Image

വിനോദ് കെയാര്‍ക്കെ ഫൊക്കാനയുടെ ദീപ്തമുഖം

അനില്‍ പെണ്ണുക്കര Published on 06 October, 2014
വിനോദ് കെയാര്‍ക്കെ ഫൊക്കാനയുടെ ദീപ്തമുഖം
ഒരേ മനസ്സുള്ളവര്‍ ഒരു ടീമിലുണ്ടാകുമ്പോഴാണ് വിജയം ടീമിനെ തേടിയെത്തുക. നനുത്ത പുഞ്ചിരിയുമായി ജോണ്‍ പി ജോണ്‍ ഫൊക്കാനയെ നയിക്കുമ്പോള്‍ തൊട്ടുപിന്നിലായി ജനറല്‍ സെക്രട്ടറിയായി അമേരിക്കന്‍ മലയാളികള്‍ക്ക് പരിചയമുള്ള ഒരു മുഖമുണ്ട്. വിനോദ് കെയാര്‍ക്കെ…
സാംസ്‌കാരിക, സാമൂഹിക, സാമുദായിക രംഗത്ത് സജീവ സാന്നിദ്ധ്യമായി, പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടം നല്‍കാതെ കറതീര്‍ന്ന വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച്, ഫൊക്കാനായുടെ ചരിത്രപരമായ വളര്‍ച്ചയില്‍ പങ്കുവഹിച്ച് ആ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനാകുമ്പോള്‍ വിനോദ് കെയാര്‍ക്കെയ്ക്ക് തെല്ലും ആശങ്കകളില്ല. തന്റെ പ്രവര്‍ത്തനവഴിയിലെ വെള്ളിവെളിച്ചം എന്നും തുണയായി ഒപ്പമുണ്ടെന്ന് ഈ സാമൂഹ്യപ്രവര്‍ത്തകന് നല്ല ബോധ്യമുണ്ട്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ന്യൂയോര്‍ക്ക് മലയാളികള്‍ക്കിടയിലെ സജീവ സാന്നിദ്ധ്യമാണ് ഈ മനുഷ്യന്‍. ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ഒരു മനുഷ്യസ്‌നേഹി കൂടി ആയിരിക്കണമെന്ന് വിനോദ് കെയാര്‍ക്കെയുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു. ന്യൂയോര്‍ക്കില്‍ അറ്റോര്‍ണിയായി പ്രാക്ടീസ് ചെയ്യുന്ന ഇദ്ദേഹം ഫൊക്കാനയിലും ഇതര പ്രാദേശിക സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുകയും ഈ സംഘടനകളുടെ വളര്‍ച്ചയ്ക്ക് തന്റേതായ സംഭാവനങ്ങള്‍ നല്‍കിയിട്ടുമുണ്ട്.

ഫൊക്കാനാ ഫിലഡല്‍ഫിയ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, ഫൊക്കാനാ വാഷിംഗ്ടണ്‍ കണ്‍വന്‍ഷന്‍ സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ സംഘാടകന്‍ എന്നീ നിലകളില്‍ നേതൃത്വം വഹിക്കുകയും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് മുന്‍ പ്രസിഡന്റ്, ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷ്ണല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇന്തോ-അമേരിക്കന്‍ ലോയേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ്, അയ്യപ്പസേവാ സംഘം വൈസ് പ്രസിഡന്റ്, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളിലെ തന്റെ പ്രവര്‍ത്തനങ്ങളും ഫൊക്കാനായുടെ വളര്‍ച്ചയ്ക്ക് ഗുണപ്രദമാക്കാനുള്ള ശ്രമത്തിലാണ് വിനോദ് കെയാര്‍ക്കെ. മഹിമയുടെ മുന്‍ പ്രസിഡന്റു കൂടിയാണ് ഇദ്ദേഹം.

തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ് യൂണിയന്‍ മെമ്പര്‍, കേരളാ സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരുവനന്തപുരം യൂണിറ്റ് സെക്രട്ടറി, തിരുവനന്തപുരം ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റിമെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് കോന്നി അസംബ്ലി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ പാരമ്പര്യവുമായാണ് അമേരിക്കന്‍ മണ്ണിലേക്ക് ചേക്കേറിയത്.

കോട്ടയം-പത്തനംതിട്ട ജില്ലാ കോടതികളിലും, സെഷന്‍സ് കോടതിയിലും അഭിഭാഷകനായി മികച്ച പ്രാക്ടീസ് നടന്നു കൊണ്ടിരിക്കുന്ന നിലയില്‍ അമേരിക്കയിലേക്ക് വന്നുവെങ്കിലും ഇവിടെയും അറ്റോര്‍ണി അറ്റ്‌ലോ ആയി സേവനമനുഷ്ഠിക്കുന്നു. തന്റെ വിജയത്തിനു പിന്നില്‍ താങ്ങും തണലുമായി ഭാര്യ ബാല. എസ്. വിനോദ് (നഴ്‌സ്- നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റല്‍) മക്കളായ നിഫ്റ്റി, നിതിന്‍ എന്നിവര്‍ ഒപ്പമുണ്ട്.

ഫൊക്കാനയുടെ ചിക്കാഗോ കണ്‍വന്‍ഷന്റെ ചരിത്രപരമായ വിജയം കാനഡയില്‍ ചരിത്ര മഹാമഹമാക്കുവാനുള്ള വിജയക്കുതിപ്പിന്റെ അമരത്ത് ജോണ്‍ പി ജോണിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വര്‍ഷങ്ങളുടെ നേതൃത്വപാടവവും, സൗമ്യമായ വ്യക്തിത്വവും ഫൊക്കാനയ്ക്ക് മുതല്‍ കൂട്ടാവും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഒരു നറുപുഞ്ചിരിക്കൊപ്പം സൗമ്യസാന്നിദ്ധ്യമായി വിനോദ് കെയാര്‍ക്കെ കൂടിയാകുമ്പോള്‍ ഫൊക്കാനയുടെ കുതിപ്പ് പതിന്‍മടങ്ങ് വേഗത്തിലാകുമെന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് ഉറപ്പുണ്ട്. ഈ ഉറപ്പാണ് ഫൊക്കാനായുടെ നാളിതുവരെയുള്ള വിജയത്തിനാധാരവും…
വിനോദ് കെയാര്‍ക്കെ ഫൊക്കാനയുടെ ദീപ്തമുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക