Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-14: സാം നിലമ്പള്ളില്‍)

Published on 01 December, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-14: സാം നിലമ്പള്ളില്‍)
അദ്ധ്യായം പതിന്നാല്‌.

സ്‌റ്റെഫാനെയും കൂടെയുള്ള പുരുഷന്മാരെയും റോഡുപണിക്കാണ്‌ കൊണ്ടുപോയത്‌. ഹിറ്റലര്‍ റഷ്യയെ ആക്രമിക്കാന്‍ പരിപാടിയിടുന്നതുകൊണ്ട്‌ അങ്ങോട്ട്‌ പട്ടാളക്കാരെയും യുദ്ധസാമഗ്രികളും എത്തിക്കാന്‍ നല്ല റോഡുകള്‍ ആവശ്യമാണ്‌. കൂലികൊടുക്കാതെ വേലചെയ്യാന്‍ ആയിരക്കണക്കിന്‌ യഹൂദരുള്ളപ്പോള്‍ പിന്നെന്തിന്‌ വിഷമിക്കണം?

ജൂലൈയിലെ കൊടുംവെയിലില്‍ ജോലിചെയ്‌ത്‌ സ്റ്റെഫാന്‍ തളര്‍ന്നു. അവന്‍ ഇതുപോലത്തെ കഠിനാധ്വാനമൊന്നും അടുത്തകാലത്ത്‌ ചെയ്‌തിട്ടില്ല. യുദ്ധോപകരണ നിര്‍മാണ ഫാക്‌ട്ടറിയില്‍ പന്ത്രണ്ടുമണിക്കൂര്‍ ജോലിചെയ്‌താലും ക്ഷീണം അറിയില്ലായിരുന്നു. അവിടെ വെയിലും തണുപ്പുമൊന്നും അറിയേണ്ടല്ലോ. ഇവിടെ ശരിക്കും ആഹാരം കഴിക്കാതെ പൊടിയിലും മണ്ണിലും ജോലിചെയ്യുകയും, വലിയ പാറക്കഷണങ്ങള്‍ ചുമക്കുകയും ചെയ്‌തപ്പോള്‍ അവന്‍ ക്ഷീണിച്ചു. രാവിലെ ചെറിയൊരുകഷണം റൊട്ടിയും ഒരുകപ്പ്‌ സൂപ്പുവെള്ളവും കഴിച്ചുകൊണ്ട്‌ ഇറങ്ങിയതാണ്‌. ഉച്ചസമയത്ത്‌ എന്തെങ്കിലും കഴിക്കാന്‍ കിട്ടുമെന്ന വിചാരിച്ചു. ഒരു ബക്കറ്റില്‍ വെള്ളം കൊണ്ടുവന്ന്‌ കൊടുത്തു. പക്ഷേ, എങ്ങനെകുടിക്കും. ദാഹിച്ചുവലഞ്ഞ ജോലിക്കാര്‍ മണ്ണും ചെളിയുംപുരണ്ട കൈകള്‍കൊണ്ട്‌ കോരിക്കുടിച്ചു. സ്റ്റെഫാനുംകിട്ടി ഒരുകവിള്‍ വെള്ളം.

പൊരിവെയിലില്‍ ആഹാരവും വെള്ളവും കിട്ടാതെ ജോലിചെയ്യുന്നെങ്കിലും അവന്റെ വിഷമം സാറയേയും മക്കളേയും ഓര്‍ത്തിട്ടായിരുന്നു. അവര്‍ ഇപ്പോള്‍ എവിടെയാണ്‌? കുഞ്ഞുങ്ങളെ അമ്മമാരില്‍നിന്ന്‌ വേര്‍പെടുത്തുമെന്ന്‌ ചിലര്‍ പറയുന്നത്‌ സത്യമായിരിക്കുമോ? എന്തിനാണ്‌ നാസികള്‍ സ്‌ത്രീകളോടും കുഞ്ഞുങ്ങളോടും ഇത്രദ്രോഹം ചെയ്യുന്നത്‌? ഇവര്‍ക്കുമില്ലേ മക്കളും അമ്മമാരും?
ഇങ്ങനെ ഓരോന്ന്‌ ഓര്‍ത്തുകൊണ്ട്‌ നടക്കുമ്പോളാണ്‌ ചാട്ടവാറടി പുറത്തുവന്ന്‌ കൊണ്ടത്‌. പുറം പൊളിഞ്ഞതുപോലെതോന്നി.

`വേഗം നടക്കടാ; നിന്ന്‌ സ്വപ്‌നം കാണുന്നോ?' കുതിരപ്പുറത്തിരുന്ന്‌ ജോലിക്കാരെ നിയന്ത്രിക്കുന്ന യുക്രേനിയന്‍ പോലീസുകാരന്‍ വീണ്ടും ചാട്ടവാര്‍ വീശുകയാണ്‌. സ്റ്റെഫാന്‍ ഒഴിഞ്ഞുമാറിയതുകൊണ്ട്‌ രണ്ടാമത്‌ അടികൊണ്ടില്ല; കൊണ്ടത്‌ മറ്റൊരാള്‍ക്കാണ്‌. അയാള്‍ ചാട്ടവാറില്‍ പിടിച്ച്‌ വലിച്ചപ്പോള്‍ യുക്രേനിയന്‍ കുതിരപ്പുറത്തുനിന്ന്‌ മറിഞ്ഞ്‌ താഴെവീണു. അതുകണ്ട്‌ മറ്റുപോലീസുകാര്‍ അവിടേക്ക്‌ പാഞ്ഞുവന്നു. അവര്‍ നാലുപേരുംകൂടി യഹൂദനെ മാറിമാറി അടിച്ചു. അടികൊണ്ട മനുഷന്‍ വേദനകൊണ്ട്‌ നിലത്തുകിടന്ന്‌ പുളഞ്ഞു.അയാളുടെ ശരീരത്തിന്റെ പലഭാഗത്തുനിന്നും തൊലിയിളകി ചോരയൊലിക്കുന്നത്‌ മറ്റുള്ളവര്‍ നിസഹായരായി നോക്കിനിന്നു. അടികൊടുത്ത്‌ ക്ഷീണിച്ച പോലീസുകാര്‍ അയാളെ അവിടെ ഉപേക്ഷിച്ചിട്ട്‌ വിശ്രമിക്കാന്‍പോയി.

യുക്രേനിയന്‍ പോലീസുകാരാണ്‌ നാസികളേക്കാള്‍ വഷളന്മാര്‍. യഹൂദരെ മര്‍ദ്ദിക്കാനും, പരിഹസിക്കാനും, സ്‌ത്രീകളെ പീഡിപ്പിക്കാനും അവരാണ്‌ മുന്‍പന്തിയില്‍. ഇവരുടെ തോന്ന്യവാസങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ ജര്‍മന്‍കാര്‍ ചെയ്യുന്നത്‌. ഹീനജാതിയായ യഹൂദരുമായി ശാരീരികമോ മാനസികമോആയ യാതൊരു ബന്ധവും പാടില്ലെന്ന്‌ ഹിറ്റ്‌ലര്‍ കര്‍ശ്ശനനിര്‍ദ്ദേശം വെച്ചിട്ടുള്ളതുകൊണ്ടാകാം ജര്‍മന്‍ പട്ടാളക്കാര്‍ സ്‌ത്രീകളെ പീഡിപ്പിക്കാന്‍ തുനിയാറില്ല. ശുദ്ധമായ ആര്യന്‍ രക്തം ഹീനജാതിയുടേതുമായി കലരുന്നത്‌ തടയാന്‍വേണ്ടി ഇരുവി?ാഗങ്ങളും തമ്മില്‍ വിവാഹംബന്ധംവരെ നിയമംമൂലം നിരോധിച്ച വര്‍ഗീയ?്രാന്തനാണ്‌ ജര്‍മനിയെ ?രിച്ചുകൊണ്ടിരിക്കുന്നത്‌.

അയല്‍വക്കത്തുള്ള ഹോളണ്ട്‌, ചെക്കോസ്‌ളാവേക്യ, ഹങ്കറി, ഡെന്‍മാര്‍ക്ക്‌, ബെല്‍ജിയം മുതലായ ചെറിയരാജ്യങ്ങളെ ഹിറ്റ്‌ലര്‍ നിഷ്‌പ്രയാസം കീഴടക്കി. ഒരുവെടിപോലും പൊട്ടിക്കാതെയാണ്‌ ചിലരാജ്യങ്ങള്‍ കീഴടങ്ങിയത്‌. അടുത്തലക്ഷ്യം വലിയ രാജ്യങ്ങളായ ഫ്രാന്‍സും, സോവ്യറ്റ്‌ യൂണിയനുമായിരുന്നു. അവരെ നിഷ്‌പ്രയാസം കീഴടക്കാന്‍ സാധ്യമല്ല എന്ന തിരിച്ചറിവാണ്‌ വേണ്ടത്ര തയ്യാറെടുപ്പിലേക്ക്‌ ഹിറ്റ്‌ലറെ നയിച്ചത്‌. കൂടുതല്‍ യന്ത്രതോക്കുകളും, ടാങ്കുകളും, വിമാനങ്ങളുമില്ലാതെ സാഹസത്തിന്‌ പുറപ്പെടാന്‍ കുബുദ്ധിയായ ഫ്യൂരര്‍* ഒരുക്കമല്ല. ഇതെല്ലാം പണച്ചിലവില്ലാതെ നിര്‍മിക്കാന്‍ യഹൂദ അടിമകള്‍ ഉണ്ടല്ലോ. ശമ്പളത്തിനുപകരം രാവിലെയും വൈകിട്ടും ഓരോകഷണം റൊട്ടിയും ഓരോകപ്പ്‌ ടര്‍ണിപ്പ്‌ സൂപ്പും കൊടുത്ത്‌ അവരെക്കൊണ്ട്‌ ജോലിചെയ്യിക്കാം. റോഡുവെട്ടാനും, റയില്‍ലൈന്‍ നിര്‍മിക്കാനും അവരുടെ ?സേവനം? വിനിയോഗിക്കാം. സ്റ്റഫാനും കൂട്ടരും അതേ സേവനമാണ്‌ ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. കൂലിക്ക്‌ പകരം ചാട്ടവാറടി.

അടികൊണ്ടുവീണവനെ ചിലര്‍ചേര്‍ന്ന്‌ തണലുള്ളടത്തോട്ട്‌ മാറ്റിക്കിടത്തി. അയാളുടെ ശരീരംമൊത്തം തൊലിപൊളിഞ്ഞ്‌ ചോരയൊലിക്കുകയാണ്‌. ഒരുതുള്ളിവെള്ളത്തിനുവേണ്ടി ആ മനുഷ്യന്‍ യാചിച്ചു. എവിടുന്ന്‌ എടുത്തുകൊടുക്കാന്‍. വെള്ളം കൊണ്ടുവന്ന ബക്കറ്റ്‌ കാലിയാണ്‌. വിശ്രമംകഴിഞ്ഞ്‌ യുക്രേനിയന്മാര്‍ വന്നപ്പോള്‍ എല്ലാവരും ജോലിയില്‍ മുഴുകി.

?ഫ്യൂരര്‍: അര്‍ത്ഥം ലീഡര്‍. ഹിറ്റ്‌ലര്‍ സ്വയം ഇട്ട പേരാണ്‌.

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-14: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക