Image

സ്വിക് ലി (കഥ: ലൈല അലക്‌സ്)

ലൈല അലക്‌സ് Published on 26 September, 2013
സ്വിക് ലി (കഥ: ലൈല അലക്‌സ്)
ശാന്തിയുടെ നിര്‍ബ്ബന്ധം സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണ് രാവിലെ അവളുടെ ഒപ്പം ഓടാന്‍ ചെല്ലാമെന്ന് സമ്മതിച്ചത്. രാവിലത്തെ, പുതച്ചു മൂടി കിടക്കാന്‍ ഏറ്റവും സുഖമുള്ള ഇളംതണുപ്പത്ത് എഴുന്നേറ്റ് ഓടാന്‍ പോകാന്‍ എനിക്ക് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. അല്‍പ്പം വണ്ണം കുറയ്ക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിനുവേണ്ടി അത്രയ്ക്ക് മിനക്കെടാനൊന്നും ഞാന്‍ ഒരുക്കമല്ലായിരുന്നു. രാവിലത്തെ അലസമായ ആ കിടപ്പ് എനിക്ക് അത്ര ഏറെ ഇഷ്ടമായിരുന്നു.

രാവിലെ ജോഗിങ് കൊണ്ട് സര്‍വരോഗങ്ങളെയും പ്രതിരോധിക്കാമെന്നും നിത്യയൗവനം കൈവരിക്കാമെന്നും മറ്റുമുള്ള ശാന്തിയുടെ വാചകമടിയില്‍ വീണുപോയിട്ടല്ല ഞാന്‍ കൂടെക്കൂടാമെന്ന് സമ്മതിച്ചത്. എന്റെ ഏത് ആവശ്യത്തിനും ഓടിയെത്തുന്ന #ാളാണ് അവള്‍. ഒരിക്കില്‍പോലും അവധിയില്ലെന്നോ വിരുന്നുകാരുണ്ടെന്നോ സുഖമില്ലെന്നോ ഉള്ള പതിവു കാരണങ്ങള്‍ ഒന്നും എന്റെ ആവശ്യങ്ങളുടെ നേരെയെറിഞ്ഞിട്ടില്ലാത്തവള്‍ …. അവള്‍ ഇങ്ങനെയൊരു പരിപാടിക്ക് കൂട്ടുവിളിക്കുമ്പോള്‍ എങ്ങനെയാണ് ഒഴിഞ്ഞുമാറുന്നത്?

ശാന്തിയുടെ വീട് എന്റെ വീടിരിക്കുന്ന സ്ട്രീറ്റില്‍ തന്നെയാണ്. എന്റെ വീടിന്റെ മൂന്നുനാലു വീടുകള്‍ക്കപ്പുറത്ത്.. ശാന്തിയും കുടുംബം ആ സ്ട്രീറ്റില്‍ താമസിക്കാന്‍ എത്തിയപ്പോള്‍ മുതലുള്ള പരിചയമാണ്… വര്‍ഷങ്ങളിലൂടെ… ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ…. പരസ്പരം സങ്കടങ്ങള്‍ പങ്കുവച്ച്, സന്തോഷാവസരങ്ങള്‍ ഒന്നിച്ചാഘോഷിച്ച് വളര്‍ന്നുവന്നതാണ് ഞങ്ങളുടെ സൗഹൃദം.

"ആള്‍ റൈറ്റ്… നാളെ രാവിലെ ആറു മണിക്ക്…. ഞാന്‍ റെഡിയായിരിക്കും."

പിറ്റേന്നു മുതല്‍ ആയുരാരോഗ്യത്തിനുവേണ്ടിയുള്ള ഞങ്ങളുടെ പരക്കം പാച്ചില്‍ തുടങ്ങി. ഞങ്ങളുടെ സ്ട്രീറ്റില്‍ കൂടി ഓടുന്ന ഒട്ടുമിക്കപേരുടേയും ഇടത്താവണം അവിടെ അടുത്തുള്ള പാര്‍ക്കായിരുന്നു. ഒന്നുകില്‍ പാര്‍ക്കില്‍ അല്പം വിശ്രമിക്കാന്‍ , അല്ലെങ്കില്‍ അതിനു വലംവച്ചു വരാന്‍ എന്തായാലും എല്ലാവരും തന്നെ ആ പാര്‍ക്കില്‍ എത്തുമായിരുന്നു.

ഞാനാകട്ടെ, അവിടെ എത്തുമ്പോഴേക്കും  തീര്‍ത്തും അവശയാകുമായിരുന്നു. ശാന്തിയും തളരുമെങ്കിലും അത് പുറത്തു കാണിക്കില്ലായിരുന്നു. ഈ പരിപാടി നിര്‍ത്തിയേക്കാമെന്ന് ഞാന്‍ കയറി പറഞ്ഞാലോ?

ഒരു ദിവസം, അങ്ങനെ, കിതച്ചുംകൊണ്ട് ആ പാര്‍ക്കിലെ ഒരു ബെഞ്ചില്‍ കുത്തിയിരിക്കുമ്പോഴാണ് ഞാന്‍ അവരെ കണ്ടത്. ഒരു വൃദ്ധ… എഴുപതിലേറെ പ്രായം ഉണ്ടാവണം. രാവിലത്തെ ഇളംകുളിരില്‍ നിന്നും രക്ഷപെടാനെന്നവണ്ണം സ്‌കാര്‍ഫുകൊണ്ട് ചെവി രണ്ടും മൂടിക്കെട്ടി ഒഴിഞ്ഞുമാറി അവര്‍ ആ കോണിലെ ബെഞ്ചില്‍ ഇരിക്കയായിരുന്നു.

രാവിലത്തെ കുളിരില്‍, ആ പ്രായത്തില്‍, അതും എകയായി, അവര്‍ ജോഗിങ്ങിന് ഇറങ്ങുന്നത് എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. പിന്നെയുള്ള എല്ലാ ദിവസങ്ങളിലും ഞാന്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്നല്ല, ഞാന്‍ ഓടുന്നതേ അവരെ കാണാന്‍ വേണ്ടി മാത്രമായി. ഓടിക്കിതച്ച് ആ പാര്‍ക്കില്‍ ചെന്ന് ഞാന്‍ അവരെ നോക്കിയിരിക്കും.

ഞാന്‍ ശാന്തിയോടു പറഞ്ഞു:
“കണ്ടോ… അങ്ങനെയാവണം വാര്‍ദ്ധക്യം… ആരുടേയും സഹായം കാത്തുനില്‍ക്കാതെ, മറ്റാരുടേയും വരുതിയിലല്ലാതെ…”
“ഉം…” ശാന്തി മുറുമുറുത്തു. എവിടെയെങ്കിലും ഉരുണ്ടുവീണ് വീട്ടുകാര്‍ക്ക് ഭാരമാവാന്‍… ഒരു സ്വയംപര്യാപ്തത…”

ശാന്തിയുടെ അമര്‍ഷത്തിന് തക്കതായ കാരണമുണ്ട്. വെറുതെ മുറ്റത്തേക്കിറങ്ങുമ്പോള്‍ കാല്‍ തെറ്റി ഒന്നു വീണതിനെത്തുടര്‍ന്നാണ് അവളുടെ അമ്മ പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാവാതെ കിടപ്പിലായിപ്പോയത്…

“അതിരിക്കട്ടെ. തനിക്കവരെ അറിയാമോ, ആരാണെന്നും മറ്റും?”
ഞാന്‍ ശാന്തിയോടു ചോദിച്ചു.
“ഇല്ല,” ശാന്തി പറഞ്ഞു:
“ഒരു 'നൈസ് ഡേ' പറഞ്ഞ് കേറി പരിചയപ്പെട്ടാലോ?” എനിക്ക് അവരെ പരിചയപ്പെടാന്‍ വളരെയേറെ ആഗ്രഹം തോന്നി.

“തനിക്ക് വേറെ പണിയില്ലേ?” ശാന്തി ചോദിച്ചു.
എന്റെ താല്‍പ്പര്യം കണ്ടാവണം, ഒന്നാലോചിച്ചിട്ടു ശാന്തി പറഞ്ഞു:
“നമുക്കു റോസിനോടു ചോദിച്ചാലോ?”
“അപ്പോള്‍ തനിക്കും അല്‍പ്പം താല്‍പ്പര്യം ഉണ്ട് അവര്‍ ആരാണെന്നറിയാന്‍…” ഞാന്‍ ചിരിച്ചു.
“ഓ.. പിന്നെ!! വീണ് കിടക്കുന്നതു കണ്ടാല്‍ ഏതു വീട്ടിലാണ് അറിയിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടേ? ശാന്തിയും ചിരിച്ചു.

അങ്ങനെ, അവരെ ക്കുറിച്ച് അറിയാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഞങ്ങളുടെ മറ്റൊരു അയല്‍ക്കാരിയായ റോസിനെ തേടി ചെന്നത്. ഓപ്രാ വിന്‍ഫ്രിയേയും കോണ്ടലിസാ റൈസിനേയും എന്നുവേണ്ടാ എന്റെ വീടു ക്ലീന്‍ ചെയ്യാന്‍ വരുന്ന വിയ്റ്റാമി പെണ്‍കുട്ടിയേയും വരെ വ്യക്തിപരമായി പരിചയമുള്ള റോസ് ഉള്ളപ്പോള്‍, ഈ സ്ട്രീറ്റില്‍ തന്നെ താമസിക്കുന്ന ഇവരെക്കുറിച്ച് അറിയാനാണോ പ്രയാസം.
റോസ്… ആ വൃദ്ധ… എന്നും തനിയെ പ്രഭാത സവാരിക്കിറങ്ങുന്നവര്‍… ആരാണവര്‍?
“ഓ…അവരോ… അവരെ അറിയില്ലേ…?”  റോസ് തെല്ല് അത്ഭുതത്തോടെ ചോദിച്ചു.
ക്ഷമിക്കണം. തന്റെ അത്രയും പൊതുവിജ്ഞാനം ഇല്ലാഞ്ഞല്ലേ ഞങ്ങള്‍ തന്റെ അടുത്തേയ്ക്ക് വന്നത്?” ശാന്തി കപട ഭവ്യത ഭാവിച്ചു.
“ഓകെ… ഓകെ”…റോസ് പറഞ്ഞു. വിശദമായിത്തന്നെ പറഞ്ഞുതരാം”
“പത്തറുപതുകൊല്ലം മുമ്പു മുതലുള്ള കഥ…”
അയ്യോ അത്രയും വിശദമാക്കല്ലേ… അത്രയും ഒന്നും സ്റ്റോര്‍ ചെയ്യാന്‍ എന്റെ ഈ കൊച്ചു തലയില്‍ സ്ഥമില്ല. ശാന്തി റോസിനോടു പറഞ്ഞു.

"താന്‍ പറയെടോ… ഞാന്‍ ഇടപെട്ടു.

ആള്‍റൈറ്റ്… നമ്മുടെ സ്വന്തം എഴുത്തുകാരിക്കുവേണ്ടി ആദി മുതല്‍ തുടങ്ങാം… " എന്റെ നേരെ കണ്ണിറുക്കിക്കൊണ്ട് റോസ് പറഞ്ഞു തുടങ്ങി…

“ഒരു ചെറുപട്ടണം…. അവിടുത്തെ ഗ്രേഹാള്‍ കുടുംബം…. കല്‍ക്കരിഖനികളുടെയും മറ്റനേകം ബിസിനസുകളുടെയും ഉടമകള്‍ …. അനന്തരാവകാശിയായി ഒരേ ഒരു പെണ്‍കൊടി…. ഒരു മോട്ടോര്‍ അപകടത്തില്‍പെട്ട അവള്‍ക്ക് കേള്‍വിയും സംസാരശേഷിയും നഷ്ടപ്പെട്ടു…

എങ്കിലും, അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചെത്തിയ യുവാക്കളുടെ എണ്ണം ഏറെയായിരുന്നു. കാരണം മറ്റൊന്നുമല്ല, ധനം, കണക്കില്ലാത്ത ധനം…. ഏതു കുറവും മറയ്ക്കാന്‍ പോന്ന ധനം…” 

എന്നിട്ട്… ശാന്തി
“എന്നിട്ട് എന്താവാനാ… ഊഹിച്ചുകൂടേ?” റോസ് ശാന്തിയോടു ചോദിച്ചു.

അവളുടെ വിവാഹം നടന്നു. അവളെ വിവാഹം ചെയ്ത ആള്‍ക്ക് അയാള്‍ ആഗ്രഹിച്ചതുപോലെ പണം… മുന്തിയ ജീവിതസൗകര്യങ്ങള്‍ ….. പുതിയ സുഹൃത്തുക്കള്‍ …. പതുക്കെ, പതുക്കെ, സ്വത്തുക്കള്‍ അയാളുടെ പേരിലായി…. മൂകയും ബധിരയുമായ ഭാര്യ അപ്പോഴേക്കും അയാള്‍ക്ക് ഭാരമായി. അവര്‍ തമ്മില്‍ അകന്നു. ഗ്രേഹാള്‍ കുടുംബാംഗങ്ങള്‍ ഇടപെട്ടു…. എങ്ങനെയെങ്കിലും ആ ബന്ധം ഒഴിവാക്കാന്‍ തീരുമാനമായി..”

"ശൊ…" ഞാന്‍ അറിയാതെ പറഞ്ഞു പോയി.

"ദേ നമ്മുടെ എഴുത്തുകാരിയുടെ ലോലഹൃദയം പൊട്ടാന്‍ പോകുന്നു. വേഗം കഥ പറഞ്ഞു തീര്‍ക്ക്." ശാന്തിക്ക് ക്ഷമ കെട്ടു. ശാന്തിയുടെ അക്ഷമ റോസിനെ ഒട്ടും കുലുക്കിയില്ല.

റോസ് തുടര്‍ന്നു: “അങ്ങനെയിരിക്കെ ഒരു നാള്‍ മൂകയും ബധിരയുമായ നമ്മുടെ നായിക തിരോധാനം ചെയ്തു. ഡിസപ്യേഡ്… ഗോണ്‍ വിതൗട്ട് എ ട്രേസ്… നാട്ടുപ്രമാണികളായ ഗ്രേഹാള്‍ കുടുംബാംഗങ്ങള്‍ വെറുതെയിരിക്കുമോ? പോലീസ് ഇടപെട്ടു. കേസായി, അന്വേഷണമായി… കഥകള്‍ പലതും അവളെ വകവരുത്താനായി അവളുടെ ഭര്‍ത്താവ് ഒരു വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കിയതുവരെ എല്ലാം പുറത്തുവന്നു.”

“പിന്നെ താമസിച്ചില്ല, അവളുടെ ഭര്‍ത്താവിനെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. അയാള്‍ അവിടെ കിടന്നു മരിച്ചു.”

ഈ കഥപറച്ചില്‍ റോസിനെ വല്ലാതെ രസിപ്പിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി. ഗൂഢമായ ഒരു ചിരിയോടെ ഇടയ്ക്കിടെ അവര്‍ എന്റെ മുഖത്തേക്ക് പാളിനോക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“എന്റെ റോസ്, കഥ കേള്‍ക്കാന്‍ വന്നതല്ല ഞങ്ങള്‍. അവര്‍ ആരാണ് എന്നൊന്നു പറഞ്ഞാല്‍ മതി. അവരുടെ പേരോ, നാളോ…”  ശാന്തി തിരക്കുകൂട്ടി.

“പറയാമെടോ.. താന്‍ തോക്കിനകത്തു കയറി വെടിവെയ്ക്കാതെ.”
റോസ് ശാന്തിയുടെ നേരെ തിരിഞ്ഞു.

അയാളുടെ മരണത്തോടെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആശ്വസിച്ചു: “മകളുടെ മരണത്തിന് ഉത്തരവാദിയായവന് ദൈവം തക്കശിക്ഷ കൊടുത്തല്ലോ എന്ന്…”

“അങ്ങനെയിരിക്കെ ഗ്രേഹാളില്‍ ഒരു മരണം നടന്നു. ഇംഗ്ലണ്ടില്‍ നിന്നും വന്ന ഒരു അതിഥി… ഹാര്‍ട് അറ്റാക്ക് ആയിരുന്നു കാരണം എന്ന് ആ വീട്ടുകാര്‍… പക്ഷേ, ജയിലില്‍ കിടന്നു മരിച്ചവന്റെ പ്രേതം കൊന്നതാണ് എന്ന് അയല്‍വാസികള്‍. ഏതായാലും അതേതുടര്‍ന്ന് ആ കുടുംബം ആ പട്ടണം വിട്ടു. ആ കുടുംബവീടുമാത്രം അവിടെ അവശേഷിച്ചു. പ്രേതബാധയുള്ള വീടെന്ന കുപ്രസിദ്ധയോടെ, വില്‍ക്കാനോ, കൈമാറ്റം ചെയ്യാനോ കഴിയാതെ…”
“ ഞങ്ങള്‍ കാണാറുള്ള ആ പ്രായമായ സ്ത്രീ ആരാണെന്നു പറയെടോ… ആ കുടുംബത്തില്‍ പെട്ടവരാണോ?”  ശാന്തിക്ക് ദേഷ്യം വന്നു.
“അല്ല…”
“എന്നാല്‍ ആ പഴംകഥയിലെ നായികയാണ് ആ സ്ത്രീ എന്നായിരിക്കും പറയാന്‍ വരുന്നത്.”
 “മണ്ടത്തരം പറയാതെ, ശാന്തി.” റോസ് ചിരിക്കാന്‍ തുടങ്ങി. “അവരെ കൊന്നു കളഞ്ഞില്ലേ? അല്ല ഇനി അവരെങ്ങാം ജീവനോടെയുണ്ടെങ്കില്‍ തന്നെ, ഗ്രേ ഹാളിന്റെ അന്തരവകാശി ഇവിടെ ഇങ്ങനെ സാധാരണക്കാരുടെ ഇടയില്‍ താമസിക്കാന്‍ വരുമോ?

“പിന്നെ ഈ കഥയും നമ്മുടെ നായികയുമായി എന്താണ് ബന്ധം?”
എനിക്കും ഈര്‍ഷ്യ തോന്നി.

റോസിന്റെ ചിരി ഉച്ചത്തിലായി.

“എഴുത്തുകാരി എന്താ എഴുതുകയേ ഉള്ളോ, ഒന്നും വായിക്കാറില്ലേ? ചുമ്മാതെയല്ല, സാഹിത്യത്തിന്റെ വാലു മുറിഞ്ഞുപോയെന്നും മറ്റും നിരൂപകര്‍ വിലപിക്കുന്നത്”
റോസ് തലയില്‍ കൈവച്ചു.

“വാലല്ല… കൂമ്പടഞ്ഞുപോയി എന്നാണ് പറയുന്നത്.” ഞാന്‍ റോസിനെ തിരുത്തി.
“എന്നാല്‍ എങ്ങനെ.” റോസ് പറഞ്ഞു.

“സ്വിക്ലി എന്ന പ്രശസ്തമായ നോവലിന്റെ കഥയാണ് ഞാന്‍ പറഞ്ഞത്. ആ നോവല്‍ എഴുതിയത് അവരാണ്- ആ പ്രായമായ സ്ത്രീ…”

ഗൂഢമായ ചിരിയോടെ റോസ് എന്റെ മുഖത്തേക്ക് പാളിനോക്കിയതിന്റെ അര്‍ത്ഥം അപ്പോഴാണ് മനസ്സിലായത്. എനിക്കു വല്ലാത്താ ജാള്യത തോന്നി. സിക് ലി എന്ന നോവല്‍, വായനക്കാര്‍ ഒന്നൊഴിയാതെ വാനോളം പുകഴ്ത്തിയ ആ നോവല്‍, ഞാനും വായിച്ചതാണ്. ഒന്നല്ല പലവട്ടം… നോവല്‍ മാത്രമല്ല അതിനെക്കുറിച്ച് ആനുകാലികങ്ങളില്‍ വന്ന ഒട്ടുമിക്ക പഠനങ്ങളും ശ്രദ്ധാപൂര്‍വ്വം വായിച്ചതാണ്. ആ നോവലിന് ആസ്പദമായ സ്വിക് ലി യിലെ ഗ്രേഹാള്‍ കുടുംബത്തിന്റെ അനാഥമായി കിടക്കുന്ന ഗ്രേഗാള്‍ എന്ന കൊട്ടാരസദൃശമായ വലിയ വീടും ഞാന്‍ കണ്ടിട്ടുണ്ട്.  എന്നിട്ടും റോസ് വിവരിച്ചത് ആ നോവലിന്റെ ഇതിവൃത്തമാണെന്ന് ഓര്‍മ്മിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ഛെ! മോശമായിപ്പോയി…
പ്രശസ്തമായ ആ നോവലിന്റെ രചയിതാവിനെയാണ് നിത്യവും പാര്‍ക്കില്‍ കാണാറുള്ളത് എന്നത് എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഒപ്പം, അവരെ തിരിച്ചറിയാന്‍ കഴിയാത്തതില്‍ കുണ്ഠിതവും…

ഏതായാലും, തിരികെ വീട്ടിലെത്തിയ ഉടനെ, എന്റെ പുസ്തകശേഖരത്തില്‍നിന്നും ആ നോവല്‍ തെരഞ്ഞുപിടിച്ച് വായിക്കാന്‍ തുടങ്ങി.

മൂകതയുടെ തുരുത്തില്‍ ഒറ്റയ്ക്ക് ഒരു പെണ്‍കൊടി… മനസ്സില്‍ നിറയുന്ന കയ്പും മധുരവും ഒരുപോലെ ഒള്ളിലൊതുക്കിപ്പിടിക്കുന്നവള്‍ …

ഇരുളിന്റെ മറപറ്റി വന്ന് അവളുടെ നേരെ കൊലക്കത്തി ഉയര്‍ത്തുന്ന കൊലയാളി…. കൊട്ടിയടയ്ക്കപ്പെട്ട അവളുടെ കാതുകളില്‍ ആ പാദപതനം എങ്ങനെ എത്താന്‍ ?

 പക്ഷേ കാഴ്ച ശക്തി നഷ്ടപ്പെടാത്ത അവളുടെ കണ്ണുകള്‍ … അവയ്ക്കു മുമ്പില്‍ ഇരുളില്‍ മിന്നല്‍പ്പിണര്‍ പോലെ ആ കത്തി… അതിന്റെ തേച്ചുമിനുക്കിയ വായ്ത്തലയ്ക്കു പിന്നില്‍ ഒരു മുഖം… അവിടെ അവള്‍ വ്യക്തമായി കണ്ട ഒരു മറുക്…

സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നു പൊങ്ങിയ നിശ്ശബ്ദമായ ഒരു നിലവിളി… അതില്‍ എല്ലാം കഴിഞ്ഞുവോ…
രാവേറെ ചെന്നിരുന്നു ആ പുനര്‍വായന തീരുമ്പോഴേക്കും… എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. ആ നിലവിളി എന്റെ ഉള്ളിലേയ്ക്കാഴ്ന്നിറങ്ങി എന്നെ കുത്തിനോവിച്ചുകൊണ്ടേയിരുന്നു.
നേരം പുലരുന്നതും കാത്ത് ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.

സാധാരണയിലേറെ നേരത്തെ ഞങ്ങള്‍ അന്നു പാര്‍ക്കിലെത്തി.

ഭാഗ്യം! ആ പ്രായമായ സ്ത്രീ എന്നത്തെയും പോലെ, അവിടെ, എന്നും ഇരിക്കാറുള്ള ബെഞ്ചില്‍ ഇരിപ്പുണ്ട്.

“വാടേ… നമുക്ക് അവരെ പരിചയപ്പെടേണ്ടേ?” ഞാന്‍ ശാന്തിയോടു ചോദിച്ചു.

“വേണ്ട ഞാന്‍ വരുന്നില്ല. താന്‍ ചെല്ല്… ഞാന്‍ ഇവിടെ വെയ്റ്റ് ചെയ്യാം….” ശാന്തി അവിടെ ബെഞ്ചില്‍ ഇരിപ്പായി.
ഞാന്‍ തനിയെ അങ്ങോട്ടു നടന്നു…
അത്രയും പ്രഗത്ഭയായ ഒരു വ്യക്തിയോട്, യാതൊരു മുന്‍പരിചയവുമില്ലാതെ, അങ്ങോട്ടുകയറി സംസാരിക്കാന്‍ എനിക്ക് ലേശം മടിയുണ്ടായിരുന്നു. അവരുടെ പ്രതികരണം എങ്ങനെയാവുമെന്ന് ആരറിഞ്ഞു? സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കരുതിയാലോ? അതുകൊണ്ട്, തെല്ലു സങ്കോചത്തോടെ ആണ് ഞാന്‍ അവരുടെ അടുത്തേക്ക് ചെന്ന് സ്വയം പരിചയപ്പെടുത്തിയത്. പക്ഷേ, ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സ്വിക് ലി യെക്കുറിച്ച് സംസാരിച്ചുതുടങ്ങിയപ്പോള്‍ എന്റെ സങ്കോചം എവിടെയോ പോയി ഒളിച്ചു. അഭിനന്ദനങ്ങളും അഭിപ്രായങ്ങളും മാത്രമല്ല, അവരുടെ വരികള്‍ മനസ്സില്‍ നിറച്ച വിതുമ്പലടക്കം എല്ലാം ഞാന്‍ അവരോടു പറഞ്ഞു.

അവര്‍, ഒന്നും മിണ്ടാതെ, ഞാന്‍ പറഞ്ഞതെല്ലാം കേട്ടിരുന്നു. ഞാന്‍ നീട്ടിയ പുസ്തകത്തില്‍, ഒരു മടിയും പ്രകടിപ്പിക്കാതെ ആശംസ കുറിച്ച്, കൈയൊപ്പ് പതിച്ച് മടക്കിത്തരികയും ചെയ്തു.
അവരോട് വീണ്ടും വീണ്ടും നന്ദി പറഞ്ഞിട്ട് മടങ്ങുമ്പോള്‍ എനിക്ക് ഒരു തോന്നല്‍ … എന്റെ മുഖത്തേക്ക് നോക്കി ഒന്നും മിണ്ടാതെ ഇരുന്ന ആ സ്ത്രീയുടെ മൗനം അസ്വഭാവികം ആയിരുന്നില്ലേ… അഭിനന്ദങ്ങള്‍ക്ക് മറുപടിയായി ഒരു തണുത്തു മരവിച്ച താങ്ക്യു മാത്രം… ഞാന്‍ ഭയന്നപോലെ എന്റെ പെരുമാറ്റം അവരെ അലോസരപ്പെടുത്തിയതാണോ… എനിക്ക് പ്രയാസം തോന്നി.

തിരികെ നടക്കുമ്പോള്‍ തികച്ചും നിര്‍വികാരമായ അവരുടെ മുഖമായിരുന്നു മനസ്സില്‍. സ്‌കാര്‍ഫുകൊണ്ട് പാതി മറച്ച ആ മുഖം… നെറ്റിയുടെ വശത്തായി അസാധാരണ വലുപ്പമുള്ള ആ മറുകും..

ആ മറുകിനു ആ നോവലിലെ സംഭവങ്ങളുമായി എന്തോ ബന്ധമുണ്ടെന്ന തോന്നല്‍ എങ്ങനെയാണ് എന്റെ ഉള്ളില്‍ ഉണ്ടായതെന്ന് എനിക്കറിയില്ല….

ഇരുളിന്റെ മറപറ്റി കൊലക്കത്തി ഉയര്‍ത്തുന്ന കൊലയാളി… അയാളുടെ നെറ്റിയിലെ വലിയ മറുക്…
തടവറയില്‍ എരിഞ്ഞ് തീര്‍ന്നത് കൊലക്കത്തി ഉയര്‍ത്തിയ കൊലയാളിയല്ലെങ്കിലും നിരപരാധിയല്ലെന്ന് ഉറപ്പ്…
രണ്ടിനും ഇടയില്‍ ശാപഗ്രസ്തമായ ഗ്രേഹാളിന്റെ അനന്തരവാശി….
അവള്‍ സ്വയം വരിച്ച മൂകത…
പലവട്ടം വായിച്ചിട്ടും എനിക്ക്, എനിക്കെന്നല്ല, ഒരുപക്ഷേ, ആര്‍ക്കും തന്നെ ഉള്‍ക്കൊള്ളാനാവാത്ത സ്വിക് ലി യുടെ വരികള്‍ക്കപ്പുറത്തെ കഥ ആ മറുകിനു പറയാനുണ്ടെന്ന് എനിക്ക് ഏതാണ്ട് ഉറപ്പായിരുന്നു…
സ്വിക്ലിയുടെ യാഥാര്‍ത്ഥ്യം എന്റെ ഉള്ളില്‍ നീറ്റലായി പടര്‍ന്നപ്പോള്‍, ഞാന്‍ തിരികെ അവരുടെ അടുത്തേക്കോടി…
“മാഡം..”
അവര്‍ എന്റെ മുഖത്തേക്കു നോക്കി:
“യു ലവ്ഡ് ബോത് അഫ് ദെം…” ഞാന്‍ ഒന്നു നിര്‍ത്തി.
ഉദ്വേഗത്താല്‍ അവരുടെ കണ്ണുകള്‍ അല്‍പ്പം വിടര്‍ന്നെന്ന് എനിക്ക് തോന്നി…
“യുവര്‍ ഫാദര്‍ ആന്റ് യുവര്‍ ഹസ്ബന്റ്, ഈവന്‍ ദോ ബോത് അഫ് ദെം വാണ്ടഡ് ടു കില്‍ യു…” ഞാന്‍ അറിയാതെ തന്നെ വാക്കുകള്‍ പുറത്തേക്കു തെറിച്ചു.
“എവരിവണ്‍ വാണ്ടഡ് ടു കില്‍ യു… ഫോര്‍ യുവര്‍ മണി…” എന്റെ ചുണ്ടുകള്‍ വിറച്ചു.
അവര്‍ ഞെട്ടിയത് ഞാന്‍ വ്യക്തമായി കണ്ടു.

എന്റെ കണ്ണുകളിലേക്ക് തറപ്പിച്ച് നോക്കിക്കൊണ്ട് അവര്‍ പറഞ്ഞു:
“ഇറ്റ്‌സ് ജസ്റ്റ് എ സ്റ്റോറി”
അവരുടെ ശബ്ദം ആവശ്യത്തിലേറെ പൊങ്ങിയിരുന്നു.

അല്‍പ്പം അകലെയായിരുന്ന ശാന്തിക്കും കേള്‍ക്കാമായിരുന്നു അവരുടെ ശബ്ദം. ഞാന്‍ തിരികെ അടുത്തെത്തിയപ്പോള്‍ ശാന്തി ചോദിച്ചു:
“ങും? വോസ് ഷി റൂഡ്?” അത്ര തലക്കനമാണോ അവര്‍ക്ക്?”

“ഓ… നോ… പുസ്തകത്തില്‍ ഓര്‍ക്കാനിഷ്ടമില്ലാത്ത എന്തെങ്കിലും..”

“അതു വെറും കഥയല്ലേ… ഏതോ മണ്ടന്‍കഥ വായിച്ച് തന്നെപ്പോലെ ഇങ്ങനെ ബേജാറാവാന്‍ എനിക്ക് വട്ടൊന്നുമില്ല”  ശാന്തി പറഞ്ഞു. “ങാ. ഞാന്‍ ആ പുസ്തകം വായിച്ചിട്ടില്ല വായിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല… പിന്നെ ഇത്ര വലിയ ഒരു എഴുത്തുകാരിയെ പരിചയപ്പെട്ടിട്ടുണ്ടെന്നും മേനി പറയാമല്ലോ എന്നോര്‍ത്തു.”

നിസ്സാരമായി പറഞ്ഞു കൊണ്ട് ശാന്തി എഴുന്നേറ്റ് തിരികെ ഓടാന്‍ തുടങ്ങി. ഞാന്‍ അവളുടെ പിന്നാലെയും…


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക