Image

ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ടിലെ ഓര്‍മ്മകള്‍...

Published on 25 May, 2011
ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ടിലെ ഓര്‍മ്മകള്‍...

ഓര്‍മ്മകള്‍ കുറെയേറെ പുറകോട്ട്‌ പായുമ്പോള്‍... കൃതമായി പറഞ്ഞാല്‍ ഒരു വ്യാഴവട്ടത്തിനും പുറകിലേക്ക്‌...

1998ല്‍...സാധാരണ പോലെ കടന്നു വന്ന ഒരു ദിവസം. അന്ന്‌ കോട്ടയം മൗണ്ട്‌ കാര്‍മല്‍ സ്‌കൂളില്‍ ബാസ്റ്റക്കറ്റ്‌ ബോള്‍ ടീമിന്റെ കോച്ചിംഗ്‌ ക്യാമ്പ്‌ നടക്കുന്നു. കളിയില്‍ മിടുക്കര്‍ കടുത്ത പരീശീലനത്തില്‍ മുഴുകി നില്‍ക്കുന്നു.

ഇതെല്ലാം സൗകൂതം വീക്ഷിച്ച്‌ ഒരു എട്ടാംക്ലാസുകാരി നിന്നിരുന്നു. കുട്ടികള്‍ ബോളിനെ കൈയ്യിലൊതുക്കി പായുന്നത്‌ അവള്‍ക്ക്‌ കാണാന്‍ രസമുള്ള കാഴ്‌ചയായിരുന്നു. ആ എട്ടാം ക്ലാസുകാരിയുടെ കൗതുകം സ്‌കൂളിലെ പ്രിന്‍സിപ്പളിന്റെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അവളെ സ്‌കൂളിന്റെ കോച്ചിംഗ്‌ ക്യാമ്പിലേക്ക്‌ ക്ഷണിച്ചു. അവളാണ്‌ പിന്നീട്‌ മലയാളിയുടെ അഭിമാനമായി വളര്‍ന്ന ഗീതു അന്നാ ജോസ്‌. ഇത്‌ ഒരു മലയാളി പെണ്‍കുട്ടിയുടെ വിജയ ചരിത്രം.

നാളുകള്‍ കടന്നു പോയി. ഗീതു അന്നാ ജോസ്‌. ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ടിലെ തിളങ്ങുന്ന താരമായി. 2009ല്‍ ചെന്നൈയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഏഷ്യാന്‍ വനിതാ ബാസ്‌ക്കറ്‌ര്‌ ബോള്‍ ചാമ്പ്യന്‍ ഷിപ്പ്‌ നടക്കുമ്പോള്‍ ഇന്ത്യന്‍ടീമിന്റെ ത്രീവര്‍ണ്ണ പതാകയുമേന്തി മാര്‍ച്ച്‌ പാസ്റ്റില്‍ അഭിമാനത്തോടെ നടന്ന ഈ മലയാളി പെണ്‍കുട്ടിയുടെ മുഖം ഇപ്പോഴും മലയാളികളുടെ മനസിലുണ്ട്‌.

ഇന്ത്യന്‍ ബാസ്റ്റക്കറ്റ്‌ ബോളിന്‌ പെണ്‍കരുത്ത്‌ നല്‍കിയ അതുല്യ താരമാണ്‌ ഗീതു അന്നാ ജോസ്‌. ഓസ്‌ട്രേലിയന്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ലോകത്തേക്ക്‌ കടന്നു ചെല്ലുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത. കളിച്ച മത്സരങ്ങളിലെല്ലാം ടോപ്‌ സ്‌കോറര്‍ എന്ന മികവും. കളിക്കാനിറങ്ങുമ്പോള്‍ പഴയ നിയമത്തിലെ 20ാം സങ്കീര്‍ത്തനവും, മത്സരത്തിനു ശേഷം 21ാം സങ്കീര്‍ത്തനവും വായിക്കണമെന്ന്‌ നിര്‍ബന്ധമുള്ള വിശ്വാസി.

ബാസ്‌ക്കറ്റ്‌ ബോള്‍ കളിയില്‍ ലോകത്തിന്റെ ഉയരങ്ങളില്‍ നില്‍ക്കുന്ന ഗീതു ഓര്‍മ്മകളിലേക്ക്‌ സഞ്ചരിച്ചപ്പോള്‍...

സ്‌കൂള്‍ പഠന കാലത്ത്‌ ഗീതു അത്‌ലറ്റിക്‌സിലാണ്‌ തിളങ്ങിയിരുന്നത്‌ എന്നു കേട്ടിട്ടുണ്ട്‌?

ശരിയാണ്‌. സ്‌കൂള്‍ പഠനകാലത്ത്‌ അത്‌ലറ്റിക്‌സ്‌ മത്സരങ്ങളില്‍ ജില്ലാതലത്തില്‍ വ്യക്തിഗത ചാമ്പ്യനായിട്ടുണ്ട്‌. ഹൈജംപ്‌, ലോംഗ്‌ ജംപ്‌. ഹര്‍ഡില്‍സ്‌ എന്നിവയിലായിരുന്നു മത്സരിച്ചിരുന്നത്‌. എന്റെ ഇഷ്‌ട ഇനം ഹൈജംപ്‌ ആയിരുന്നു. ഒരിക്കല്‍ സംസ്ഥാന കായികമേള നടന്നത്‌ കോട്ടയത്തായിരുന്നു. അന്നു മത്സരിക്കാന്‍ പറ്റാതെ പോയത്‌ ഇന്നും ഞാന്‍ മറന്നിട്ടില്ല. എന്റെ മത്സരം ഒരു ഞാറാഴ്‌ച ദിവസമായിരുന്നു. കായികമേള നടക്കുന്നത്‌ ഇവിടെ കോട്ടയത്ത്‌ ആയിരുന്നതിനാല്‍ ഞാന്‍ ശനിയാഴ്‌ച വൈകിട്ട്‌ വീട്ടില്‍ പോയി. പിറ്റേന്നു പള്ളിയില്‍ പോയതിനു ശേഷം മത്സരം നടക്കുന്നിടത്ത്‌ എത്തി. അപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത്‌ മത്സരം കഴിഞ്ഞെന്ന വാര്‍ത്തയായിരുന്നു. ഞാനാകെ തകര്‍ന്നുപോയി. മത്സരത്തിന്റെ സമയം മാറ്റിയത്‌ ആരും എന്നെ അറിയിച്ചില്ല. സമ്മാനം നേടുമെന്ന്‌ ഉറച്ചു വിശ്വസിച്ചിരിക്കുകയായിരുന്നു ഞാന്‍. അതോടെ ഞാന്‍ കരിച്ചിലായി. കരഞ്ഞു കൊണ്ടാണ്‌ ഹര്‍ഡില്‍സില്‍ പങ്കെടുത്തത്‌. അതോടെ അതിലും പിന്നിലായി. അന്ന്‌ ഞാന്‍ ദുഖിച്ചതിന്‌ ഒരു കഅളവുമില്ല. ഒരു കോച്ചിംഗ്‌ പോലുമില്ലാതെ ട്രാക്കിലിറങ്ങിയ നാളുകളായിരുന്നു അത്‌.

പിന്നീട്‌ ബാസ്‌ക്കറ്റ്‌ ബോളില്‍ വരാനുണ്ടായ സാഹചര്യം?

തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. എട്ടാംക്ലാസില്‍ വെച്ചാണ്‌ ബാസ്‌ക്കറ്റ്‌ ബോളിലേക്ക്‌ തിരിയുന്നത്‌. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നത്‌. അതിനു മുമ്പ്‌ വോളിബോള്‍ കളിക്കുമായിരുന്നു. അതായിരുന്നു കൂടുതല്‍ ഇഷ്‌ടം. പക്ഷെ പരിശീലനത്തിന്‌ സൗകര്യങ്ങളില്ലായിരുന്നു. എന്റെ ഉയരം കൂടി കണ്ടിട്ടാവണം സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എന്നെ ബാസ്‌ക്കറ്റ്‌ ബോളിലേക്ക്‌ ക്ഷണിച്ചത്‌.

എങ്ങനെയായിരുന്ന ബാസ്‌ക്കറ്റ്‌ ബോള്‍ ടീമിലെ തുടക്കം?

കോര്‍ട്ടിലെ എന്റെ ആദ്യ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല. സ്‌കൂളില്‍ സ്‌പോര്‍ട്ട്‌ സീസണായിരുന്നു അത്‌. കോര്‍ട്ടില്‍ തകൃതിയായി കോച്ചിംഗ്‌ നടക്കുകയാണ്‌. ആദ്യമായതിനാല്‍ ഞാന്‍ അല്‌പം ടെന്‍ഷനോടെയാണ്‌ അവിടെയെത്തിയത്‌. മറ്റു കുട്ടികള്‍ കോര്‍ട്ടിനു ചുറ്റും ഓടാന്‍ തയാറെടുക്കുകയായിരുന്നു. അപ്പോഴവിടെ എത്തിയ എന്നെ കണ്ട്‌പപോള്‍ കോച്ച്‌ അവരുടെ കൂടെ ഓടാന്‍ ആവശ്യപ്പെട്ടു. പക്ഷെ ഓട്ടം നിന്ന്‌ 25 റൗണ്ട്‌ പിന്നിട്ടപ്പോള്‍. ഓടി തീര്‍ന്നതും ഞാന്‍ വീണു പോയി. പിന്നെ എന്റെ കരച്ചിലായിരുന്നു കോര്‍ട്ടില്‍ കേട്ടത്‌. ആകെ തകര്‍ന്നുപോയി. ഇങ്ങനെയാണ്‌ ബാസ്‌ക്കറ്റ്‌ ബോളെങ്കില്‍ ഇനിയില്ലെന്ന്‌ തീരുമാനിച്ചു. പക്ഷെ അധ്യാപകര്‍ വിട്ടില്ല. അവര്‍ നിര്‍ബന്ധിച്ചു. ഉയരം എന്റെ അഡ്വാറ്റേജാണെന്ന്‌ അവര്‍ പറയുമായിരുന്നു. ക്രമേണ സ്‌കൂള്‍ ടീമിലേക്ക്‌ സെലക്ഷന്‍ ലഭിച്ചു. 2002ല്‍ സ്റ്റേറ്റ്‌ ജൂനിയര്‍ ടീമിലും, 2003ല്‍ സീനിയര്‍ ടീമിലുമെത്തി. 2004ല്‍ ആണ്‌ ദേശിയ ടീമിലെത്തുന്നത്‌. 2009ല്‍ ഏഷ്യന്‍ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്‌റ്റനായി.

ഇന്ത്യയുടെ നായികയായപ്പോള്‍ എങ്ങനെയായിരുന്നു മാനസീകാവസ്ഥ?

ആ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്‌. ടീമിന്റേ ജേഴ്‌സിയണിയുമ്പോള്‍ തന്നെ വല്ലാത്തൊരു ആവേശമായിരുന്നു. 2004ല്‍ ആണ്‌ ദേശിയ ടീമില്‍ കളിക്കാന്‍ തുടങ്ങുന്നത്‌. എന്നെങ്കിലും ഒരിക്കല്‍ ടീമിനെ നയിക്കാന്‍ കഴിയുമെന്ന്‌ വിശ്വാസമുണ്ടായിരുന്നു. ക്യപ്‌റ്റനായിരിക്കുമ്പോള്‍ എന്റെ കൂടെകളിക്കുന്നവരുടെ മേല്‍ ഞാനൊരു നിര്‍ദ്ദേശവും അടിച്ചേല്‍പ്പിക്കാറില്ല. സ്വതന്ത്രമായി കളിക്കുമ്പോളാണ്‌ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ഓരോ കളിക്കാരനും കളിക്കാരിക്കും പുറത്തെടുക്കാന്‍ കഴിയുക. അതുപോലെ തന്നെ ഒരു സമര്‍ദ്ദവും സഹകളിക്കാരെ അറിയിക്കില്ല. ക്യാപ്‌റ്റന്റെ അധികാരമുപയോഗിച്ച്‌ നിയന്ത്രിക്കാറുമില്ല.

ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ടില്‍ എത്രകാലം തുടരണമെന്നാണ്‌ ആഗ്രഹം?

കഴിവുള്ളവരെ ലോകം എന്നും അംഗീകരിക്കും എന്ന കാഴ്‌ചപ്പാടാണ്‌ എനിക്കുള്ളത്‌. കളിയില്‍ മാത്രമാണ്‌ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുള്ളത്‌. എനിക്ക്‌ എന്റെ മികച്ച കളി കോര്‍ട്ടില്‍ കാഴ്‌ചവെക്കാന്‍ കഴിയുന്നിടത്തോളം കാലം കളിയില്‍ തുടരും.

വിദേശക്ലബിലെ അനുഭവങ്ങള്‍?

ഓസ്‌ട്രേലിയന്‍ ക്ലബ്ലായ റിംഗ്‌വുഡിലാണ്‌ ഞാന്‍ കളിച്ചത്‌. ഞാന്‍ ഇന്ന്‌ ബാസ്‌ക്കറ്റ്‌ ബോളില്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്‌ റിംഗ്‌വുഡിലെ പരീശിലനം വലിയ ഘടകമാണ്‌. വളരെ സിസ്റ്റമാറ്റിക്കായ പരീശിലനമായിരുന്നു അവിടെ. പിന്നെ കായിക ഭാഷ എല്ലായിടത്തും ഒരുപോലെയാണ്‌.

വലിയ ദൈവ വിശ്വാസിയാണല്ലോ?

വളരെ ശരിയാണ്‌. പ്രാര്‍ഥിച്ചതിനു ശേഷമേ മത്സരിക്കാനിറങ്ങു. ദൈവത്തെ വിചാരിച്ചുകൊണ്ടാണ്‌ കളിയാരംഭിക്കുക. കളി ആരംഭിക്കുന്നതിനു മുമ്പും പിമ്പും സങ്കീര്‍ത്തനങ്ങള്‍ വായിക്കുന്നത്‌ എന്റെ ശീലമാണ്‌.

http://www.emalayalee.com/UsKeralaAllNewsDetailsDisplay.aspx?ids=14095

ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ടിലെ ഓര്‍മ്മകള്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക