Image

`ദിവ്യന്മാരുടെ സ്വന്തം നാട്‌, കേരളം' (ലേഖനം: ജോണ്‍ മാത്യു)

Published on 08 December, 2014
`ദിവ്യന്മാരുടെ സ്വന്തം നാട്‌, കേരളം' (ലേഖനം: ജോണ്‍ മാത്യു)
ശ്രദ്ധിക്കപ്പെടേണ്ട ലേഖനങ്ങളായിരുന്നു ഏബ്രഹാം തെക്കേമുറിയുടെ `ദൈവവിളയാട്ടങ്ങളും' എ.സി. ജോര്‍ജിന്റെ `വായനക്കാരുടെ പ്രതികരണങ്ങളും'. എ.സി. ജോര്‍ജ്‌ അമേരിക്കയിലെ ചില മലയാളി സംഘടനാപ്രവര്‍ത്തകരുടെ സ്വാര്‍ത്ഥതയിലേക്കും പൊങ്ങച്ചങ്ങളിലേക്കും അര്‍ത്ഥശൂന്യതയിലേക്കും എത്തിനോക്കുമ്പോള്‍ തെക്കേമുറിയുടെ തട്ടകം കേരളം മൊത്തത്തിലാണ്‌. `ദിവ്യന്മാരുടെ സ്വന്തം നാടാണ്‌ കേരളം. അതേ ദൈവത്തിനുപകരം നമുക്ക്‌ ദിവ്യന്മാരെ പ്രതിഷ്‌ഠിക്കാം. ഇതെഴുതുന്ന ഞാനുംകൂടി കഥാപാത്രമായ ഈ ലേഖനങ്ങള്‍ ഒരു വായനകൊണ്ടുമാത്രം തീരുന്നതല്ല. ഇതൊരു ചര്‍ച്ചയുടെ തുടക്കമാകട്ടെ.

എത്രയോ തവണ എഴുതിയതാണെങ്കിലും പുതിയ സന്ദര്‍ഭത്തില്‍ പുതിയ ശൈലിയില്‍ ചില വിഷയങ്ങള്‍ ചര്‍ച്ചക്ക്‌ വരുമ്പോള്‍ അതിന്റെ ഊര്‍ജ്ജ്യം ഒന്നുവേറെ. മലയാളിയുടെ അടിസ്ഥാനപരമായ ജീവിതശൈലി എന്താണ്‌? ഒറ്റപ്പെട്ട, തന്റേതുമാത്രമായ വിജയത്തിനുള്ള ആഗ്രഹം എന്ന്‌ ഇവിടെ പറയുകയാണ്‌. വിജയിച്ചാല്‍ മാത്രം പോരാ, ഇനിയും പരാജയപ്പെട്ടാലും അത്‌ വിജയമായി മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചേ തീരൂ എന്ന ദൃഢനിശ്ചയം!

അമേരിക്കയിലെ നമ്മുടെ സമൂഹം രൂപപ്പെട്ടുവന്നത്‌ തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. നമ്മുടേതുമാത്രമായ ഒരു കുടിയേറ്റ രീതി! അന്ന്‌ വന്നവര്‍ക്കെല്ലാം കൈമുതലായി പ്രഫഷണല്‍ യോഗ്യതയുണ്ടായിരുന്നതുകൊണ്ട്‌, കെട്ടുറപ്പുള്ള കുടുംബസംവിധാനം ഉണ്ടായിരുന്നതുകൊണ്ട്‌, സാമ്പത്തികവിജയം സുനിശ്ചിതമായിരുന്നു. ആ വിജയം സുരക്ഷിതത്വം നല്‌കിയിരുന്നെങ്കിലും എല്ലാം എല്ലാവര്‍ക്കും ഒരുപോലെയാകുമ്പോള്‍ അതിന്റെ മാധുര്യം നഷ്‌ടപ്പെടുന്നു. എന്തും സ്വന്തമാക്കാനുള്ള കഴിവിനപ്പുറം വേണ്ടത്‌ സമന്മാരില്‍നിന്നുള്ള അംഗീകാരമാണ്‌. ആ അംഗീകാരത്തിനുള്ള എളുപ്പവഴി സംഘടനകളില്‍ക്കൂടിയാണ്‌. അത്‌ സമാജമോ പള്ളിയോ അമ്പലമോ എന്തുമാകാം. മതസംഘടനകളാകുമ്പോള്‍ വിളിച്ചുകൂട്ടാന്‍ അത്രയൊന്നും പാടുപെടേണ്ട. ജനം അങ്ങുവന്നു വീഴുകയാണ്‌, ഒപ്പം പണവും. അധികമായി മുടക്കാന്‍ കുറേക്കൂടി ചില്ലറ കൈവശമുണ്ടെങ്കില്‍ പറയുകയും വേണ്ട, പിന്നെ നടപ്പ്‌ മേല്‍പ്പട്ടക്കാരുടെ കുടക്കീഴിലും!

സംഘടനാ പ്രവര്‍ത്തനത്തില്‍ താല്‌പര്യമില്ലാത്തവര്‍ക്ക്‌ ശോഭിക്കാനുള്ള രംഗമാണ്‌ സാഹിത്യം. ഓട്ടക്കാരനും ചാട്ടക്കാരനും പാട്ടുകാരനുമാകാന്‍ ഇച്ചിരെ പുളിക്കും. ദല്ലാളന്മാരും അവാര്‍ഡുകച്ചവടക്കാരുമുള്ളിടത്തോളം ആര്‍ക്കും സാഹിത്യരംഗത്ത്‌ `വിജയിക്കാം.' ചിലര്‍ക്ക്‌ എഴുതുകപോലും വേണ്ട, മൂന്നാലു ശ്ലോകങ്ങളും ചില കുറിക്കുകൊള്ളുന്ന പ്രയോഗങ്ങള്‍ കീശയിലും പിന്നെ വാചകവും മതി. ഒരു പത്രം സ്വാധീനത്തിലുണ്ടെങ്കില്‍ ചോദിക്കയുംവേണ്ട.

ഇല്ല, ഇതൊന്നും `തെറ്റല്ല', എങ്ങനെയും നാലുപേരുടെ മുന്നില്‍ തിളങ്ങണമെന്ന മലയാളിയുടെ രക്തത്തില്‍ക്കലര്‍ന്ന ആഗ്രഹത്തിന്‌ ചില ഉദാഹരണങ്ങള്‍ നിരത്തിയെന്നുമാത്രം.

ഇനിയും കേരളത്തിലേക്കു പോയാലും സംഗതി ഏതാണ്ട്‌ ഇതുപോലെക്കെത്തന്നെ. പണ്ടത്തെ ഇടപ്രഭുക്കന്മാരുടെ ഭരണത്തിലേക്ക്‌ കേരളം മടങ്ങിപ്പോയിരിക്കുന്നു, അത്‌ ഭൗതീകമായും ആത്മീകമായും.

പ്രസക്തമായ ചില ചോദ്യങ്ങള്‍ : വെളിച്ചം പകര്‍ന്നതരുമെന്ന്‌ കരുതിയ സാര്‍വത്രീക വിദ്യാഭ്യാസവും ഇടതുപക്ഷചിന്തയും കേരളത്തെ പിന്നോട്ട്‌ നയിക്കുകയാണോ ചെയ്‌തത?

കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ഏതാണ്ട്‌ എട്ടുപതിറ്റാണ്ടുകാലം നിലനിന്നത്‌ പ്രത്യയശാസ്‌ത്രത്തിന്റെ സ്വാധീനമായിരുന്നോ?

ജാതി-മതങ്ങള്‍ തമ്മിലുള്ള വിദ്വേഷമാണോ ഈ സ്ഥിതിസമത്വചിന്തകള്‍ക്ക്‌ പിന്നിലുണ്ടായിരുന്നത്‌?

ചിലരുടെയെങ്കിലും ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുകയല്ല, അതുപോലെ നിര്‍മ്മലമായ വിശ്വാസത്തെയും, ആ ശുദ്ധഗതിയെ പ്രത്യയശാസ്‌ത്രങ്ങള്‍ പുകമറയാക്കി കേരളത്തില്‍ ചിലര്‍ മുതലെടുപ്പു നടത്തിയെന്നുമാത്രം.

കുറെയൊക്കെ ഭാഗ്യംകൊണ്ടും പ്രവാസികളുടെ അദ്ധ്വാനംകൊണ്ടും ആഗോളസാമ്പത്തീകനയങ്ങള്‍ക്കൊണ്ടുമാണ്‌ ഒരു നല്ലശതമാനം ജനങ്ങള്‍ കേരളത്തില്‍ വിജയം നേടിയത്‌. വിജയിച്ചവര്‍ തങ്ങളുടെ ഭാഗ്യം നിലനിര്‍ത്താനും പിന്നിലായവര്‍ ഒപ്പമെത്താനും എളുപ്പവഴികള്‍ തേടാന്‍ തുടങ്ങി. അതായത്‌ ജനം തങ്ങളുടെ തനിനിറം കാണിക്കാന്‍ തുടങ്ങി. അങ്ങനെ കേരളം പാരമ്പര്യത്തിലേക്കും അതിനോടുചേര്‍ന്ന വിശ്വാസങ്ങളിലേക്കും മന്ത്രവാദങ്ങളിലേക്കും മടങ്ങിപ്പോകുന്ന ഒരവസ്ഥ സൃഷ്‌ടിക്കപ്പെട്ടു. പുരോഗമനം പ്രസംഗിക്കുന്നവര്‍ക്കുപോലും ഇന്നിതൊരു ചര്‍ച്ചാവിഷയമല്ല. ജോതിഷവും ഉടനടി രോഗശാന്തിയും മന്ത്രതന്ത്രങ്ങളിലൂടെയുള്ള വിജയങ്ങളും ഇപ്പോള്‍ നല്ല കച്ചവടമാണ്‌. പത്തുവോട്ടുകിട്ടാനാണ്‌ ചില കെട്ടിപ്പുണരുകള്‍, മറ്റുചിലത്‌ സ്യൂഡോമതേതരത്വം അഭിനയിച്ച്‌ കയ്യടി വാങ്ങാനും.

വേലിക്കെട്ടിനുള്ളില്‍ ജീവിക്കുന്നത്‌ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവസാനവാക്കെന്ന്‌ കരുതിയവര്‍ കൂടുതല്‍ ഒറ്റപ്പെടാന്‍ തുടങ്ങി. യാഥാസ്ഥിതികഭരണകൂടങ്ങള്‍ ജനങ്ങളുടെ രക്ഷക്കെത്തുകയില്ല, നവമുതലാളിത്തത്തില്‍ നമ്മുടെ കാര്യം നോക്കേണ്ടത്‌ നാം തന്നെയാണ്‌. ഈ ഒറ്റപ്പെടല്‍ ഒരു വലിയ വെല്ലുവിളിയാണ്‌. പ്രത്യയശാസ്‌ത്രങ്ങളിലെ തരംതിരിവുകളല്ല ഇന്ന്‌ പകരം വിജയിക്കുന്നവനും പരാജയപ്പെടുന്നവനും മാത്രമുള്ള ലോകമാണ്‌. സമൂഹത്തിന്റെ മുന്നോട്ടുള്ള പാച്ചിലില്‍ വീണുപോകുന്നവന്‌ കേറിപ്പിടിക്കാവുന്ന നൂല്‍ത്തുരുമ്പുകളാണ്‌ അന്ധമായ രീതികള്‍. അതില്‍നിന്ന്‌ നേട്ടം കൊയ്യുന്ന തന്ത്രശാലികളാണ്‌ ലോകം ഭരിക്കുന്നത്‌. അവര്‍ക്ക്‌ സ്‌തുതിപാടാന്‍ കാത്തുനില്‌ക്കുന്ന ജനവും!
`ദിവ്യന്മാരുടെ സ്വന്തം നാട്‌, കേരളം' (ലേഖനം: ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക