയുടെതാണ്?

ആംഗ്യവിക്ഷേപത്താല്‍
സംഗീതം സൃഷ്ടിക്കുന്നവള്‍,
ഒരു പക്ഷിയെപ്പോലെ
നിഴലുള്ളവള്‍, അവള്‍ അവിടെ
തെരമീന്‍ വായിച്ചുകൊണ്ടേയിരുന്നു!

(Theremin-സ്പര്‍ശിക്കാതെ വായിക്കുവാന്‍ കഴിയുന്ന സംഗീതോപകരണം.)
നിഴല്‍ പക്ഷിയെപ്പോലെ...(കവിത)- ഡോണ മയൂര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക