Image

അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-2(ലേഖന പരമ്പര: എ.സി. ജോര്‍ജ്)

എ.സി. ജോര്‍ജ് Published on 07 November, 2014
 അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-2(ലേഖന പരമ്പര:  എ.സി. ജോര്‍ജ്)
വായനക്കാര്‍ തികച്ചും വിമര്‍ശന ബുദ്ധിയോടെ വീക്ഷിക്കുന്ന ചില വാര്‍ത്തകളിലേക്ക് ഒരു
ഉദാഹരണങ്ങലിലേക്കു കണ്ണോടിക്കാം, അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷത്തില്‍ ആയിരക്കണക്കിനാളുകള്‍ സംബന്ധിച്ച് പ്രൗഡഗംഭീരമാക്കി. കൂടാതെ ഇപ്രാവശ്യം ലോകത്തിലെ പുതിയ പുതിയ കലാപരിപാടികളാണവതരിപ്പിച്ചത്. ഇപ്രകാരം ഒരു രണ്ടു ഡസന്‍ മലയാളി അസ്സോസിയേഷനുകളും അവരുടേതാണ് ഏറ്റവും വലിയ മലയാളി അസ്സോസിയേഷനെന്ന് വാര്‍ത്താ കുറിപ്പിലൂടെ അവകാശപ്പെടുന്നു. ഇതില്‍ ഏതാണ് ശരി? ഏതാണ് ഏറ്റവും വലിയ മലയാളി അസ്സോസിയേഷന്‍? എന്താണ് ഒരു അസ്സോസിയേഷനെ ഏറ്റവും വലുതാക്കുന്നത്? ഇക്കൊല്ലം പുതിയ പുതിയ കലാപരിപാടികളാണ് രംഗത്ത് അവതരിപ്പിച്ചത്. പുതിയ പരിപാടികളെപ്പറ്റി തുടര്‍ന്ന് എഴുതുകയാണ്. തിരുവാതികക്കളി, ഓണപ്പാട്ട്, നൃത്തനൃത്യങ്ങള്‍ ഓണസദ്യ, മാവേലി എഴുന്നെള്ളത്ത് തുടങ്ങിയവ. ആട്ടെ, ഇതെല്ലാം എങ്ങനെ പുതിയപരിപാടികളാകുന്നു. എല്ലാം ദശാബ്ദങ്ങളായി മിക്ക മലയാളി സംഘടനകളും അവതരിപ്പിച്ചു വരുന്ന പരിപാടികളല്ലെ? അങ്ങനെ ചോറും സാമ്പാറും ചിലപ്പോള്‍ ഒരു മാറ്റത്തിനുവേണ്ടി സാമ്പാറും ചോറും എന്ന് ഒന്നു വകുപ്പ് മാറ്റി തലതിരിച്ചും പറയാറുണ്ട്.

ആയിരക്കണക്കിന് ജനസമുദ്രം പങ്കെടുത്തുവെന്ന വാര്‍ത്തയോടൊപ്പം ഓഡിയന്‍സിന്റെ ഫോട്ടോയില്‍ കാണുന്നത് കാലിയായ കസേരകള്‍ അങ്ങിങ്ങായി കുത്തിയിരിക്കുന്ന നൂറില്‍ താഴെയുള്ള ജനം മാത്രം. പക്ഷെ സ്റ്റേജില്‍ ഒരു പക്ഷെ അതില്‍ കൂടുതല്‍ ദിവ്യന്മാര്‍ ബാഡ്ജും പൊന്നാടയും ചാര്‍ത്തി നില്‍പ്പുണ്ടാകും. അതിനാല്‍ ചിന്താകുഴപ്പത്തിലായ വായനക്കാര്‍ എന്തു ചിന്തിക്കണം? എന്തു വിശ്വസിക്കും.

ചില വായനക്കാര്‍ അവനവന്റെ തലയൊ ഫോട്ടോയൊ വാര്‍ത്താ ചിത്രങ്ങളില്‍ കാണുന്നുണ്ടൊ എന്നു മാത്രം നോക്കുന്നു. ഊട്ടുപുരയില്‍ ഫ്രീയായി ഉണ്ണാന്‍ വന്ന ചില വ്യക്തികള്‍ പോലും അവരുടെ പേരൊ ഫോട്ടോയൊ ന്യൂസില്‍ കണ്ടില്ലെങ്കില്‍ വാര്‍ത്ത എഴുതിയവരേയും പ്രസിദ്ധീകരിച്ചവരേയും തെറി വിളിച്ച ചരിത്രം ഇവിടെ ഉണ്ടായിട്ടുണ്ട്. എഴുത്തിലൊ വാര്‍ത്തയിലൊ തെറ്റുകള്‍ മാത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന വായനക്കാരുണ്ട്. വല്ല വാചകത്തെറ്റോ, ടൈപ്പിംഗ് മിസ്റ്റേക്കോ കണ്ടാല്‍ അതവര്‍ക്കു വലിയ പ്രശ്‌നമായി. നൂറ് ശരികള്‍ കണ്ടിട്ട് അതിനിടയില്‍ ഒരു ചെറിയ തെറ്റു കണ്ടെത്തിയാല്‍ അതാണ് ദോഷൈകദൃക്കുകളായ ചില വായനക്കാര്‍ക്ക് വലിയ പ്രശ്‌നമാകുന്നത്. ചില വായനക്കാര്‍ വാര്‍ത്ത അല്ലെങ്കില്‍ രചന മുഴുവനായി വായിക്കാതെ, അവിടവിടെ മാത്രം ചുരുക്കമായി വായിച്ച് കുറിപ്പിലെ ഭൂരിഭാഗവും വെട്ടി വിഴുങ്ങി അതിനെ കുറിച്ച് മനസ്സിലാക്കാതെ വികലമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതും എഴുതുന്നതും ഒട്ടും ഭൂഷണമല്ല. അതുപോലെ ലേഖനങ്ങളോ വാര്‍ത്തകളോ ചുരുക്കാനെന്ന ഭാവേന അതിലെ കാതലായ ഭാഗങ്ങളില്‍ എഡിറ്ററുടെ എഡിറ്റിംഗ് കത്രിക വെക്കുന്നതും ഒരുപക്ഷെ ഒറിജിനല്‍ എഴുത്തുകാരന്റെ ആശയങ്ങള്‍ വികലമാക്കി എന്നിരിക്കും. അവിടെയും ദോഷൈകദൃക്കായ ചില വായനക്കാര്‍ കാത്തിരുന്ന എഴുത്തുകാരനേയും പ്രസിദ്ധീകരണത്തേയും കുറ്റപ്പെടുത്തി എന്നിരിക്കും. എഴുതിയതു തന്നെ ആവര്‍ത്തിച്ച് വലിച്ചുവാരി എഴുതുന്നത് എഡിറ്റ് ചെയ്യുകതന്നെ വേണം.

അമേരിക്കയില്‍ മലയാളി പ്രവാസി ലേഖകരില്‍ തൊണ്ണൂറ്റിഎട്ടു ശതമാനവും യാതൊരു പ്രതിഫലവും കിട്ടാതെ എഴുതുന്ന ഫ്രീലാന്‍സ് എഴുത്തുകാരാണ്. അമേരിക്കയിലെ മലയാള പ്രസിദ്ധീകരണ ഉടമകള്‍ക്ക് ഇന്നത്തെ നിലയില്‍ അവര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ തക്ക സാമ്പത്തിക വരുമാനമില്ലായെന്നു മാത്രമല്ല അതെല്ലാം ഒരു തരം സാമൂഹ്യ സേവനം എന്നു മാത്രം കണക്കാക്കിയാല്‍ മതി. എന്നാല്‍ ചുരുക്കം ചില പ്രസിദ്ധീകരണക്കാര്‍ വളരെ ചുരുക്കം പേര്‍ മാത്രം- ഏതാനും ലേഖകരുടെയൊ എഴുത്തുകാരുടെയൊ പേരുകള്‍ മാത്രം അവരുടെ രചനയോടൊപ്പം ചേര്‍ക്കാത്തത് തികച്ചും പരിതാപകരവും, പൊളിറ്റിക്കല്‍ ഗെയിമും മാത്രമാണെന്ന് വായനക്കാരും ആ എഴുത്തുകാരും മനസ്സിലാക്കുന്നു. ഒരു ഫ്രീലാന്‍സ് രചയിതാവിന്റെ പേര് അവരവരുടെ രചനയോടൊപ്പം ചേര്‍ക്കുന്നതാണ് മാധ്യമ ധര്‍മ്മവും വായക്കാരുടെ പ്രതീക്ഷയും അതുതന്നെയാണ്. നാട്ടിലെ മെയിന്‍ സ്ട്രീം വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് തല്‍സമയം ലഭ്യമാകുന്ന അതേ വാര്‍ത്തകളും വിശകലനങ്ങളും അതേ രീതിയില്‍ തന്നെ കോപ്പി അടിക്കപ്പെട്ട് അമേരിക്കന്‍ മലയാളി പ്രസിദ്ധീകരണങ്ങളില്‍ വീണ്ടും വായിക്കാന്‍ യുഎസിലെ മലയാളി വായനക്കാര്‍ ഒത്തിരി താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല. എന്നാല്‍ അവയെല്ലാം ഇവിടത്തെ ഒരു പ്രവാസി കാഴ്ചപ്പാടില്‍ കൂടെ അവതരിപ്പിക്കുകയൊ, വിശകലനം ചെയ്യപ്പെടുകയൊ ആകുമ്പോള്‍ യുഎസിലെ മലയാളി വായനക്കാരില്‍ ചുരുക്കം പേരെങ്കിലും ശ്രദ്ധിക്കുന്നു.

അമേരിക്കന്‍ മലയാളികളുടെ ജീവിത വിജയങ്ങള്‍, തോല്‍വികള്‍, നൊമ്പരങ്ങള്‍, ഹൃദയ വിചാര വികാര പ്രകടനങ്ങള്‍, ദര്‍ശനങ്ങള്‍, ഗൃഹാതുര ചിന്തകള്‍, പരസ്പര കുടുംബ ബന്ധങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍, കാഴ്ചപ്പാടുകള്‍ ചിത്രീകരിക്കുന്ന രചനകളാകും അമേരിക്കന്‍ മലയാളി വായനക്കാര്‍ പ്രതീക്ഷിക്കുന്നത്. നാട്ടിലെയും ഇവിടത്തേയും അനുഭവ സമ്പത്തുള്ള അമേരിക്കന്‍ പ്രവാസി മലയാളി എഴുത്തുകാരുടെ രചനകള്‍ക്കാകും ഇവിടത്തെ മലയാളി വായനക്കാര്‍ പ്രാമുഖ്യം കൊടുക്കുക. അതിനാല്‍ നാട്ടിലെ മാത്രം രചനകള്‍ ഏറ്റവും ഉല്‍കൃഷ്ടമൊ മുഖ്യധാരയൊ എന്നുദ്‌ഘോഷിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. നാട്ടിലും ജീവിച്ചു പഠിച്ച ഇവിടത്തെ പ്രവാസി എഴുത്തുകാരുടെ കഥകളും രചനകളുമാണ് കുറച്ചെങ്കിലും ഇവിടത്തെ വായനക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇവിടത്തെ ചില വായനക്കാരും എഴുത്തുകാര്‍ തന്നെയും നാട്ടിലെ എഴുത്തുകാരേയും അവരുടെ രചനകളേയും മാത്രം പ്രവാസി എഴുത്തുകാരുടേതിനേക്കാല്‍ വളരെ ഉയരത്തിലാണെന്ന് പൊക്കി പറയാറുണ്ട്. അവരില്‍ ചിലര്‍ക്ക് പ്രവാസി എഴുത്തുകാരോട് തികച്ചും പുഛമാണ്. പ്രവാസികളുടെ കാര്യമായ രചനകള്‍ പോലും വായിക്കാതെ അതു തികച്ചും മോശമാണെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം. മല്‍ഗോവ മാമ്പഴം കടിച്ചു നോക്കി അതിന്റെ രുചി അറിയാതെ അത് കയ്പാണെന്ന് പറയുന്നതു മാതിരി ആയിരിക്കും അത്. പ്രവാസികളുടെ തൂലികയില്‍ നിന്ന് ഒത്തിരി മികച്ച കൃതികള്‍ ഇവിടെയുണ്ടാകുന്നുണ്ടെന്നുള്ളത് വായനക്കാര്‍ മനസ്സിരുത്തി വായിച്ച് അപഗ്രഥനം ചെയ്താല്‍ വ്യക്തമാകും.

മികച്ച രചനകളെ അവാര്‍ഡ് കമ്മറിറിക്കാരൊ മുഖ്യധാര എന്ന് വീമ്പിളക്കുന്നവരൊ തിരിഞ്ഞു നോക്കിയിട്ടുണ്ടാകില്ല. പിന്നെ ഈ അവാര്‍ഡ് നിര്‍ണ്ണയത്തിലെല്ലാം ഇവിടത്തെ സാധാരണ വായനക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. കാശു കൊടുത്തൊ മറ്റ് ഏതെങ്കിലും തരത്തിലൊ അവാര്‍ഡ് ദാതാക്കളെ സ്വാധീനിക്കാന്‍ പറ്റിയാല്‍ നാട്ടിലും ഇവിടെയും അവാര്‍ഡായി എന്ന് പരക്കെ ഒരു ധാരണയായി. അവാര്‍ഡ് നിശ്ചയിക്കാന്‍ കുറച്ചു വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നു. കാര്യമായ രചനകള്‍ ഒന്നും നടത്താത്ത ചില പേരുകേട്ടവരെ പ്രമുഖ രചയിതാക്കളെ കണ്ടെത്താനുള്ള വിധികര്‍ത്താക്കളാക്കുന്നു. നീന്താനറിയാത്തവരെ ഒരു പക്ഷെ നീന്തല്‍കുളം പോലും കാണാത്തവരെ പിടിച്ച് മികച്ച നീന്തല്‍ക്കാരെ കണ്ടെത്തി അവാര്‍ഡ് കൊടുക്കാന്‍ ചുമതലപ്പെടുത്തുന്നു. എന്താ പൊരെ. ഒരു പക്ഷെ അവര്‍ തന്നെ നിയോഗിച്ച ഈ അയോഗ്യരായ ജഡ്ജികളെ പോലും മറികടന്ന് അവാര്‍ഡുകളുടെ സംഘാടകര്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയെന്നും വരാം. അല്ലെങ്കില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ അതെല്ലാം ആര്‍ക്കു നല്‍കണമെന്നവര്‍ മുന്‍കൂര്‍ തീരുമാനം തന്നെ എടുത്തിട്ടുണ്ടാകും. അത്തരത്തില്‍ ലഭ്യമാകുന്ന, കൊടുക്കുന്ന അവാര്‍ഡുകള്‍ക്കും പുരസ്‌ക്കാരങ്ങള്‍ക്കും പൊന്നാടകള്‍ക്കും എന്തുവില?

ചിലര്‍ അവനവന് തന്നെ സ്വീകരണ സല്‍ക്കാരങ്ങളും അവാര്‍ഡ് പൊന്നാട മേളകള്‍ സംഘടിപ്പിച്ച് വലിയ വ്യക്തികള്‍ ആകാന്‍ ശ്രമിക്കുന്നതു വഴി സ്വയം അപഹാസ്യരാകുന്ന വിവരം അവര്‍തന്നെ അറിയുന്നില്ല. മറ്റുള്ളവരുടെ ഇത്തരം വിലകുറഞ്ഞ പ്രവൃത്തികളെ അതിനിശിതമായി ഫോണ്‍ സംഭാഷണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ആക്ഷേപഹാസ്യ രചനകളിലൂടെയും വിമര്‍ശിക്കുന്നവര്‍ ആ തെറ്റുകള്‍ സ്വന്തം പ്രവര്‍ത്തനത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ അവരുടെ വിമര്‍ശനങ്ങള്‍ക്ക് അല്ലെങ്കില്‍ അവരുടെ വ്യക്തിത്വത്തിന് എന്താണ് വില? മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം ആ തെറ്റിലേക്ക് വഴുതി വീഴരുത്. രണ്ടുകാല്‍ മന്തന്‍ ഒറ്റക്കാല്‍ മന്തനെ പുഛിച്ച് കളിയാക്കരുത്. എത്ര മഹാരഥനായാലും ഇതെല്ലാം ഇവിടത്തെ വായനക്കാര്‍ കുറച്ചെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നോര്‍ക്കണം. നാട്ടിലായാലും ഇവിടെ ആയാലും അവാര്‍ഡുകള്‍ നീതിയുക്തമായി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാകണമെന്നു തന്നെയാണ് വായനക്കാരുടെ ആഗ്രഹം. വളരെ കുറച്ചുമാത്രം വായിക്കുന്നവരുടെയിടയിð t]ാലും സംസാരത്തിലെങ്കിലും എല്ലാ മേഖലയിലും നീതിയും സത്യവും പുലര്‍ന്നുകാണുവാനുള്ള അദമ്യമായ ആഗ്രഹം പ്രകടമായി നിരീക്ഷിച്ചു.

എഴുത്തുകാരും പ്രസിദ്ധീകരണക്കാരും എഴുതുന്നതും പ്രചരിപ്പിക്കുന്നതുമായ ആശയങ്ങള്‍ അവര്‍തന്നെ പാലിക്കുന്നുണ്ടൊ അതൊ അവര്‍ തന്നെ അതിനെയെല്ലാം ലംഘിച്ച് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടൊ എന്ന് ചില വായനക്കാര്‍ ശങ്കിച്ചാലും അവരെ കുറ്റപ്പെടുത്താന്‍ നിര്‍വ്വാഹമില്ല. അഴിമതിയുടെ ചളിക്കുണ്ടില്‍ കിടന്ന് കുളിക്കുന്നവന്‍ ആഴിമതിക്കെതിരെ അഴിമതിവിരുദ്ധ  സൂക്തങ്ങള്‍ പാടുന്നു. വേശ്യകളുടെ കൂടെ ദിനം അന്തിയുറങ്ങുന്നവര്‍ സദാചാര പോലീസ് ചമയുന്നു എന്നൊക്കെ വായനക്കാര്‍ അര്‍ത്ഥം വെച്ച് സംസാരിച്ചാല്‍ അതില്‍ കഴമ്പില്ലെ എന്ന് ചിന്തിക്കണം. കുമ്പസാര കൂട്ടില്‍ കയറിയിരുന്ന് സുന്ദരിമാരായ മഗ്ദലന മറിയങ്ങളോട് കുത്തികുത്തി ചോദിച്ച് പാപങ്ങളുടെ കെട്ടഴിച്ച് പാപങ്ങള്‍ പൊറുക്കുന്ന ചിലര്‍ തരംകിട്ടിയാല്‍ അവരേയും കൊത്തിക്കൊണ്ട് പറക്കുന്നതു മാതിരിയിരിക്കുമതെന്നാണ് അത്തരക്കാരെ പറ്റിയുള്ള വായനക്കാരുടെ അഭിമതം. എല്ലാ വായനക്കാരും  അത്രയോഗ്യരല്ലാ എന്നും സമ്മതിക്കുന്നുഎന്നും സമ്മതിക്കുന്നു
               (തുടരും)
 അമേരിക്കന്‍ മലയാളി വായനക്കാര്‍ ഒരു സ്വതന്ത്ര അപഗ്രഥനം-2(ലേഖന പരമ്പര:  എ.സി. ജോര്‍ജ്)
Join WhatsApp News
Samuel 2014-11-07 09:12:47
Correct statement
AJEESH 2014-11-09 15:09:48
George Sir 
What you sais is 100% correct. I really experienced directly past 6 years, Now i am in India. So you can expect some stand newsportal soon ! 

Sheela Cheru 2014-11-09 17:05:26
Well said A. C. Uncle !! Ponnada is on sale for a dollar !!!! Shame on ourselves 😊😊😊
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക