Image

കഥയുടെ കാതല്‍ ഭൂമി (രതീദേവിയുടെ അടിമവംശം എന്ന കഥാസമാഹാരം മുന്‍നിര്‍ത്തി ഒരു ചര്‍ച്ച-ഭാഗം രണ്ട്)

മാത്യു ജെ. മുട്ടത്ത് Published on 16 December, 2013
കഥയുടെ കാതല്‍ ഭൂമി (രതീദേവിയുടെ അടിമവംശം എന്ന കഥാസമാഹാരം മുന്‍നിര്‍ത്തി ഒരു ചര്‍ച്ച-ഭാഗം രണ്ട്)
ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. തമ്പാന്നൂര്‍ ബസ് സ്റ്റാന്റില്‍ ഒരു പുസ്തം വായിച്ചുകൊണ്ടിരിക്കവേയാണ് ശ്രദ്ധിച്ചത്. ബഞ്ചിനു താഴെ തറയില്‍ ഒരു സ്ത്രീ കിടക്കുന്നു. ഒരു കപ്പു കാപ്പി വാങ്ങിക്കൊടുത്തു. ആര്‍ദ്രനേത്രങ്ങളില്‍ നന്ദി തിളങ്ങി. വേദനയുടെയും സ്‌നേഹരാഹിത്യത്തിന്റെയും ഒരുപാടുകഥകള്‍ അവര്‍ പറഞ്ഞു. പെട്ടെന്ന് ഒരു നിലവിളി. നോക്കുമ്പോള്‍ ഒരു പോലീസുകാരന്‍. അയാള്‍ ആ സ്ത്രീയുടെ പുറത്തു ലാത്തികൊണ്ടു തല്ലി ആട്ടിപ്പായിക്കാന്‍ ശ്രമിക്കുകയാണ്. രതീദേവി പോലീസുകാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അയാള്‍ നിയമലംഘനമാണു നടത്തിയിരിക്കുന്നത്. സംരക്ഷണം കൊടുക്കാന്‍ ബാദ്ധ്യതപ്പെട്ടവന്‍ സംഹാകരകനായി മാറിയിരിക്കുന്നു. മോഡേണ്‍ വേഷം ധരിച്ച സ്ത്രീപുരുഷന്മാര്‍ കേവലം കാഴ്ചക്കാരായി. പ്രതിമകള്‍ അല്ലെങ്കില്‍ നപുംസകങ്ങള്‍. പോലീസുകാരന്‍ അടുവുമാറ്റി. ഇവള്‍ വേശ്യയാണ്. എയ്ഡ്‌സ് പിടിച്ചവള്‍. അറ്റുള്ളവരക്കു നാശമുണ്ടാകാതിരിക്കാനാണ് ഓടിക്കാന്‍ ശ്രമിച്ചത്. ശരി അങ്ങനെയെങ്കില്‍ ഇവരെ ഏതെങ്കിലും ആശുപത്രിയിലോ റസ്‌ക്യൂ ഹോമിലോ കൊണ്ടാക്കുകയല്ലേ നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. അതിനു നിങ്ങള്‍ക്കു ചുമതലയില്ലേ? പോലീസുകാരന്റെ ഭാഷയും ഭാവവും മാറി. വേശ്യയുടെ പിമ്പാണു താനെന്നും അയാള്‍ ആക്രോശിച്ചു. ആക്രോശം ഒരാള്‍ക്കു മാത്രമേ ആകാവൂ എന്നില്ലല്ലോ. രതീദേവി അവിടെ ഒന്നാംതരം വക്കീലായി. അവരുടെ വിജയത്തില്‍ കലാശിച്ചു പ്രസ്തുതസംഭവം. പോലീസുകാരന്‍ തലകുനിച്ചു. ആ സ്ത്രീയെ ആശുപത്രിയിലും തുടര്‍ന്ന സുരക്ഷിതസ്ഥാനത്തും എത്തിക്കുന്നതിനു കഴിഞ്ഞു. ഈ അനുഭവത്തിന്റെ ഒരംശവും കഥയിലില്ല. ശരിയാണ് ദേവമ്മ സ്‌നേഹരാഹിത്യത്തിന്റെ ഇരയാണ്.
ജീവിതാനുഭവങ്ങള്‍ മറ്റൊരു രൂപത്തിലാണു കഥകളില്‍ പ്രത്യക്ഷപ്പെടുക. ഉറൂബിന്റെ രാച്ചിയമ്മയെപ്പോലെ, അഷിതയുടെ ഒത്തുതീര്‍പ്പുകളിലെ കുപ്പമ്മയെപ്പോലെ ദേവമ്മയും മറക്കാനാവാത്ത കഥാപാത്രമാകുന്നത് വായനക്കാരന്‍ അറിയുന്നു. സ്ത്രീവിമോചനത്തിന്റെ പേരിലുള്ള ബൗദ്ധിക ജാസകളെ ഈ കാഥാകാരി നിരാകരിക്കുന്നു. പുരുഷനെ ശത്രുപക്ഷത്തു നിറുത്തികൊണ്ടുള്ള സ്ത്രീ വിമോചനവാദം നിലനില്‍പില്ലാത്തതാണ്.

കഥകള്‍ക്കുവേണ്ടി അനുഭവങ്ങള്‍ക്കു പിന്നാലെ പോവുകയാണോ അതോ കഥയുടെ നീരോട്ടമുള്ള മനസ്സില്‍ യാഥാര്‍ത്ഥ്യം വ്യത്യസ്തമായ അനുഭവമായിത്തീരുകയാണോ? കഥകള്‍ക്കുവേണ്ടി ഒന്നും ചെയ്യാറില്ല. അങ്ങനെയായിരുന്നെങ്കില്‍ കുറ്റാന്വേഷണ കഥകളോ അപസര്‍പ്പക നോവലുകളോ എഴുതാനായിരുന്നു എളുപ്പം. സ്ത്രീകളുടെ സങ്കടങ്ങളില്‍ മനസുനൊന്തു കാലുവെന്തു നടക്കുന്ന കാലം. വയനാട്ടില്‍ ഒരു വനപ്രദേശത്തു മരം മുറിക്കല്‍. അധികാരികലെ കണ്ടും കാണാതെയും നടക്കുന്ന കൊള്ള. ഒരു തൈനടുമ്പോള്‍ ഒരു തണല്‍ നടുന്നു എന്നു കവി പാടിയതോര്‍ത്ത്. ഒരു തണല്‍ മുറിക്കുമ്പോള്‍ സര്‍വ്വംസഹയായ ഭൂമാതാവിന്റെ ശരീരമാണല്ലോ. ചുട്ടുപൊള്ളുന്നതെന്നും ഓര്‍ത്തു. ഭൂമി അമ്മയാണ്. മാതൃധ്വംസനം ചെറുക്കാന്‍ മകള്‍ക്കു കടമയില്ലേ. ഒരു ജീന്‍സും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസുമൊക്കെ സംഘടിപ്പിച്ചു. മോഡേണ്‍ ടൂറിസ്റ്റിന്റെ രൂപഭാവങ്ങളോടെ പ്രകൃതിഭംഗികാണാനിറങ്ങി. നിഷ്‌കളങ്കവും നിര്‍ദോഷവുമായ സംശയങ്ങളുമായി മരം മുറികാരെ കണ്ടു. സംസാരിച്ചു. വനത്തിന്റെ ഫോട്ടോ എടുക്കുന്ന മട്ടില്‍ ക്യാമറ ചലിപ്പിച്ചു. മടങ്ങിപ്പോരാനൊരുങ്ങുമ്പോള്‍ വന്നെത്തിയ ഒരുവനു സംശയം. കുശുകുശുപ്പുകള്‍. പെട്ടെന്നു മടങ്ങി മലയിറങ്ങി താഴ് വരെയെത്താറാകുമ്പോഴേക്ക് മുകളില്‍ നിന്ന് ആക്രോശങ്ങളുമായി പാഞ്ഞുവരുന്നവരുടെ ശബ്ദം വേട്ടനായ്ക്കളുടെ ശബ്ദം. ഓടിരക്ഷപ്പെടുകയായിരുന്നു. സ്‌നേഹമുള്ളവരേ കഥകളേക്കാള്‍ തീക്ഷണതരമാണ് അനുഭവമാണ്. ഭാഗ്യം കൊണ്ടു മാത്രം മരണത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. ടൂറിസ്റ്റാണെന്നു പറഞ്ഞതു വിശ്വസിച്ചിരുന്നില്ലെങ്കില്‍ ആദ്യംതന്നെ  ഉണ്ടാകുമായിരുന്ന അനുഭവത്തെ ആലോചിക്കാനേ വയ്യ. ആ സാഹസികമായ യാത്ര അവിസ്മരണീയം. പടം സഹിതം വര്‍ത്ത പത്രങ്ങള്‍ക്കു കൊടുത്തു താല്‍കാലികമായെങ്കിലും മരം മുറിക്കല്‍ അവസാനിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ച രതീദേവി ആത്മീയതയിലും തത്സംബന്ധമായ കാര്യങ്ങളിലും അവിശ്വാസിയാണോ? ആവോ അറിഞ്ഞു കൂടാ. മനുഷ്യനും പ്രകൃതിയും തമ്മില്‍ നിലനില്‍ക്കുന്ന അവ്യാഖ്യേയമായ ആത്മബന്ധത്തിന്റെ ഈഴയടുപ്പം എന്നും ഉള്ളില്‍ കൊണ്ടു നടന്നു. അതില്‍ ഈശ്വരനെ കാണാനും കഴിഞ്ഞിട്ടുണ്ട്. കഴിയുന്നു. അതൊരു അദൈ്വതഭാവമാണ്. നാഗ്പൂരില്‍ നിയമം പഠിക്കാന്‍ പോയ കാലത്തെ ഒരനുഭവം പറയാം. ടൈഫോയിഡ് പിടിപെട്ട് ആശുപത്രിയില്‍ കുറെക്കാലം . കൈയിലെ കാശെല്ലാം തീര്‍ന്നു. വീട്ടിലേക്കൊന്നു ഫോണ്‍ ചെയ്യണം. വെളുപ്പിന് അഞ്ചുണിയായിക്കാണും ഇറങ്ങി നടന്നു. തെരുവുകള്‍ക്കു ശബ്ദം വെച്ചു വരുന്നതേയുള്ളൂ. കുറെനടന്നു. നിലാവു തീര്‍ന്നിട്ടില്ല. മഞ്ഞു പൊഴിയുന്നു. ശീതക്കാറ്റ്. ടസ്വറ്ററില്‍ തിരുപ്പിടിച്ചു വിറച്ചുനടന്നു. ദൂരെ നിന്ന് മഞ്ഞ നിറത്തിന്റെ മലയിളകിവെരുമ്പോലെ അടുത്തെത്തിയപ്പോള്‍ ഒരു സംഘം ബുദ്ധസന്യാസിമാര്‍. അവരോടൊപ്പം കൂടി. ബുദ്ധം ശരണം ഗയ്ഛാമി. സംഘം ശരണം ഗച്ഛാമി. ശരണമന്ത്രങ്ങളില്‍ ലയിച്ചു. ആത്മാവില്‍ ഈശ്വര സ്പര്‍ശം തന്നെ. ഏതോ വഴിക്കവലയിലെത്തി. പകല്‍ വെളിച്ചം കണ്ണില്‍ പതിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നു കിലോമീറ്ററുകള്‍ അകലെ ടെലിഫോണ്‍ ചെയ്തു തിരികെ എത്തുമ്പോള്‍ രോഗത്തില്‍ നിന്നും മാത്രമല്ല. പാപങ്ങളില്‍ നിന്നും മുക്തി നേടിയതുപോലെ. അധികം വൈകാതെ ആശുപത്രി വിടാനും കഴിഞ്ഞു. പൊരുത്തപ്പെടാന്‍ കഴിയുന്നു?

വിവാഹബന്ധം മറ്റൊരു നാട്ടിലെത്തിച്ചു. സാഹിത്യവും കവിതയും ഇഷ്ടപ്പെടുന്ന ഭര്‍ത്താവ്. ഇവിടെ ശാന്തമായ ഒരു കുടുംബജീവിതത്തിന്റ കാല്പനിക സൗന്ദര്യത്തില്‍ മുഴുകുമ്പോഴും ഭൂതകാലം മനസില്‍ ശക്തമായി തുടിമുഴക്കുന്നു. നാടും വീടും എണ്ണമറ്റ സ്‌നേഹബന്ധങ്ങളും മുക്കുറ്റിയും മന്ദാരവും പൂത്തുനില്‍ക്കുന്ന തൊടികളും മറക്കുക വയ്യ. മുറ്റത്തെ തുളസിയുടെയും മുല്ലയുടെയും സുഗന്ധം. ഓണവും വിഷുവും മഴക്കാലവും മനസിന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. ഒലീവ് മരങ്ങള്‍ നിറഞ്ഞ ഈ താഴ് വരകളില്‍ ഇവയൊക്കെ കൂട്ടിനുണ്ട്. ഈ ഹിമശൈത്യത്തിന്‍ നടുവില്‍ കിഴക്കോട്ടു നോക്കുമ്പോള്‍ കാണുന്നു. താമരക്കുളത്തെ വീടിന്റെ ചിത്രം. അവിടെയൊരുമുറിയില്‍ ഭിത്തിയില്‍ മാലാഖപ്പെണ്ണിന്റെ പടമുള്ള കലണ്ടര്‍. ജനാലതുറന്നാല്‍ കാണാവുന്ന ജീവിതത്തിന്റെ സുതാര്യവിശുദ്ധി. മഞ്ഞു കോരിയെറിഞ്ഞു പാതതെളിക്കുന്ന വരെ ഇവിടെ കാണാം. അതുപോലെ ദൂരം സൃഷ്ടിച്ച മഞ്ഞിന്‍ കൂമ്പാരങ്ങളെ തട്ടി നീക്കി കഥകളുടെ വഴിതെളിച്ച് ഞാനും നിങ്ങള്‍ക്കൊപ്പം വരും തീര്‍ച്ച.

തയ്യാറാക്കിയത് മാത്യു ജെ. മുട്ടത്ത്
( അവസാനിച്ചു)

അടിമവംശം
കൈയ്യില്‍ കാശില്ലാത്ത സര്‍ഗ്ഗാത്മകതയുള്ള കലാകാരന്മാരുടെ രചനകളെ സമൂഹമനസ്സില്‍ എത്തിക്കാനുള്ള ഒരു വേദിയാണ് തീരം. അതിന്റെ പ്രാരംഭപ്രവര്‍ത്തങ്ങള്‍ക്കായി സ്വന്തം പുസ്തകമായ അടിമവംശത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തത്.

ക്ഷുഭിത യൗവ്വനത്തിന്റെ തീക്ഷണചിന്തകള്‍ നിറയുന്ന കഥാസമാഹാരം എന്ന് ജഡ്ജിംഗ് പാനല്‍ വിലയിരുത്തിയതിനാല്‍ പ്രഥമ കിഷോര്‍ കുമാര്‍ അവാര്‍ഡിന് അര്‍ഹമായി.

രാഷ്ട്രീയം ആത്മാശം ആയി എഴുതിയ മലയാള സാഹിത്യത്തിലെ ഏക പെണ്‍ കഥാസാമാഹാരം എന്ന് കെ.സി. കൊച്ചുനാരായണന്‍ എഴുതി.

അടിമവംശത്തിന്റെ ഒന്നാം പതിപ്പ് കേരളത്തിലെ എല്ലാ ലൈബ്രറികളിലും ലഭ്യമായിരുന്നു. പതിനായിരത്തില്‍ അധികം കോപ്പികള്‍ വിറ്റുപോയിരുന്നു.

രതീദേവിയുടെ അടിമവംശം ചെറുകഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് കേരള ചീഫ് സെക്രട്ടറി ജെ. ജയകുമാര്‍ എഴുത്തുകാരി സിസ്റ്റര്‍ ഡോക്ടര്‍ ജസ്മിക്ക് നല്‍കിക്കൊണ്ട് തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.

ഉള്ളവരാകട്ടെ ഓരോ എഴുത്തുകാരും എന്ന് കെ.ജയകുമാര്‍ അഭിപ്രായപ്പെട്ടു. ഇരുപതു വയസ്സിനകം എഴുതിയതാണ്. അടിമവംശത്തിലെ മിക്ക കഥകളും തന്നെ ഏറെ  അത്ഭുതപ്പെടുത്തിയെന്നു സിസ്റ്റര്‍ ഡോക്ടര്‍ ജസ്മി പറഞ്ഞു. താമരക്കുളം എന്ന വിദൂരഗ്രാമത്തില്‍ ജീവിച്ച പെണ്‍കുട്ടി എഴുതിയ കഥകള്‍ ഓര്‍മ്മവന്നു.

ഓരോ കഥയും നമ്മെ വിഭ്രാത്മകതയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. ഓരോ കഥയിലും ഒരു ഉന്മാദത്തിന്റെ ലഹരി നാം അറിയുന്നുവെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സിസ്റ്റര്‍ ഡോക്ടര്‍ ജസ്മി പറഞ്ഞു.

ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ കവി കുരീപ്പുഴ ശ്രീകുമാറിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. മുന്‍മന്ത്രി ബിനോയ് വിശിവം അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ജെ.ദേവിക, എന്‍എ.ഗീത, സതീഷ് ബാബു പയ്യന്നൂര്‍, രാജന്‍ കൈലാസ്, ഡി.പ്രദീപ്കുമാര്‍, പ്രൊഫം മാത്യൂ മുട്ടം, ഹരിശങ്കര്‍ കര്‍ത്ത, അഡ്വ. സജീവ് മുഹമ്മ എന്നിവര്‍ അടിമവംശത്തെക്കുറിച്ചും, രതീദേവിയുടെ സൗഹൃദത്തെക്കുറിച്ചും സംസാരിച്ചു. തീരം ട്രസ്റ്റിന്റെ ഭാരവവാഹി ലീന്‍ തോമ്പിയാസ് സ്വാഗതം ആശംസിച്ചു.

കറന്റ് ബുക്‌സ്, തൃശ്ശൂര്‍, കോസ്‌മോ, നാഷണല്‍ ബുക്‌സ്, ചിന്ത പബ്ലിക്കേഷന്‍സ്, ഭേശാഭിമാനി, ഫെബിയന്‍ ബുക്‌സ് എന്നിവയുടെ കേരളത്തിലെ എല്ലാ വിതരണ കേന്ദ്രങ്ങളിലും അടിമവംശം ലഭ്യമാണ്. കൂടാതെ ഇന്ദുലേഖ ഡോട്ട്‌കോം വഴി ഓണ്‍ലൈനില്‍ കിട്ടും.

 
കഥയുടെ കാതല്‍ ഭൂമി (രതീദേവിയുടെ അടിമവംശം എന്ന കഥാസമാഹാരം മുന്‍നിര്‍ത്തി ഒരു ചര്‍ച്ച-ഭാഗം രണ്ട്)കഥയുടെ കാതല്‍ ഭൂമി (രതീദേവിയുടെ അടിമവംശം എന്ന കഥാസമാഹാരം മുന്‍നിര്‍ത്തി ഒരു ചര്‍ച്ച-ഭാഗം രണ്ട്)കഥയുടെ കാതല്‍ ഭൂമി (രതീദേവിയുടെ അടിമവംശം എന്ന കഥാസമാഹാരം മുന്‍നിര്‍ത്തി ഒരു ചര്‍ച്ച-ഭാഗം രണ്ട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക