ആരൊക്കെയാണ് ദൈവത്തിന്റെ നാട്ടിലെ സദാചാര കാവല്ഭടന്മാര്? സ്വന്തം
വീട്ടിലിരുന്ന് സദാചാരം പ്രസംഗിക്കുന്നവര്‍ മുതല്‍ കള്ളവാറ്റും പെണ്‍വാണിഭവും
നടത്തുന്ന സാമൂഹ്യവിരുദ്ധരും രാഷ്ട്രീയ ഗുണ്ടകളുംവരെ അതിന്റെ മുന്നണിപടയാളികളാണ്.
ആങ്ങളയും പെങ്ങളുംകൂടി ബെസ്റ്റോപ്പില്‍ ഒന്നിച്ചുനിന്നാല്‍, അഛനും മകളുംകൂടി
ഒരുകുടക്കീഴില്‍ നടന്നുപോയാല്‍, ഭാര്യയും ഭര്‍ത്താവുംകൂടി ഒരു ലോഡ്ജില്‍
മുറിയെടുത്ത് താമസിച്ചാല്‍ അവിഹിതം കണ്ടെത്തുന്ന ഇവന്റെയൊക്കെ ഹാലിളക്കം
നിത്യവാര്‍ത്തകളാണ്. ഇവന്മാരെ നിലക്കുനിറുത്താന്‍ കഴിവില്ലാത്ത
കൊജ്ഞാണസര്ക്കാരാണ് കേരളം ഭരിക്കുന്നത്. അഥവാ ഒരു സദാചാര ഗുണ്ടയെ
അറസ്റ്റുചെയ്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവനെ ജാമ്യത്തിലെടുക്കാനും
സംരക്ഷിക്കാനും രാഷ്ട്രീയക്കാരനുണ്ടല്ലോ.
കൊച്ചിയില്‍ ചുംബന പ്രതിക്ഷേധം
നടത്തുന്നെന്ന് കേട്ടപ്പോള്‍മുതല്‍ ഹാലിളകിയതാണ് സദാചാര ദൂതന്മാര്ക്ക്. ആകാശം
ഇടിഞ്ഞുവീഴാന്‍ പോകുന്നെന്നോ കേരളം അറബിക്കടലില്‍ താഴാന്‍ പോകുന്നെന്നോ ഒക്കെയാണ്
ഇവന്റെയൊക്കെ ഹാലിളക്കം കണ്ടാല്‍ തോന്നുക. ചുംബന സമരത്തിന്റെ പിറ്റേന്നുമുതല്‍
പരസ്യമായ വ്യഭിചാരം തുടങ്ങുമെന്ന് പ്രവചിച്ചവര്‍ വരെയുണ്ട്. രഹസ്യമായിട്ട്
എന്തുവേണമെങ്കിലും ആയിക്കോയെന്ന് ഒരു രാഷ്ട്രീയനേതാവ് പറഞ്ഞതും വായിച്ചു. ആശാന്
എല്ലാം രഹസ്യമായിട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കൂട്ടത്തിലാണ്.
ആണിനും
പെണ്ണിനും പരസ്പരം ഇഷ്ടമാണെങ്കില്‍ അവര്‍ കൈകോര്‍ത്തുപിടിച്ച് നടക്കുകയോ ഒന്ന്
ചുംബിക്കുകയോ ചെയ്തോട്ടെ. അതുകൊണ്ട് നിനക്കും എനിക്കും ഒന്നും
ഉരിഞ്ഞുപോകത്തില്ലല്ലോ. നിനക്ക് കാണാന്‍ താല്പര്യമില്ലെങ്കില് അങ്ങോട്ട്
നോക്കേണ്ട. ഏകദേശം ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് കൊല്ലത്ത് ഗ്രാന്‍ഡ്
തീയേറ്ററില്‍ ഞാന്‍ മാറ്റിനിക്ക് കയറിയത് ഓര്‍മ്മവരുന്നു. ബാല്‍ക്കണിയില്‍ എന്റെ
മുമ്പിലത്തെസീറ്റില് രണ്ട് യുവമിധുനങ്ങള്‍, കോളജുവിദ്യാര്ത്ഥികളാണെന്ന്
തോന്നുന്നു, പരസ്പരം ചുംബിക്കുന്നുണ്ടായിരുന്നു. സീറ്റില്‍ താഴ്ന്നിരുന്ന് അവര്‍
ചുംബക്കുന്നത് ഞാന്‍ കണ്ടില്ല. എന്നാല്‍ എന്റേയും പിന്നിലെ സീറ്റിലിരുന്ന
സത്രീയത് കണ്ടുപിടിച്ചു. അവരുടെ സീറ്റനടിയില്‍ ബോംബ് പൊട്ടിയതുപോലെയാണ് അവര്‍
ബഹളംവെച്ചത്. അവരുടെ ഭര്ത്താവെന്നുപറയുന്ന സദാചാരദൂതന് ഇറങ്ങിവന്ന് പിള്ളാരോട്
ഇറങ്ങിപ്പോകാന്‍ കല്പിച്ചു. അവര്‍ കൂട്ടാക്കാതിരുന്നപ്പോള്‍ വേറെയും ദൂതന്മാര്
അയാള്‍ക്ക് കൂട്ടായിവന്നു. അവരെ ഇറക്കിവിടാതെ ഷോ നടത്താന്‍
സമ്മതിക്കുകയില്ലെന്നായി സദാചാര ഭടന്മാര്. അവസാനം തീയേറ്ററിന്റെ
നടത്തിപ്പുകാര്വന്ന് അവരെ ഇറക്കിക്കൊണ്ടുപോയി. ദൂതന്മാര്ക്കും അവരുടെ
കീഴ്കിടപ്പുകാര്ക്കും ഇക്കിളിമാറിയത് കുട്ടികള്‍
പോയതിനുശേഷമാണ്.
ഇവരില്‍ പലരുമായിരിക്കണം തിരക്കുള്ള ബസ്സില്‍ സ്ത്രീകളെ
ശല്ല്യപ്പെടുത്തുന്നതും തീയേറ്ററില്‍ മുന്‍സീറ്റിലിരിക്കുന്ന കുടുംബത്തില്‍ പിറന്ന
പെണ്‍കുട്ടികളുടെ കാലില്‍ ചവിട്ടുന്നതും. കേരളത്തിലെ തീയേറ്ററുകളില്‍
പെണ്മക്കളേംകൊണ്ട് സിനിമക്ക്പോകാന് പല അഛനമ്മമാരും മടിക്കും. നാട്ടില്‍വെച്ച്
എനിക്കും അതൊരു ഭയമായിരുന്നു. ഇവിടെ അമേരിക്കയില്‍ വന്നപ്പോള്‍ എന്റെ പെണ്മക്കള്
കാരോവിന്ഡ്സില് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പെണ്കുട്ടികളേംകൊണ്ട്
ആള്‍കൂട്ടത്തില്‍ പോയാലുള്ള അനുഭവം എന്താണെന്ന് അറിയാവുന്ന ഞാന്‍
നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. മക്കള്‍ വാശിപിടിച്ചപ്പോള്‍ അവരുടെ ആഗ്രഹത്തിന്
വഴങ്ങി. അവിടെ ചെന്നപ്പോളാണ് കേരളത്തിലേതിന് വ്യത്യസ്തമായ ഒരു സംഗതി ഞാന്‍
മനസിലാക്കിയത്. ആരും എന്റെ മക്കളെ ശ്രദ്ധിക്കുന്നതേയില്ല. കമന്റടിയില്ല,
വൃത്തികെട്ട നോട്ടമില്ല. എല്ലാവരും, ചെറുപ്പക്കാരും മുതിര്‍ന്നവരും , അവരവരുടെ
കാര്യംനോക്കി നടക്കുന്നു.
അമേരിക്കയില്‍ വന്നിട്ടും അവരുടെ മര്യാദകള്‍
മനസിലാക്കിയിട്ടും ഇടുങ്ങിയ സദാചാരം മനസില്‍ കൊണ്ടുനടക്കുന്ന മലയാളികളെ
എനിക്കറിയാം. പെണ്കിടാങ്ങള് കുട്ടിനിക്കറും ഇട്ട് നടക്കുന്നതും കാമുകീ
കാമുകന്മാര് പരസ്യായി ചുംബക്കുന്നതും അസഹിഷ്മണതയോടെ വീക്ഷക്കുന്ന മലയാളി.
അവനല്ലാതെ വേറെയാരും അവരെ ശ്രദ്ധിക്കുന്നതേയില്ല. ഇതൊന്നും കാണാന്‍
ഇഷ്ട്ടമില്ലെങ്കില്‍ പെട്ടിയുമെടുത്ത് നാട്ടില്‍ പൊയ്ക്കൂടെ? വല്ലവരുടേയും
നാട്ടില്‍ വന്നിട്ട് അവരുടെ സംസ്കാരത്തെ കുറ്റംപറയുന്നത്
എന്തിനാണ്?
അമേരിക്കയിലെ ബീച്ചുകളില്‍ തീകത്തുകയാണെന്ന് ഒരു മലയാളി
ഇവാജ്ഞലിസ്റ്റ് പള്ളിയില്‍ പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ ഇടയായി.
തീകത്തുകയാണെന്ന് അയാള്‍ പറഞ്ഞത് ആണുപെണ്ണും അല്പവസ്ത്രരായി കടലില്‍ നീന്തുകയും
കരയില്കിടന്ന് വെയില്കൊള്ളുകയും ചെയ്യുന്നതിനെയാണ്. അയാള്‍ എന്തിനത്
കാണാന്‍പോയി എന്ന് മനസിലാകുന്നില്ല. അയാള്‍ക്കല്ലാതെ അവിടെ കൂടിയവര്‍ക്ക്
ആര്‍ക്കും അതൊരു അസ്ളീലമായി തോന്നിയിട്ടില്ല. വെള്ളക്കാര്‍ അവരുടെ തൊലിക്ക്
സൂര്യപ്രകാശം ഏല്പിക്കുന്നത് ചില ത്വക്ക്രോഗങ്ങളെ അകറ്റാനാണ്. അതില്‍ അസ്ളീലം
കണ്ടെത്തിയ ഉപദേശിയെപ്പറ്റി പരിതപിക്കുകയല്ലാതെ എന്തുചെയ്യാന്‍. അല്പവസ്ത്ര
ധാരികളായി സ്വിമ്മിങ്ങ് പൂളില്‍ നീന്താനിറങ്ങുന്ന അമേരിക്കക്കാര്‍ക്ക്
മലയാളിക്കുതോന്നുന്ന ചീത്തവികാരങ്ങളൊന്നും അനുഭവപ്പെടുന്നില്ല. നിന്റേയും എന്റേയും
ഉള്ളിലെ ദുഷിപ്പാണ് അതില്‍ തെറ്റുകണ്ടെത്തുന്നത്. വീഗാലാന്‍ഡില്‍ സാരിയും
ഉടുത്ത് നീന്താനിറങ്ങുന്ന പെണ്ണുങ്ങളെവരെ ദുഷ്ടമായ കണ്ണുകളോടെ വീക്ഷിക്കുന്ന
മലയാളിയാണ് ബ്രേസ്സിയറും പാന്റീസുമിട്ട് കോവളത്തെ കടലില്‍ നീന്തുന്ന മദാമ്മമാരെ
കണ്ട് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്.
കൊച്ചിയിലെ ചുംബനസമരത്തെ
പോലീസ് അടിച്ചൊതുക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍. ഭരണം
എന്താണെന്ന് കാണിച്ചുകൊടുത്തല്ലോ. മലയാളിയുടെ സ്വഭാവദൂഷ്യങ്ങളെല്ലാം മാറ്റാന്‍
അദ്ദേഹം പാടുപെട്ടുകൊണ്ടിരിക്കയാണല്ലോ. തൊഴിലില്ലായ്മ പരിഹരിക്കുന്നതും
റോഡുകള്‍ക്ക് വീതികൂട്ടുന്നതും വിദ്യാഭ്യാനിലവാരം ഉയര്ത്തുന്നതുമൊന്നും തന്റെ
സര്‍ക്കാരിന്റെ കടമയല്ല. മോഹനസുന്ദര വാഗ്ദാനങ്ങള്‍ ഞങ്ങള്‍ ദിവസംതോറും
നല്കുന്നുണ്ടല്ലോ. കൊച്ചിയില്‍ കേരളസദാചാരം ഇടിഞ്ഞുവീഴാന്‍ പോയപ്പോള്‍ ഞങ്ങള്‍
താങ്ങിനിറുത്തിയില്ലേ. ഇതില്കൂടുതല് ഞങ്ങള്‍ എന്താണ്
ചെയ്യേണ്ടത്?
ചുംബനസമരം വിജയിച്ചില്ലെങ്കിലും കപട സദാചാരത്തിന്റെ
പ്രവാചകന്മാരെ ഒന്ന് ഞെട്ടിക്കാന്‍ അതിന്റെ സംഘാടകര്‍ക്ക് കഴിഞ്ഞെന്നുള്ളത്
വലിയൊരു വിജയമാണ്. പൊതിഞ്ഞുമൂടിവെച്ചിരിക്കുന്ന യാഥാസ്തിതികത്തിന്റെ പുറംതോട്
തല്ലിപ്പൊട്ടിക്കാന്‍ ശ്രമിച്ച കേരളീയ യുവജനതക്ക് അഭിനന്ദനങ്ങള്‍.
സാം
നിലമ്പള്ളില്‍.
sam3nilam@yahoo.com.