Image

ഈശ്വരചിന്ത: ഇതൊന്നേ മനുജനു..!

ബിനോയി സെബാസ്റ്റ്യന്‍ Published on 25 September, 2011
ഈശ്വരചിന്ത: ഇതൊന്നേ മനുജനു..!
മതം രാഷ്‌ട്രീയത്തില്‍ ഇടപെടാമോ? പ്രത്യേകിച്ചും കേരള രാഷ്‌ട്രീയത്തില്‍! പാടില്ല എന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയും അദേഹത്തിന്റെ സഹപ്രവര്‍ത്തകരും ആണയിട്ടു പറയുന്നു. അങ്ങനെ ഇടപെട്ടാല്‍ ഏതുതരം കുരിശു ചുമക്കുന്ന പുരോഹിതനാണെങ്കിലും അയാള്‍ വിമര്‍ശിക്കപ്പെടുമെന്ന്‌ സത്യംസത്യമായി വിജയന്‍ പറഞ്ഞുകഴിഞ്ഞു. മതം രാഷ്‌ട്രീയത്തില്‍ ഇടപടുന്നതുകൊണ്ടു യാതൊരു തെറ്റുമില്ലെന്ന്‌ ഇന്‍ഡ്യന്‍ മുസ്‌ളീം ലീഗ്‌ നേതാവ്‌ പികെ.കുഞ്ഞാലിക്കുട്ടിയും ബിജെ.പി.അഖിലേന്ത്യാ നേതാവ്‌ ഒ.രാജഗോപാലും പറയുന്നു. രാഷ്‌ട്രീയപ്രശ്‌നങ്ങളെക്കുറിച്ച്‌ മതനേതാക്കള്‍ അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്ന്‌ ചെന്നിത്തലയും മറ്റു കോണ്‍ഗ്രസുകാരും പഴയ പീലാത്തോസിന്റെ പുതിയ നയത്തില്‍ പറയുന്നു. ഇതിലേതാണ്‌ ശരി? അല്ലെങ്കില്‍ ഇതില്‍ ശരിയുണ്ടോ?

പ്രസക്തമായ ഈ ചോദ്യത്തിനുത്തരം കിട്ടണമെങ്കില്‍ ഇവരില്‍ ആരു നേരത്തെ പിറവിയെടുത്തു എന്നു തിരിച്ചറിയണം. മതമോ രാഷ്‌ട്രീയമോ? ഇ.എം ഫോസ്റ്ററുടെ ഭാഷയില്‍ പറഞ്ഞാല്‍ മതം എന്നാല്‍ വിശ്വാസമാണ്‌. ആദിയില്‍ പ്രപഞ്ചമനസിലേക്കു തൊടുത്തു വിട്ട സനാതനമായ ആ ബ്രഹ്‌മാണ്‌ഡാതീതശബ്‌ദം ശ്രവിച്ചു വിശ്വാസത്തിന്റെ പകല്‍നിനവുകളിലേക്കു വന്ന ഏതെങ്കിലും മനുഷ്യജന്മം അന്നുണ്ടായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം. മനുഷ്യന്റെ തിരിച്ചറിവിന്റെ കാലം മുതല്‍ വിശ്വാസാവിശ്വാസത്തിന്റെ തീപ്പുരകളിലായിരുന്നു അവന്റെ കുടിയിരുപ്പ്‌. അവന്‌ അതീതമെന്ന്‌ തോന്നിയതെല്ലാം അവന്റെ ദൈവങ്ങളായി. സഹസ്രാബ്‌ദങ്ങള്‍ക്കു മുമ്പു മുനിജന്മ സമാനമായ ഹൃദയങ്ങളില്‍ നിന്നും വാര്‍ന്നു വീണ ഇതിഹാസങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത ദേവഗണങ്ങളുടെ ശാപവചസുകളെ ഭയപ്പെട്ടവര്‍ തീര്‍ച്ചയായും നമ്മുടെ പ്രപിതാമഹന്മാര്‍ കൂടിയായിരുന്നു. ഇതു വസ്‌തുതയാണ്‌. വിശ്വാസം അഥവാ മതം പണ്ടേ ജനിച്ചിരുന്നു. ഒരുപക്ഷെ പഴയ കമ്യൂണിസ്റ്റുകാരുടെ വാമൊഴി കടംകൊണ്ടു പറഞ്ഞാല്‍ ഈശ്വരന്‍ ജനിക്കും മുമ്പ്‌.

പുരാതനശിലായുഗമൊക്കെ പിന്നിട്ട്‌ മനുഷ്യന്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ ഗോത്രങ്ങളും ഗോത്രമൂപ്പന്മാരുമുണ്ടായി. വക്കുടഞ്ഞ രാഷ്‌ട്രീയത്തിലും വാശിയിലും വിദ്വേഷത്തിലും അധിഷ്‌ഠിതമായ വിജയത്തിന്റെയും പരാജയത്തിന്റയും പുത്തന്‍ അനുഭവങ്ങളുണ്ടായി. യുദ്ധക്കോപ്പുകളുടെ ശക്തിയും നശീകരണരീതിയും മാറി മാറിവന്നു. രാഷ്‌ട്രങ്ങള്‍ രാഷ്‌ട്രങ്ങളോടും സമുഹം സമുഹത്തോടും പൊരുതി. മനുഷ്യന്റെ പൊതുസമൂഹം എന്നതിനേക്കാള്‍ മതപരവും രാഷ്‌ട്രീയപരവും സമുദായപരവുമായി സ്വയം വെട്ടിവേര്‍പെട്ടുപോയ അധുനീകജീവിതത്തില്‍ രാഷ്‌ട്രീയം മതത്തേയും മതം രാഷ്‌ട്രീയത്തെയും പരസ്‌പരം അകറ്റി നിര്‍ത്തുവാന്‍ ശ്രമിക്കുന്ന കാഴ്‌ചയാണ്‌ പ്രത്യക്ഷത്തില്‍ നാം കാണുന്നത്‌. യഥാര്‍ത്‌ഥത്തില്‍ സ്വഭാവപരമായി രാഷ്‌ട്രീയവും മതവും രണ്ടല്ല. ഒരു നാണയത്തിന്റെ അല്‌പം വ്യത്യാസമുള്ള ഒരേ വശം മാത്രമാണ്‌. സുക്ഷിച്ചു നോക്കുക. ശരിയല്ലേ?

മതമില്ലാതെ രാഷ്‌ട്രീയമില്ല. അതുപോലെ തന്നെ രാഷ്‌ട്രീയമില്ലാതെ മതവുമില്ല. പഴയ റോമന്‍ സാമ്രാജ്യത്തിലും ഭാരതത്തിലെ ചക്രവര്‍ത്തിമാരും മഹാരാജാക്കന്മാരുമെല്ലാം ഭരിച്ചിരുന്ന രാജ്യങ്ങളിലുമെല്ലാം അവരെ നയിക്കുവാനും ഉപദേശിക്കുവാനും ഗുരുക്കന്മാരും ആചാര്യന്മാരും ഉണ്ടായിരുന്നു. പലപ്പോഴും മതവക്താക്കളും രാജാക്കന്മാരും തമ്മില്‍ പിണക്കങ്ങളോ ചെറു വാശികളോ ഉണ്ടായിട്ടുണ്ട്‌. പക്ഷെ ഒടുവില്‍ അവിടെയെല്ലാം മതമോ മതശക്തികളോ ആയിരുന്നു പലപ്പോഴും വിജയിക്കുവാന്‍ ഇടവന്നിട്ടുള്ളത്‌. പിണറായി വിജയന്റെ പഴയ സ്വപ്‌നഭൂമിയായിരുന്ന സോവിയറ്റ്‌ റഷ്യയില്‍ ഇന്നു നടക്കുന്നത്‌ ശ്രദ്ധിച്ചാല്‍ അതിന്റെ പൊരുള്‍ മനസിലാകും.

രാഷ്‌ട്രീയവും മതവും അപഭ്രംശമേറ്റ അവസ്ഥയിലാണ്‌ ഇന്നു കേരളത്തില്‍. സ്വാര്‍ത്‌ഥതാല്‌പര്യങ്ങള്‍ക്കായി മതരാഷ്‌ട്രീയനേതാക്കള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ കൈകോര്‍ക്കുന്നു. സത്യത്തില്‍ ഈ നേതാക്കള്‍ ഒരിക്കലും സാധാരണ ജനങ്ങളുടെ പേരില്‍ വാതുവയ്‌ക്കുവാനോ വാശിയിലേര്‍പ്പെടുവാനോ പാടില്ല. അവസരോചിതമായി കമ്യണിസ്റ്റു പാര്‍ട്ടി ഉള്‍പ്പെടെയുള്ള ഏതു പാര്‍ട്ടിയും ഏതു മതവുമായും, ആരുമായും പ്രണയിക്കും. കെട്ടിപ്പിടിക്കും. ഉമ്മ വയ്‌ക്കും. പിന്നെ കൊള്ളാവുന്ന മറ്റൊരവസരം വരുമ്പോള്‍ ഇതെല്ലാം മറക്കും കെട്ടിപ്പിടിച്ചവനെ കൊടാലികൊണ്ടു വെട്ടും. ഇവിടെ മതവും രാഷ്‌ട്രീയവും തമ്മില്‍ യാതൊരു ഭിന്നതയുമില്ല. ഈ നീതികേടിന്റെ ദുരന്തം അനുഭവിക്കുന്നവര്‍ സാദാ മതവിശ്വാസികളും സാദാ രാഷ്‌ട്രീയപ്രവര്‍ത്തകരും മാത്രം. അവരാണ്‌ ശരിയായ ന്യൂനപക്ഷങ്ങള്‍! അവര്‍ക്കാണു ന്യൂനപക്ഷസംരക്ഷണം നല്‍കേണ്ടത്‌. അതല്ലേ അതിന്റെ ശരി?

യാതൊരു മറയുമില്ലാതെ ചിന്തിക്കുക. യഥാര്‍ത്‌ഥത്തില്‍ സകല ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവായ ഈശ്വരന്‌ ഇന്നു കേരളത്തില്‍ നടക്കുന്ന തദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വല്ല കാര്യവുമുണ്ടോ? ഇല്ല! തിരഞ്ഞെടുപ്പു സംബന്ധമായ കാര്യങ്ങള്‍ ഇലക്‌ഷന്‍ കമ്മീഷനും പിണറായി വിജയനും മറ്റു യൂഡിഎഫ്‌, എല്‍ഡിഎഫ്‌ നേതാക്കളും വിവിധ സമുദായ, മതനേതാക്കളും മറ്റും ആലോചിച്ചു ചെയ്‌തുകൊള്ളും. ദൈവത്തിനു മറ്റെന്തെല്ലാം പണികളാണ്‌ ഇവര്‍ നല്‍കിയിരിക്കുന്നത്‌. തിരുവായ്‌ക്കെതിര്‍ വായില്ലാതെ സൃഷ്ടിച്ചവന്‍ തന്നെ ഇവര്‍ക്കായി അതെല്ലാം ചെയ്യണം. അനുസരണയാണ്‌ ഇനിയുള്ള കാലം ദൈവത്തിനും നല്ലത്‌.

ചുരുക്കി പറഞ്ഞാല്‍ മതവും രാഷ്‌ട്രീയവും ഇന്നു മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌! പ്രപഞ്ചദാതാവായ ഈശ്വരന്‌ ഇതിലെന്തു കാര്യം? മതം രാഷ്‌ട്രീയത്തില്‍ ഇടപെട്ടാലും ഇല്ലെങ്കിലും. പിണറായിയും കൂടുതല്‍ വിവരമുള്ള ചില പുരോഹിതരും ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. നെറ്റിയിലെ വിയര്‍പ്പുകൊണ്ടു അന്നം കഴിക്കാത്തവര്‍ക്കു നമ്മുടെ ചെറിയ സംസ്ഥാനത്തു ഇതില്‍ കുടുതലെന്തു ചെയ്യുവാനാണ്‌. അതവരുടെ ആമാശയത്തിന്റെ പ്രശ്‌നമല്ലേ? അതാണു കച്ചവടം. ഈശ്വരാ.. സര്‍വ്വം സഹഃ.
ഈശ്വരചിന്ത: ഇതൊന്നേ മനുജനു..!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക