Image

ഹൃദയത്തിന്‍ അള്‍ത്താര -മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 19 April, 2014
ഹൃദയത്തിന്‍ അള്‍ത്താര -മീട്ടു റഹ്മത്ത് കലാം
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും മാത്രമല്ല, അര്‍പ്പണബോധത്തിന്റെയും സന്ദേശവാഹകനായിരുന്നു ക്രിസ്തുദേവന്‍. മാനവരാശിയെ നേര്‍വഴിയ്ക്ക് ചിന്തിപ്പിക്കുവാനും മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതപദ്ധതികളും അവന്‍ പഠിപ്പിച്ചു. ജീവിതം എന്ന നീണ്ട ശൃംഖലയുടെ സങ്കീര്‍ണതകള്‍ ഇതിലും വ്യക്തമായി വരച്ചു കാണിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ, ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും ഭാവിയിലുമൊക്കെ ക്രിസ്തുവിന്റെ വചനങ്ങള്‍ തേച്ചുമിനുക്കേണ്ടതില്ല.

പിതാവ് ഭൂമിയിലേയ്ക്ക് കനിഞ്ഞനുഗ്രഹിച്ച് തന്ന വിലമതിക്കാനാവാത്ത സമ്മാനമാണ് ദൈവപുത്രന്‍. ആ വചനങ്ങള്‍ ഉണ്ടാക്കിയതുപോലെ മനുഷ്യമനസ്സില്‍ ഒരു സ്പന്ദനമോ സമൂഹത്തില്‍ ഒരു മാറ്റമോ ഉണ്ടാക്കാന്‍ ഭൂമിയുടെ അവസാനം വരെ കാത്തിരുന്നാലും ഇനിയൊരാള്‍ ഉണ്ടാവുകയില്ല. അത്രമാത്രം ആഴവും പരപ്പും ക്രിസ്തുവിന്റെ ഓരോ വാക്കിലും ഉണ്ടായിരുന്നു. യേശു പറയുക മാത്രമായിരുന്നില്ല, അര്‍പ്പിക്കുകയായിരുന്നു. തന്റെ ശരീരം, തന്റെ ചോര അങ്ങനെല്ലാം അപ്പമായും വീഞ്ഞായും നല്‍കി.

ഇതെഴുതുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് മൂവാറ്റുപുഴയിലെ എന്റെ ഹോസ്റ്റല്‍ ജീവിതത്തിലെ ഈസ്റ്ററുകളാണ്. മുറിയില്‍ ഞാനൊഴികെ മറ്റു നാലുപേരും ക്രിസ്തീയമതവിശ്വാസികള്‍. പഠിച്ച സ്‌ക്കൂളുകള്‍ ഒക്കെയും ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റേതായിരുന്നുവെങ്കിലും ആ നാല് വര്‍ഷങ്ങളില്‍ അവരോടൊപ്പം മുറി പങ്കിട്ടപ്പോഴാണ് അവരുടെ മതത്തിന്റെ നന്മകള്‍ ശരിയായ അളവില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. എന്റെ സ്റ്റഡി ടേബിളിന് മുന്നിലിരുന്ന് എങ്ങോട്ട് നോക്കിയാലും കാണുന്ന രൂപം കര്‍ത്താവിന്റെയും മാതാവിന്റെയും അല്‍ഫോണ്‍സാമ്മയുടേതും ആയിരുന്നു. 'അല്ലാഹു അക്ബര്‍' എന്ന അനശ്വര മന്ത്രം അഞ്ച് നേരം മുഴങ്ങുമ്പോള്‍ അവര്‍ നല്‍കിയിരുന്ന ആദരവ് 'നന്മ നിറഞ്ഞ മറിയമേ' ചൊല്ലുമ്പോള്‍ ഞാനും കൊടുത്തു. പ്രൊഫസറുടെ കൈവെട്ടിയ സംഭവവും അന്നത്തെ വര്‍ഗ്ഗീയവിക്ഷോഭങ്ങളും നടക്കുമ്പോള്‍ അതേ പ്രദേശത്ത് മതസൗഹാര്‍ദ്ദത്തിന്റെ വക്താക്കളായി ഞങ്ങള്‍ സ്‌നേഹം പങ്കിട്ടു. വചനപ്പെട്ടിയിലെ വചനങ്ങളുടെ വ്യാഖ്യാനങ്ങള്‍ എനിക്ക് വിശദീകരിച്ചു തരാന്‍ അവര്‍ക്കിടയില്‍ മത്സരമായിരുന്നു. കോട്ടയംകാരി ആയിട്ടുപോലും കുരുത്തോലപ്പെരുന്നാളും കുരിശിന്റെ വഴിയും നഗരികാണിക്കലും തിരുക്കുരിശു ചുംബിക്കലും നീന്തല്‍നേര്‍ച്ചയും എന്താണെന്നൊന്നും അതുവരെ എനിക്ക് അറിയില്ലായിരുന്നു. നാട്ടില്‍ വച്ച് ആളുകള്‍ വ്രതം അനുഷ്ഠിക്കുന്നു, അതു വീടി ഈസ്റ്റര്‍ ദിനത്തില്‍ വിഭവസമൃദ്ധമായ വിരുന്നൊക്കി ബന്ധുമിത്രാദികളെ സല്‍ക്കരിക്കുന്ന ആഘോഷമായി മാത്രമാണ് ഞാന്‍ ഈസ്റ്ററിനെ കരുതിയിരുന്നത്. ഈസ്റ്റര്‍ കഴിഞ്ഞ് ഹോസ്റ്റലില്‍ കൊണ്ടുവന്നിരുന്ന അപ്പത്തിന് പ്രത്യേക രുചിയായിരുന്നു. മറ്റു മുറികളില്‍ നിന്നും എല്ലാവരും എത്തും തട്ടിപ്പറിക്കാന്‍. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോറ്റിയ കര്‍ത്താവ് തമ്പുരാന്റെ പരോക്ഷമായ ഇടപെടല്‍ ഉണ്ടാകാറുള്ളതുകൊണ്ട് പെണ്‍പടയുടെ  പിടിവലികള്‍ക്കൊടുവിലും ആര്‍ക്കും അപ്പം കിട്ടാതെ വന്നിട്ടില്ല. തിരുശരീരമാകുന്ന അപ്പക്കഷ്ണങ്ങള്‍. ഞങ്ങളിലെ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഇഴ അടുപ്പിച്ചു.

ക്രിസ്തുവിന്റെ ജീവിതം മുഴുവന്‍ ദൃഷ്ടാന്തങ്ങളാണ്. കാലിത്തൊഴുത്തില്‍ പിറന്നതു മുതല്‍ 33 വര്‍ഷക്കാലം അവന്‍ ജീവിച്ചത് ലാളിത്യത്തിന്റെ പ്രതീകമായിട്ടാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സോഷ്യലിസ്റ്റ് ചിന്തകനാണ് ക്രിസ്തു. “നിന്നെ പോലെ, നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കൂ. എന്നതിനപ്പുറം ഒരു വചനം പറയാനുണ്ടോ? മാര്‍ക്‌സും ഏങ്കല്‍സും ഒക്കെ ഈ മഹത് വചനങ്ങള്‍ ഉള്‍ക്കൊണ്ടാവമം സോഷ്യലിസം വിഭാവനം ചെയ്തത് തന്നെ വേദപുസ്തകത്തിലെ മന്ത്രോച്ചാരണങ്ങളിലൂടെ ഒരു സ്ത്രീയെയും പുരുഷനെയും ഭാര്യാഭര്‍ത്താക്കന്മാരാക്കുമ്പോള്‍ ഭര്‍ത്താവിനോട് പറയും: നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം. നീ  ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണം.” ദാമ്പത്യബന്ധത്തിന്റെ ദൃഢത ശക്തിപ്പെടുത്തുകയാണ് ഈ വചനം.

ചരിത്രം ക്രിസ്തുവിനോടുള്ള സ്‌നേഹാധിക്യം കൊണ്ട് യൂദാസിന് നല്‍കുക ഒറ്റുകാരന്റെ വേഷമാണ്. അവജ്ഞയോടെ അവനെ ഓര്‍ക്കുമ്പോള്‍, ആ ക്രൂരമായ പ്രവൃത്തിപോലും യേശു പൊറുത്തുകൊടുത്തു എന്നതും ചേര്‍ത്ത് വായിക്കണം. അവസാന അത്താഴത്തിന് ഇരിക്കുമ്പോള്‍ തന്നെ, തന്റെ ശിഷ്യന്മാരിലൊരാള്‍ ചുംബനത്തിലൂടെ യേശുവിനെ ഒറ്റുകൊടുക്കുമെന്ന് അവന് അറിയാമായിരുന്നു. തന്റെ ആശയങ്ങള്‍ക്ക് ഒരു രക്തസാക്ഷിത്വം ആവശ്യമാണ്, അതിനായി മറ്റാരെയും തനിക്ക് ബലി കൊടുക്കാനാവില്ല. എന്റെ ചോരയാണ്. എന്റെ ആശയങ്ങളുടെ പ്രതിഷ്ഠ നടത്തേണ്ടത്. ദൈവനിയോഗം തിരിച്ചറിഞ്ഞുള്ള ഈ വചനമാവാം യേശു, യൂദാസിനെ പിന്തിരിപ്പിക്കാതിരുന്നതിനു പിന്നില്‍.

അരുമ ശിഷ്യന്‍ കേവലം മുപ്പത് വെള്ളിക്കാശിന് തന്നെ ഒറ്റുകൊടുക്കുമെന്നറിഞ്ഞപ്പോള്‍ എന്തായിരുന്നിരിക്കും ആ മനസ്സില്‍?

ഗാഗൂല്‍ത്താമലയുടെ കണ്ണുകള്‍ കവിഞ്ഞൊഴുകിയ വെള്ളിയാഴ്ച. എങ്ങും ദുഃഖം അണപ്പൊട്ടി. 'ഈ രക്തത്തില്‍ എനിക്ക് പങ്കില്ലെന്ന്' പറഞ്ഞ് പീലാത്തോസ് കൈകഴുകി. മുള്‍കിരീടം ധരിപ്പിക്കുകയും കരങ്ങളിലേയ്ക്ക് ഇരുമ്പാണികള്‍ അടിച്ചു കയറ്റുകയും ചാട്ടവാറടി ഏല്‍പ്പിക്കുകയും ചെയ്ത അതിക്രൂരമായ കുരിശുമരണം വിധിച്ചപ്പോള്‍ “ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് പൊറുക്കണമേ”  എന്ന് പറഞ്ഞ യേശുവിനെ സഹനത്തിന്റെ അവസാന വാക്കായി കണക്കാക്കാം.

നസ്രേത്തിലെ രാജാവ് കുരിശില്‍ തീര്‍ന്നു എന്നു പറഞ്ഞ് പടയാളികള്‍ ആനന്ദത്തില്‍ മതിമറന്നപ്പോള്‍ യൂദാസ് തനിക്ക് പാരിതോഷികമായി കിട്ടിയ വെള്ളിക്കാശുകള്‍ യഹൂദ ദേവാലയത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. കൊശവന്മാരുടെ ശവപ്പറമ്പിനായി ഈ പണം വിനിയോഗിക്കപ്പെട്ടതായി പറയപ്പെടുന്നു. ഒടുവില്‍ ഭ്രാന്ത് പിടിച്ച് യൂദാസ് ആത്മഹത്യ ചെയ്‌തെന്നും വയറ് പിളര്‍ന്ന് മരിച്ചു എന്നും കഥകളുണ്ട്. പശ്ചാത്തപിക്കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ബൈബിളിലുണ്ട്. മതഗ്രന്ഥം എന്നതിനപ്പുറം ജീവിതദര്‍ശനമാണ് ബൈബിള്‍ വചനങ്ങള്‍.
കഴുമരത്തില്‍ ക്രിസ്തുവിനിരുവശമായി ഉണ്ടായിരുന്ന രണ്ട് പേരില്‍ ഒരാള്‍ യേശുവിനോട് തനിക്ക് സ്വര്‍ഗ്ഗരാജത്തില്‍ ഇടം തരണമെന്ന് ആവശ്യപ്പെട്ടു. “നീ ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തിനുള്ളിലാണ്.” എന്നായിരുന്നു ലഭിച്ച മറുപടി. മറുവശത്തെ മനുഷ്യന്‍ എല്ലാത്തിനോടും അനാദരവ് കാണിക്കുകയും കര്‍മ്മഫലം അനുഭവിക്കുകയും ചെയ്തു.

യേശുവിന്റെ പാദങ്ങളെ കണ്ണീരുകൊണ്ട് കഴുകി, തലമുടികൊണ്ട് തുടച്ചുകൊണ്ടിരിക്കുകയും ചെയ്ത സ്ത്രീയെ ചൂണ്ടി യേശു പറഞ്ഞു: “ഇവള്‍ ഒത്തിരി സ്‌നേഹിച്ചു, അതുകൊണ്ട് ഇവളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടു.”

യേശുവിന്റെ മരണം ഉറപ്പുവന്ന ശേഷം എല്ലാവരും അന്വേഷിച്ചത് അവന്റെ മൃതശരീരമാണ്. മഗദലനമറിയം ഇരുട്ടിന്റെ പര്‍ദ്ദയില്‍ ആ കബറിടത്തേയ്ക്ക് ചെന്നു. പ്രതീക്ഷകളെ കുഴിച്ചുമൂടിയ ചെറുകല്ലറയില്‍ നിന്ന് ദൈവപുത്രന്‍ ഉണര്‍ന്ന് അവളുടെ കണ്‍മുന്‍പില്‍ ആകാശത്തേയ്ക്കുയര്‍ന്നു. മനുഷ്യനും ദൈവത്തിനും ഇടയില്‍ തീര്‍ത്തിരിക്കുന്ന, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ശിലാപാളികള്‍ ഉരുട്ടിമാറ്റുകയായിരുന്നു ഉയിര്‍പ്പിന്റെ ഉദ്ദേശ്യം. ദൈവം മറയ്ക്കപ്പെട്ട സത്യമല്ല, ഹൃദയം ജ്വലിപ്പിക്കുന്ന അനുഭവവും സാന്നിദ്ധ്യവുമാണെന്ന ആഹ്വാനമാണ് ഈസ്റ്റര്‍.

പെസഹാവ്യാഴം മുതല്‍ ഈസ്റ്റര്‍ നാളുകളിലെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ ഒരാളെ മാനസികമായി സംസ്‌ക്കരിക്കും. കൊടുംകുറ്റവാളികള്‍ക്ക്‌പ്പോലും പിഞ്ചുകുഞ്ഞിന്റെ മനസ്സുമായി ശുദ്ധീകരിക്കപ്പെട്ടതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ആണിപ്പഴുതുള്ള കരങ്ങളുടെ സ്പര്‍ശം ആരെയും നവീകരിക്കും. നെഞ്ചോട് ചേര്‍ക്കാന്‍ ബൈബിളും മുന്‍പിലെ അന്ധകാരം നീക്കി പ്രകാശമായി യേശുദേവനും നില്‍ക്കുമ്പോള്‍ ലോകം പുനര്‍ജ്ജനിയിലൂടെ കയറിയിറങ്ങിയ പരിശുദ്ധി നേടുന്നു. അവനവന്റെ നിഷ്‌കളങ്കതയിലേക്കുള്ള മടങ്ങിപ്പോകലാണ് ഈസ്റ്റിന്റെ ലക്ഷ്യം.


ഹൃദയത്തിന്‍ അള്‍ത്താര -മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക