Image

വെളിച്ചം ദുഃഖമാണുണ്ണി- പവര്‍കട്ടാണ് സുഖപ്രദം: ജോസ് കാടാപുറം

ജോസ് കാടാപുറം Published on 23 April, 2013
വെളിച്ചം ദുഃഖമാണുണ്ണി- പവര്‍കട്ടാണ് സുഖപ്രദം: ജോസ് കാടാപുറം
വായുവും വെള്ളവും പോലെതന്നെ ആധുനിക മനുഷ്യജീവിതത്തിന് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിട്ടുണ്ട് വൈദ്യുതി. അനിവാര്യമായ വൈദ്യുതി കുറഞ്ഞ ചിലവില്‍ കുറ്റമറ്റ രീതിയിലും എത്തിക്കുകയെന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുന്ന ഏതൊരു സര്‍ക്കാരിന്റെയും പ്രാഥമിക കടമയാണ്. എന്നാല്‍, കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന വ്യക്തികളുടെയും, സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അഴുക്കുചാലില്‍ കിടന്ന പരസ്പരം ചെളിവാരിയെറിയുന്ന സര്‍ക്കാര്‍ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളോടും മുഖം തിരിഞ്ഞിരിക്കുന്നതായി ബോദ്ധ്യമാകുന്ന അനുഭവമാണ് കേരളത്തിലെ സാധാരണക്കാര്‍ക്ക്.
കൊടിയ വേനലിന്റെയും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെയും കെടുതിയില്‍ ശ്വാസംമുട്ടുന്ന ജനതയെ കടുത്ത വൈദ്യുതി ക്ഷാമത്തിന്റെ തീച്ചൂളയിലേക്ക് തള്ളി ട്ടിരിക്കുന്നു.
വേനലവധിക്ക് വലിയ ടിക്കറ്റ് ചാര്‍ജും നല്‍കി കേരളത്തിലേക്ക് കുട്ടികളുമായി നാട്ടില്‍ പോകാനിരിക്കുന്ന അമേരിക്കന്‍ മലയാളികള്‍ വിളക്കുകളും, മെഴുകുതിരികളും പെട്ടിയ്ക്കുള്ളില്‍ നിറച്ച് യാത്രതിരിക്കേണ്ട ഗതി കേട്.
മഴയുടെ ശോഷണവും, അതിന്റെ ഫലമായി ഉണ്ടാകാനിടയുള്ള വൈദ്യുതി ഉല്‍പാദനത്തിന്റെ കുറവും മുന്‍കൂട്ടി കണ്ടുകൊണ്ട് കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനോ കേന്ദ്രവിഹിതം തടസ്സം കൂടാതെ ലഭ്യമാക്കാനോ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല.
മാസങ്ങളായി കേരളം വൈദ്യുതി നിയന്ത്രണത്തിന്റെ പിടിയിലകപ്പെട്ടിട്ട്. അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗ് എന്ന് പറഞ്ഞിട്ട്, രണ്ട് മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ പവര്‍കട്ടുണ്ട് പകല്‍. രത്രി സമയം പതിവുപോലെ ഒരു മണിക്കൂര്‍ പവര്‍ക്കട്ടും ഉണ്ട്. ചുരുക്കത്തില്‍ അപ്രാഖ്യാപിത പവര്‍കട്ടിലൂടെ കേരളം 4 മണിക്കൂറോളം ഒരു ദിവസം കടുത്ത വേനല്‍ ചൂടില്‍ എരിതീയില്‍ അകപ്പെട്ട അവസ്ഥയിലാണ്.
കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം കുറഞ്ഞതുമാണ് കാരണമായി പറയുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ വൈദ്യുതി ക്ഷാമത്തിന് ഇത്തരം ന്യായവാദങ്ങള്‍ നിരത്തുന്നതല്ലാതെ പ്രതിസന്ധി മിറകടക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തതാണ് പ്രശ്‌നം. വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന സാരോപദേശം നല്‍കുന്ന ജോലി മാത്രമാണ് വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്. നാട്ടുകാരെ ഉപദേശിക്കുന്ന മന്ത്രിയുടെ വസതിയില്‍ വൈദ്യുതി ബില്‍ ആയിരക്കണിക്ക് രൂപയുടെ വര്‍ദ്ധനവുണ്ടാകുന്നത് വേറെ കാര്യം.
നാക്കിന് ഒരു മുഴം നീളം ഉണ്ടായാല്‍ നാട്ടില്‍ കരണ്ട് ഉണ്ടാകില്ല!! ഡാമില്‍ വെള്ളമില്ലെന്ന് പറയുന്നവര്‍ മുല്ലപ്പെരിയാറിലെ വെള്ളം അനധികൃതമായി ഒഴുക്കി കളയുകയും ചെയ്തു. അററകുറ്റപണികള്‍ തീര്‍ക്കാതെ.
ബഹുമാനപ്പെട്ട ഏ.കെ. ആന്റണി പറഞ്ഞതു പോലെ കാലത്തിന്റെ ചുമരെഴുത്ത് മനസ്സിലാകാത്തവരാണ് കേരള മന്ത്രിമാരില്‍ പലരും. കട്ടപ്പുറത്തായ ട്രാന്‍സ്‌പോര്‍ട്ടു ബസ്സും തെളിയാത്ത ഇലക്ട്രിക് ബള്‍ബും പെരുച്ചാഴിക്ക് പോലും വേണ്ടാതായ റേഷന്‍കടകളും കണ്ടുമടുത്ത കേരളീയര്‍ക്ക് ഇതില്‍ കൂടുതല്‍ ഈ വേനലില്‍ എന്തുവേണം?!!
വയനാട്ടില്‍ നിന്നുള്ള 200 മെഗാവാട്ട് കാറ്റില്‍ നിന്നുള്ള കറന്റ്
കാറ്റു തന്നെ കൊണ്ടുപോയോ?; സൈലന്റ് വാലി പദ്ധതി സിംഹവാലന്‍ കുരങ്ങ് കൊണ്ടുപോയി. പിന്നെ എവിടെ നിന്നാണ് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്?! വൈദ്യുതി ഇല്ലാതെ എങ്ങനെ എമര്‍ജിംഗ് കേരള പരിപാടികള്‍ വരും ആര്‍ക്കറിയാം?
Join WhatsApp News
RAJAN MATHEW DALLAS 2013-05-06 11:28:45
' ഈ സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ വൈദ്യുതി ക്ഷാമത്തിന് ഇത്തരം ന്യായവാദങ്ങള്‍ നിരത്തുന്നതല്ലാതെ പ്രതിസന്ധി മിറകടക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്തതാണ് പ്രശ്‌നം.'
മുൻ സർകാർ എന്ത് ചെയ്തു വൈദുതി ഉത്പാദനം വർദിപ്പിക്കാൻ എന്ന് കൂടി പറയാമായിരുന്നു! അറിവില്ലാത്ത ഇപ്പോഴെത്തെ സർകാരിന് എങ്ങനെ ഒക്കെ വൈദുതി ഉത്പ്പാദനം കൂട്ടാം എന്ന് കൂടി പറഞ്ഞു കൊടുക്കാമായിരുന്നു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക