Image

ഗാന്ധിജി - ഒരു ജീവിതദര്‍ശനം (മീട്ടു റഹ്മത്ത്‌ കലാം)

Published on 01 October, 2014
ഗാന്ധിജി - ഒരു ജീവിതദര്‍ശനം (മീട്ടു റഹ്മത്ത്‌ കലാം)
അപൂര്‍വ്വമായ ചില പിറവികള്‍ ചരിത്രത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും ഭാവിയുടെ ദിശാഗതിയില്‍ പോലും നിര്‍ണ്ണായകമായ രേഖപ്പെടുത്തലാകും. അവരെ നമ്മള്‍ മഹാത്മാക്കളായി കാണും. ഭാരതം മുന്‍പും ശേഷവുമായി തിരിച്ചാലും അത്തരത്തില്‍ ഒരു മുഖമേ നമ്മുടെ മനസ്സില്‍ തെളിയൂ - മഹാത്മാ ഗാന്ധിയുടെ മുഖം.

ഒക്‌ടോബര്‍-2,1869-ന്‌ ഗുജറാത്തിലെ പോര്‍ബന്ദറിലായിരുന്നു മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയുടെ ജനനം. സുഗന്ധവ്യഞ്‌ജനങ്ങളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നതുകൊണ്ട്‌ കുടുംബത്തിന്‌ `ഗന്ധി? എന്ന പേര്‍ വന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അത്‌ `ഗാന്ധി? എന്നായി മാറി. ദിവാനായ അച്ഛനെക്കാള്‍ അമ്മ പുത്‌ലിബായിയുടെ സ്വാധീനമായിരുന്നു ഗാന്ധിജിയുടെ ജീവിതത്തില്‍. `പ്രണമി? വിഭാഗത്തില്‍പ്പെട്ട അവരുടെ വിശ്വാസങ്ങള്‍ ഹിന്ദുമതത്തിന്റെയും,ഇസ്ലാം മതത്തിന്റെയും അംശങ്ങള്‍ കലര്‍ന്നതായിരുന്നു. ആ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക്‌ പകരം ഖുര്‍ആന്റെയും, ഹിന്ദുപുരാണങ്ങളുടെയും കോപ്പികളാണുണ്ടായിരുന്നത്‌. താന്‍ ശീലിച്ച മതേതരത്വത്തിന്റെ പാഠമാണ്‌ പിന്നീട്‌ അച്ഛന്‍ മക്കള്‍ക്കെന്ന പോലെ ബാപ്പുജി ഇന്ത്യയ്‌ക്ക്‌ പകര്‍ന്നത്‌. എല്ലാ മതങ്ങളെയും അംഗീകരിക്കാനും അവയ്‌ക്കെല്ലാം പരസ്‌പരം നിഷേധിക്കാതെ നിലനില്‍ക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം വാദിച്ചു. ബൈബിളിലെ `നിന്നെ വലത്തേ ചെകിടത്ത്‌ അടിക്കുന്നവന്‌ മറ്റേ കരണവും കാണിക്കുക? എന്ന സന്ദേശവും, ജൈനമതത്തിലെ അഹിംസാസിദ്ധാന്തവും ഗാന്ധിജി ഉള്‍ക്കൊണ്ടു. സത്യത്തിന്റെയും, അഹിംസയുടെയും കാവല്‍ക്കാരനായ അദ്ദേഹം ഭാര്യ കസ്‌തൂര്‍ബാഗാന്ധിയെയും നാല്‌ മക്കളെയും തന്റെ ലളിതജീവിതം ശീലിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ്‌ സ്വന്തം ചെരുപ്പ്‌ നന്നാക്കുകയും കീറിയ വസ്‌ത്രം തുന്നുകയും ചെയ്‌തിരുന്നു എന്ന അറിവ്‌ ബാപ്പുവില്‍ ഹൃദ്യമായ സ്വാധീനം ചെലുത്തി. വിദേശ വസ്‌ത്രങ്ങള്‍ ബഹിഷ്‌കരിച്ച്‌ ചര്‍ക്കയില്‍ സ്വയം നൂറ്റ വസ്‌ത്രം ധരിക്കാന്‍ അദ്ദേഹം ജനങ്ങള്‍ക്ക്‌ മാതൃകയായി. സസ്യാഹാരം ശീലമാക്കിയ ഗാന്ധിജി മൃഗത്തോലുകള്‍ കൊണ്ടുള്ള ചെരുപ്പ്‌ പോലും ഇഷ്‌ടപ്പെട്ടിരുന്നില്ല. മരംകൊണ്ടുള്ള മെതിയടികളുടെ നിര്‍മ്മാണവിദ്യ മനസ്സിലാക്കി ആശ്രമത്തില്‍ എല്ലാവരെയും പഠിപ്പിച്ചു. നിത്യജീവിതത്തിന്‌ ആവശ്യമായതെല്ലാം കൃഷി ചെയ്‌തു.

ലണ്ടനില്‍ നിന്ന്‌ ബാരിസ്റ്റര്‍ പഠനം പൂര്‍ത്തയാക്കിയ ഗാന്ധിജിയെ വിധി ഒരു നിയോഗം പോലെ പല വഴികളിലേയ്‌ക്ക്‌ തിരിച്ചു വിടുകയായിരുന്നു. ഏറെ ശോഭിക്കുമായിരുന്ന അദ്ധ്യാപകന്റെ ജോലി നിഷേധിക്കപ്പെട്ടതുപോലും രാഷ്‌ട്രത്തിന്‌ ഇങ്ങനൊരു നേതാവിനെ ലഭിക്കാന്‍ ആയിരുന്നിരിക്കണം.

തെക്കേ ആഫ്രിക്കയിലെ ഇന്ത്യാക്കാര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു തുടക്കം. ജനസാന്ദ്രത കൂടുതലുള്ള മദ്രാസ്‌, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന്‌ അടിയാളന്മാരെ ആഫ്രിക്കയിലേക്ക്‌ സൗജന്യമായി കപ്പലില്‍ കടത്തുന്ന ഏജന്റുമാരെക്കുറിച്ച്‌ ഗാന്ധിജി അറിയുമ്പോള്‍ 40000 ഇന്ത്യാക്കാര്‍ അടിമത്തത്തിലായികഴിഞ്ഞിരുന്നു. അവരെ അധഃകൃതരാക്കി ദ്രോഹിക്കുന്ന അവസ്ഥയില്‍ മാറ്റം വരാന്‍ ഇന്ത്യാക്കാരെ പ്രാപ്‌തരാക്കാനായി പിന്നെയുള്ള ശ്രമം. ഇംഗ്ലണ്ടിലെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിക്ക്‌ കോണ്‍ഗ്രസ്സ്‌ എന്ന വാക്കിനോടുള്ള വെറുപ്പറിഞ്ഞു തന്നെ താന്‍ രൂപീകരിച്ച സംഘടനയ്‌ക്ക്‌ `ഗാന്ധി? ആ പേര്‌ നല്‍കി. ആഫ്രിക്കയിലെ പ്രവര്‍ത്തനപരിചയം അദ്ദേഹത്തിന്റെ സ്വരത്തില്‍ പകര്‍ന്ന ആധികാരിതയും ശക്തിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‌ മുതല്‍കൂട്ടായി.

സത്യത്തിന്റെ മാനവികവും ദേശീയവുമയാ മുഖം കാണാന്‍ ഒരു ജനതയെ ഗ്രാമങ്ങളിലേയ്‌ക്ക്‌ ഗാന്ധിജി കൂട്ടിക്കൊണ്ടുപോയി. ആയിരം ഗ്രന്ഥങ്ങളെക്കാള്‍ ശ്രേഷ്‌ഠമായ അറിവ്‌ പകരുന്ന ആ ജീവിതം , കര്‍മ്മനിരതയുടെ പര്യായമാണ്‌. ഐക്യരാഷ്‌ട്രസഭ ലോക അഹിംസാ ദിനമായി ആചരിക്കുന്ന ഗാന്ധിജിയുടെ ജന്മദിനം പ്രവര്‍ത്തി ദിവസമാക്കുക എന്നത്‌ അല്‌പം മുന്‍പേ സ്വീകരിക്കേണ്ടിയിരുന്ന തീരുമാനമാണ്‌. കാരണം, പ്രവര്‍ത്തനക്ഷമരായ സമൂഹത്തിനേ ഗാന്ധിജിയെ സന്തോഷിപ്പിക്കാന്‍ കഴിയൂ.

എന്തിനും പരാതി പറയുന്നതിന്‌ പകരം പരിഹാരം കണ്ടെത്തിയതാണ്‌ ഗാന്ധിജിയെ വ്യത്യസ്‌തനാക്കുന്നത്‌. കുഷ്‌ഠരോഗിയെ പരിചരിക്കുകയും മുറിവുകള്‍ വെച്ചുകെട്ടുകയും ചെയ്‌തിരുന്ന അദ്ദേഹത്തിന്‌ സഹജീവികളോട്‌ പ്രത്യേക മമതയായിരുന്നു. തന്റെ മുടിവെട്ടാന്‍ വെള്ളക്കാരനായ ബാര്‍ബര്‍ വിസമ്മതിച്ചതു മുതല്‍ സ്വയം കണ്ണാടിയില്‍ നോക്കി അദ്ദേഹം ആ ജോലി നിര്‍വ്വഹിച്ചുപോന്നു. ഏത്‌ തൊഴിലിനും അതിന്റേതായ മാന്യത ഗാന്ധിജി കല്‌പിച്ചിരുന്നു. മാലിന്യം നീക്കം ചെയ്യല്‍ ഒരു പ്രത്യേക ജാതിയുടെ പണിയാണെന്ന തോന്നല്‍ നമ്മുടെ രാജ്യത്ത്‌ നിന്ന്‌ തുടച്ചുനീക്കാന്‍ ഗാന്ധിജി വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. സ്വന്തം വിസര്‍ജ്ജ്യം നീക്കം ചെയ്‌താല്‍പോലും ജാതിയില്‍ താണുപോകുമെന്ന്‌ കരുതിയവര്‍ക്കിടയില്‍ മറ്റുള്ളവരുടേത്‌ കൂടി നീക്കം ചെയ്യാന്‍ മടികാണിക്കാതെ ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌.

`സ്വച്ഛ്‌ ഭാരത ്‌ `എന്ന സ്വപ്‌നം ഗാന്ധിജിയുടെ 150-ാം പിറന്നാളിന്‌ 2019-ല്‍ സഫമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുമെന്നാണ്‌ ഈ ഗാന്ധിജയന്തിയ്‌ക്ക്‌ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന വാഗ്‌ദാനം. `പൊതു അവധി? എന്ന പതിവ്‌ രീതി മാറ്റി ഇക്കുറി നിര്‍ബന്ധ പ്രവൃത്തി ദിവസമാക്കി ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്വയം ചൂലെടുത്ത്‌ ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുമെന്നാണ്‌ മോദിയുടെ ആഹ്വാനം. ആഴ്‌ചയിലെ രണ്ട്‌ മണിക്കൂറുകളാണ്‌ ശുചീകരണത്തിനായി മാറ്റിവെയ്‌ക്കാന്‍ അദ്ദേഹം പൊതുജനങ്ങളോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. വര്‍ഷത്തില്‍ 100 മണിക്കുര്‍. ഈ പദ്ധതി വിജയകരമാകുമെങ്കില്‍ , മീഡിയകളിലൂടെയുള്ള പബ്ലിസിറ്റി സ്റ്റണ്ട്‌ അല്ലെങ്കില്‍ , `സ്വച്ഛ ഭാരതം? യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്യും.

`ഗാന്ധിസം? എന്ന ആശയം മുന്നോട്ട്‌ വന്നപ്പോള്‍ അതിനെപ്പോലും എതിര്‍ത്ത ആളാണ്‌ ഗാന്ധിജി. മരണശേഷം തന്റെ പേരില്‍ ഒരു സെക്‌ട്‌ സ്ഥാപിക്കപ്പെട്ടാല്‍ ആത്മാവ്‌ അതിനെതിരെ തീവ്രമായ വേദനയോടെ നിലവിളിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. സര്‍വ്വജനീനമല്ലെങ്കില്‍ സ്വര്‍ഗം പോലും ത്യജിക്കാന്‍ ഒരുക്കമായിരുന്ന മഹാത്മാവിന്‌ സ്വാതന്ത്യാനന്തര ഭാരതത്തില്‍ ഒരു വര്‍ഷം പോലും തികയ്‌ക്കാന്‍ കഴിയാതെ നാഥുറാം ഗോഡ്‌സേയുടെ വെടിയുണ്ടയ്‌ക്ക്‌ ഇരയാകേണ്ടി വന്നു.

`ഏത്‌ സമരത്തിലും വിജയിക്കുന്നവര്‍ ആ വിജയത്തിന്‌ അര്‍ഹരാണെന്ന്‌ തെളിയിക്കണം? എന്ന ധാര്‍മ്മിക നിലപാട്‌ ഗാന്ധിജി സ്വീകരിച്ചിരുന്നു. അദ്ദേഹത്തിനോടുള്ള കൃതജ്ഞതയായി ഇന്ത്യയുടെ സ്വാതന്ത്ര്യം നാം അര്‍ഹിക്കുന്നു എന്ന്‌ തെളിയിക്കാന്‍ ഓരോ ഇന്ത്യാക്കാരനും ബാധ്യതയുണ്ട്‌. ഗാന്ധിജി വിഭാവനം ചെയ്‌ത ഇന്ത്യയിലേയ്‌ക്ക്‌ നമുക്ക്‌ നടന്നടുക്കാം.
ഗാന്ധിജി - ഒരു ജീവിതദര്‍ശനം (മീട്ടു റഹ്മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക