Image

വിമന്‍സ്‌ കോഡ്‌ ബില്‍ നടക്കാത്ത മനോഹര സ്വപ്‌നം

ജി.കെ. Published on 03 October, 2011
വിമന്‍സ്‌ കോഡ്‌ ബില്‍ നടക്കാത്ത മനോഹര സ്വപ്‌നം
പാമോയിലും പി.സി.ജോര്‍ജും കഴിഞ്ഞാല്‍ കേരളത്തിന്റെ നാല്‍ക്കവലകളും നാട്ടിടവഴികളും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം വിമന്‍സ്‌ കോഡ്‌ ബില്ല്‌ നടപ്പാക്കുന്നതിനായി ജസ്റ്റീസ്‌ കൃഷ്‌ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ടുവെച്ച ശുപാര്‍ശകളാണ്‌. രണ്‌ടില്‍ക്കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്കു തടവു ശിക്ഷ നല്‍കണമെന്ന്‌ ശുപാര്‍ശ ചെയ്യുന്ന നിയമ പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചതോടെയാണ്‌ വിവാദങ്ങളുടെ മരം പെയ്യാന്‍ തുടങ്ങിയത്‌. നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ ബാധിക്കുന്ന ശുപാര്‍ശ എന്ന നിലയില്‍, നിയമ പരിഷ്‌കരണ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ട്‌ പല തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്‌ടതുണ്‌ട്‌.

രണ്‌ടില്‍ക്കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കുന്ന മാതാപിതാക്കളെ ജയിലില്‍ അടയ്‌ക്കണമെന്നും അവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നും പറയുന്ന നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ തന്നെയാണ്‌ ഏറ്റവുമധികം വിമര്‍ശനത്തിന്‌ കാരണമായത്‌. നമ്മുടെ നാട്ടിലെ സാഹചര്യങ്ങള്‍വെച്ചു നോക്കുമ്പോള്‍ തീര്‍ത്തും അപ്രായോഗികം എന്നു തന്നെ വിലയിരുത്തപ്പെടുന്ന നിര്‍ദേശമായി മാത്രമെ ഇതിനെ കണക്കാക്കാനാവൂ എന്നതാണ്‌ വസ്‌തുത. കാരണം വ്യക്തി, കുടുംബം തുടങ്ങിയ വിഷയങ്ങളില്‍ സ്വന്തം മതവിശ്വാസപ്രകാരം ജീവിക്കാനും അത്‌ പ്രചരിപ്പിക്കാനുമുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്നുണ്‌ട്‌.

അതുകൊണ്‌ടുതന്നെ ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ കൊണ്‌ടുവരുന്ന സന്താനനിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌ വിപരീത ഫലങ്ങള്‍ മാത്രമേ ഉണ്‌ടാക്കു. വന്ധ്യംകരണം പ്രോത്സാഹിപ്പിക്കപ്പെടേണ്‌ടതു തന്നെയാണെങ്കിലും അത്‌ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്നത്‌ പൗരന്റെ മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്നതിന്‌ തുല്യമായിരിക്കും. ജനനം എന്നത്‌ മൗലികാവകാശമായി ഭരണഘടനയില്‍ എഴുതി വെച്ചിട്ടില്ലെങ്കിലും തങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്താന്‍ ഭരണഘടനയിലെ മുന്‍പറഞ്ഞ അവകാശം ഓരോ പൗരനും ഉറപ്പു നല്‍കിയിട്ടുണ്‌ട്‌.

അതേസമയം, ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ വക്കോളമെത്തിയ രാജ്യമാണ്‌ നമ്മുടേതെന്ന കാര്യവും മറക്കരുത്‌. അടുത്ത ഏതാനും പതിറ്റാണ്‌ടിനുള്ളില്‍ ചൈനയെ പിന്തള്ളി, ഇന്ത്യ ലോകജനസംഖ്യയില്‍ ഒന്നാമതെത്തുമെന്നാണു വിലിയിരുത്തുന്നത്‌. മാനവവിഭവ ശേഷിയില്‍ ഒന്നാമതെത്തുമെങ്കിലും മറ്റു മേഖലകളില്‍ അതുണ്‌ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതാവില്ല.

എല്ലാവര്‍ക്കും ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം, തൊഴില്‍ എന്നിവ ലഭ്യമാക്കുക എന്നത്‌ തീര്‍ത്തും അപ്രായോഗികമാവുകയും ചെയ്യും. അതുകൊണ്‌ടു തന്നെ ശാസ്‌ത്രീയമായ ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്നകാര്യത്തില്‍ രണ്‌ടഭിപ്രായമില്ല. എന്നാല്‍ അതു നടപ്പാക്കാന്‍ സ്വീകരിക്കുന്ന രീതിയെ മാത്രമാണ്‌ ജനങ്ങളും മതസംഘടനകളും എതിര്‍ക്കുന്നത്‌.

മാതൃകാപരമായി രീതിയില്‍ ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ എത്രയോ പ്രദേശങ്ങള്‍ നമ്മുടെ സംസ്ഥാനത്തുപോലും ഉണ്‌ട്‌. പത്തനംതിട്ട ജില്ല തന്നെ ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ്‌. ഓരോ വര്‍ഷവും ജനന നിരക്കും മരണ നിരക്കും തുല്യമായി നിലനിര്‍ത്തുന്ന ശാസ്‌ത്രീയ മാര്‍ഗം അവലംബിച്ചാണ്‌ പത്തനംതിട്ട ജില്ല ഇന്ത്യക്കു തന്നെ മാതൃകയായിട്ടുള്ളത്‌. അപ്പോള്‍ ശരിയായ ബോധവത്‌കരണത്തിലൂടെയും പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങള്‍ക്കു തന്നെ അതിനു കഴിയുമെന്നിരിക്കെ, നിയമം മൂലം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്‌ ജനാധിപത്യസമൂഹത്തില്‍ അങ്ങേയറ്റം കാടത്തപരമായ നടപടിയെന്നല്ലാതെ മറ്റൊന്നും പറഞ്ഞു വിശേഷിപ്പിക്കാനാവില്ല.

ഗര്‍ഭഛിദ്രം നിയമവിധേയവും സാര്‍വത്രികവും സൗജന്യവും ആയിരിക്കണമെന്ന നിര്‍ദേശവും കമ്മിഷന്‍ മുന്നോട്ടു വച്ചിട്ടുണ്‌ട്‌. തികഞ്ഞ കരുതലോടെ വേണം ഈ നിര്‍ദേശം നടപ്പിലാക്കാന്‍. ഗര്‍ഭധാരണവും ശിശുപാലനവും പവിത്രമായി കാണുന്ന ഒരു ജനതയ്‌ക്ക്‌ സാര്‍വത്രികമായ ഗര്‍ഭഛിദ്രം സാംസ്‌കാരികത്തകര്‍ച്ച തന്നെയാണ്‌. െ്രെകസ്‌തവ സമൂഹമാകട്ടെ, അത്‌ അവിശ്വാസത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്നു. നിര്‍ബന്ധിത വന്ധ്യംകരണം, സാര്‍വത്രിക ഗര്‍ഭഛിദ്രം, ദയാവധം തുടങ്ങിയ ജീവിത സാഹചര്യങ്ങളോട്‌ കേരളീയ സമൂഹം ആഭിമുഖ്യം പുലര്‍ത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌.

ഇതില്‍ ഏറ്റവും വിരോധാഭാസകരമായ കാര്യം ശുപാര്‍ശകള്‍ സമര്‍പ്പിച്ച സമിതിയില്‍ തന്നെ ഇതുസംബന്ധിച്ച്‌ അഭിപ്രായ സമന്വയമില്ല എന്നതാണ്‌. ആര്‌ എതിര്‍ത്താലും ശിപാര്‍ശകള്‍ പിന്‍വലിക്കില്ലെന്ന്‌ കൃഷ്‌ണയ്യര്‍ പറയുമ്പോള്‍ ബില്ലിലെ വിവാദ അധ്യായം നീക്കണമെന്നാവശ്യപ്പെട്ട്‌ കമ്മീഷന്‍ അംഗം സെറീന നവാസ്‌ തന്നെ പരസ്യമായി രംഗത്തു വരികയും ചെയ്‌തു. ശുപാര്‍ശ സമര്‍പ്പിച്ച കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ പോലും അഭിപ്രായ സമന്വയമില്ലെങ്കില്‍ ജനങ്ങളെ എങ്ങിനെ വിശ്വാസത്തിലെടുക്കുമെന്ന ചോദ്യവും ബാക്കിയാവുന്നു.

നിയമ നിര്‍മാണത്തിലൂടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പുറപ്പെട്ടാല്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നു തന്നെയാണ്‌ ഇവയെല്ലാം തെളിയിക്കുന്നത്‌. എല്ലാ വിഭാഗം ജനങ്ങളിലും വേണ്‌ടവിധം ബോധവത്‌കരണം നടത്തി, ജനങ്ങളുടെ പൂര്‍ണ മനസോടെ മാത്രമേ, ഇത്തരം നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കഴിയൂ. മനുഷ്യന്റെ പ്രകൃതി നിശ്ചിതവും ജൈവപരവുമായ ധര്‍മങ്ങളെ തടവുശിക്ഷ വിധിക്കാന്‍ പോന്ന ക്രിമിനല്‍ കുറ്റമെന്ന്‌ ശുപാര്‍ശ ചെയ്യാന്‍ ഒരു കമ്മീഷനും അധികാരമില്ല. അവ നടപ്പാക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ മുതിരുകയുമരുത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക