Image

കൊച്ചപ്പായിയുടെ മരണം (മിനിക്കഥ :പി.റ്റി.പൗലോസ്)

പി.റ്റി.പൗലോസ് Published on 02 May, 2014
കൊച്ചപ്പായിയുടെ മരണം (മിനിക്കഥ :പി.റ്റി.പൗലോസ്)
കൊച്ചപ്പായി എന്റെ അപ്പൂപ്പന്റെ അനുജനാണ്. വീട്ടിലുള്ള എല്ലാവരും കൊച്ചപ്പായിയെ  കൊച്ചപ്പായി എന്ന് വിളിക്കുന്നു. ഞാനും അങ്ങനെതന്നെ വിളിക്കുന്നു. എനിക്ക് കൊച്ചപ്പായിയെ വളരെ ഇഷ്ടമാണ്. കാരണം കൊച്ചപ്പായി എല്ലാ ആഴ്ചയിലും ചന്തയില്‍പോയി വരുമ്പോള്‍ ചെമ്പുനിറത്തില്‍ ചതുരത്തിലുള്ള 2 അണ തരും. ആറാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് അത് വലിയ ഒരു തുകയാണ്. കോലൈസ്‌ക്രീം വാങ്ങാം. സ്‌ക്കൂളിന് താഴെയുള്ള പിള്ളേച്ചന്റെ ചായക്കടയിലെ  ചൂടുള്ള പരിപ്പുവടതിന്നാം. അതിനടുത്ത എറുപ്പക്കാമ്മച്ചിയുടെ കടയിലെ ചില്ലുഭരണിയിലെ ചുമപ്പും പച്ചയും മഞ്ഞയും നിറങ്ങളുള്ള നാരങ്ങാ മിഠായി വാങ്ങാം. അങ്ങനെ അങ്ങനെ. ഇതിനെല്ലാം രണ്ടണ മതി. കൊച്ചപ്പായിക്ക് ബീഡിയും പുകയിലയും ഇടയ്ക്കിടക്ക് വാങ്ങി കൊടുക്കുന്നതിന്റെ കൂലിയാണ് ആഴ്ചയില്‍ രണ്ടണ. മറ്റാത്മബന്ധമൊന്നും എനിക്ക് കൊച്ചപ്പായിയോടില്ല.

എന്റെ വീടിനോട് ചേര്‍ന്നുള്ള കുഴിയാനി തൊടിയിലെ പറങ്കിമാവ് നിറയെ മാങ്ങയുണ്ട്. പഴുത്തതും പഴുക്കാത്തതും. രാത്രിമഴ തിമര്‍ത്തു പെയ്തു. പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞ് വീശി. പറങ്കിമാവില്‍ നിന്നും പഴുത്ത മാങ്ങകള്‍ വീഴുന്ന ശബ്ദം എനിക്ക് കേള്‍ക്കാം. അങ്ങേ വീട്ടില്‍നിന്നും ആര്‍ത്തലച്ച് നിലവിളി. “കൊച്ചപ്പായി മരിച്ചു.”  എല്ലാവരും അങ്ങേ വീട്ടിലേക്കോടി. ഞാന്‍ കിടക്കപ്പായില്‍നിന്നും പറങ്കിമാവിന്റെ ചുവട്ടിലേക്കും. ഇരുട്ടത്ത് തപ്പിക്കിട്ടിയ മാമ്പഴങ്ങള്‍ കാഞ്ഞിരക്കുറ്റിയുടെ ഇടയില്‍ ഒളിപ്പിച്ചു. മൂന്നുനാലെണ്ണം നിക്കറിന്റെ പോക്കറ്റിലുമിട്ടു. നല്ല മണമുള്ള മാമ്പഴങ്ങള്‍. പിന്നെ കൊച്ചപ്പായിയുടെ വീട്ടിലേക്ക്. അവിടെ കരച്ചിലും ബഹളവും. കൊച്ചപ്പായി നിശ്ചലനായി വെള്ള പുതച്ച് കട്ടിലില്‍ കിടക്കുന്നു. അവിടെ കിടക്കട്ടെ. ഞാന്‍ പടിഞ്ഞാറുവശത്തെ ആട്ടിന്‍കൂടിന് ചേര്‍ന്നുള്ള പടിയില്‍ ഇരുന്നു. പഴുത്ത മാങ്ങകള്‍  പുറത്തെടുത്ത് മണത്തുനോക്കി. കൊച്ചപ്പായിയുടെ മരണത്തേക്കാള്‍ മണമുള്ള പറങ്കിമാമ്പഴങ്ങള്‍ ഓരോന്നായി കടിച്ചു തിന്നുവാന്‍ തുടങ്ങി.



കൊച്ചപ്പായിയുടെ മരണം (മിനിക്കഥ :പി.റ്റി.പൗലോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക