Image

മഹാബലി രാജാവിനെ ഇപ്പോഴല്ലേ നമുക്കാവശ്യം? (ജെയിന്‍ ജോസഫ് )

ജെയിന്‍ ജോസഫ് Published on 15 September, 2013
 മഹാബലി രാജാവിനെ ഇപ്പോഴല്ലേ നമുക്കാവശ്യം? (ജെയിന്‍ ജോസഫ് )
കേരളത്തില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ ദൂരെ ഏഴാം കടലിനുമിക്കരെയിരുന്ന് ഓണത്തെക്കുറിച്ച്ഓര്‍ക്കുമ്പോള്‍ മനസില്‍ നിറയുന്നത് നാട്ടിലെ ഓണക്കാഴ്ചകളാണ്. പൊന്‍വെയിലില്‍ കുളിച്ചു നില്‍ക്കുന്ന നാട്! പൂക്കളും പൂത്തുമ്പികളും നിറഞ്ഞ വീട്ടുമുറ്റങ്ങള്‍, ഓണപ്പരീക്ഷ കഴിഞ്ഞ് ആര്‍ത്തുല്ലസിക്കുന്ന കുട്ടികള്‍; പുതുതായെത്തുന്ന കച്ചവടക്കാര്‍; മുന്തിയ ഇനം പച്ചക്കറികളും സമ്മാനങ്ങളും ഓണത്തിനായി കരുതി വയ്ക്കുന്ന അമ്മമാര്‍, മത്സരബുദ്ധിയോടെ പൂക്കളം തീര്‍ക്കുന്ന കുട്ടികളും മുതിര്‍ന്നവരും; വിരുന്നിനെത്തുന്ന ബന്ധുജനങ്ങള്‍. എല്ലാം കണ്‍മുമ്പിലെന്ന പോലെ! ഈ ഓര്‍മ്മകളില്‍ ഗൃഹാതുരത്വം കടന്നു കൂടിയെങ്കില്‍ സദയം ക്ഷണിക്കുക; കാരണം ഞാനൊരു നാടോടി; മലയാളമെനിക്കമ്മ; പ്രവാസി എന്നെന്റെ വിളിപ്പേര!

1998-ല്‍ വിവാഹത്തിനുശേഷം എന്റെ പ്രിയപ്പെട്ട നാട് വിട്ട് പ്രവാസം ആരംഭിച്ചതാണ്. ഇപ്പോള്‍ ഓസ്റ്റിന്‍, ടെക്‌സസ്, നഗരത്തില്‍ ഭര്‍ത്താവും, പത്തു വയസുളള മകളുമായി താമസിക്കുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളില്‍, ഗള്‍ഫ് നാടായ അബുദാബി, കാനഡയിലെ നഗരങ്ങളായ ടൊറെന്റോ, ലണ്ടന്‍, പിന്നീട് ന്യുജഴ്‌സി, ഇപ്പോള്‍ ഓസ്റ്റിന്‍ എന്നീ സ്ഥലങ്ങള്‍ പെറ്റമ്മമാരായി. ഓരോ സ്ഥലങ്ങളിലേയും വ്യത്യസ്തമായ ഭൂപ്രകൃതിയും, കാലാവസ്ഥയും, ജീവിത രീതികളുമൊക്കെയായി പൊരുത്തപ്പെട്ടപ്പോള്‍ മനസ് ഏറെ വിശാലമായതുപോലെ. മാറുന്ന ജീവിത സാഹചര്യങ്ങളില്‍ ഒന്നു മാത്രം മാറ്റമില്ലാതിരുന്നു, ജന്മനാടിനോടുളള അദമ്യമായ സ്‌നേഹം.

പ്രവാസ ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളിലൊക്കെ നാടിനെക്കുറിച്ചുളള സുഖമുളള ഓര്‍മ്മകള്‍ ഒരു കുളിര്‍ കാറ്റായി ഒഴുകി വന്ന് മനസിനെ തഴുകും. താമസിക്കുന്ന സ്ഥലങ്ങളിലൊക്കെ ഒരു കൊച്ചു കേരളം കെട്ടിപ്പടുക്കാന്‍ മലയാളി സുഹൃത്തുക്കളോടൊപ്പം ഞങ്ങളും ശ്രമിക്കുന്നു. നാട്ടിലെ ആഘോഷങ്ങളൊക്കെ ഏറെ ഉത്സാഹത്തോടെ ഞങ്ങള്‍ ആഘോഷിക്കുന്നു. അതുവഴി കുട്ടികള്‍ നമ്മുടെ സംസ്‌കാരത്തെ തൊട്ടറിയുന്നു. പ്രവാസി മലയാളികള്‍ ഏറ്റവും വര്‍ണ്ണാഭമായി ആഘോഷിക്കുന്നത് നമ്മുടെ ദേശീയോത്സവമായ ഓണം തന്നെയാണ്.

ഗള്‍ഫിലായിരുന്ന സമയത്ത് ശ്രദ്ധിച്ചത് ഓണാഘോഷങ്ങള്‍ നാട്ടിലേതു പോലെ തന്നെ കൂടുതലും വീടുകളിലാണ്. സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ചേര്‍ന്ന് സദ്യയുണ്ടാക്കി വീടുകളില്‍ തന്നെ ആഘോഷിക്കുന്നു. അവിവാഹിതര്‍ താമസിക്കുന്ന സ്ഥലങ്ങളിലും അവര്‍ക്ക് പറ്റുന്നതുപോലെ എല്ലാവരും കൂടി സദ്യയൊരുക്കും. ഗള്‍ഫില്‍ മിക്ക ജോലി സ്ഥലങ്ങളിലും മലയാളിക്ക് ഓണത്തിന് അവധി കൊടുക്കാറുണ്ട്.

എന്നാല്‍ കാനഡയിലും അമേരിക്കയിലും കൂടുതലും ആളുകള്‍ മലയാളി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലാണ് പങ്കെടുക്കുന്നത്. ഓണത്തിന് ഇവിടെ അവധിയൊന്നും ലഭിക്കാത്തതുകൊണ്ട് അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ വാരാന്ത്യത്തിലായി. മലയാളികള്‍ കുറവുളള സ്ഥലങ്ങളില്‍ വീടുകളില്‍ സുഹൃത്തുക്കള്‍ ഒരുമിച്ചുകൂടി സദ്യയൊരുക്കി ആഘോഷിക്കുന്നതായും കാണാം. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ ഉണ്ടായിരുന്നു. പണ്ടൊക്കെ കുറച്ചു കലാപരിപാടികളും സദ്യയുമായി ചെറിയ തോതില്‍ നടന്നിരുന്ന ഓണാഘോഷങ്ങള്‍ ഇപ്പോള്‍ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വര്‍ണ്ണശബളമായ ഉത്സവമായി മാറിയിരിക്കുന്നു. ഓരോ സ്ഥലത്തും മലയാളികളുടെ എണ്ണമനുസരിച്ച്, മലയാളി സംഘടനകളുടെ വലിപ്പവും ശേഷിയും അനുസരിച്ച് ഒക്കെയാണ് ആഘോഷം. ജാതി മത ഭേദമന്യേ മലയാളികള്‍ ഒത്തുകൂടുന്നു. മുതിര്‍ന്നവരും കുട്ടികളും കേരളീയ വേഷങ്ങള്‍ അണിയുന്നു.

ആഘോഷവേദിയില്‍ വലിയ പൂക്കളങ്ങള്‍ ഒരുക്കുന്നു. മാവേലി മന്നനെ താലപ്പൊലിയും വാദ്യഘോഷങ്ങളുമായി വേദിയിലേക്ക് ആനയിക്കുന്നു. പിന്നെ നിറമേറിയ കലാപരിപാടികള്‍ മാവേലി സമക്ഷം അരങ്ങേറുകയായി. ഏതാണ്ട് 2-3 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാപരിപാടികളില്‍ മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ പങ്കെടുക്കുന്നു. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികള്‍ കേരളത്തനിമയുളള നൃത്ത നൃത്യേതര കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത് ഏറെ പ്രശംസനീയമാണ്. മാതാപിതാക്കളുടെയും കുട്ടികളുടേയും അശ്രാന്തമായ പരിശ്രമം തന്നെയാണ് ഇതിന്റെ പിന്നില്‍. ജോലിയുടേയും ജീവിതത്തിരക്കുകളുടേയും ഇടയില്‍ ഏറെ സമയം ചിലവഴിച്ചാണ് ഇത്തരം ഓണ പരിപാടികള്‍ സാധ്യമാക്കുന്നത്.

കലാപരിപാടികള്‍ക്കുശേഷം വിശാലമായ ഓണസദ്യയാണ്. മിക്ക സ്ഥലങ്ങളിലും മലയാളി റെസ്‌റ്റോറന്റുകളാണ് സദ്യക്കു പിന്നില്‍. എല്ലാ വിഭവങ്ങളും നാട്ടിലെ അതേ രുചിക്കൂട്ടില്‍ അണി നിരക്കുന്ന സദ്യ. മിക്കവാറും പേപ്പര്‍ പ്ലേറ്റിലാണ് വിളമ്പുന്നത്. ചിലപ്പോള്‍ പേപ്പര്‍ വാഴയിലയും കാണാം. തൂശനിലയില്‍ ചോറുണ്ടിട്ട് അതേ ഇലയില്‍ നിന്നു തന്നെ പായസം വിരലുകള്‍ കൊണ്ട് വടിച്ചു കുടിക്കുന്ന ബാല്യകാല ഓര്‍മ്മകള്‍ക്ക് ഇപ്പോഴും ശര്‍ക്കര മധുരം ! വടക്കേ അമേരിക്കയില്‍ ചില സ്ഥലങ്ങളില്‍ ഓണത്തിന്റെ ഭാഗമായി ശിങ്കാരി മേളവും വളളംകളിയും വരെ നടത്താറുണ്ട്. ചെറുപ്പത്തില്‍ ഓണക്കാലത്ത് നെഹ്‌റു ട്രോഫി വളളംകളി മത്സരത്തിന്റെ റേഡിയോയിലെ കമന്ററി കേള്‍ക്കുന്നത് ഒരു ഹരമായിരുന്നു എന്റെ മാതാപിതാക്കള്‍ കുട്ടനാട്ടുകാരയതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ വശം ചേര്‍ന്നും വാതുവച്ചും കമന്ററി കേട്ടിരുന്നു.

ഓണദിവസം തന്നെ ഒരു ചെറിയ ഓണം വീട്ടില്‍ തട്ടിക്കൂട്ടാന്‍ എല്ലാവര്‍ഷവും ഞാന്‍ ശ്രമിക്കാറുണ്ട്. അതിനായി ഒരു ഉത്രാടപാച്ചില്‍ ഞാനും നടത്താറുണ്ട്. കിട്ടുന്ന പരിമിതമായ പൂക്കള്‍ കൊണ്ട് മോളെ കൂട്ടി ചെറിയ ഒരു പൂക്കളം ഉണ്ടാക്കും. രണ്ടു വര്‍ഷമായി എന്റെ പട്ടിക്കുട്ടിയെ പേടിച്ച് പൂക്കളം മേശപ്പുറത്താണ് ഇടുന്നത്! ഇത്തിരി ഇഞ്ചിക്കറിയും, അവിയലും പരിപ്പും പായസവുമൊക്കായി ഒരു കുഞ്ഞു സദ്യ! ജോലി ദിവസമായതിനാല്‍ അത്താഴത്തിനായിരിക്കും കഴിക്കുക. ചിക്കനില്ലാതെ ചൊറിണ്ണില്ലാത്ത എന്റെ മോള്‍ വളരെ കഷ്‌പ്പെട്ട് ഇലയില്‍ നിന്ന് ഓണമുണ്ണുന്നത് കാണുമ്പോള്‍ എന്റെ മനസു നിറയും.

ഓസ്റ്റിനില്‍ വന്നതിനുശേഷം ഇത് ഞങ്ങളുടെ ആദ്യത്തെ ഓണമാണ്. ഞങ്ങള്‍ താമസിക്കുന്നതിന് വളരെയടുത്ത് ഒരു മലയാളിക്കടയുണ്ട്. നാട്ടില്‍ നിന്നുളള മുന്തിയ ഇനം സാധനങ്ങള്‍ അവിടെ ലഭ്യമാണ്. പപ്പടം തൊട്ട് പാലട മിക്‌സ് വരെ, ചക്കക്കുരു തൊട്ട് പാവയ്ക്ക തീയല്‍ വരെ; നാടന്‍ കുത്തരി തൊട്ട് ഇഡലി മാവ് വരെ. അതുകൊണ്ട് ഇത്തവണ സദ്യയെക്കുറിച്ച് ആവലാതി വേണ്ട.

വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളിക്കൂട്ടായ്മ ഓസ്റ്റിനിലുണ്ട്. ഭാരവാഹികള്‍ ഓണപരിപാടികള്‍ക്കായുളള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. നൃത്താധ്യാപകരും, സംഗീതാധ്യാപകരും വ്യത്യസ്തമായ ഇനങ്ങള്‍ കുട്ടികള്‍ക്കായും മുതിര്‍ന്നവര്‍ക്കായും ചിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലാണ് ഇത്തവണ കലാപരിപാടികളുടെ ആശയം നൂറുവര്‍ഷം പിന്നീട്ട് ഇന്ത്യന്‍ സിനിമ ആണ്.

മഹാബലി കേരളത്തില്‍ മാത്രമല്ല മലയാളിയുളള എല്ലാ സ്ഥലത്തും എത്തുമായിരിക്കും എന്ന പ്രതീക്ഷയില്‍ ലോകത്തെമ്പാടും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. എന്നാല്‍ ഈ മോടി പിടിപ്പിക്കല്‍ കൊണ്ട് ഇന്നത്തെ ലോകത്തിന്റെ കറുത്ത നിറം മറയ്ക്കാന്‍ നമുക്കു സാധിക്കുമോ? ആപത്തുകളും അനര്‍ത്ഥങ്ങളുമാണെമ്പാടും. കേള്‍ക്കുന്നതില്‍ കൂടുതലും പൊളി വചനം. ബാലപീഡനങ്ങളും, ബാലമരണങ്ങളും പത്രങ്ങളുടെ തലക്കെട്ടുകളാകുന്നു. ദുഷ്ടരെ തട്ടിയിട്ട് നടക്കാന്‍ വയ്യ്, നല്ലവരെ കണ്ട് കിട്ടാനുമില്ല. കളളപ്പറയും ചെറുനാഴിയുമായി കളളന്മാരും ചതിയന്മാരും നിരത്തിലിറങ്ങുന്നു

മഹാബലി രാജാവിനെ ഇപ്പോഴല്ലേ നമുക്കാവശ്യം? നമ്മുടെ മുഖത്ത് നിഴലിക്കുന്ന ദുഃഖം പ്രജാതല്‍പരനായ രാജാവ് കാണില്ലേ? തന്റെ പ്രജകളെ രക്ഷിക്കാന്‍ ഒരവസരം അദ്ദേഹത്തിന് മഹാവിഷ്ണു നല്‍കുമോ? അങ്ങനെയെങ്കില്‍, മലയാള നാടിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ രാജാവായി മഹാബലിയെ കാണാനാണ് എനിക്കാഗ്രഹം. വസുധൈവ കുടുംബകം എന്ന മന്ത്രം ഏറെ മുഴങ്ങുന്നത് പ്രവാസി മനസുകളിലല്ലേ.

എല്ലാം ആഗ്രഹങ്ങളാണ്; പ്രാര്‍ത്ഥനകളാണ്. സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓര്‍മ്മകള്‍ പുതുക്കുന്ന ഈ ഓണക്കാലത്ത് നമ്മുടെയെല്ലാം ആഗ്രഹങ്ങള്‍ സാധിക്കട്ടെ. മഹാബലിയെപ്പോലെ പ്രജാക്ഷേമ തല്‍പരരായ ഭരണാധികാരികളെ ലഭിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം. മാനുഷരെല്ലാം ഒന്നു പോലെ, ആമോദത്തോടെ അല്ലലില്ലാതെ വസിക്കുന്ന ഒരു കാലം സാധ്യമാവട്ടെ.
എല്ലാവര്‍ക്കും ഓണാശംസകള്‍.
 മഹാബലി രാജാവിനെ ഇപ്പോഴല്ലേ നമുക്കാവശ്യം? (ജെയിന്‍ ജോസഫ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക