Image

നക്രുവിന്റെ മരണം (ഇക്കരെയക്കരെയിക്കരെ -6: രാജു മൈലപ്ര)

Published on 30 November, 2014
നക്രുവിന്റെ മരണം (ഇക്കരെയക്കരെയിക്കരെ -6: രാജു മൈലപ്ര)
രാജമ്മ രാജന്റെ ഭാര്യയാണ്‌. രാജന്‍ മൂന്നുവര്‍ഷം മുമ്പ്‌ മരിച്ചുപോയി. ചെറുപ്പം മുതല്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ അമേരിക്കയില്‍ നിന്നും നാട്ടിലെത്തുമ്പോള്‍ `നക്രു' എന്ന പോപ്പുലര്‍ പേരില്‍ അറിയപ്പെട്ടിരുന്ന അവന്‍ താമസം ഞങ്ങളുടെ വീട്ടിലേക്ക്‌ മാറും. വീട്ടില്‍ എത്തുമ്പോള്‍ അടഞ്ഞു കിടക്കുന്ന ഗേറ്റ്‌ തുറക്കുന്നതു മുതല്‍ തിരിച്ച്‌ അമേരിക്കയിലേക്ക്‌ മടങ്ങുമ്പോള്‍ ഗേറ്റ്‌ അടയ്‌ക്കുന്നതു വരെ ഫുള്‍ടൈം ഡ്യൂട്ടിയിലായിരിക്കും. എവിടെയെങ്കിലും യാത്രയ്‌ക്കുപോയി എത്ര താമസിച്ചു വന്നാലും വീടിനു കാവലായി അവിടെത്തന്നെ കാണും. മൂന്നുവര്‍ഷം മുമ്പ്‌ നാട്ടില്‍ ചെല്ലുമ്പോള്‍ അവനുണ്ടായിരുന്നു. എന്നാല്‍ ആളു വളരെ ക്ഷീണിതനായിരുന്നു. എതെങ്കിലും ജോലി അവനോട്‌ പറഞ്ഞാല്‍ `ഞാന്‍ അതു ചെയ്‌തോളാം അച്ചാ, കുറച്ചുകഴിയട്ടെ' എന്നു പറയും. ബീഡി വലിക്കുമായിരുന്നെങ്കിലും എന്റെ കാണ്‍കയോ, വീടിനു പരിസരത്തോ അവന്‍ പുക ഊതിയിട്ടില്ല. ഭക്ഷണമൊന്നും കാര്യമായി കഴിക്കുകയില്ല. 'ലിക്യുഡ്‌ ഡയറ്റ്‌' ആയിരുന്നു പ്രധാനം. അവന്റെ മിതമായ ആവശ്യങ്ങള്‍ അറിഞ്ഞ്‌ എവിടെയെങ്കിലും പോകുന്നതിനു മുമ്പ്‌ ഞാന്‍ പോക്കറ്റ്‌ മണി നല്‍കുമായിരുന്നു. ജന്മംകൊണ്ട്‌ ബാര്‍ബറായിരുന്നെങ്കിലും അവന്റെ കുടുംബത്തിലാരും ആ പണി പരിശീലിച്ചില്ല.

മേക്കൊഴൂരുള്ള ഒരു പ്രൈമറി സ്‌കൂളിലായിരുന്നു നക്രുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. മൂന്നാം ക്ലാസില്‍ മൂന്നു തവണ തോറ്റു. തോല്‍പിച്ചു എന്നു പറയുന്നതാകും ശരി. കാരണം അധ്യാപകര്‍ക്ക്‌ സ്‌കൂളില്‍ നിന്നും കുറച്ചകലെയുള്ള കടയില്‍ നിന്നു നാരങ്ങാ വെള്ളവും കാപ്പിയും വാങ്ങിക്കൊടുക്കുന്ന ചുമതല രാജനായിരുന്നു. അവനു പകരം വെയ്‌ക്കാന്‍ ആളില്ലാത്തതുകൊണ്ടാണ്‌ സാറന്മാര്‍ അവനെ വാത്സല്യപൂര്‍വ്വം ഒരേ ക്ലാസില്‍ തന്നെ മൂന്നു വര്‍ഷം ഇരുത്തിയത്‌.

ആഹാരം `കരി ഓയിലിനു' വഴി മാറിയപ്പോള്‍ അതു കരളില്‍ തന്നെ കടന്നു പിടിച്ചു. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ പത്തനംതിട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ അഭയം തേടി. അവിടെ 'ഡ്രിപ്പ്‌' ഇട്ട്‌ കിടത്തിരിക്കുകയായിരുന്നു. ഒരു ദിവസം രാവിലെ രാജമ്മ കഞ്ഞിയുമായി എത്തിയപ്പോള്‍ രോഗിയെ കാണാനില്ല.

`ആരെയാ നോക്കുന്നത്‌?'
`ഇവിടെ കിടന്ന....'
`നക്രുവോ? അവനിപ്പോള്‍ സിവില്‍ സപ്ലൈയുടെ ക്യൂവില്‍ നില്‍ക്കുന്നത്‌ ഞാനിപ്പോള്‍ കണ്ടാതാ.'

രാജമ്മ കരഞ്ഞു വിളിച്ച്‌ അവിടെ ചെന്നപ്പോള്‍ കൈയ്യില്‍ തറച്ച സൂചിയുമായി ആള്‍ അവിടെ നില്‍പ്പുണ്ട്‌. ആ സംഭവം കഴിഞ്ഞ്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ അവന്‍ മരിച്ചുപോയി. (രാജമ്മ ഈ സംഭവം വിവരിക്കുമ്പോള്‍ കണ്ണുനീര്‍ തുടയ്‌ക്കുന്നുണ്ടായിരുന്നു.

`അമ്മാമ്മേ! എന്തോ പറഞ്ഞാലും ആളു വളരെ പാവമായിരുന്നു. എന്നോടും പിള്ളേരോടും വലിയ കാര്യമായിരുന്നു. എന്നെ വലിയ സംശയമായിരുന്നു'. നാണം കലര്‍ന്ന കള്ളച്ചിരിയോടെ അവര്‍ പറഞ്ഞു.

`അയ്യടാ. സംശയിക്കാന്‍ പറ്റിയ ചരക്ക്‌'. ഞാന്‍ മനസില്‍ പറഞ്ഞു.

രാജന്‍ മരിച്ചു കഴിഞ്ഞ്‌, ഒരു ദിവസം തന്നെ പല വീടുകളില്‍ ജോലി ചെയ്‌താണ്‌ അവര്‍ കഴിഞ്ഞു പോരുന്നത്‌. പോരെങ്കില്‍ വിധവാ പെന്‍ഷനും ലഭിക്കുന്നുണ്ട്‌. ഇക്കാലത്ത്‌ ഒരാളെ ഫുള്‍ടൈം `ഹൗസ്‌ കീപ്പറായി' കീപ്പ്‌ ചെയ്യുവാന്‍ പറ്റുകയില്ല. അതുകൊണ്ട്‌ പല വീട്ടുകാരും പാര്‍ട്ട്‌ ടൈം ബേസിസ്‌ ആയിട്ടാണ്‌ അപ്പോയിന്റ്‌മെന്റ്‌ നടത്തുന്നത്‌. നിശ്ചിത വേതനം ഒന്നും ചോദിച്ചില്ലെങ്കില്‍ തന്നെയും `അമ്മാമ്മേ എനിക്ക്‌ ഇന്നൊരു കല്യാണത്തിനു പോകണം, പാലുകാച്ചുണ്ട്‌, ഇരുപത്തെട്ട്‌ കെട്ടുണ്ട്‌- നമ്മള്‍ വല്ലതും കൊടുക്കാതെ എങ്ങനെയാ പോകുന്നത്‌'? എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ നിരത്തി രാജമ്മ പണം പറ്റും.

`ഇവള്‍ക്ക്‌ ഇതിനൊക്കെ പോകാതിരുന്നാല്‍ പോരേ?' ഞാന്‍ എന്റെ ചോദ്യം മനസിലൊതുക്കി. എന്റെ മനസുവായിച്ചിട്ടായിരിക്കണം അവള്‍ പറഞ്ഞു: `പോകാതിരുന്നാല്‍ മോശമല്ലേ അച്ചായാ'. ശരിയല്ലയോ അമ്മാമ്മേ- രാജമ്മ അമ്മാമ്മയുടെ പിന്തുണ ഉറപ്പിച്ചു. എന്റെ ഭാര്യ വയസിന്റെ കാര്യത്തില്‍ വളരെ സെന്‍സിറ്റീവ്‌ ആണ്‌. അവളേക്കാള്‍ പ്രായം കൂടിയവര്‍ `അമ്മാമ്മേ അല്ലെങ്കില്‍ ചേച്ചി' എന്നുവിളിച്ചാല്‍ കലികയറും. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്ളതിനേക്കാള്‍ രണ്ടുവയസ്‌ കൂട്ടി വെച്ചിരിക്കുകയാണെന്നാണവള്‍ അവകാശപ്പെടുന്നത്‌. എന്താണെന്നറിയില്ല അമേരിക്കയിലെ എല്ലാ സ്‌ത്രീകള്‍ക്കും, ഉള്ളതിനേക്കാള്‍ രണ്ടും മൂന്നും വയസു കൂടുതലായിട്ടാണ്‌ എസ്‌.എസ്‌.എല്‍.സി ബുക്കില്‍ കാണിച്ചിട്ടുള്ളത്‌.

എതായാലും രാജമ്മയ്‌ക്ക്‌ `എടീ പുഷ്‌പേ' എന്നു വിളിക്കാന്‍ പറ്റുകയില്ലല്ലോ. പിറവംകാരി ഇപ്പോള്‍ മൈലപ്രയിലെ ചട്ടവട്ടങ്ങളൊക്കെ ശീലിച്ചുവരുന്നു. ഏല്‌പിച്ച ജോലിയൊക്കെ രാജമ്മ ഒരുവിധം ഭംഗിയായി നിര്‍വഹിച്ചു.

`അമ്മാമ്മേ' എനിക്ക്‌ പടിഞ്ഞാറ്റേക്കാരു അഞ്ഞൂറു രൂപാ തരും, കിഴക്കേക്കാര്‌ അഞ്ഞൂറ്റി അമ്പതു തരും എന്ന ചില `ഹിന്റു'കളിലൂടെ രാജമ്മ ശമ്പളവിഷയം അവതരിപ്പിച്ചു. പണ്ട്‌ രാജമ്മയുടെ ഭര്‍ത്താവ്‌ ഉള്‍പ്പടെ വീട്ടില്‍ നിന്നവര്‍ക്കൊക്കെ ഭക്ഷണമായിരുന്നു കൂലി. പിന്നെ നമ്മള്‍ അറിഞ്ഞുകൊടുക്കുന്ന വല്ലതും. ആ കാലമെല്ലാം പോയി. ഇപ്പോള്‍ ഒരു നാണവുമില്ലാതെ `നോക്കുകൂലി' നിര്‍ബന്ധമായി ഈടാക്കുന്ന കാലമാണ്‌.

(തുടരും....)
നക്രുവിന്റെ മരണം (ഇക്കരെയക്കരെയിക്കരെ -6: രാജു മൈലപ്ര)നക്രുവിന്റെ മരണം (ഇക്കരെയക്കരെയിക്കരെ -6: രാജു മൈലപ്ര)നക്രുവിന്റെ മരണം (ഇക്കരെയക്കരെയിക്കരെ -6: രാജു മൈലപ്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക