Image

മൗനത്തിന്റെ ശബ്ദം (ശ്രീപാര്‍വതി)

Published on 13 July, 2014
മൗനത്തിന്റെ ശബ്ദം (ശ്രീപാര്‍വതി)
മൗനത്തിന്റെ മനോഹാരിത അറിയണമെങ്കില്‍ നിങ്ങള്‍ എപ്പൊഴും വാചാലതയിലായിരിക്കണം. അര്‍ത്ഥരഹിതങ്ങളായ ശബ്ദങ്ങള്‍ക്കുള്ളില്‍ നിന്ന്‌ മൗനത്തെ വേര്‍തിരിച്ചെടുക്കാന്‍ കഴിയും. അതായത്‌ വാചാലതയ്‌ക്കുള്ളില്‍ നിന്നു കൊണ്ട്‌ മൌനത്തെ തിരിച്ചറിയാന്‍ കഴിയുമെന്നു തന്നെ.
ഇരുണ്ട ഗുഹയില്‍ ശിഷ്യനും ഗുരുവും മൗനത്തിലാണ്‌... പരസ്‌പരം അറിവുകളുടെ ലക്ഷോപലക്ഷം അക്ഷരങ്ങള്‍ അവര്‍ മന്ത്രിച്ചു കഴിഞ്ഞിരിക്കുന്നു. തൂലിക കൊണ്ട്‌ എഴുതിയതിലുമേറെ ശിഷ്യന്‍ ആത്മാവിലെ അറയില്‍ മൗനം കൊണ്ട്‌ കോറിയിട്ടു. പിന്നെ അതേ നിശബ്ദതയോടെ ഗുഹ വിട്ടുപോയി.

അവന്‍ ഒരിക്കലും അവളോട്‌ `എനിക്ക്‌ നിന്നോട്‌ പ്രണയമാണ്‌' എന്ന്‌ പറഞ്ഞില്ല.
`നിനക്കെന്താ എന്നോട്‌ തോന്നുന്നത്‌` അവള്‍ അങ്ങനെ ചോദിക്കുമ്പോഴൊക്കെ
`എനിക്കറിയില്ല...` എന്ന പതിവു വാക്കുകള്‍ . അര്‍ത്ഥരഹിതമായ ആ വാക്കുകളിലാണ്‌, അവന്‍റെ പ്രണയത്തെ അവളറിഞ്ഞത്‌. എത്രമാത്രം ദൂരത്തിരുന്നും പരസ്‌പരം പങ്കിടുന്ന പൂങ്കാവനം അവര്‍ നെയ്‌തതും മൗനത്തിലൂടെ.

പ്രണയത്തിനും ധ്യാനത്തിനും മൌനം പ്രധാനപ്പെട്ടതാകുമ്പോള്‍ ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതു തന്നെ നിശബ്ദതയിലാണെന്ന്‌ ഓര്‍ക്കേണ്ടി വരുന്നില്ലേ?
നിശബ്ദതയില്‍ നിന്നേ ലോകമുണ്ടാകൂ. അതില്‍ നിന്ന്‌ ഉയിരു പൊട്ടിയുയര്‍ന്ന ഒരു ശബ്ദത്തിനേ ലോകത്തെ നിയന്ത്രിക്കാന്‍ കഴിയൂ.

ആ മൌനത്തെ അറിയുക. ശബ്ദങ്ങളില്‍ കൂടി സഞ്ചരിച്ചു കൊണ്ട്‌ നിശബ്ദതയെ തിരിച്ചറിയുക. അതിലൂടെ നിങ്ങള്‍ ഏകാകിയായേക്കാം പക്ഷേ യോഗിയുമയേക്കാം, അല്ലെങ്കില്‍ പ്രണയിനിയെങ്കിലുമായേക്കാം. പിന്നെന്തിന്‌, മടിച്ചു നില്‍ക്കുന്നു...

ഇറങ്ങി വരൂ.. മൗനത്തിന്റെ ഈ കളിത്തൊട്ടിലില്‍ നമുക്ക്‌ കെട്ടിപ്പുണരാം.
മൗനത്തിന്റെ ശബ്ദം (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക