Image

ആത്മസുഹൃത്ത് (കവിത)- ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്‍

ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്‍ Published on 28 August, 2013
ആത്മസുഹൃത്ത് (കവിത)- ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്‍
ഒരു ശോകഗാനത്തിന്‍ പല്ലവിപോലെ
നില്‍പൂ ഞാനേകയായ് വിജനമീ വീഥിയില്‍
ലക്ഷ്യമില്ലാതേതോ യാത്ര തുടരുന്നു
ഏകാന്തപഥികയാം ഞാന്‍ വീണ്ടും
കരിമുകിലുകള്‍ നീലനഭസ്സില്‍ ദുഃഖ-
ഭാരവുമേന്തി ഒഴുകിനീങ്ങിമന്ദം
വിഷാദഭരിതമെന്‍ ഹൃദയമല്ലേ ദൂരെ
ശൂന്യത നിറഞ്ഞീടുമീ ശ്യാമാംബരം
നിരാലംബയിവള്‍ താലോലിച്ചൊരായിരം
മോഹങ്ങള്‍, ആശങ്കകള്‍, സുന്ദരസ്വപ്നങ്ങള്‍
മനസ്സിലെ പട്ടടയിലെരിഞ്ഞുപോയ്
വെറുമൊരു പിടിച്ചാമ്പലായ്ത്തീര്‍ന്നു
നഷ്ടവസന്തമീ മാനസതന്ത്രികളില്‍
ശോകാര്‍ദ്രമാം വിഷാദരാഗങ്ങളുണര്‍ത്തവേ
എന്മൂകഹൃത്തിലുയര്‍ന്നു തപ്തനിശ്വാസങ്ങള്‍
നിറമിഴികളില്‍ വിഷാദസമുദ്രമലയടിച്ചു
ഈ ദുഃഖപുത്രിതന്‍ നൊമ്പരങ്ങള്‍
അറിഞ്ഞതില്ലെന്നോ സ്വാര്‍ത്ഥമീലോകം
തേങ്ങിക്കരയുമെന്നെത്തഴുകിമെല്ലെ
ശ്രുതിമധുരമേതോ വേണുനിനാദം
സുഖദുഃഖങ്ങളിടകലരും കാവ്യമീജീവിതം
വ്യര്‍ത്ഥമായ് കണ്ണീരു തുവൂന്നതെന്തേനീ?
രാത്രിയെത്രമേല്‍ ഇരുണ്ടാലും പ്രാഭാതമെത്തും
ഗ്രീഷ്മതാപത്തില്‍ തണലേകും വൃക്ഷച്ഛായകള്‍
കര്‍ക്കിടമഴയ്ക്കുശേഷം തെളിയുമിളവെയില്‍
കാര്‍മേഘങ്ങളില്‍ മഴവില്ലു പുഞ്ചിരിക്കും
മുള്ളുകള്‍ക്കിടയിലും വിരിയുന്നു റോസാപ്പൂ
ചെളിയില്‍ വിടര്‍ന്നുനില്‍ക്കുന്നു നളിനങ്ങള്‍
എന്നിലര്‍പ്പിക്കൂ നീ വിശ്വാസമെന്നോമലേ
നിന്റെ മോഹങ്ങള്‍ പൂവണിഞ്ഞീടും
നിന്റെ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാക്കുവാന്‍
ഭക്തിയും വിശ്വാസവും തുണയായിരിക്കട്ടെ
ഭഗവാന്റെ സന്ദേശവാഹിയാം മുരളീരവം
വാത്സല്യപൂര്‍വ്വമെന്‍ അശ്രുക്കള്‍ തുടയ്ക്കവേ
ഞാനറിയുന്നു കൃഷ്ണാ! നീയെന്നോടൊപ്പം
എന്നുമുണ്ടായിരുന്നു ആത്മസുഹൃത്തായ്


ആത്മസുഹൃത്ത് (കവിത)- ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക