Image

ആ മുഖത്തിന്റെ ഓര്‍മ്മയ്ക്ക്- കെ.എ. ബീന

കെ.എ. ബീന Published on 15 December, 2013
  ആ മുഖത്തിന്റെ ഓര്‍മ്മയ്ക്ക്- കെ.എ. ബീന
ഋഷികേശിലെ  രാംഛൂലയിലൂടെ (തൂക്കുപാലം) ഗംഗാനദിയും ഹിമാലയവും കണ്ട് നടക്കുകയായിരുന്നു ..  ഒരു വെള്ളക്കുരങ്ങന്‍ പാലത്തിന്റെ വക്കിലിരുന്ന് പല്ലിളിച്ച് കാട്ടുന്നു.  കഴുത്തില്‍ തവിട്ടു നിറത്തില്‍ മാല പോലെ ഒരു വളയം.  നദിയില്‍ റിവര്‍ ഡ്രാഫ്റ്റിംഗ് നടത്തുന്ന സംഘങ്ങള്‍.   തിരക്ക്, എവിടെയും തിരക്ക്.  പാലം കയറി അപ്പുറത്തെത്തുമ്പോള്‍ നിരന്നിരിക്കുന്ന കടകള്‍.  ഋഷികേശില്‍ നിന്ന് മറക്കാതെ വാങ്ങണമെന്ന് കരുതിയിരുന്ന കല്ലുമാലകള്‍ വില്‍ക്കുന്ന നിരവധി കടകള്‍.  പല നിറങ്ങളിലുള്ള വലിയ വലിയ മുത്തുകള്‍ കോര്‍ത്ത കല്ലുമാലകള്‍.  നിരന്നിരിക്കുന്ന കടകളുടെ അങ്ങേയറ്റത്ത് നിലത്ത് കുറെ മാലകളുമായി ഒരു സ്ത്രീ.  അവരുടെ മാലകള്‍ക്ക് പ്രതേ്യകത ഒന്നും തോന്നിയില്ല, എന്നിട്ടും നടന്നു ചെന്നു. 
തിരിച്ചെത്തുമ്പോള്‍ പലര്‍ക്കും കൊടുക്കാനുള്ള മാലകള്‍ തിരഞ്ഞെടുത്ത് കഴിഞ്ഞ് പൊട്ട ഹിന്ദിയില്‍ വിലപേശി പറഞ്ഞതില്‍ കുറഞ്ഞ വിലയ്ക്ക് മാലകള്‍ വാങ്ങി മടങ്ങുമ്പോള്‍ അവര്‍ പെട്ടെന്ന് പറഞ്ഞു.
''ഈ പച്ച മാല എടുക്കൂ.  ഈ വേഷത്തിന് നന്നെ ചേരും.''
അത്രയും നേരത്തെ ഹിന്ദി അഭ്യാസം കഴിഞ്ഞ് മലയാളം കേട്ടപ്പോഴുള്ള സന്തോഷത്തില്‍ അവരെ ഉറ്റു നോക്കി.  എവിടെ, എവിടെയാണീ മുഖം കണ്ടിരിക്കുന്നത്. 
''എവിടെയാണ് കേരളത്തില്‍?''
അവര്‍ പെട്ടെന്ന് കുതറിക്കുടഞ്ഞ് ഹിന്ദിയില്‍ മറുപടി പറഞ്ഞു.
''എന്തിനിതൊക്കെ അറിയുന്നു.  നിങ്ങള്‍ക്കറിയേണ്ടതൊന്നുമില്ലെനിക്ക് പറയാന്‍.''
എന്നിട്ടും ഞാനവിടെ നിന്ന് അവരെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.  എവിടെയാണ്?
ലക്ഷ്മണ്‍ഛൂലയിലൂടെ മടങ്ങിയെത്തി സന്ധ്യാദീപം കത്തിച്ച് ഗംഗയിലൊഴുക്കുമ്പോഴും ആ മുഖം പിടി തരാതെ.
അപ്രതീക്ഷിതമായ ചില സന്ദേഹങ്ങള്‍ ഉണ്ടാക്കുന്ന വേവും നോവും കൊണ്ട് ഉറക്കം സുഖമാകാത്ത രാത്രിക്കൊടുവില്‍ കണ്ട സ്വപ്നം മാല വില്‍ക്കുന്ന ആ സ്ത്രീയെ കണ്ടത് എവിടെയായിരുന്നു എന്ന് എന്നെ വീണ്ടും കുഴക്കി.  ഒരു ഓര്‍മ്മ മനസ്സില്‍ പാഞ്ഞു വന്നു.  വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.  ജോലി സംബന്ധമായ ഒരു പരിശീലന പരിപാടിക്ക് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു ..  ഒറ്റയ്ക്കുള്ള യാത്രയുടെ സ്വാഭാവികമായ അരക്ഷിതത്വം വായനയില്‍ തളച്ചിട്ട്.  സഹയാത്രികരൊക്കെ വലിയ ചങ്ങാത്തമൊന്നും കാട്ടാന്‍ വന്നില്ല.  യാത്രകളില്‍ പലപ്പോഴും അങ്ങനെയാണ്.  ആദ്യ ദിവസം ഓരോരുത്തരും അവനവന്റെ കൂടെ ആയിരിക്കും.  ഒന്ന് പരിചയപ്പെടും അത്ര തന്നെ.  പിറ്റേന്ന് രാവിലെ മുതല്‍ പെട്ടെന്ന് മഞ്ഞുരുകും.  ചിരകാല പരിചിതരെപ്പോലെ ബാക്കി യാത്ര.  രാവിലെ എണീക്കുമ്പോള്‍ മുകളില്‍ ഒഴിഞ്ഞു കിടന്നിരുന്ന ബെര്‍ത്തില്‍ ആള്‍ വന്നിട്ടുണ്ടായിരുന്നു.
പ്രഭാത ഭക്ഷണമെത്തിയപ്പോഴേക്കും എല്ലാവരും ഉറക്കം മതിയാക്കി താഴെയെത്തി.  മുകളിലെ ബെര്‍ത്തിലെ യാത്രക്കാരനും താഴെയെത്തി.   എനിക്ക് മുന്നിലിരുന്ന് അയാള്‍ ബാഗ് തുറന്ന് ഭക്ഷണപ്പൊതി എടുത്തു.
ചപ്പാത്തിയും ടുമാറ്റോ കറിയും പൊതിഞ്ഞ ഉണക്കയില നീട്ടി അയാള്‍ പറഞ്ഞു -
''കഴിക്കാം''
''വേണ്ട''് മറുപടി നല്‍കി.
വൈകുന്നേരമായപ്പോഴേക്കും യാത്രക്കാരെല്ലാവരും അടുത്ത കൂട്ടുകാരായിക്കഴിഞ്ഞിരുന്നു.
സന്ധ്യാ സമയത്ത് അസ്തമനവാനില്‍ തെളിഞ്ഞ നിറങ്ങള്‍ കണ്ട് അയാള്‍ പറഞ്ഞു.
''ജീവിതം ചിലപ്പോള്‍ ഇങ്ങനെയാണ്.''
നിറങ്ങള്‍, നിറങ്ങള്‍, നിറങ്ങള്‍ - ചിലപ്പോള്‍ എല്ലാം മാഞ്ഞ് വെളുപ്പ്.  ഇനിയും ചിലപ്പോള്‍ കറുത്ത് കറുത്ത്''
തന്റെ ജീവിതത്തില്‍ എത്രയോ നാളായി കറുപ്പാണ് സ്ഥായീ നിറം എന്നയാള്‍ പറഞ്ഞു.
അസ്തമന സൂര്യനൊപ്പം അയാള്‍ പറഞ്ഞ കഥയില്‍ നിറഞ്ഞു നിന്ന സ്‌നേഹത്തില്‍ ഞാന്‍ വീര്‍പ്പു മുട്ടി.
വയനാട്ടിലെ ഒരു മലഞ്ചെരുവില്‍ ഒരു കുടിലില്‍ അച്ഛനുമമ്മയും ചേച്ചിയുമൊത്തുള്ള ശൈശവം ഒരു ചെറിയ ഓര്‍മ്മയായി ബാക്കിയുണ്ട്.  ശരിക്കുമുള്ള ഓര്‍മ്മ തുടങ്ങുമ്പോള്‍ അച്ഛനും അമ്മയും ഇല്ല.  8 വയസ്സു മൂപ്പുള്ള ചേച്ചി മാത്രം.  അകന്ന ബന്ധത്തിലെ ഒരമ്മച്ചിയും കൂട്ടിനുണ്ടായിരുന്നു.  പറമ്പില്‍ കൃഷി ചെയ്തു കൊണ്ടിരുന്ന അച്ഛനുമമ്മയും ഉരുള്‍പൊട്ടലില്‍ മരിച്ചു പോയത് ചേച്ചി പിന്നീട് പറഞ്ഞു തന്നപ്പോഴാണ് അറിഞ്ഞത്.  ഉണ്ടായിരുന്ന പറമ്പില്‍ കൃഷിപ്പണി ചെയ്ത് പണമുണ്ടാക്കി ചേച്ചി വളര്‍ത്തുകയായിരുന്നു.  സ്‌കൂളില്‍ ചേര്‍ത്തു, പഠിപ്പിച്ചു.  സ്‌നേഹം മാത്രം തന്ന് വളര്‍ത്തി.  ആവുന്ന കാലമെത്തിയപ്പോള്‍ കൃഷിപ്പണിക്ക് ചേച്ചിയെ സഹായിക്കാന്‍ കൂടി.  ''പഠിക്ക്'', ''പഠിക്ക്'' എന്ന് പറഞ്ഞ് ചേച്ചി പറഞ്ഞു വിടും.  പഠിച്ച് ടി.ടി.സി പാസ്സായി.  തൊട്ടടുത്ത സ്‌കൂളില്‍ സാറായി.  ഇതിനിടെ ചേച്ചിയെ കല്യാണം കഴിപ്പിക്കാന്‍ ആവുംവിധം ശ്രമിച്ചു.  ചേച്ചി തയ്യാറായില്ല.  ''എനിക്ക് നീയുണ്ടല്ലോ.  നിന്റെ കല്യാണം കഴിഞ്ഞ് മക്കളാവുമ്പോള്‍ അവരെന്റെ മക്കള്‍ തന്നെ.  അതു മതി.''
ചേച്ചി അവിടെയും ജയിച്ചു.  എന്നെ കല്യാണം കഴിപ്പിച്ച് എനിക്ക് രണ്ട് മക്കളുണ്ടായി.  അവരെ കളിപ്പിച്ച് ചേച്ചി സന്തോഷിച്ചു.
ഒരു ദിവസം രാവിലെ വില്ലേജ് ഓഫീസില്‍ വസ്തുവിന്റെ കരമടക്കാനെന്ന് പറഞ്ഞ് പോയതാണ് ചേച്ചി.  8 വര്‍ഷമായി.  ഇതേവരെ മടങ്ങി വന്നിട്ടില്ല.  അനേ്വഷിക്കാവുന്നിടത്തൊക്കെ ഞാനനേ്വഷിച്ചു.  ഇതാ ഈ യാത്രയും ചേച്ചിയെ തേടിയാണ്.  ഋഷികേശില്‍ ചേച്ചിയുടെ ഛായയുള്ള ഒരു സ്ത്രീയെ കണ്ടുവെന്ന് ഒരു നാട്ടുകാരന്‍ വന്നു പറഞ്ഞു.  കേട്ടപാതി ഞാനിറങ്ങിയതാണ്.  അവിടെ പോയി നോക്കാമെന്ന്.
അയാള്‍ ബാഗ് തുറന്ന് ഒരു കവറെടുത്ത് കയ്യില്‍ തന്നു.  കുറച്ച് ഫോട്ടോകള്‍.  അയാളുടെ കല്യാണ ഫോട്ടോയും മക്കളുമൊത്തുള്ള ഫോട്ടോകളും ഉണ്ടതില്‍.
''ഇതാ ഇതാണ് ചേച്ചി.''
വാര്‍ദ്ധക്യം തളര്‍ത്തിയ ഒരു സ്ത്രീ.  പക്ഷെ, കണ്ണുകളില്‍ തൃപ്തിക്കുറവില്ല, സന്തോഷം.
ഒരു എന്‍വലപ്പ് തുറന്ന് ഒരു പേപ്പര്‍ അയാള്‍ നീട്ടി.  മഞ്ഞിച്ചു തുടങ്ങിയ ആ പേപ്പറില്‍ അക്ഷരത്തെറ്റുകളോടെ എഴുതിയിരിക്കുന്നു. 
''എന്റെ അച്ഛന്റെ പേരിലുള്ള ഈ വീട്ടിലും പറമ്പിലും എനിക്കുള്ള എല്ലാ അവകാശവും എന്റെ അനിയന് ഞാന്‍ എഴുതി കൊടുക്കുന്നു.'' - ചേച്ചി എഴുതി കാല്‍പെട്ടിക്കുള്ളില്‍ വച്ചിരുന്നതാണ്.
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.  എന്റെ കണ്ണുകളും നനഞ്ഞു.  സ്‌നേഹം മനുഷ്യനെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കാറുള്ളതെന്ന് ഓര്‍ത്തു പോയി.
''ചേച്ചിക്ക് വയസ്സാകുമ്പോള്‍ എനിക്ക് ശല്യമാകാതിരിക്കാന്‍ എവിടെയോ പോയി ഒളിച്ചിരിക്കുകയാണ്.  എനിക്കറിയാം.  എനിക്ക് കണ്ടു പിടിച്ചേ തീരൂ.  ഈ ലോകം മുഴുവന്‍ അലഞ്ഞാലും ഞാന്‍ കണ്ടു പിടിക്കും.''
ഫോട്ടോകളും മറ്റും ബാഗില്‍ വെച്ച് അയാള്‍ മൗനത്തിലേക്ക് വലിഞ്ഞു.  പിറ്റേന്ന് ന്യൂഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ യാത്ര പറയുമ്പോള്‍ ഞാനയാളോട് പറഞ്ഞു.
''നിങ്ങളുടെ ചേച്ചിയെ മടക്കിക്കിട്ടും.  നിങ്ങളവരെ പൊന്നു പോലെ നോക്കും.  നിങ്ങളും ചേച്ചിയുമൊക്കെക്കൂടിയാണ് ഈ ഭൂമി സ്വര്‍ഗ്ഗമാക്കുന്നത്.''
സ്‌നേഹം കൊണ്ട് ഭൂമി സ്വര്‍ഗ്ഗമാക്കുന്ന ആ മനുഷ്യര്‍ പതിവു പോലെ മറവിയില്‍ മറഞ്ഞു.  പെട്ടെന്ന് ഋഷികേശില്‍ മാല വില്‍ക്കുന്ന സ്ത്രീയെ കണ്ടപ്പോള്‍ ആ കല്യാണ ഫോട്ടോകള്‍, കുടുംബ ഫോട്ടോകള്‍ -
ഋഷികേശില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയിലും ആ മുഖം എന്നെ വിട്ടു പോയില്ല.  അരവിന്ദന്റെ (സി വി ശ്രീരാമന്‌റെയും ) 'ചിദംബര' ത്തിലെ ശിവകാമിയും, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ (ശ്യാമപ്രസാദിന്റെയും) അഗ്നിസാക്ഷിയിലെ സ്വാമിനിയമ്മയുമൊക്കെക്കൂടി കലങ്ങി മറിഞ്ഞ് സന്ദേഹങ്ങള്‍ക്കൊടുവിലെ സന്ദേഹങ്ങളായി ......



  ആ മുഖത്തിന്റെ ഓര്‍മ്മയ്ക്ക്- കെ.എ. ബീന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക