Image

പാപ്പീറസ് കോപ്റ്റിക് കുതന്ത്രം

മാത്യു മൂലേച്ചേരില്‍ Published on 21 September, 2012
പാപ്പീറസ് കോപ്റ്റിക് കുതന്ത്രം
നരജന്മങ്ങള്‍ ഭൂമിയില്‍ അധിവസിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ, അവരുടെ സൃഷ്ടിയുടെ തായ് വേരുകള്‍ താണ്ടി അവരുടെ യാത്രകളും ആരംഭിച്ചു. എന്നാല്‍ ഒരിടത്തും ചെന്നെത്തുവാന്‍ ഇതുവരെയും ആ യാത്രകള്‍ക്ക് സാധിച്ചിട്ടില്ല, നമ്മുടെ ഈ വര്‍ത്തമാനകാലത്താണെങ്കില്‍ ശാസ്ത്രവും സാങ്കേതിക വിദ്യകളും അതിന്റെ പാരമ്യത്തില്‍ എത്തിയെങ്കില്‍ തന്നെയും ജീവജാലങ്ങളും, മറ്റു പലതരമായ സൃഷ്ടികളും എവിടെ നിന്നും ആരാല്‍ അല്ലെങ്കില്‍ ഏതിനാല്‍ നിര്‍മ്മിക്കപ്പെട്ടെന്നു ശരിക്കും ആര്‍ക്കും കണ്ടുപിടിക്കുവാനും സാധിച്ചിട്ടില്ല. നമ്മള്‍ക്കാണെങ്കില്‍ ഇക്കാര്യത്തില്‍ ആശ്രയിക്കാന്‍ പറ്റുന്ന ഏക മാര്‍ഗ്ഗം, നമ്മള്‍ക്ക് സുപരിചിതമായ പുരാഗ്രന്ഥങ്ങള്‍ തന്നെ.

എന്നാല്‍ അതിനെയും ആര്‍ക്കും അത്രകണ്ട് വിശ്വസിക്കാന്‍ സാധ്യമല്ല. അതില്‍ പലതും ആദിമകാലത്ത് നടന്നതായ സംഭവകഥകള്‍ നൂറ്റാണ്ടുകള്‍ വായ്‌മോഴിയായോ പ്രതിച്ഛന്ദക പ്രകാരമോ പ്രചരിപ്പിച്ചും കൈമാറിയും അതിന്റെ യാത്രകളില്‍ പലവിധമായ തേയ്മാനങ്ങളും കൂടിച്ചേരലുകളും ഒക്കെ സംഭവിച്ചു ഒടുക്കം ആരാലോ ഒക്കെ എഴുതപ്പെട്ടവ തന്നെ. അങ്ങനെ എഴുതപ്പെട്ടവയിലും ഓരോ ജാതി, മത, വംശ വിഭാഗങ്ങള്‍ അവരവരുടെ താത്പ്പരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനായ് വീണ്ടും പലവിധമായ വെട്ടലുകളും തിരുത്തലുകളും നടത്തി പലതിന്റെയും മൂല്യച്യൂതിയും അന്തസത്തയും നഷ്ടപ്പെട്ടാണ് ഇന്ന് അതെല്ലാം നമ്മുടെ കൈകളില്‍ ലഭിക്കുന്നത്.

ജൈനരും മറ്റു ചുരുക്കം ചില മതവിഭാഗങ്ങളും ഒഴിച്ച് മറ്റെല്ലാവരും വിശ്വസിക്കുന്നത് ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് 'ദൈവം' എന്ന എകവ്യക്തിയാല്‍ ആണെന്നാണ്., ആ ദൈവത്തെ മനുഷ്യര്‍ പലപേരുകളില്‍ വിളിക്കുന്നുവെന്നു മാത്രം. എന്നാല്‍ ശാസ്ത്രം പറയുന്നു ഭൂമി ഒരു വന്‍കിട പൊട്ടിത്തെറിയുടെ ഭാഗമായ് ഉണ്ടായതാണെന്ന്. ഒരു പൊട്ടിത്തെറിയാല്‍ അല്ല പ്രപഞ്ചം ഉണ്ടായതെന്നാണ് ഹൈന്ദവ വിശ്വാസം. സകലവും നേരത്തെ ഉണ്ടായിരുന്നതും അത് വീണ്ടും തുടരുന്നതുമായിട്ടാണ് അവര്‍ വിശ്വസിക്കുന്നത്.

സമീപ കാലത്തായ് ലോകത്തില്‍ പുതുതായ് പലതരം ചിന്തകളും ഉടലെടുത്തു തുടങ്ങിയിരിക്കുന്നു. സൃഷ്ടികള്‍ നടത്തിയത് ഏതോ ലോകത്തിലെ അന്യഗ്രഹജീവികള്‍ ആണെന്നും, പണ്ടുള്ള കാലങ്ങളിലും, ഇപ്പോഴും അവരൊക്കെയും ഭൂമിയില്‍ വരികയും, പോകുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നും മറ്റും. അതിനു ധാരാളം തെളിവുകളും അവരുടെ പക്ഷത്തുണ്ട്. ഏതായാലും ഉല്‍പ്പത്തിയെക്കുറിച്ചും ദൈവത്തെക്കുറിച്ചും ഉള്ള ചിന്തകള്‍ മനുഷ്യചിന്തകള്‍ക്കപ്പുറം തന്നെ.

ലോകത്തില്‍ ഇന്നുള്ള മതഗ്രന്ഥങ്ങളില്‍ വെച്ചേറ്റവുമധികം വളച്ചൊടിക്കപ്പെട്ടിട്ടുള്ളതും വിശകലനത്തിനും, പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുള്ളതുമായ ഒരു ഗ്രന്ഥമാണ് ബൈബിള്‍ ക്രിസ്തുവിന്റെ മരണത്തിനു ശേഷമാണ് ഇതില്‍ പറയപ്പെടുന്ന പല ലേഖനങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്. അതില്‍ പലതും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് മനുഷ്യന് കണ്ടെത്താന്‍ സാധിച്ചത് തന്നെ.

ക്രിസ്തീയ സഭയുടെ ആരംഭഘട്ടത്തില്‍ അന്നുണ്ടായിരുന്ന റോമാ ചക്രവര്‍ത്തി ആയിരുന്ന ഭ്രാന്തന്‍ നീറോയെപ്പോലുള്ളവര്‍ ക്രിസ്ത്യാനികളെ വെട്ടയാടിപ്പിട്ച്ചു കൊല്ലുകയും, അവരുടെ ഗ്രന്ഥങ്ങളും ആരാധനാലയങ്ങളും തീയിട്ടു നശിപ്പിക്കുകയും മറ്റും ചെയ്തു. അതില്‍ നിന്നും അവരുടെ കൃതികള്‍ സംരക്ഷിക്കുന്നതിനായ് പെട്ടികളിലും കുടങ്ങളിലും മറ്റുമാക്കി അവര്‍ ഗുഹകളിലും മണ്ണിന്നടിയിലും സൂക്ഷിച്ചു. പില്‍ക്കാലത്ത് കോണ്‍സ്റ്റന്റൈന്‍ എന്ന റോമന്‍ ചക്രവര്‍ത്തിയാണ് ക്രിസ്ത്യാനികളെ സ്‌നേഹിപ്പാനും, അവര്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യങ്ങളും ഒരുക്കികൊടുത്തത്. കത്തോലിക്കാ സഭയും അതോടെ അവിടെ രൂപീകരിക്കപ്പെട്ടു. പിന്നീട് ക്രിസ്തുമതം വളര്‍ന്നു യുറോപ്പ് മുഴുവനും, യുറോപ്പ്യന്മാരാല്‍ ലോകം മുഴുവനും വ്യാപിച്ചു.

ക്രിസ്തു ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ ഒരു സഭയോ മതമോ സൃഷ്ടിച്ചില്ലെന്നുള്ള വാദഗതിയുള്ളവര്‍ അനേകരുണ്ട്. അത് ശരിതന്നെ. എന്നാല്‍ അദ്ദേഹം അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ശിമയോന്‍ പത്രോസിനു അദ്ദേഹത്തിന്റെ പേരില്‍ ഒരു സഭ തുടങ്ങുവാനുള്ള അനുമതി കൊടുക്കുന്നതായ് മത്തായ് 16:18 ല്‍ കാണുവാന്‍ സാധിക്കും. അതില്‍ ഇപ്രകാരം പറയുന്നു ' നീ പത്രോസ് ആകുന്നു. ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും. പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല എന്ന് ഞാന്‍ നിന്നോട് പറയുന്നു.' അപ്പോള്‍ ക്രിസ്തു സഭ തുടങ്ങിയിട്ടില്ല, അങ്ങനെയുള്ള ഒരു സഭയെക്കുറിച്ചുള്ള ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളില്‍ ഉണ്ടായിരുന്നുവെന്നത് സത്യം തന്നെ.

ക്രിസ്തുവിനോടും അദ്ദേഹത്തിന്റെ നാമത്തിലുള്ള സഭയോടും ആദിമുതല്‍ക്ക്തന്നെ അന്ന് ലോകത്തിലെ ഏറ്റവും ഉന്നതരെന്നും, ദൈവജനമെന്നും സ്വയം പാടിപ്പുകഴ്ത്തി അതിന്റെ അഹന്തയില്‍ ജീവിച്ചിരുന്നതും, ഇപ്പോഴും അതെ ചിന്താഗതികള്‍ നിലനിര്‍ത്തുന്നതുമായ യെഹൂദാ വംശജര്‍ക്ക് താത്പ്പര്യമില്ലായിരുന്നു. അന്നുതൊട്ടു എവിടെയൊക്കെ ക്രിസ്തുവിനെയും അദ്ദേഹത്തിന്റെ വിശ്വാസപ്രവര്‍ത്തന മണ്ഡലങ്ങളെയും അവഹേളിച്ചു കാണിക്കുവാന്‍ സാധിക്കും എന്നുള്ളതായിരുന്നു അവരുടെ ചിന്താഗതികള്‍ അതിനായിട്ടായിരുന്നു അവരുടെ ഗവേഷണങ്ങള്‍ അവയൊക്കെ ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

വിവാദങ്ങള്‍ ചില മനുഷ്യര്‍ക്ക് സന്തോഷം പകരുന്നത് തന്നെ, അതുപോലെ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുനായുള്ള ചില ബുദ്ധിജീവികളുടെ പ്രവര്‍ത്തനങ്ങളും. കത്തോലിക്കാ സഭ ഉടലെടുത്ത നാള്‍തൊട്ട് അവര്‍ക്ക് സഭയിലേക്ക് സമ്പത്തും അംഗസഖ്യയും വര്‍ദ്ധിപ്പിക്കുന്നതിലെക്കായ് പലതരം കൃത്രിമ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. അതില്‍ ഒന്നാണ് ഇന്ന് 1349ആം ആണ്ടുമുതല്‍ക്ക് രംഗപ്രവേശം ചെയ്യപ്പെട്ട ക്രിസ്തുവിന്റെ മരണശേഷം ആ ശരീരത്തെ പൊതിഞ്ഞിരുന്നുവെന്നു കരുതപ്പെടുന്ന 'ക്രിസ്തുവിന്റെ മൂടുപടം'. അക്കാലം തൊട്ടു പലരും അതില്‍ പലവിധമായ പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്തി. അതില്‍ പ്രധാനപ്പെട്ടത് 1980ല്‍ അതില്‍ നടത്തിയ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്ങിനാല്‍ വെളിപ്പെട്ട വസ്തുതകള്‍ ആയിരുന്നു. അവര്‍ പറയുന്നു ഈ മൂടുപടം 1260നും 1349നും മധ്യേയുള്ള കാലയളവില്‍ നിര്‍മ്മിക്കപ്പെതും, അതിലെ രക്തക്കറകള്‍ മൂലം കാണപ്പെടുന്നതായ ക്രിസ്തുവിന്റെ ചിത്രം രക്തക്കറയല്ല മറിച്ച് ഏതോ കുബുദ്ധികള്‍ തീപ്പോള്ളലാല്‍ രൂപപ്പെടുത്തിയെടുത്തതെന്നുമാണ്. ഇന്നും അതൊരു വിവാദം തന്നെ.

ക്രിസ്തു ജീവിച്ചിരുന്ന കാലയളവില്‍ വരക്കപ്പെട്ടെന്നു കരുതപ്പെടുന്ന ക്രിസ്തുവിന്റെ ഒരുചിത്രം പോലും ആരും കണ്ടിട്ടുമില്ല, അങ്ങനെയെന്തെങ്കിലും ഉണ്ടോയെന്നുള്ളതും നമ്മള്‍ക്കറിഞ്ഞുകൂടാ. എന്നാല്‍ നമ്മള്‍ക്ക് പലരൂപത്തിലും ആകൃതിയിലും വര്‍ണ്ണങ്ങളിലും ഉള്ള ക്രിസ്തുവിനെ കാണുവാനും വാങ്ങിക്കുവാനും കഴിയും. ഇതില്‍ പറയപ്പെടുന്ന ക്രിസ്തുവിന്റെ ചിത്രം ആദ്യം വരച്ചത് ആരാല്‍ ആണ് എന്ന ചോദ്യത്തിന് ഒരു മറുപടിയുന്‌ടെങ്കില്‍ അത് വിരല്‍ ചൂണ്ടുന്നത്, പോളണ്ടുകാരി ചിത്രകാരിയായിരുന്ന യുജെനിയസ് കാസിമിറോവ്‌സ്‌കിയിലിലേക്കാണ്. ക്രിസ്തു നേരിട്ട് അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു കണ്ടു, ആ മുഖത്തേയ്ക്കു നോക്കിയിരുന്നാണ് ആ ചിത്രം വരച്ചതെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ ചിത്രം കത്തോലിക്ക സഭയ്ക്കുവേണ്ടി സഭയിലെ ഒരു വികാരിയായിരുന്ന മൈക്കിള്‍ സൊപ്പോക്കോയുടെയും യുജെനിയസ് കാസിമിറോവ്‌സ്‌കിയുടെ സഹോദരിയും കന്യാസ്ത്രീയും വാഴ്ത്തപ്പെട്ടവളുമായ ഫൌസ്റ്റീനാ കവ്വാല്‍സ്‌കയുടെയും നിരീക്ഷണത്തിലും ആശയങ്ങളിലും ആണെന്നും പറയപ്പെടുന്നു. പിന്നീട് ലീയാനാര്‍ഡൊ 'ഡാ' വിന്‍സി (വിഞ്ചി)യും, പിക്കാസോയും, മൈക്കള്‍ ആഞ്ചലോയും, തുടങ്ങി തെരുവ് ചിത്രകാരന്മാര്‍ വരെ പല രൂപത്തിലും ക്രിസ്തുവിന്റെ ചിത്രങ്ങള്‍ വരയ്ക്കുവാന്‍ തുടങ്ങി.

ലീയാനാര്‍ഡൊ ഡാ വിന്‍സി (വിഞ്ചി)യുടെ തിരുവത്താഴ ചിത്രം അടുത്തകാലത്ത് വിവാദങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ട് ''ഡാ' വിന്‍സി(വിഞ്ചി) കോഡു' എന്ന തന്റെ ബുക്കില്‍ കൂടെ 'ഡാന്‍ ബ്രൌണ്‍' എന്ന അമേരിക്കന്‍ നോവലിസ്റ്റ് കടന്നുവന്നു. അതില്‍ പറയപ്പെടുന്ന വീഞ്ഞുകപ്പ് (chalice) യഥാര്‍ത്ഥത്തില്‍ വീഞ്ഞുകപ്പല്ലെന്നും, ക്രിസ്തുവിന്റെ ഭാര്യയെയാണ് അതില്‍ കൂടെ പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം വാദിച്ചു. കൂടാതെ ക്രിസ്തുവിന്റെ അടുത്തു കാണുന്ന മുടിനീട്ടിവളര്‍ത്തിയ ആള്‍ 'മേരി മാഗ്ദലീന്‍ ആണെന്നും, അവര്‍ ക്രിസ്തുവിന്റെ ഭാര്യയാണെന്നും, വലത്തിരിക്കുന്ന മാഗ്ദലീന്‍ തൊട്ടു ഇടത്തിരിക്കുന്ന ക്രിസ്തുവിന്റെ അടുത്തുവരെയുള്ള ഇംഗ്‌ളീഷ് അക്ഷരമാലയിലെ 'M' എന്ന ആകൃതിയിലുള്ള വളവുകളും തിരിവുകളും സൂചിപ്പിക്കുന്നത് ക്രിസ്തു വിവാഹിതനായിരുന്നു എന്നുള്ളതിന് തെളിവുകളായും അദ്ദേഹം സമര്‍ദ്ധിച്ചു. ആ ബുക്കിനെ ആസ്പദമാക്കി സിനിമകളും പിന്നീട് പലരുടെയും എഴുത്തുകളും ഉണ്ടായി. ആ നാമത്താല്‍ അനേകര്‍ കോടീശ്വരന്മാര്‍ ആവുകയും ചെയ്തു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ആം തീയതി മുതല്‍ ക്രിസ്തു വിവാഹിതനായിരുന്നുവെന്നുള്ള തലക്കെട്ടില്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ആ വാര്‍ത്ത ചരിത്ര ഗവേഷകയും, അനേകം സുവിശേഷ വെളിപ്പെടുത്തലുകളെപ്പറ്റിയുള്ള ബുക്കുകളും രചിച്ച ഡോക്ടര്‍ കേരന്‍ എല്‍ കിംഗ്, ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് കോപ്റ്റിക് സ്റ്റഡീസ്സിന്റെ (ICCS) മുന്‍പാകെ വെളിപ്പെടുത്തിയ വെളിപ്പെടുത്തലുകളെ ആധാരമാക്കിയായിരുന്നു.

അവര്‍ പഠനം നടത്തിയ പാപ്പീറസ് ചെടിയുടെ തണ്ട് ചതച്ചുണ്ടാക്കിയ പേപ്പറില്‍ എഴുതപ്പെട്ട മങ്ങിയ എഴുത്തുകള്‍ കാര്‍ബണ്‍ ഡേറ്റിംഗ് പ്രകാരം 4ആം നൂറ്റാണ്ടിലെതാണെന്നും, ബിസ്സിനെസ്സ് കാര്‍ഡു വലുപ്പമുള്ള (3.5 'ഃ2') ആ പേപ്പറില്‍ 'ക്രിസ്തു അവരോടു പറഞ്ഞു, എന്റെ ഭാര്യ....' എന്ന് വായിക്കുവാന്‍ സാധിക്കുന്നുവെന്നും. അത്രമാത്രം. ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി വാര്‍ത്തകളും പ്രചരിച്ചു തുടങ്ങി, അതേറ്റുപാടി ക്രിസ്തുവിന്റെയും, ദൈവത്തിന്റെയും മുഖത്തു കരിവാരിത്തേച്ച് ആനന്ദപുളകിതരായ് നടക്കുന്ന വക്രേയന്മാരുടെ സംഘവും.

ഡോക്ടര്‍ കിംഗ് അല്ലാതെ മറ്റാരും ഈ പേപ്പറിന്റെയും അതില്‍ പതിഞ്ഞിരിക്കുന്ന മഷിയുടെയും ചരിത്രത്തെക്കുറിച്ച് ഒരു പഠനവും ഇതുവരെയും നടത്തിയിട്ടില്ലായെന്നുള്ളത് ഒരു വസ്തുതയായ് നിലനില്‍ക്കുന്നു.ഇതില്‍ ക്രിസ്തു ' എന്റെ ഭാര്യ' എന്ന് പറഞ്ഞത്, ശരിയാണെങ്കില്‍ തന്നെ അത് ചിലപ്പോള്‍ പലകാരണങ്ങളും കൊണ്ടാവാം. ക്രിസ്തു സാധാരണ ധാരാളം ഉപമകളാലും ഉദാഹരണങ്ങളാലും ജനത്തോടു സംസാരിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയാണ്. ചിലപ്പോള്‍ ഇതിലും അദ്ദേഹം പറയുവാന്‍ ശ്രമിച്ച ഒരു ഉപമയുടെ തുടക്കമാവാം, അല്ലെങ്കില്‍ മറ്റാരുടെയോ ചോദ്യത്തിനുള്ള ഒരു മറുപടിയാവാം, അങ്ങനെ പലതും ഈ ' എന്റെ ഭാര്യ'യ്ക്ക് ശേഷം ഉണ്ടായിരുന്നിരിക്കാം. ഏതായാലും, കാള പെറ്റെന്നു കേട്ടപ്പോഴേ കയറെടുക്കാന്‍ ഓടിയവരെപ്പോലെ അറ്റവും മുറിയും മാത്രം കേട്ട് ക്രിസ്തുവിനെ അപമാനിച്ചത് ശരിയല്ല.

ഇനി അഥവാ ക്രിസ്തു വിവാഹിതന്‍ ആയിരുന്നുവെന്നു തെളിഞ്ഞാല്‍ തന്നെ എന്താണ് കുഴപ്പം? അദ്ദേഹം ദൈവമല്ലാതെ ആയിത്തീരുമോ? ദൈവമെന്നവന്‍ വിവാഹം കഴിക്കരുത് എന്ന് വല്ല ദൈവീക നീയമങ്ങളോ മാനുഷീക നീയമങ്ങളോ കല്പ്പിക്കുന്നുണ്ടോ? ക്രിസ്തു അദ്ദേഹത്തിന്റെ ഉപദേശങ്ങളിലും പ്രസംഗങ്ങളിലും എങ്ങും ആരോടും നിങ്ങള്‍ വിവാഹം കഴിക്കരുത് എന്ന് കല്‍പ്പിച്ചിട്ടില്ല. വിവാഹം കഴിക്കാനും തലമുറകള്‍ നിലനിര്‍ത്താനുമാണ് ദൈവീക അരുളപ്പാടുകള്‍., എന്നാല്‍ ചിലരും, ചില പ്രസ്ഥാനങ്ങളും അതെല്ലാം അവരുടെ യുക്തിക്കനുസരണം വളച്ചൊടിക്കുന്നു.

ക്രിസ്തു ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞു 'നിങ്ങള്‍ സ്വന്ത കണ്ണിലെ കോലെടുത്തിട്ട് വേണം മറ്റുള്ളവന്റെ കണ്ണിലെ കരടിനെ നോക്കുവാന്‍', എന്നാല്‍ സ്വന്ത കണ്ണില്‍ വെറും കോലല്ല ഭീമാകാരമായ തടി തന്നെ ഇരുത്തിയിട്ടാ ഓരോരുത്തര്‍ ഇന്ന് മറ്റുള്ളവന്റെ കണ്ണിലെ കരടു നോക്കിപ്പോകുന്നത്.

ഈ അടുത്ത കാലത്തുതന്നെ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തില്ലേ; ലോകം മുഴുവന്‍ പ്രശ്‌നങ്ങള്‍ സ്രിഷ്ടിക്കുവാനായ് തന്നെയുള്ള ദൃഡനിശ്ചയത്തോടെ ' ഇന്നസ്സന്‍സ് ഓഫ് മുസ്ലീംസ്' എന്ന സിനിമ പിടിച്ച്, അതില്ക്കൂടെ ലോകമെമ്പാടുമുള്ള അനേക കോടി മുസ്ലീം വിശ്വാസികളുടെ പ്രവാചകനായ ' മുഹമ്മദ് നബിയെ' ഒരു സ്ത്രീലമ്പടനായും മറ്റും ചിത്രീകരിച്ചു ആ മതത്തിന്റെ മുഖത്തു കരിവാരിത്തേച്ച് പ്രശസ്തനായ ഒരു അധമനെക്കുറിച്ച്. അതുപോലെ തന്നെയുള്ള ഒരു പ്രചാരണം എന്നുമാത്രം ഇതിനെയും കരുതിയാല്‍ മതി.

ക്രിസ്തു ലോകത്തില്‍ ആയിരുന്നപ്പോള്‍ അദ്ദേഹം തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയതായ് നമ്മുടെ പക്ഷത്തൊന്നുമില്ല . എല്ലാം, പലരാലും എഴുതപ്പെട്ടവ തന്നെ. അതും പലാരാലാകുമ്പോള്‍ അവരവരുടെയും അവരായിരിക്കുന്ന ചുറ്റുപാടിന്റെതുമായ ആശയങ്ങളും ചിന്തകളും ആ എഴുത്തുകളിലും പ്രതിധ്വനിക്കുക സര്‍വ്വ സാധാരണം. എല്ലാ എഴുത്തുകളേയും, എല്ലാവരുടെയും പ്രവര്‍ത്തികളെയും കുറിച്ച് നമ്മള്‍ ചിന്തിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ എങ്ങും ചെന്നെത്തില്ല. കാരണം, ഈ പ്രപഞ്ചവും, വിശ്വാസങ്ങളും, നമ്മുടെ ജീവനും എല്ലാമെല്ലാം മായ തന്നെ!

വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു(റോമര്‍ 11:1) ഒരുവന്റെ വിശ്വാസം അത് തീഷ്ണതയുള്ളതെങ്കില്‍ ഏതൊരു ബാഹ്യശക്തി അതിന്മേല്‍ എന്തൊക്കെ അനിഷ്ടങ്ങള്‍ വരുത്തിയാലും അവന്റെ വിശ്വാസത്തില്‍ നിന്നും ഒരിക്കലും അവന്‍ പിന്തിരിയില്ല. ദൈവത്തെയും അവന്റെ ശക്തികളെയും, അവന്റെ പ്രവര്‍ത്തന മണ്ഡലങ്ങളെയും കുറിച്ച് നമ്മള്‍ക്കൊന്നും അറിയില്ല, ആ അറിവില്‍ നമ്മള്‍ ശിശുക്കള്‍ തന്നെ. ആ ദൈവത്തിന്റെ പിന്നാമ്പുറരഹസ്യങ്ങള്‍ നോക്കിനടക്കാതെ, ഈ പാപ്പീറസ് കോപ്റ്റിക് കുതന്ത്രത്തിനു ചെവിചായ്ക്കാതെ, അവന്റെ വചനത്തിലും, സ്‌നേഹത്തിലും വിശ്വസിച്ച് പ്രത്യാശയുള്ളവര്‍ ആയി ജീവിതത്തില്‍ മുന്നേറുക
പാപ്പീറസ് കോപ്റ്റിക് കുതന്ത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക