Image

ഫൊക്കാനയുടെ കരുത്ത് തെളിയിച്ച് ന്യൂയോര്‍ക്കില്‍ സമ്മേളനം

Published on 24 June, 2014
ഫൊക്കാനയുടെ കരുത്ത് തെളിയിച്ച് ന്യൂയോര്‍ക്കില്‍ സമ്മേളനം
യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ കരുത്ത് തെളിയിച്ചും  ചിക്കാഗോയില്‍ ജൂലൈ 4,5,6 തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും  നടത്തിയ സമ്മേളനവും, മാധ്യമ സംവാദവും ഏറെ ശ്രദ്ധേയമായി.

ന്യൂയോര്‍ക്ക് മേഖലയില്‍ നിന്ന് നേതൃരംഗങ്ങളിലേക്ക് മത്സരിക്കുന്നവരേയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരേയും യോഗത്തില്‍ പരിചയപ്പെടുത്തുകയും അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റല്‍ ആന്റണി, രണ്ടാം സ്ഥാനം നേടിയ നിതിന്‍ കെയാര്‍കെ, മൂന്നാം സമ്മാനാര്‍ഹയായ ലീല സജി, നാലാം സ്ഥാനത്തുവന്ന ജോ ജോസഫ് എന്നിവര്‍ക്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഉലഹന്നാന്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് വിനോദ് കെയാര്‍കെ, ലൈ
സി  അലക്‌സ് എന്നിവരുടെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അവര്‍ ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കും.

അടുത്ത കമ്മിറ്റിയിലേക്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വിജയിച്ച വിനോദ് കെയാര്‍കെ, ആര്‍.വി.പിയായി വിജയിച്ച ജോസ് കാനാട്ട്, ട്രഷററായി വിജയിച്ച ജോയി ഇട്ടന്‍, സെക്രട്ടറിയായി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ജോസഫ് കുര്യപ്പുറം, അഡീഷണല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി എം.കെ. മാത്യൂസ്, നാഷണല്‍ കമ്മിറ്റിയംഗം ശ്രീകുമാര്‍ ഉണ്ണിത്താന്‍, യൂത്ത് പ്രതിനിധി അജിന്‍ ആന്റണി എന്നിവര്‍ തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കുകയും പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.

മത സംഘടനകളുടെ സമ്മേളനം ജൂലൈ നാലിന് ആണെങ്കിലും അവയെ പേടിച്ച് ഫൊക്കാനാ പരമ്പരാഗത രീതിയില്‍ നിന്ന് കണ്‍വന്‍ഷന്‍ മാറ്റേണ്ടതില്ലെന്നു ഉറപ്പിച്ചു തീരുമാനിക്കുകയായിരുന്നുവെന്ന് സെക്രട്ടറി ടെറന്‍സണ്‍ തോമസ് പറഞ്ഞു. മതങ്ങള്‍ക്കതീതമായ നിലപാട് ഫൊക്കാന എക്കാലവും ഉയര്‍ത്തിപ്പിടിക്കും.

വോട്ടവകാശമുള്ള 140 പ്രതിനിധികളില്‍ 120 പേരും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വ്യക്തമായ അഭിപ്രായം രൂപീകരിച്ചുകഴിഞ്ഞതായി ടെറന്‍സണ്‍ പറഞ്ഞു. സംഘടനയുടെ നന്മയാണ് പ്രധാനം. അതിനായി സ്ഥാനാര്‍ത്ഥികള്‍ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിക്കുമെന്ന് കരുതുന്നു.

കസ്തൂര്‍ബാ ഗാന്ധി, വള്ളത്തോള്‍, കുമാരനാശാന്‍, തുഞ്ചത്തെഴുത്തച്ഛന്‍ എന്നിവരുടെ പേരിലാണ് ചിക്കാഗോ കണ്‍വന്‍ഷന്‍ വേദികള്‍.

ജോയി ഇട്ടന്‍ നടത്തിയ സ്വാഗത പ്രസംഗത്തില്‍ പിളര്‍പ്പൊന്നും സംഘടനയെ തളര്‍ത്തിയിട്ടില്ലെന്നും ഒറ്റക്കെട്ടായി ഫൊക്കാന മുന്നോട്ടുപോകുമെന്നും പറഞ്ഞു. കേരള സര്‍ക്കാര്‍ ഫൊക്കാനയെ അംഗീകരിച്ചു എന്നതിന് തെളിവാണ് 16 അംഗ കലാടീമിനെ സമ്മേളനത്തിലേക്ക് അയയ്ക്കുന്നത്.

വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് സെമിനാര്‍, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് മത്സരം എന്നിവ നടത്തുമെന്ന് ലീലാ മാരേട്ട് അറിയിച്ചു.

മതസൗഹാര്‍ദ്ദ സമ്മേളന കോര്‍ഡിനേറ്ററും ആദ്യകാല നേതാവുമായ ടി.എസ്. ചാക്കോ ഫൊക്കാനയുടെ തുടക്കം അനുസ്മരിച്ചു. വീടുകള്‍ തോറും കയറിയിറങ്ങിയാണ് സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്ക് രൂപംകൊടുത്തത്. താന്‍ പഴഞ്ചനാണെങ്കിലും ആശയങ്ങള്‍ പുത്തന്‍തന്നെ. ചെറുപ്പക്കാരെ സംഘടനയില്‍ കൊണ്ടുവരണമെന്നു പറയുന്നു. പക്ഷെ അവര്‍ വരുന്നില്ല. അതു മാറ്റാന്‍ കഴിയണം.

നാട്ടില്‍ മതസൗഹാര്‍ദ്ദ റാലി നടത്തിയപ്പോള്‍ ജനം അതിശയിച്ചു. മതത്തിന്റെ പേരില്‍ പ്രശ്‌നമൊന്നുമില്ലാത്ത അമേരിക്കയില്‍ നിന്ന് ആളുകള്‍ വന്ന് എന്തിന് മതസൗഹാര്‍ദ്ദ റാലി സംഘടിപ്പിക്കുന്നു എന്നു പലരും ചോദിച്ചു. തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ നടത്തിയ റാലിക്ക് നാടിന്റെ നാനാഭാഗത്തുനിന്നും അത്യുജ്വല സ്വീകരണമാണ് ലഭിച്ചത്. മത ഭിന്നത ശാപമായി മാറുന്ന സമൂഹത്തില്‍ അത് പുത്തനുണര്‍വ്വുണ്ടാക്കി. അമേരിക്കയില്‍ നിന്നു വന്ന ചിലര്‍ കല്ലേറോ മറ്റുവല്ലതും കിട്ടുമോ എന്നു പേടിച്ച് റാലിക്ക് വരാതിരുന്നതും അദ്ദേഹം അനുസ്മരിച്ചു.

ഈ പാരമ്പര്യം ഉള്‍ക്കൊണ്ടാണ് ഇത്തവണയും മതസൗഹാര്‍ദ്ദ സമ്മേളനം കണ്‍വന്‍ഷനില്‍ നടത്തുന്നത്. മാര്‍ത്തോമാ മെത്രാപ്പോലീത്ത, മണ്ണടി ഹരി, ഗുരു ജ്ഞാനരത്‌നം, എം. ഇബ്രാഹിംകുട്ടി, സിമി റോസ്‌ബെല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഒരുകാലത്ത് ഫൊക്കാന സാഹിത്യ സമ്മേളനം വലിയ ആകര്‍ഷകമായിരുന്നുവെന്ന് സാഹിത്യസമ്മേളനം കോര്‍ഡിനേറ്റര്‍ കെ.കെ.
ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. ഇടയ്ക്ക് അതു നഷ്ടമായി. പഴയ പ്രതാപം തിരിച്ചുപിടിക്കുവാന്‍ രതീദേവിയുടെ നേതൃത്വത്തില്‍ ഇത്തവണ ഒരു ദിവസത്തെ സമ്മേളനമാണ് ഒരുക്കുന്നത്. മൂന്നു സെഷനുകളിലായുള്ള ചര്‍ച്ചകള്‍ക്ക് സരോജാ വര്‍ഗീസ്, ഡോ. റോയ് തോമസ്, മുരളി ജെ. നായര്‍, ജോസഫ് നമ്പിമഠം എന്നിവര്‍ നേതൃത്വം നല്‍കും. അമേരിക്കയിലെ മിക്കവാറുമെല്ലാ സാഹിത്യകാരന്മാരും പങ്കെടുക്കും. കവി കൂടിയായ മുന്‍ മന്ത്രി ബിനോയി വിശ്വം, ഡോ. ബി. ഇഖ്ബാല്‍, സതീഷ് ബാബു പയ്യന്നൂര്‍, ശകുന്തളാ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മിസ് ഫൊക്കാന മത്സരം ശരിക്കുമൊരു ക്ലാസിക് ഷോ ആക്കാന്‍ ബിജു സക്കറിയയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പ്രവര്‍ത്തിക്കുന്നതായി ലൈസി അലക്‌സ് പറഞ്ഞു. ദിവ്യാ ഉണ്ണി, മാതു, സുവര്‍ണ്ണാ മാത്യു, മിസ് കാനഡ-ഇന്ത്യ മിനു ജോസഫ് എന്നിവരാണ് ജഡ്ജിമാര്‍. വിധിനിര്‍ണ്ണയം നിഷ്പക്ഷമായിരിക്കുമെന്നുറപ്പ്. ക്യാഷ് പ്രൈസിനു പുറമെ കേരളത്തില്‍ ഒരു റിസോര്‍ട്ടില്‍ രണ്ടുപേര്‍ക്ക് മൂന്നുനാള്‍ താമസവും ഭക്ഷണവും സമ്മാനത്തിന്റെ ഭാഗമാണ്. ആര്‍ഷഭാരത സംസ്കാരം മാനിക്കുന്ന രീതിയിലുള്ള മത്സരമേയുള്ളൂ. ബിക്കിനിയും മറ്റുമില്ല.

ന്യൂയോര്‍ക്കില്‍ നിന്ന് രണ്ട് ബസ് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും കൂടുതല്‍ പേര്‍ വിമാനത്തില്‍ പോകാനാണ് താത്പര്യം കാട്ടിയതെന്ന് ജോസ് കാനാട്ട് പറഞ്ഞു. എങ്കിലും ഒരു ബസ് പോകുന്നുണ്ട്. താത്പര്യമുള്ളവര്‍ക്ക് പോകാം.

ഹാസ്യസാഹിത്യകാരന്‍ കൃഷ്ണ പൂജപ്പുര ചിരിയരങ്ങിന് എത്തുമെന്ന് കരുതുന്നതായി കോര്‍ഡിനേറ്റര്‍ വര്‍ഗീസ് പോത്താനിക്കാട് പറഞ്ഞു. ചിരിക്കാന്‍ പറ്റിയ സ്ഥലമാണ് ചിക്കാഗോ. സരസര്‍ ധാരാളം.

കൂടുതല്‍ പേര്‍ ഫൊക്കാനയില്‍ ചേരുമെന്ന് ന്യൂജേഴ്‌സിയിലേയും ടാമ്പായിലേയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പിള്ളി പറഞ്ഞു. അടുത്ത പ്രസിഡന്റ് കാനഡയില്‍ നിന്നുള്ള
ജോണ്‍ പി. ജോസിനു എതിരില്ല. കാനഡയില്‍ കണ്‍വന്‍ഷന്‍ നടന്നിട്ട് 20 വര്‍ഷമായി. ന്യൂയോര്‍ക്ക്, ഡിട്രോയിറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ നിന്ന് ഡ്രൈവ് ചെയ്ത് ടൊറന്റോയില്‍ എത്താവുന്നതേയുള്ളൂ.

ഫൊക്കാന മാതൃസംഘടനയാണെന്നും സംഘടനകള്‍ ഒന്നാകാന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിച്ചാല്‍ താന്‍ വിട്ടൊഴിയാന്‍ പോലും തയാറാണെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഇറാനിലോ, ഇറാക്കിലോ നടക്കുന്ന കാര്യങ്ങളെപ്പറ്റിയല്ല, നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പറ്റിയാണ് നേതാക്കള്‍ പ്രതികരിക്കേണ്ടതെന്നദ്ദേഹം പറഞ്ഞു. എന്‍ജിനീയറിംഗ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നപ്പോഴും പ്രസിദ്ധിക്കു വേണ്ടിയുള്ള പ്രസ്താവനകളൊന്നും താന്‍ നടത്തിയിട്ടില്ല. എതിരാളിയെ മാനിച്ചുകൊണ്ടാണ് താന്‍ മത്സര രംഗത്തുവന്നത്.

കുര്യാക്കോസ് തര്യന്‍ ഇന്‍ഡോര്‍ ഗെയിംസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചു.

ഇലക്ഷനില്‍ സമവായത്തിന് ശ്രമിക്കുമെന്ന് പത്രസമ്മേളനത്തില്‍ ടെറന്‍സണ്‍ പറഞ്ഞു. ട്രസ്റ്റി ബോര്‍ഡിലേക്ക് പോള്‍ കറുകപ്പിള്ളില്‍ വീണ്ടും മത്സരിക്കണമെന്ന് തങ്ങള്‍ എല്ലാവരും ചേര്‍ന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരാള്‍ എത്രവര്‍ഷം നേതൃത്വത്തിലിരുന്നു എന്നതല്ല പ്രശ്‌നം. മറിച്ച് സംഘനയ്ക്ക് എന്തു ചെയ്തു എന്നതാണെന്ന് ജോയി ഇട്ടനും ചൂണ്ടിക്കാട്ടി. സംഘടനയ്ക്ക് പോളിന്റെ സേവനം ആവശ്യമുണ്ട്.

ചിക്കാഗോ കണ്‍വന്‍ഷന്‍ നഷ്ടത്തിലാകുമെന്ന് കരുതുന്നില്ലെന്ന് പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. മുന്‍ കണ്‍വന്‍ഷനുകളും നഷ്ടത്തിലല്ലായിരുന്നു. സ്‌പോണ്‍സര്‍മാരില്‍ നിന്നു മാത്രമായി രണ്ടുലക്ഷം ഡോളര്‍ സമാഹരിക്കാനായി.

യുവജനതയെ ബോധവത്കരിക്കാന്‍ നടത്തുന്ന സമ്മേളനം കണ്‍വന്‍ഷനിലെ പ്രത്യേകതയായിരിക്കും. രാഷ്ട്രീയ-സാമൂഹിക-സാഹിത്യരംഗത്തുനിന്നുമുള്ള ഒരുപറ്റം പേര്‍ സമ്മേളനത്തിന് എത്തുമെന്ന്
ടി.എസ്. ചാക്കോ പറഞ്ഞു.

മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനോ, വരാത്ത ആളുകള്‍ വരുമെന്നു പറഞ്ഞ് പബ്ലിസിറ്റിക്കോ ഫൊക്കാന ഒരിക്കലും മുതിര്‍ന്നിട്ടില്ലെന്നു നേതാക്കള്‍ പറഞ്ഞു. അതിനു പുറമെ മാധ്യമങ്ങള്‍ അര്‍ഹമായ പരിഗണന ഫൊക്കാനയ്ക്ക് നല്‍കിയി
ല്ലെന്നു പരിഭവവും അവരുടെ വാക്കുകളിലുണ്ടായിരുന്നു.

ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സണ്ണി പൗലോസ് സ്വാഗതം ആശംസിച്ചു. മാധ്യമ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റ്റാര്‍, മധു കൊട്ടാരക്കര, രാജു പള്ളത്ത്, സോജി മാത്യു, ജോസ്
തയ്യില്‍, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസ് ക്ലബ് നാഷണല്‍ വൈസ് പ്രസിഡന്റ് ജോസ് കാടാപുറം നന്ദി പറ­ഞ്ഞു.
ഫൊക്കാനയുടെ കരുത്ത് തെളിയിച്ച് ന്യൂയോര്‍ക്കില്‍ സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക