Image

മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 07 August, 2014
മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി   (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
എയര്‍ ഇന്ത്യയുടെ ‘കനിഷ്‌ക’ ജമ്പോജറ്റില്‍ ഞങ്ങള്‍ ഒന്നിച്ചാണ് പറന്നത്. മെത്രാനായ ശേഷമുള്ള കുന്നശ്ശേരി പിതാവിന്റെ ആദ്യ വിദേശ യാത്ര. എന്റേയും ആദ്യത്തേത് - ആദ്യത്തെ വിമാന യാത്രയും ആദ്യത്തെ വിദേശയാത്രയും. 48 കാരനായ അദ്ദേഹം എന്നെ തൊട്ടടുത്ത സീറ്റിലേക്ക് സ്വാഗതം ചെയ്തു. 400 ലേറെ പേര്‍ കയറുന്ന വിമാനത്തില്‍ ആ സീറ്റ് എനിക്കുവേണ്ടി ഒഴിഞ്ഞു കിടന്നതുപോലെ.

 അദ്ദേഹം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങി. ഞാന്‍ അതേ വിമാനത്തില്‍ കാനഡയിലെ മോണ്‍ട്രിയോളിലേക്കു പോയി-21-ാം ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍.

രണ്ടും 1976-ലെ ചരിത്ര യാത്രകള്‍. ഒളിമ്പിക്‌സ് കഴിഞ്ഞ് അമേരിക്കയിലും കാനഡയിലും മെക്‌സികോയിലും കരീബിയനിലും കറങ്ങിയ ശേഷം ഫിലാഡല്‍ഫിയയിലെത്തിയപ്പോള്‍ അവിടെ അതാ നില്‍ക്കുന്നു അദ്ദേഹം വീണ്ടും. 41-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ യൂറോപ്ല്‍ നിന്ന് എത്തിയതായിരുന്നു അദ്ദേഹം. കൂടെ സെക്രട്ടറി റവ. ഡോ. തോമസ്‌ കോട്ടൂരും. കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പയും അദ്ദേഹത്തിന്റെസഹോദരിയെന്ന് പറയാറുള്ള മദര്‍ തെരേസയും ഉണ്ടായിരുന്നു.

ഇതേ വിമാനത്തിലാണ് ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, ഡല്‍ഹി വഴി ഞാന്‍ ബോംബയില്‍ മടങ്ങിയെത്തിയതെന്നുള്ളത് മറ്റൊരു സത്യം. ക്യാപ്റ്റന്‍ മലയാളിയായതിനാല്‍ ഡല്‍ഹിയില്‍ ടെയ്ക് ഓഫ് ചെയ്തയുടന്‍ എന്നെ കോക്പിറ്റില്‍ ഇരിക്കാന്‍ അനുവദിച്ചു. വിമാനം 5 മിനിറ്റു കൊണ്ട് 32500 അടി പറന്നുയര്‍ന്ന ശേഷം ബോംബെയില്‍ ലാന്റു ചെയ്യാനായി ഇറങ്ങിത്തുടങ്ങി! കോക്പിറ്റില്‍ നിന്ന് ‘മാക്‌സിമം സിറ്റി’ മുഴുവന്‍ മനസ്സു കുളിര്‍ക്കെ കണ്ടു വിസ്മയിച്ചു.

ഇതേ ‘കനിഷ്‌ക’ പത്തുവര്‍ഷത്തിനു ശേഷം അയര്‍ലന്റില്‍ തകര്‍ന്നുവീണു 329 പേര്‍ മരിച്ചു. ബോംബു വച്ച് തകര്‍ക്കുകയായിരുന്നു.

85 വര്‍ഷം മുമ്പത്തെ തിരുവിതാംകൂറിന്റെ അവസ്ഥ ഒന്നോര്‍ത്തുനോക്കൂ. റബ്ബര്‍ ആയിട്ടില്ല. നാളികേരം 100 ന് 3 രൂപ വില. ജന്മ നാടായ കടുത്തുരുത്തിയില്‍ നിന്ന് ദൂരക്കൂടുതലായതിനാല്‍ കോട്ടയം ഇടയ്ക്കാട് പള്ളിയില്‍ മീനച്ചിലാറിന് അക്കരെയുള്ള അമ്മ വീട്ടില്‍ താമസിച്ചുകൊണ്ടാണ് കടത്തു കടന്ന് കാല്‍നടയായി എസ്.എച്ച്. മൗണ്ടിലെ സ്‌കൂളില്‍ പോയിരുന്നത്. അന്ന് സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന തോമസ്
റയില്‍ (പിന്നീട് അദ്ദേഹം മെത്രാനായി) ഒരിക്കല്‍ കൊച്ചാനയിലെത്തി ‘‘ഞങ്ങളുടെ ഒരു പയ്യനെ ആ സ്‌കൂളില്‍ ചേര്‍ത്തിട്ടുണ്ട് വല്ല വേണ്ടാതീനവും കാണിച്ചാല്‍ നല്ല പെടപെടയ്ക്കണം എന്ന്’’ വല്ല്യമ്മച്ചി തറയില്‍ പിതാവിനോട് പറഞ്ഞുവത്രേ പക്ഷേ അതൊന്നും ഉണ്ടായില്ല. അദ്ദേഹത്തിന് ബാലനോട് പ്രത്യേക മമത ഉണ്ടായിരുന്നു.

പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് കുര്യാക്കോസ് കുന്നശ്ശേരി പ്രോപ്പഗാന്ത, ഉര്‍ബന്‍, ലാറ്ററന്‍ സര്‍വ്വകലാശാലകളില്‍ പഠിച്ച് കാനന്‍ ലോയില്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് ബോസ്റ്റനില്‍ പോയി പൊളിക്റ്റിക്കല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സും.

‘‘എന്തായിരുന്നു പി.എച്ച്.ഡി. തീസിസ്സ്?’’ നിരവധി വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത നാളില്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു ‘‘ഇന്ത്യന്‍ ഭരണഘടനയും മതങ്ങളും’’ ‘‘പുസ്തകമാക്കിയോ?’’ ‘‘ഇല്ലില്ല ആഗ്രഹമുണ്ടായിരുന്നു പക്ഷേ
നടന്നില്ല.’’

റോമില്‍ 8 വര്‍ഷത്തിനിടയില്‍ കൂടെ പഠിച്ച പലരുമായും ആത്മാര്‍ത്ഥ ബന്ധം സ്ഥാപിക്കാന്‍ പിതാവിനു കഴിഞ്ഞു. അമേരിക്കയില്‍ പോയപ്പോഴും അങ്ങനെതന്നെ. നാട്ടില്‍ മടങ്ങിയെത്തി രൂപതയുടെ സാരഥ്യം ഏറ്റെടുത്ത 1968 മുതല്‍ 2006 ല്‍ കാരിത്താസ് ബി.റ്റി.എം ഹോമിലേക്ക് റിട്ടയര്‍ ചെയ്യുന്നതുവരെയുള്ള നാലു പതിറ്റാണ്ടുകാലം കൊണ്ട് ക്‌നാനായ സഭയ്ക്ക് ശക്തമായ ഒരടിത്തറ പാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഇന്ന് ക്‌നാനായ മക്കള്‍ അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ഓസ്‌ട്രേലിയായിലും ഗള്‍ഫിലുമെല്ലാം പടര്‍ന്ന് പന്തലിച്ചെങ്കില്‍ അതിനു പിന്നില്‍ ആ മാന്ത്രിക സ്പര്‍ശം ഉണ്ടെന്ന് ഉറപ്പ്.
എത്രയെത്ര ഇടവകകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, പാസ്റ്ററല്‍ സെന്ററുകള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്ഥാപനങ്ങളുടെ സാമ്രാജ്യമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. വടക്ക് കബനി നദി മുതല്‍ തെക്ക് കന്യാകുമാരി വരെ നടത്തിയ ആ അശ്വമേഥത്തിന്റെ കഥയാണ് ആത്മകഥാ രൂപത്തില്‍ ‘സ്മൃതിപഥം’ എന്ന പേരില്‍ അദ്ദേഹം ഈയിടെ പുറത്തിറക്കിയത്. ‘അപ്നാദേശി’ല്‍ 36 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകളുടെ സമാഹരണം.

‘സ്മൃതിപഥം’ കുന്നശ്ശേരി പിതാവിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ വര്‍ണ്ണ ഭംഗിയുള്ള പരിച്ഛേദമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മശക്തി അപാരം. കബനി നദിയോരത്ത് പെരിക്കല്ലൂരില്‍ പള്ളി പണിയാന്‍ സംഭാവന ചെയ്ത ആളുടെ ഇനീഷ്യല്‍ പോലും നല്ല ഓര്‍മ്മയാണ്. റോമില്‍ കൂടെ പഠിച്ച ചൈനാക്കാരനായ ജൊവാനി വെങ്‌വെനെയും ഇറ്റലിയില്‍ വള്ളംബ്രോസന്‍ ബെനഡിക്‌ടൈന്‍ ബ്രദേഴ്‌സിനെയും ജര്‍മ്മനിയിലും സ്വിറ്റ്്‌സര്‍ലന്റിലും അമേരിക്കയിലും കണ്ടുമുട്ടിയ സുഹൃത്തുക്കളെയും അദ്ദേഹത്തിന് നല്ല ഓര്‍മ്മയാണ്.

കാരണം അവരെല്ലാം രൂപതയുടെ വിവിധ സ്ഥാപനങ്ങള്‍ക്ക് കൈയ്യയച്ച് സംഭാവനകള്‍ സംഘടിപ്പിച്ച് കൊടുത്തിട്ടുണ്ട്. കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് 4 കോടിയും 6 കോടിയും വില വരുന്ന ലീനിയര്‍ ആക്‌സിലറേറ്ററുകള്‍ സീമന്‍സ് കമ്പനിയില്‍ നിന്ന് വാങ്ങിയെടുക്കുന്നതില്‍ കാണിച്ച ബുദ്ധികൗശലം ആരെയും വിസ്മയിപ്പിക്കും.

ആദ്യം റോമില്‍ പോയത് കന്യാകുമാരിയില്‍ നിന്ന് (അതോ രാമേശ്വരമോ?) സിലോണിലേക്ക് കപ്പല്‍ കയറി ഓര്‍ക്കിഡ്് എന്ന യാത്രാ കപ്പലിലായിരുന്നു. പിന്നീട് യാത്രകള്‍ വിമാനത്തിലായി. നിരവധി തവണ ലോകം ചുറ്റി സഞ്ചരിച്ചു. അതിനിടെ ഒട്ടനേകം തവണ റോമിലേക്കും. കേരള കത്തോലിക്കാ സഭയെ ഒരു മേജര്‍ ആര്‍ച്ച് എപ്പാര്‍ക്കിയായി ഉയര്‍ത്തുന്നതിനും കോട്ടയം രൂപതയെ ആര്‍ച്ച് എപ്പാര്‍ക്കിയായി ഉയര്‍ത്തുന്നതിനും ഈ യാത്രകള്‍ സഹായിച്ചിട്ടുണ്ട്.

ഊട്ടിയുറപ്പിച്ച വ്യക്തിബന്ധങ്ങളാണ് പിതാവിന്റെ ശക്തി. എല്ലാ മാര്‍പ്പാപ്പമാരുമായും അടുത്ത ബന്ധം. ‘‘കുര്യാക്കോസ് നിങ്ങള്‍ ഇപ്പോള്‍ എത്ര കമ്മീഷനില്‍ അംഗമാണ്?’’ - എന്നു കുസൃതി ചോദ്യം ഉന്നയിച്ച ജോണ്‍പോള്‍ രണ്ടാമനുമായി ഏറ്റവും അടുത്ത ബന്ധം. രൂപതയുടെ ജൂബിലി വേളയില്‍ അരമനയില്‍ ലഞ്ച് സല്‍ക്കാരം നല്‍കിയപ്പോള്‍ കൊഞ്ച് കറി വിളമ്പി ഇഷ്ടപ്പെട്ടു. പക്ഷേ പാപ്പ പറഞ്ഞു; “It is good, but difficult to negotiate! ”

വ്യക്തിബന്ധങ്ങള്‍ - മലബാറിലെയും ഹൈറേഞ്ചിലേയും വളര്‍ച്ചയുടെ ചരിത്രം പറയുമ്പോള്‍ മടമ്പം കോളേജിനു മുമ്പില്‍ മലബാര്‍ കുടിയേറ്റത്തിന്റെ ശാശ്വത സ്മാരകമായി തലയുയര്‍ത്തി നില്‍ക്കുന്ന പ്രൊഫ. വി.ജെ. ജോസഫ് കണ്ടോത്തിനെക്കുറിച്ച് അദ്ദേഹം എടുത്തുപറയുന്നു. “എന്തൊരോ മഹാനുഭാവലു! ”

ക്‌നാനായക്കാരുടെ എ.ഡി. 345 ലെ കുടിയേറ്റത്തിന്റെ വേരുകള്‍ തേടി അദ്ദേഹം ബാബിലോണിയയില്‍ (ഇന്നത്തെ ഇറാക്ക്) കിനായി എന്ന കൊച്ചു പട്ടണത്തില്‍ പോയതായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മോണ്‍. ഡോ. ജേക്കബ് വെള്ളിയാന്‍, മോണ്‍. ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു എന്നല്ലാതെ വിശദവിവരങ്ങള്‍ പുസ്തകത്തില്‍ കാണുന്നില്ല.

അതുപോലെതന്നെ സമുദായത്തിലെ പെണ്‍കുട്ടികള്‍ ജര്‍മനിയിലും കാനഡയിലും അമേരിക്കയിലും പോയി നേഴ്‌സുമാരായി സേവനം ചെയ്ത ചരിത്രവും ചെറുതായൊന്നു സൂചിപ്പിക്കുന്നതേയുള്ളൂ. ആഗോള സഭൈക്യത്തിനു വേണ്ടി നിരന്തരം നിലകൊണ്ട അദ്ദേഹം കേരളത്തിലെ കത്തോലിക്കേതര ക്രൈസ്തവ സഭകളുമായി നടത്തിയ സമ്പര്‍ക്കങ്ങളെപ്പറ്റിയും പുസ്തകത്തില്‍ വിശദമായി പറയേണ്ടതായിരുന്നു.
ഇതെല്ലാം പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ വരുമെന്ന് കരുതാം. ഒറ്റനോട്ടത്തില്‍ ക്‌നാനായ സഭയുടെ ഉയര്‍ച്ചയും വളര്‍ച്ചയും അണുവിടാതെ പരാമര്‍ശിക്കുന്ന വിലപ്പെട്ട ഒരു ചരിത്ര രേഖയാണ് ‘സ്മൃതിപഥം’.

ചിത്രങ്ങള്‍
1. ചിന്താമഗ്നനായ കുര്യാക്കോസ് മാര്‍ കുന്നശ്ശേരി
2. ‘ചൈതന്യ’യില്‍ വൈകുന്നേരത്തെ വ്യായാമ വേളയില്‍
3. 1985-ല്‍ അയര്‍ലന്റില്‍തകര്‍ന്നു വീണ കനിഷ്‌ക ജംമ്പോ ജെറ്റ്
4. ജോണ്‍ പോള്‍ രണ്ടാമനുമായി സൗഹൃദം
5. ബെനഡിക്ട് 16-ാമനൊപ്പം
6. എന്നെന്നും കൂട്ടിന് : മോണ്‍. കൊല്ലാപറമ്പില്‍, മോണ്‍ വെള്ളിയാന്‍
7. സഹായി ബാബുവിനോടൊത്ത്
8. സഹോദരി സിസ്റ്റര്‍ ഗൊരേത്തി എസ്.ജെ.സി.
9. മരുമകള്‍ ഡോ. അന്നമ്മയും ഭര്‍ത്താവ് പ്രൊഫ. കോര മേടയിലും.
10. ‘സ്മൃതിപഥ’ത്തിന്റെ സമാഹര്‍ത്താവ് സാബു കുര്യന്‍ ഇഞ്ചേനാട്ടില്‍
മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി   (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി   (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി   (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി   (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി   (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി   (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി   (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി   (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി   (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാര്‍ കുന്നശ്ശേരി: ‘കനിഷ്‌ക’യില്‍ ഒന്നിച്ചു പറന്നു, അദ്ദേഹം പക്ഷേ ഒരു മഹാ സാമ്രാജ്യം പടുത്തുയര്‍ത്തി   (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക