Image

ഗന്ധര്‍വ്വന്‍ (ഒരു പഴയകാല രചന:സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)

Published on 05 June, 2014
ഗന്ധര്‍വ്വന്‍ (ഒരു പഴയകാല രചന:സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)
ഇതിഹാസങ്ങളുടെ ഏടുകളില്‍ നിന്നും,
അനഘ പ്രേമത്തിന്റെ തിരുമധുരം,
അനര്‍ഗ്ഗളം ഒഴുക്കിയ ഒരുഗന്ധര്‍വന്‍.
വെണ്മേഘങ്ങളെ വകഞ്ഞ്‌ മാറ്റികൊണ്ട്‌,
ഇളം നീലിമയും ചാരനിറവുമുള്ള,
ഒരു തേരില്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വന്ന
വസന്ത പഞ്ചമിനാളില്‍;
പഞ്ചമം പാടികൊണ്ട്‌ പൂങ്കുയിലുകളും,
പൂമണം പരത്തികൊണ്ട്‌ നിലാവും നിന്നപ്പോള്‍,
ജാലക തിരശ്ശീലയിലൂടെ
എന്നും ഗന്ധര്‍വ്വസഞ്ചാരം വീക്ഷിക്കുന്ന,
ഒരു അജപാല ബാലിക കുന്നിന്‍പുറത്തേക്ക്‌ ഓടികയറി..
അവളുടെ ചിലമ്പ്‌ മണികളുടെ മുഴക്കം
ഗന്ധര്‍വ്വന്റെ ഹൃദയതന്ത്രികളെതൊട്ടനക്കി
സ്‌നേഹവും, കാമവും, പ്രേമവും കൂടികുഴയുന്ന
ഇലകുമ്പിളില്‍ ഒരു കന്യാപുഷ്‌പമര്‍പ്പിച്ച്‌ നിന്നവളെ;
ബാല്യ കൗമാര ചാപല്യങ്ങളുടെ കുങ്കുമം
വിതറിനില്‍ക്കുന്ന കാലത്തിന്റെ കല്‍പ്പടവുകളില്‍ഇറങ്ങി-
വാര്‍ദ്ധക്യം വരാതിരിക്കാനുള്ള അമൃത്‌ കോരാന്‍
അവള്‍ക്കവന്‍ അനുരാഗ ചെപ്പുകുടം നല്‍കി.
നിശയുടെ നിശ്ശബ്‌ദവേളകളില്‍
നിദ്രക്കായ്‌ മെത്തനിവര്‍ത്തുമ്പോള്‍,
കനിവിന്റെ കടാക്ഷവിളക്കുമായി അകലങ്ങളില്‍
എന്തോതിരഞ്ഞ്‌നില്‍ക്കുന്നനീ എന്റെ രാജകുമാരന്‍.
കടപ്പാടുകളുടെ ബന്ധനത്തില്‍ കുടുങ്ങി ഒരു നാള്‍
മാനത്തെ മട്ടുപ്പാവിലേക്ക്‌തിരിച്ചു പോകാതെ,
സ്‌നേഹത്തിന്റെ കൈത്തിരിനാളത്തില്‍ മുഖം നോക്കുന്ന
അജപാലബാലികയുടെ അകൈതവമായ അകതാരില്‍
കരിനിഴല്‍വീഴ്‌ത്താതെ ഒരു വരിപ്രേമ ഗാനം എന്നുംപാടുക നീ!

********************
ഗന്ധര്‍വ്വന്‍ (ഒരു പഴയകാല രചന:സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക