Image

രാഗം താനം പല്ലവി: ശ്രീപാര്‍വ്വതി (സപ്ന അനു ബി. ജോര്‍ജ്‌ )

സപ്ന അനു ബി. ജോര്‍ജ്‌ Published on 15 February, 2014
രാഗം താനം പല്ലവി: ശ്രീപാര്‍വ്വതി (സപ്ന അനു ബി. ജോര്‍ജ്‌ )
സംഗീത മധുരനാദം ലയം,
സങ്കല്‌പ ലഹരിതന്‍ ഉന്മാദം
ആനന്ദ സാഗര തരംഗങ്ങളെ ,
അണയുക വസന്തത്തിന്‍ സുഗന്ധങ്ങളെ

ആ ചിത്രത്തില്‍ മാസ്മരികമായ ഹൃദ്യതയുണ്ട്. അവാച്യമായ വാക്കുകളാല്‍ മൊഴിയുന്ന സപ്തസ്വരധാരയുടെ ദൃശ്യഭംഗി. മനോഹരമായ ശ്രീത്വം തുളുമ്പുന്ന മുഖം. ഈ വാക്കുകളെല്ലാം ശ്രീപാര്‍ിവതിയുടെ ഒരു ഫോട്ടോയ്ക്കു കിട്ടിയ അഭിപ്രായങ്ങള്‍ ! ഇവിടെയും തീര്‍ന്നില്ല. മുഖം നോക്കി മനസറിഞ്ഞ് നിമിഷത്തിനുള്ളില്‍ പ്രതികരിക്കാനുള്ള ആര്‍ജ്ജവം ഉള്ളവര്‍ക്ക്, അത് സങ്കല്പ്പത്തില്‍ ആവാഹിച്ച് നടനമാക്കാനാവും എന്നതും ഏതാണ്ട്് ശ്രീപാര്‍വതിയുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. എന്നാല്‍ പലപ്പോഴും നമ്മേക്കാള്‍ നമ്മിലുള്ള നമ്മെ തിരിച്ചറിയുന്നത് പുറമേ നിന്ന് നോക്കുന്ന ഒരാളാകും എന്നതിനുത്തമ ഉദാഹരണമാണ് ഭക്തിസാന്ദ്രമായ ഈ സംഗീത ആല്‍ബത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട ശ്രീപാര്‍വതിയുടെ മുഖം.

ഞാനായി ഇരുന്നുകൊണ്ട് ഞാനല്ലാതായി മാറുന്ന മറ്റൊരുവള്‍? ശ്രീപാര്‍വതി സ്വയം വിശേഷിപ്പിച്ചുവോ! എഴുത്തിലെ വരികളാല്‍ എന്നെ സ്വയം പരിചയപ്പെടുത്തിയവര്ള്‍ വാക്കുകളാല്‍ ഏട്ടത്തി എന്നവള്‍ എന്നെ വിളിച്ചടുപ്പിച്ചു. മനസുകൊണ്ട് ഞാനവര്‍ക്ക് സ്വഥാനമാനങ്ങള്‍ നല്‍കി.  അവളെന്റെ ആരൊക്കെയോ ആയിത്തീര്‍ന്നു. ചിത്രങ്ങളില്‍, ലേഖനങ്ങളില്‍, അഭിപ്രായങ്ങളില്‍ അവള്‍ക്ക് ആരാകാനും കഴിയും എന്ന് സ്വയം വിശേഷിപ്പിച്ചു. അങ്ങിനെയിരിക്കെ ഒരു പുതിയ ചിത്രത്തില്‍ ഭക്തകുചേലയുടെ, പാര്‍വതി ദേവിയുടെ ഭാവങ്ങള്‍ നിറഞ്ഞൊഴുകി. അതിലും അത്യന്തം തന്മയീഭാവം. ? എഴുത്തുപോലെയോ അതിലുപരിയോ അഭിനയവും അനായാസമായി കൈകാര്യം ചെയ്യാന്‍ ശ്രീപാര്‍വതിക്ക് കഴിയും. ദൈവികമായി കിട്ടിയ വരദാനം പോലെ സംശയം ഇല്ല. അങ്ങനെ എല്ലാ മേഖലകളിലും കൈവച്ച് നാളെയുടെ വാഗ്ദാനം ആയിത്തീരാനവള്‍ തയാറെടുക്കുന്നു. ശ്രീപാര്‍വതി.

ശ്രീപാര്‍വതിയെ തിരഞ്ഞെടുത്ത ആളും സാധാരണക്കാരനല്ല ! ദേവകിയമ്മയുടേയും വാസുദേവന്‍ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിലെ അഞ്ചലിനടുത്ത മലമേലില്‍ ജനനം. അഞ്ചലിലെ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്ത വിജയന്‍. ഇന്നും സാധാരണക്കാരില്‍ സാധാരണനാണെന്ന് താഴ്മയില്‍ സ്വയം വിശേഷിപ്പിക്കുന്നു. കലാലയപഠനകാലത്ത് അനവധി കവിതാരചനാമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി. അക്കാലത്ത് തന്നെ കുങ്കുമം വാരികയടക്കമുള്ള ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ഓഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. ദുബായ് കേന്ദ്രമാക്കി 1984 ല്‍ തുടക്കമിട്ട 'ഈസ്റ്റ് കോസ്റ്റ് എന്ന പ്രസ്ഥാനം അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയമായി. ആദ്യത്തെ സിനിമാ സംരംഭമായ നോവലിന്റെ സംവിധായകന്‍ എന്ന നിലയില്‍ നവാഗത സംവിധായകനുള്ള വി.ശാന്താറാം അവാര്‍ഡിന് നോമിനേഷനും ലഭിച്ചിട്ടുണ്ട്. ആല്‍ബങ്ങള്‍, മാപ്പിളപ്പാട്ട്, ഭക്തിഗാനങ്ങള്‍ തുടങ്ങിയ ചലച്ചിത്രേതര ഗാനങ്ങളുടെ സംവിധായകന്‍, രചയിതാവ്, നിര്‍മ്മാതാവ് എന്നിവയിലൂടെ പരിചിതനായ ഒരു കേരളീയ കലാകാരനും പ്രവാസി വ്യാപാര സംരംഭകനുമാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നറിയപ്പെടുന്ന കരിക്കത്തില്‍ വാസുപ്പിള്ള സുരേന്ദ്രന്‍ പിള്ള, വിജയന്‍ ജി.

* ശ്രീപാര്‍വതി ആ പേരില്‍ത്തന്നെ ഒരു ദൈവികം, ശ്രീത്വം, എന്താണ് പാര്‍വതിയെ തിരഞ്ഞെടുത്ത കാരണം?
ചിലതൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നുവെന്നല്ലാതെ അതിനു കൃത്യമായി കാരണം കണ്ടെത്തുക ബുദ്ധിമുട്ടാണ്. സ്‌നേഹവും പ്രണയവും അതിന്റെ പിന്നിലുള്ള നോവും മധുരവുമൊക്കെ വായിച്ചെടുക്കാവുന്ന രണ്ടു ഫോട്ടോകള്‍. (പാര്‍വതിയും ഭര്‍ത്താവും ഒന്നിച്ചുള്ള) ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത് എന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ജന്മസിദ്ധമായ ഒരു കഴിവ് അഭിനയകലയില്‍ അപ്പോഴേ എനിക്ക് ബോധ്യപ്പെട്ടിരുന്നു. പിന്നീടെപ്പോഴോ ചാനലിലോ മറ്റോ ടെലികാസ്റ്റ് ചെയ്ത വീഡിയോയുടെ ലിങ്ക് അയച്ചു തന്നു. അഭിനയിക്കാന്‍ താല്പര്യമുണ്ടാകുമെന്നു തോന്നിയത് അങ്ങനെയാണ് ചോദിച്ചു സമ്മതിച്ചു.

പുതിയ പലര്‍ക്കു വേദികള്‍ ഒരുക്കി, അവര്‍ക്കുള്ള സംരംഭങ്ങളില്‍ വളരെ അധികം സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന വിജയന്‍ ജി. എവിടെയും പുതുമകള്‍ ഉള്‍ക്കൊണ്ട് ആല്‍ബങ്ങള്‍ നിര്‍മിക്കുന്നതിന്റെ കാരണം?
ആദ്യത്തെ വാചകം ഇവിടെയും ആവര്‍ത്തിക്കുന്നു. ചിലതൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നുവെന്നല്ലാതെ അതിനു കൃത്യമായി കാരണം കണ്ടെത്തുക ബുദ്ധിമുട്ടാണ്. എനിക്ക് ചെയ്യണമെന്നു തോന്നുന്നത് ചെയ്യാന്‍ കഴിയുന്നത് ചിലതൊക്കെ ചെയ്യുന്നു. പുതുമകളാകാം, ആവര്‍ത്തനങ്ങളാകാം ഒപ്പം ശരിയെന്നു തോന്നുന്നത് മറ്റൊന്നും ആലോചിക്കാതെ ചെയ്യാന്‍ എവിടെ നിന്നോ ഒരൂ ഊര്‍ജ്ജം പകര്‍ന്നു കിട്ടുന്നു.

ശ്രീപാര്‍വതി
അക്ഷരങ്ങളെ സ്‌നേഹിക്കുന്ന പാര്‍വതി. പ്രകൃതിയെ അമ്മയായി വിശേഷിപ്പിക്കുന്ന പാ-റുക്കുട്ടി. പാട്ടിന്റെ ഈണങ്ങളില്‍ സ്വയം രാധയാവുന്ന പാര്‍വതി. സ്ത്രീകളെ മാറോടുചേര്‍ത്തണക്കുന്ന പാ-റു. ഇതെല്ലാം ശ്രീപാര്‍വതിയുടെ സ്വന്തം വാക്കുകളില്‍ ഇങ്ങനെ വായിക്കാം. വായനയില്ലാത്ത ഭരണം തുലയട്ടെ. മതത്തിന്റെ ചങ്ങലക്കെട്ടുകള്‍ക്കിടയില്‍ പിടയുന്നവര്‍. രാഷ്ട്രീയത്തിന്റെ ഭ്രാന്തിനുള്ളില്‍ നിലവിളിക്കുന്നവര്‍. അവര്‍ എന്ന് സ്വതന്ത്രയായെന്നാണ് നിങ്ങളീ പറയുന്നത്. നമ്മളെന്തൊക്കെ ചെയ്താലും ഒരു മഴ പെയ്താല്‍ മതി നട്ടു നനച്ച എല്ലാറ്റിനും ഒരു ഉണര്‍വ്. ഇന്ന് എഴുത്തിനുള്ള മൂഡാണ്. സുഖമുള്ള മൂഡ്? ഈ ഭാവങ്ങളും വികാരങ്ങളും വിചാരങ്ങളും, ശ്രീപാര്‍വതിയുടെ അക്ഷരങ്ങളില്‍ മാ-ത്രമല്ല. ആ കണ്ണുകളില്‍ ചുണ്ടുകളുടെ കോണില്‍ നെറ്റിയുടെ രേഖകളില്‍ നിറഞ്ഞിറങ്ങുന്നത് ശ്രീപാര്‍വതിയെ അറിയുന്നവര്‍ക്ക് ചിരപരിചിതമാണ്. ഇനിയുള്ള എന്റെ ചോദ്യങ്ങളില്‍ പാര്‍വതി സ്വയം വിസ്തരിക്കുന്നു. വിമര്‍ശിക്കുന്നു.

* പ്രസിദ്ധമായ ഒരു ആല്‍ബത്തില്‍ തുടക്കം, മനസിലെ ചിന്തകള്‍
'അയിഗിരി നന്ദിനി നന്ദിത മേദിനി.. എന്നു തുടങ്ങുന്ന പ്രസിദ്ധമായ ശ്ലോകങ്ങളാണത്. ശങ്കരാചാര്യന്‍ രചിച്ച കുറച്ചു ശ്ലോകങ്ങള്‍. അതും ശ്രീപാര്‍വതിയെ കുറിച്ചുള്ളത്. വിജയേട്ടന്‍ ഈ പാട്ട് തന്നപ്പോള്‍ അതിശയം തോന്നിയിരുന്നു. ഗണപതിയുടേയോ, കൃഷ്ണന്റേയോ മറ്റു ദേവിമാരുടേയോ ഒന്നും പാട്ടെടുക്കാതെ പാര്‍വതി ദേവിയുടെ തന്നെ പാട്ട് അതേ പേരുള്ള മറ്റൊരാള്‍ പാടുക. ഇതിനുവേണ്ടി നൃത്തം ചെയ്ത കുട്ടിയുടെ പേര് ശ്രീധന്യ എന്നാണ്. ഒരു ശ്രീ അതിലുമുണ്ട്. എല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്നു. യാദൃശ്ചികമായി ഒരു ദിവസം വിജയേട്ടന്‍ വിളിക്കുകയായിരുന്നു, ഒരു ഡിവോഷണല്‍ ആല്‍ബം ചെയ്യുന്നു. അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചു. എന്നില്‍ അങ്ങനെ ഒരാളുണ്ടോ എന്നു ഞാന്‍ സ്വയം ചോദിച്ചു. പലപ്പോഴും മറ്റൊരു വ്യക്തിയെ ഫീല്‍ ചെയ്തിട്ടുണ്ട്. ചില നേരങ്ങളില്‍ നന്നായി അഭിനയിക്കുന്ന ഒരു അപര. പക്ഷേ ആ മറുവ്യക്തിത്വത്തെ എഴുത്തിന്റെ സമയത്താണ് കൂടുതലും ഉപയോഗിച്ചിരുന്നത്. ഈ അഭിനയവും ആ എഴുത്തിനു വേണ്ടി തന്നെ. ചില അനുഭവങ്ങള്‍ നമ്മളെ മാത്രം തിരഞ്ഞു വരുമ്പോള്‍ അതിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച് വേദനയാണെങ്കിലും സന്തോഷമാണെങ്കിലും ആസ്വദിക്കണം. അനുഭവമാക്കണം. അതിനു വേണ്ടി വിജയേട്ടന്റെ ആ ചോദ്യം ഞാനേറ്റെടുക്കുകയായിരുന്നു. നന്നായി ചെയ്യാന്‍ കഴിഞ്ഞു എന്നു സംവിധായകന്റെ മുഖത്തു നിന്നു തന്നെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ഇനി ബാക്കി കാഴ്ചക്കാര്‍ക്ക് വിടുന്നു.

* സംഗീതത്തിനോടുള്ള ഇഷ്ടം, താല്പര്യം
സംഗീതം പഠിച്ചിട്ടില്ല. പക്ഷേ സംഗീതം ജീവന്‍ കൊടുത്ത ഒരു വീട്ടിലാണ് എത്തിയത്. അച്ഛന്‍ കഥകളി പാട്ടുകാരനായിരുന്നു. ഞാനൊഴിച്ച് നല്ല പാതി, അമ്മ, ചേച്ചി എല്ലാവരും പാടും. കൂടുതല്‍ ഇഷ്ടം ഭക്തി ഗാനങ്ങളും മെലോഡിയസ് ആയ സിനിമാ ഗാനങ്ങളുമാണ്. സമ്പ്രദായ ഭജനയോട് ലേശം ഇഷ്ടമുണ്ട്. പിന്നെ വയലിന്‍ നാദം ഇഷ്ടമാണ്. ഓടക്കുഴലിനോടും കമ്പമുണ്ട്.

* മനസില്‍ സംഗീതവും മുഖത്തു ഭാവങ്ങളും, അടുത്ത നിമിഷത്തില്‍ എത്തുന്ന 'കട്ട് എന്ന വാക്ക് ഈ പുതിയ അനുഭവങ്ങള്‍
ഇതുപോലെ ഒരു അനുഭവം ആദ്യമായിരുന്നു. ആകെ ഒരു വിഷമം ആ ശ്ലോകങ്ങള്‍ കാണാതെ പഠിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു. ക്ലോസ് ഷോട്ടൊക്കെ ഉണ്ടെങ്കില്‍ ചുണ്ടിന്റെ അനക്കം പ്രശ്‌നമാകുമല്ലോ. പക്ഷേ വലിയ കുഴപ്പങ്ങള്‍ ഉണ്ടായില്ല എന്നു തോന്നുന്നു. ശരിക്കും ആ പാട്ട് ഉയരുമ്പോള്‍ ഒപ്പം പാടുക തന്നെ ആയിരുന്നു അതും ഉറക്കെ തന്നെ. അതുകൊണ്ടാവാം താളത്തിനനുസരിച്ച് കണ്ണും മുഖവുമൊക്കെ പോയത്.

പണ്ടു മാത്രമല്ല ഇപ്പോഴും നല്ലൊരു പാട്ടു കേട്ടാല്‍ കയ്യില്‍ ഇല്ലാത്ത മുദ്രകള്‍ വരും. ശരീരം ചലിക്കും. ഞാനതിനെ നൃത്തമെന്നു വിളിക്കും. പക്ഷേ ഒരു സമൂഹത്തിന്റെ മുന്നില്‍ ഒട്ടും വഴങ്ങാത്തതു കൊണ്ട് അത് കഴിവാണെന്ന് പറയുക വയ്യ. പിന്നെ ഒറ്റയ്ക്കായിരിക്കുന്ന ഇടങ്ങളില്‍ സ്വയം കഥാപാത്രങ്ങളായി കൂടുമാറ്റം നടത്താറുണ്ട്. പലപ്പോഴും എഴുതുന്ന കഥയ്‌ക്കോ കവിതയ്‌ക്കോ വേണ്ടി അങ്ങനെയാണ് എന്നിലുള്ള അപരയെ ഞാന്‍ കണ്ടെത്തിയത്. ഞാനായി ഇരുന്നുകൊണ്ട് ഞാനല്ലാതായി മാറുന്ന മറ്റൊരുവന്‍. അവര്‍ക്ക് ആരാകാനും കഴിയും. പക്ഷേ അവളോട് എനിക്ക് തീരെ താല്‍പര്യമില്ല. പലപ്പോഴും അവളെന്നെ വേദനിപ്പിച്ചിരുന്നു. പക്ഷേ ഇതുപോലെയുള്ള നിമിഷങ്ങള്‍ക്കൊക്കെ ആ അപര എന്നെ ഒരുപാട് ഉയര്‍ത്തി. എഴുത്തില്‍ അഭിനയത്തിലുണ്ടോ എനിക്കറിയില്ല. അത് കാഴ്ചക്കാരാണ് പറയേണ്ടത്.

* ഭക്തിസാന്ദ്രമായ ആല്‍ബം അടുത്ത കാല്‍വയ്പുകള്‍
എന്റെ അഭിനിവേശം എഴുത്തിനോടാണ്. അഭിനയം എന്നത് എന്റെ ചിന്താഗതികള്‍ക്ക് ഇണങ്ങില്ല. വളരെ ഇമോഷണലായ ചിന്തകളില്‍ പെട്ടു പോകുന്ന ഒരാളെന്ന നിലയില്‍ ഈ മേഖല എനിക്ക് അനുയോജ്യമല്ല എന്നു എനിക്ക് നന്നായി അറിയാം. പണ്ടു മുതല്‍ സിനിമയില്‍ കമ്പമുണ്ടായിരുന്നു. അതുപക്ഷേ അഭിനയത്തിലല്ല. കഥയെഴുത്തിലും സംവിധാനത്തിലും താല്‍പര്യമുണ്ടായിരുന്നു. ഇപ്പോള്‍ തല്‍ക്കാലം എഴുത്തില്‍ ശ്രദ്ധ കൊടുക്കാനാണ് ഇഷ്ടം. ഒരു സുഹൃത്തിന്റെ ഷോര്‍ട്ട് ഫിലിമിനു തിരക്കഥ എഴുതുന്നുണ്ട്. ഒരെണ്ണം സ്വന്തമായി ചെയ്യാന്‍ ആഗ്രഹമുണ്ട്. കഥയെഴുതി സംവിധാനം ചെയ്യാന്‍ ഒരു പ്രൊഡ്യൂസറെ ലഭിച്ചാല്‍ അതും ചെയ്യണം. ഈസ്റ്റ് കോസ്റ്റ് വിജയേട്ടന്‍ ഏറ്റവുമടുത്ത സുഹൃത്താണ്. മാത്രവുമല്ല എഴുത്തിന്റെ പേരില്‍ ആദ്യമായി ഒരു അംഗീകാരം കിട്ടിയത് ഈസ്റ്റ് കോസ്റ്റില്‍ നിന്നാണ്. (കഥയെഴുത്തില്‍ സമ്മാനം കിട്ടിയിരുന്നു) മാത്രവുമല്ല ഈസ്റ്റ് കോസ്റ്റ് ഓണ്‍ലൈന്‍ മാസികയില്‍ ഒരു ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി കോളം ചെയ്യുന്നുണ്ട്്. ആ അടുപ്പം വച്ചാണ് വിജയേട്ടന്റെ ആ ചോദ്യത്തെ സ്വീകരിച്ചത്. പിന്നെ ഇതുപോലെ പേരുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന അംഗീകാരം വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ലല്ലോ. ഏറ്റവും പ്രധാനം നല്ല പാതിയുടെ സമ്മതമായിരുന്നു. അദ്ദേഹത്തിന് എന്റെ ഏത് താല്‍പര്യങ്ങളോടും ഇഷ്ടമാണ്. കൂടെ നില്‍ക്കുമെന്ന് ഉറപ്പുമുണ്ട്. പക്ഷേ അഭിനയത്തോട് അത്ര ഇഷ്ടം തോന്നുന്നില്ല. എഴുത്തില്‍ തന്നെ കൂടുതല്‍ ആഴത്തില്‍ ഇറങ്ങാനാണ് മോഹം.

* ക്യാമറയ്ക്കു മുന്നിലെ ആദ്യനിമിഷം
ക്യാമറയ്ക്കു മുന്നില്‍ ആദ്യം നിന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഒരു കവിയരങ്ങിന്, ദൂരദര്‍ശനില്‍. പിന്നീട് രണ്ടു മൂന്ന് ചാനലുകളില്‍ ഞങ്ങളെ കുറിച്ചുള്ള പ്രോഗ്രാമുകള്‍ വന്നിരുന്നു. പക്ഷേ ഈ ആല്‍ബത്തിന്റെ ഒപ്പം നില്ക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. 'മൈ ബോസ് സിനിമയുടെ ക്യാമറാമാന്‍ അനില്‍ നായരാണ് ആല്‍ബത്തിന്റെ ക്യാമറ. പക്കാ പ്രൊഫഷണല്‍ ടീം. ആദ്യം ഒന്നു രണ്ടു തവണ റിഹേഴ്‌സല്‍ എടുത്തു നോക്കി. പിന്നെ ടേക്ക് എടുത്തു. പക്ഷേ ശ്ലോകങ്ങള്‍ ഓരോന്ന് കഴിയുന്നതോടെ ആ ഭയം മാറി വന്നു. അതുകൊണ്ട് ആദ്യത്തെ ശ്ലോകം വീണ്ടും ഒന്നു കൂടി എടുത്തു. അത്യധികമായി ടെന്‍ഷന്‍ അടിക്കുമ്പോഴും ആനന്ദിക്കുമ്പോഴും മനസ് വല്ലാതെ ശൂന്യമായിരിക്കും. വൈകാരികമായി ഒന്നുമില്ലാതെ ഇരിക്കുന്ന അവസ്ഥ. അതില്‍ നിന്ന് പുറത്തു കടന്ന് ആ പാട്ടില്‍ ചേര്‍ന്നപ്പോഴാണ് ഭക്തി പോലും വന്നത്. ചില ശ്ലോകങ്ങളില്‍ പാര്‍വതിയോടൊപ്പം മഹാദേവനേയും പുകഴ്ത്തുന്ന വരികളില്‍ സ്വയം ആ ദേവിയുടെ സ്ഥാനത്തു കണ്ടു. പേരില്‍ നിന്ന് യഥാര്‍ത്ഥ സ്വത്വത്തിലേയ്ക്ക് ചിലപ്പോഴൊക്കെ നടന്നു കയറി. അതൊരു അനുഭവമായിരുന്നു. പ്രാര്‍ഥിക്കുന്ന ആളും പ്രാര്‍ഥിക്കപ്പെടേണ്ട ആളും ഒന്നാവുക. അതു കാണുന്നവര്‍ക്ക് മനസിലാകുമോ എന്നറിയില്ല. പക്ഷേ പലപ്പോഴും അത്തരമൊരു അനുഭവം ഉണ്ടായി. ആ ആനന്ദത്തിന്, വിജയേട്ടനും ടീമിനും ഹൃദയം നിറഞ്ഞ നന്ദി പറയണം.

* ഒരു പ്രോലോഗ്
നിമിഷങ്ങള്‍ക്കുള്ളില്‍ ഉള്ള ഒരു ക്ലിക്കിനുള്ളിലേക്ക് ശ്രീപാര്‍വതിയുടെ മുഖം നിശ്ചലമായിക്കഴിഞ്ഞിരിക്കുന്നു. ഈ കാഴ്ച അനശ്വരതയിലേക്ക് ചേര്‍ത്തുവയ്ക്കപ്പെട്ടു. ഒരു മാറ്റം എന്ന യാഥാര്‍ത്ഥ്യത്തിന്റെ തെളിവായി. ഈ ഫോട്ടോകളും, ആല്‍ബവും പാര്‍വതിയായി നമുക്ക് കാണാം. ഈ നിമിഷങ്ങളെ ഫ്രെയിമിനുള്ളിലേക്കും ഭാവിയിലേക്കും ഭദ്രമായി കാത്തുസൂക്ഷിക്കാം. അക്ഷരങ്ങള്‍ എന്നതുപോലെതന്നെ ശ്രീപാര്‍വതിയെന്ന വ്യക്തിയുടെ കഴിവുകളെ കൂട്ടിവായിക്കുന്നതിനും ഈ ക്ലിക്കുകള്‍ ഉപകാരപ്പെടട്ടെ. സങ്കല്പലോകത്തിനപ്പുറത്തേക്ക് തുറക്കുന്ന ഈ വാതിലുകള്‍ ഭാവിയില്‍ വലിയ വാഗ്ദാനങ്ങളുമായി എത്തിച്ചേരട്ടെ ശ്രീപാര്‍വതിക്കായി. ഈ ഒരനുഭവം കേവലം കാഴ്ചകള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യങ്ങള്‍ക്കായി പാര്‍വതിയുടെ സ്വന്തം മോഹങ്ങള്‍ക്കും ചവിട്ടുപടിയായി പടര്‍ന്നു കയറട്ടെ.

SABG/Freelance Journalist/Poet/Columnist
www.sapnageorge.com
രാഗം താനം പല്ലവി: ശ്രീപാര്‍വ്വതി (സപ്ന അനു ബി. ജോര്‍ജ്‌ )
Join WhatsApp News
വിദ്യാധരൻ 2014-02-15 18:56:39
സംഗീതകം സൈകത വാരിരീത്യ 
ആനന്ദയത്യന്തരനു പ്രവിശ്യ 
സൂക്തി കവേരേവ സുധാ സഗന്ധാ 

മണൽപ്പരപ്പിൽവീണ വെള്ളംപോലെ സംഗീതം ചെവിയിൽ വീണ്‌ അവിടെത്തന്നെ വറ്റിപ്പോകുന്നു. അമൃതതുല്യമായ കവിയുടെ സൂക്തികൾമാത്രം ഉള്ളിൽ കടന്നു ആനന്ദം നല്കുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക