Image

ഫൊക്കാനാ കണ്‍വന്‍ഷന്‌ ജൂലൈ നാലിന്‌ കൊടിയേറും, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 June, 2014
ഫൊക്കാനാ കണ്‍വന്‍ഷന്‌ ജൂലൈ നാലിന്‌ കൊടിയേറും, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
ഷിക്കാഗോ: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്‌ഠയോടും, വിപുലമായ ഒരുക്കങ്ങളോടെയുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ജൂലൈ നാലിന്‌ രാവിലെ പത്തുമണിക്ക്‌ രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാഹ്നത്തിലാണ്‌ കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്‌ഘാടനം കേരളാ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി ജോസഫ്‌ നിര്‍വഹിക്കും. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ മുന്‍ ജലസേചന വകുപ്പ്‌ മന്ത്രിയും ആര്‍.എസ്‌.പി നേതാവും, പാര്‍ലമെന്റ്‌ അംഗവുമായ എന്‍.കെ. പ്രേമചന്ദ്രന്‍, സി.പി.ഐ നേതാവും മുന്‍ കേരളാ വനംവകുപ്പ്‌ മന്ത്രിയുമായ ബിനോയി വിശ്വം തുടങ്ങിയ അമേരിക്കയിലേയും ഇന്ത്യയിലേയും പ്രശസ്‌ത സാംസ്‌കാരിക- രാഷ്‌ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും. അതിനുശേഷം രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാശില്‌പം ഒരുക്കുന്നത്‌ പ്രശസ്‌ത സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ജയന്‍ മുളങ്ങാടും, കലാ സാംസ്‌കാരിക പ്രവര്‍ത്തകനും പ്രശസ്‌ത ശാസ്‌ത്രജ്ഞനുമായ ഡോ. ശ്രീധരന്‍ കര്‍ത്തായുമടങ്ങുന്ന സംഘമാണ്‌. നൂറുകണക്കിന്‌ കലാകാരന്മാരും കലാകാരികളും, നര്‍ത്തകരും അടങ്ങുന്ന സംഘം അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റേയും, യുവതലമുറയുടെ പാരമ്പര്യത്തോടുള്ള ആകാംക്ഷയുടേയും നിത്യജീവിതത്തിന്റേയം കഥപറയുന്ന കേരളാ പൈതൃക കലകളുടെ ഒത്തുചേരലുമായ കലാശില്‍പമാണ്‌ ഒരുക്കിയിട്ടുള്ളത്‌. തുടര്‍ന്നു നടക്കുന്ന കാനഡയില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനവും ഒരു മുതല്‍ക്കൂട്ടായിരിക്കും.

ജൂലൈ അഞ്ചിന്‌ ശനിയാഴ്‌ച രാവിലെ മുതല്‍ നടക്കുന്ന ടാലന്റ്‌ യൂത്ത്‌ ഫെസ്റ്റിവല്‍ കോമ്പറ്റീഷനില്‍ ക്ലാസിക്കല്‍, നോണ്‍ ക്ലാസിക്കല്‍ നൃത്തങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മത്സരങ്ങളും, സംഗീതം, ഗ്രൂപ്പ്‌ ഡാന്‍സ്‌ മത്സരങ്ങളും നടക്കും. നാഷണല്‍ കോര്‍ഡിനേറ്റര്‍ വര്‍ഗീസ്‌ ഉലഹന്നാന്റേയും, കണ്‍വീനര്‍ ഗണേഷ്‌ നായരുടേയും മേല്‍നോട്ടത്തില്‍ നടക്കുന്ന ഫൊക്കാനയുടെ തിലകക്കുറിയായ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‌ 3000 ഡോളര്‍, 1000 ഡോളര്‍, 500, 300, 200 എന്നീ ക്രമത്തില്‍ സമ്മാനങ്ങളും ട്രോഫികളും നല്‍കും. ജീവിതത്തിലെ പ്രതിസന്ധികളും, പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്‌പദമാക്കി `എന്റെ ഭാവി എന്റെ കൈയ്യില്‍' എന്ന ഡോ. ലൂക്കോസ്‌ മണിയാട്ട്‌ നയിക്കുന്ന സെമിനാറില്‍ കുക്ക്‌ കൗണ്ടി ഹെല്‍ത്ത്‌ സിസ്റ്റം എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ആഗ്‌നസ്‌ തേരാടി, അറ്റോര്‍ണി ദീപ പോള്‍, സൂസന്‍ ഇടമല, തങ്കമ്മ പോത്തന്‍ എന്നിവരും ചര്‍ച്ചകള്‍ നയിക്കും. ഷിജി അലക്‌സ്‌ ആയിരിക്കും മോഡറേറ്റര്‍. വര്‍ഗീസ്‌ പോത്താനിക്കാട്‌ നയിക്കുന്ന ചിരിയരങ്ങ്‌, ശിവന്‍ മുഹമ്മയുടെ നേതൃത്വത്തില്‍ കേരളത്തിലേയും അമേരിക്കയിലേയും, ബിസിനസ്‌ സാമാജികര്‍ പങ്കെടുക്കുന്ന ലഞ്ച്‌- സെമിനാര്‍, കേരളത്തിലേയും അമേരിക്കയിലേയും പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍ എന്നിവ ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. അന്നേദിവസം വൈകുന്നേം നടക്കുന്ന മലയാളി മങ്ക മത്സരത്തിന്റെ വിജയിയെ സിനിമാതാരം ദിവ്യാ ഉണ്ണി കിരീടമണിയിക്കും. തുടര്‍ന്ന്‌ നടക്കുന്ന മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അതിവിപുലമായ ബ്യൂട്ടി പേജന്റ്‌ മത്സരത്തിന്റെ വിധികര്‍ത്താക്കളായി എത്തുന്നത്‌ സിനിമാതാരങ്ങളായ ദിവ്യ ഉണ്ണി, മാതു, സുവര്‍ണ്ണാ മാത്യു, മന്യ, അംബിക എന്നിവര്‍ക്കൊപ്പം തമ്പി ആന്റണി, ടോം ജോര്‍ജ്‌ എന്നിവരുമാണ്‌.

അന്നേദിവസം രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 3.30 വരെ അഡ്വ. രതീദേവിയുടെ നേതൃത്വത്തില്‍ സാഹിത്യ പ്രേമികള്‍ക്ക്‌ വളരെ വ്യത്യസ്‌തമായ സാഹിത്യ സമ്മേളനത്തില്‍ സതീഷ്‌ ബാബു പയ്യന്നൂര്‍, ജോണ്‍ ഇളമത, ബിനോയി വിശ്വം, കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. ഇക്‌ബാല്‍, എ.കെ.ബി പിള്ള, ഡോ. ശകുന്തള രാജഗോപാല്‍, ഡോ. ജോസ്‌ തോമസ്‌, തമ്പി ആന്റണി തുടങ്ങിയ സാഹിത്യനായകന്മാരും പങ്കെടുക്കും. കവിതയും നവ മാധ്യമങ്ങളും എന്ന സെമിനാര്‍, പ്രവാസി സാഹിത്യ സെമിനാര്‍, മാറുന്ന ദേശീയതയും ഉത്തരാധുനിക ചിന്തകളും സെമിനാര്‍, കവിയരങ്ങ്‌ എന്നിവയും കണ്‍വന്‍ഷനെ മികവുറ്റതാക്കും.

മൂന്നാം ദിവസമായ ജൂലൈ ആറിന്‌ രാവിലെ ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയും, ഫൊക്കാനാ ഇലക്ഷനും നടക്കും. സാം ജോര്‍ജ്‌ നേതൃത്വം നല്‍കുന്ന പ്രിവന്‍ഷന്‍ സെമിനാര്‍ പ്രത്യേകതയാണ്‌. ടി.എസ്‌ ചാക്കോ, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കുന്ന മതസൗഹാര്‍ദ്ദ സെമിനാറില്‍ മാര്‍ത്തോമാ സഭയുടെ തലവന്‍ അഭി. റൈറ്റ്‌ റവ. ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത, ക്‌നാനായ യാക്കോബായ വലിയ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌, ഡോ. ഇക്‌ബാല്‍, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം, ആചാര്യ ശങ്കരപ്പിള്ള, ഗുരുരത്‌നം തുടങ്ങിയവരും പങ്കെടുക്കും.

ഇന്‍ഡോര്‍ മത്സരങ്ങളായ 28, 50 ചീട്ടുകളി മത്സരം, ചെസ്‌ എന്നിവയ്‌ക്ക്‌ ജോണ്‍ പി. ജോണ്‍, കുര്യാക്കോസ്‌ തര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫൊക്കാനാ കണ്‍വന്‍ഷനെ കൂടുതല്‍ കരുത്തോടെ വരും വര്‍ഷങ്ങളില്‍ നടത്തുവാന്‍ സഹായിക്കുന്നതിനായി കണ്‍വന്‍ഷന്‍ ഒരു അവലോകനം എന്ന ഇന്‍ട്രാക്‌ടീവ്‌ സെഷനും അവസാന ദിവസം സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്‌ മറ്റ്‌ കണ്‍വന്‍ഷനുകളില്‍ നിന്ന്‌ വ്യത്യസ്‌തത പുലര്‍ത്തും. അവസാന ദിവസത്തെ പബ്ലിക്‌ മീറ്റിംഗില്‍ ഫൊക്കാനാ കണ്‍വന്‍ഷന്റെ സ്‌പോണ്‍സര്‍മാരേയും, പ്രശസ്‌ത വ്യക്തികളേയും, കലാപ്രതിഭ, കലാതിലകം എന്നിവരേയും ആദരിക്കും.

ഒഹയര്‍ ഹയറ്റ്‌ റീജന്‍സി ഹോട്ടല്‍ ഒരുക്കുന്ന ഫസ്റ്റ്‌ ക്ലാസ്‌ ബാങ്ക്വറ്റ്‌ ഡിന്നര്‍ അവസാന ദിവസം നടക്കും. മറ്റ്‌ എല്ലാ ദിവസത്തേയും ലഞ്ച്‌, ഡിന്നര്‍ എന്നിവ ഒരുക്കുന്നത്‌ കൈരളി ഫുഡ്‌സാണ്‌. അവസാന ദിവസത്തെ ബാങ്ക്വറ്റ്‌ ഡിന്നറിനുശേഷം ലോകപ്രശസ്‌ത താളവാദ്യ വിദഗ്‌ധന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ അമ്പതോളം കലാകാരന്മാര്‍ ഒരുക്കുന്ന ചെണ്ടമേളവും, പ്രശസ്‌ത ക്ലാസിക്കല്‍ വയലിനിസ്റ്റ്‌ ബാലഭാസ്‌കറുടെ ഫ്യൂഷന്‍ തംരംഗവും ഒന്നിക്കുമ്പോള്‍ ഷിക്കാഗോ നഗരം സംഗീതത്തിന്റെ വിസ്‌മയ ലഹരിയില്‍ ആറാടും. അതേ തുടര്‍ന്ന്‌ രണ്ടര മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന പരിപാടിയില്‍ മലയാള ചലച്ചിത്ര പിന്നണി രംഗത്തെ രണ്ട്‌ പൂമരങ്ങളുടെ സംഗീതവിസ്‌മയവും, നവതരംഗവുമായ രമ്യാ നമ്പീശന്‍, ശ്വേതാ മോഹന്‍ എന്നിവര്‍ക്കൊപ്പം പ്രശസ്‌ത നടനും ഗായകനുമായ മനോജ്‌ കെ. ജയന്‍, കേരളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസിന്റെ പുത്രനും യുവതലമുറയുടെ മുന്‍നിര തരംഗവുമായ വിജയ്‌ യേശുദാസും നയിക്കുന്ന ഗാനമേളയും ഷിക്കാഗോ മലയാളികള്‍ക്ക്‌ നവ്യാനുഭവമായിരിക്കും.

അമേരിക്കയില്‍ എത്തിയതു മുതല്‍ എല്ലാ മലയാളികള്‍ക്കും ആശ്വാസകേന്ദ്രമായിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകയും, മുന്‍നിര നേഴ്‌സിംഗ്‌ സ്ഥാപനങ്ങളുടെ നേതൃസ്ഥാനം വഹിക്കുകയും ചെയ്‌ത മറിയാമ്മ പിള്ള പ്രസിഡന്റായി നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ മഹാ വിജയത്തിലെത്തിക്കുവാന്‍ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നു. ലെജി പട്ടരുമഠത്തില്‍ (ഫൊക്കാനാ റീജിയണല്‍ സെക്രട്ടറി/ കണ്‍വന്‍ഷന്‍ കോ-ചെയര്‍മാന്‍) അറിയിച്ചതാണിത്‌.
ഫൊക്കാനാ കണ്‍വന്‍ഷന്‌ ജൂലൈ നാലിന്‌ കൊടിയേറും, ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക