Image

നമ്മുടെ ഭാഷാ സ്‌നേഹത്തെ വിശകലനം ചെയ്യണം : കെ. ജയകുമാര്‍

Published on 25 February, 2013
നമ്മുടെ ഭാഷാ സ്‌നേഹത്തെ വിശകലനം ചെയ്യണം : കെ. ജയകുമാര്‍
മലയാളിയുടെ ഭാഷാഭിമാനത്തിന്റെ പൊരുളിന് പിന്നിലെ ഇരട്ടമുഖത്തെ ശക്തമായ വിശകലനത്തിന് വിധേയമാക്കണമെന്ന് മലയാള സര്‍വലാശാല വൈസ് ചാന്‍സലര്‍ ശ്രീ. കെ. ജയകുമാര്‍ പറഞ്ഞു.

ഏറ്റവും മികച്ച മലയാള ഗവേഷണ പ്രബന്ധത്തിന് കേരള സര്‍വകലാശാലയും ഫൊക്കാനയും ചേര്‍ന്ന് നല്‍കുന്ന 'ഭാഷയ്‌ക്കൊരു ഡോളര്‍' പുരസ്‌കാരം  ഡോ. ജി. സജിനയ്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മലയാള ഭാഷാസ്‌നേഹികള്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍, ഇതേ കേരളത്തില്‍ത്തന്നെ മലയാളഭാഷ പഠിപ്പിക്കാന്‍ ഒരു വിഭാഗം സി.ബി.എസ്.ഇ സ്‌കൂള്‍ അധികൃതരെ നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥയാണുള്ളത്.  മാതൃഭാഷ പഠിക്കാതെ ഒരു കുട്ടിക്ക് പന്ത്രണ്ടാം ക്ലാസ് വരെ കടന്നുപോകാമെന്ന അവസ്ഥ ഈ രാജ്യത്ത് കേരളത്തില്‍ മാത്രമേ കാണൂ.  ഇവിടെ പലരും ഭാഷാസ്‌നേഹികളായിരിക്കും.  പക്ഷേ അവരുടെ മക്കളെ മലയാളം ഒട്ടും പഠിപ്പിക്കാത്ത ആംഗല സ്‌കൂളുകളില്‍ മാത്രമേ അവര്‍ പഠിപ്പിക്കൂ.  ഈ സ്ഥിതിമാറ്റാന്‍ ഭാഷാസ്‌നേഹികള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം.  അല്ലാതെന്തു ഭാഷാസ്‌നേഹം? - അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ മലയാളം പഠിപ്പിക്കില്ലെന്ന ദുര്‍വാശി ആര്‍ക്കാണെന്ന് തിരിച്ചറിയണം. മാതൃഭാഷ പഠിപ്പിക്കണമെന്ന ന്യായമായ നിര്‍ദ്ദേശത്തെ ഒരു ഭയാനക ഉത്തരവായി ചിത്രീകരിച്ച് അതിനെതിരെ പണം മുടക്കി കേസ് നടത്തുന്നവര്‍ അറിയാത്ത ഒരു സത്യമുണ്ട് - മലയാളത്തിന്റെ സമ്പന്നമായ സാഹിത്യ സാംസ്‌കാരിക സാമ്രാജ്യത്തില്‍ നിന്ന് അവര്‍ നമ്മുടെ കുട്ടികളെ നാടുകടത്തുകയാണ്.  എഴുത്തച്ഛനെയും ആശാനെയുമൊന്നും അറിയാത്ത ഒരു തലമുറ വളര്‍ന്നുവരുന്നതിനെ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നത് ഭാഷാസ്‌നേഹത്തിന്റെ ലക്ഷണമല്ല - അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ഇന്നൊരു ഭാഷയ്ക്കും നിലനില്‍പ്പില്ല എന്ന ശ്രീ. ജയകുമാര്‍ പറഞ്ഞു.  ഇന്റര്‍നെറ്റില്‍ മലയാളത്തിന്റെ സാന്നിദ്ധ്യം ശക്തിപ്പെടുത്താന്‍ മലയാള സര്‍വകലാശാല ശ്രദ്ധിക്കും.  ഒരു 'കമ്പ്യൂട്ടര്‍ സൗഹൃദഭാഷ'യായി മലയാളത്തെ മാറ്റിയെടുക്കുന്നതിന് ശ്രമിക്കേണ്ടത് ഇന്നത്തെ ബൗദ്ധിക കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പിന് ആവശ്യമാണ്.  ഐ.ടി എന്ന പടക്കുതിരയെ നയിച്ചുകൊണ്ട് ആംഗലം ജൈത്രയാത്ര നടത്തുമ്പോള്‍ മുഖ്യധാരയില്‍ നിന്ന് മലയാളം തഴയപ്പെടാതിരിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ അനിവാര്യമാണ് - അദ്ദേഹം പറഞ്ഞു.

മറ്റ് സംസ്‌കാരങ്ങളെയും ഭാഷയേയും അറിയാനായി മനസ്സിന്റെ വാതിലുകള്‍ തുറന്നിടണമെന്നുള്ളത് ശരിതന്നെ. എന്നാല്‍, സ്വന്തം സംസ്‌കാരത്തിന്റെ മേല്‍ക്കൂര നഷ്ടപ്പെടാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ചടങ്ങില്‍ ആദ്ധ്യക്ഷം വഹിച്ച പ്രോ-വൈസ് ചാന്‍സലര്‍ ഡോ.ജെ. പ്രഭാഷ് പറഞ്ഞു.  ചെറുത്തുനില്‍പ്പിന്റെ ഭാഷ മാതൃഭാഷയാണ്.  അതില്ലാതായാല്‍ സാംസ്‌കാരിക അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പുതന്നെ ഇല്ലാതാവും - അദ്ദേഹം പറഞ്ഞു.

2012-ലെ ഏറ്റവും മികച്ച മലയാളം പ്രബന്ധത്തിനുള്ള അവാര്‍ഡ് ഡോ.ജി. സജിനയ്ക്ക് ശ്രീ. കെ. ജയകുമാര്‍  സമ്മാനിച്ചു.  അമ്പതിനായിരം രൂപയും ബഹുമതി പത്രവുമാണ് പുരസ്‌കാരം. 'ഭാഗവതം ഇരുപത്തിനാല് വൃത്തം - സംശോധിത സംസ്‌കരണവും പഠനവും' എന്ന പ്രബന്ധമാണ് അവാര്‍ഡിനര്‍ഹമായത്.  സജിനയ്ക്ക് ഗവേഷണ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ കേരള സര്‍വകലാശാല ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് മാനുസ്‌ക്രിപ്റ്റ്‌സ് ലൈബ്രറി മേധാവി ഡോ.കെ.ജി. ശ്രീലേഖയെയും ചടങ്ങില്‍ ആദരിച്ചു.  യോഗത്തില്‍ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ശ്രീ. ആര്‍.എസ്. ശശികുമാര്‍, ഡോ. പി. മോഹനചന്ദ്രന്‍ നായര്‍, പി.ആര്‍.ഒ എസ്.ഡി. പ്രിന്‍സ്, ഫോക്കാന പ്രതിനിധികളായ ഡോ. എം. അനിരുദ്ധന്‍, മറിയാമ്മ പിള്ള, ഡോ. പാര്‍ത്ഥസാരഥി പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.


നമ്മുടെ ഭാഷാ സ്‌നേഹത്തെ വിശകലനം ചെയ്യണം : കെ. ജയകുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക